Follow Us On

14

July

2020

Tuesday

പീഡിത ക്രൈസ്തവരുടെ പക്ഷം ചേർന്ന് റൊമാനിയ; ഇനിമുതൽ ആഗസ്റ്റ് 16 ‘അവബോധ ദിനം’

പീഡിത ക്രൈസ്തവരുടെ പക്ഷം ചേർന്ന് റൊമാനിയ; ഇനിമുതൽ ആഗസ്റ്റ് 16 ‘അവബോധ ദിനം’

ബുച്ചറെസ്റ്റ്: ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളിലേക്ക് രാജ്യത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാൻ ദേശീയ ദിനാചരണവുമായി റൊമാനിയ. ഇനി മുതൽ ആഗസ്റ്റ് 16 ‘ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളെ കുറിച്ചുള്ള ദേശീയ അവബോധ ദിന’മായി ആചരിക്കാനാണ് തീരുമാനം. റൊമാനിയൻ പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ അംഗങ്ങൾ വോട്ടെടുപ്പിലൂടെ കൈക്കൊണ്ട തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവരെ സ്മരിക്കുന്നതിന്റെ പ്രതീകമായി പാർലമെന്റ് കെട്ടിടവും ഇതര സർക്കാർ മന്ദിരങ്ങളും രാത്രി 8.00 മുതൽ 12.00 വരെ ചുവന്ന ദീപങ്ങളാൽ പ്രകാശിപ്പിക്കുന്നത് ഉൾപ്പെടെ അസംഖ്യം പരിപാടികളാണ് അന്നേ ദിനത്തിൽ നടപ്പാക്കുക. സർക്കാർ അംഗീകൃത സ്ഥലങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്താനും സൗകര്യമൊരുക്കും.

കൂടാതെ, രാജ്യത്തെ സർക്കാർ മാധ്യമങ്ങളടക്കമുള്ള ടി.വി ചാനലുകളിൽ ക്രൈസ്തവ വിരുദ്ധ പീഡനം പ്രമേയമായുള്ള പരിപാടികൾ കൂടുതലായി സംപ്രേഷണം ചെയ്യും. വിവിധ പരിപാടികൾക്ക് സർക്കാരിനും സർക്കാർ ഇതര സംഘടനകൾക്കും സാമ്പത്തിക സഹായം നൽകാനും അനുവാദമുണ്ട്. ആരെയും ഭയക്കാതെ ക്രൈസ്തവ വിശ്വാസം പിന്തുടരാൻ ക്രൈസ്തവർക്ക് പുതിയ നിയമം ധൈര്യം പകരുമെന്ന് ബില്ലിന് പിന്നിൽ പ്രവർത്തിച്ച ഡാനിയൽ ജോർജി പറഞ്ഞു.

‘റൊമാനിയയുടെ ക്രൈസ്തവ ചരിത്രത്തെപ്പറ്റിയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ചും യുവജനങ്ങളെ, ബോധവാന്മാരാക്കുക എന്ന ലക്ഷ്യവും പുതിയ ബില്ലിന്റെ രൂപീകരണത്തിന് പ്രചോദനമായി,’ അദ്ദേഹം വ്യക്തമാക്കി.

1992ൽ റൊമാനിയൻ ഓർത്തഡോക്‌സ് സഭ വിശുദ്ധരായി പ്രഖ്യാപിച്ച ബ്രാൻഗോവിയാനു രക്തസാക്ഷികളുടെ തിരുനാൾ ദിനംതന്നെ ദേശീയ ദിനാചരണത്തിനായി തിരഞ്ഞെടുത്തതും ശ്രദ്ധേയമായി. 1654 മുതൽ 1714 വരെ വല്ലാച്ചിയ ഭരിച്ചിരുന്ന ഭരണാധികാരിയായിരുന്നു കോൺസ്റ്റന്റൈൻ ബ്രാൻഗോവിയാനു. 1714 ആഗസ്റ്റ് 15 ഓട്ടോമൻ തുർക്കികൾ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇസ്താംബൂളിലെത്തിച്ച് നാല് ആൺമക്കളോടൊപ്പം ശിരസ്‌ഛേദനം ചെയ്യുകയായിരുന്നു. ആഗസ്റ്റ് 15 മാതാവിന്റെ സ്വർഗാരോഹണ തിരുനാളായതിനാലാണ് രക്തസാക്ഷികളുടെ തിരുനാൾ ആഗസ്റ്റ് 16ന് ക്രമീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?