Follow Us On

14

July

2020

Tuesday

വികസ്വര രാജ്യങ്ങൾക്ക് 35 വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ

വികസ്വര രാജ്യങ്ങൾക്ക് 35 വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പാപ്പ

വത്തിക്കാൻ സിറ്റി: കൊറോണാ ദുരിതം വിതയ്ക്കുന്ന വിവിധ വികസ്വര രാജ്യങ്ങളിൽ  ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിസ് പാപ്പ നൽകിയത് 35 വെന്റിലേറ്ററുകൾ. കൊറോണാ വ്യാപനം തുടങ്ങിയതുമുതൽ വെന്റിലേറ്ററുകളും മാസ്‌കും സുരക്ഷാ കിറ്റുകളും ഉൾപ്പെടെയുള്ളവ വിവിധ രാജ്യങ്ങളിൽ പാപ്പ ലഭ്യമാക്കിയിരുന്നു. അതിന് പുറമെയാണ് വികസ്വര രാജ്യങ്ങളിലേക്ക് പ്രത്യേകമായി വെന്റിലേറ്ററുകൾ അയച്ചത്.

ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ പിന്നിലായ രാജ്യങ്ങൾക്ക് പാപ്പ കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമാണിത്. ഓരോ രാജ്യത്തേയും അപ്പസ്‌തോലിക് ന്യൂൺഷ്യോകൾ വഴിയാണ് വെന്റിലേറ്ററുകൾ എത്തിച്ചു നൽകുന്നതെന്ന് ‘പേപ്പൽ ചാരിറ്റി’ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്ക് (2), ബൊളീവിയ (2), ഹെയ്ത്തി (4), ബ്രസീൽ (4), കൊളംബിയ (3) ഇക്വഡോർ (2), ഹോണ്ടുറാസ് (3), മെക്‌സിക്കോ (3), വെനിസ്വേല (4), കാമറൂൺ (2), ബംഗ്ലാദേശ് (2), ഉക്രൈൻ (2), സിംബാവേ (2) എന്നിവിടങ്ങളിലായാണ് 35 വെന്റിലേറ്ററുകൾ എത്തിച്ചത്.

മഹാമാരിയുടെ തുടക്കം മുതൽ വിവിധ രാജ്യങ്ങൾക്ക് ആകുംവിധമുള്ള സഹായങ്ങൾ ലഭ്യമാക്കാൻ പാപ്പ ശ്രദ്ധിക്കുന്നുണ്ട്. പാപ്പയുടെ പേരിന് കാരണഭൂതനായ വിശുദ്ധന്റെ (ജോർജ് ബർഗോളിയോ എന്നാണ് പാപ്പയുടെ ജ്ഞാനസ്‌നാന നാമം) തിരുനാൾ ദിനമായ ഏപ്രിൽ 23ന് ഇറ്റലിയിലെ ആശുപത്രിയിൽ രണ്ട് വെന്റിലേറ്ററുകളും നിരവധി സുരക്ഷാ ഉപകരണങ്ങളും പാപ്പ നൽകിയിരുന്നു.

അതേ ദിവസംതന്നെ അഞ്ച് കൃത്രിമ ശ്വസനോപകരണങ്ങൾ റൊമേനിയയിലേക്കും മൂന്ന് കൃത്രിമ ശ്വസനോപകരണങ്ങൾ സ്‌പെയിനിലേക്കും പാപ്പ അയച്ചു. കൂടാതെ, ചൈന, ജറുസലേം ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് വെന്റിലേറ്ററുകൾ, സുരക്ഷാ ഉപകരണങ്ങൾ, മരുന്ന് തുടങ്ങിയവയെല്ലാം വത്തിക്കാനിൽനിന്ന് അയച്ചിട്ടുണ്ട്. കൊറോണാ വുഹാനിൽ പിടിമുറുക്കിത്തുടങ്ങിയ സമയത്ത് ലക്ഷക്കണക്കിന് മാസ്‌കുകളും പാപ്പ ചൈനയിലേക്ക് അയച്ചിരുന്നു.

ഇത്രയധികം ദുരിതമനുഭവിക്കുന്ന ഈ കാലത്ത് പാപ്പ പ്രകടിപ്പിക്കുന്ന കരുതലും സ്‌നേഹവും മനുഷ്യർക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് ഇക്വഡോർ അതിരൂപത അപ്പസ്‌തോലിക് ന്യൂൺഷ്യോ ബിഷപ്പ് ആൻഡ്രസ് കരസ്‌കോസ ഉൾപ്പെടെയുള്ളവർ വത്തിക്കാനെ നേരിട്ട് അറിയിച്ചതായും ‘പേപ്പൽ ചാരിറ്റി’ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?