Follow Us On

18

April

2024

Thursday

ഒരു പാട്ടുമതി ക്രിസ്തുവിന് നമ്മെ സ്വന്തമാക്കാൻ! അമ്പരപ്പിക്കും ഡാലുവിന്റെ മാനസാന്തരാനുഭവം

ഒരു പാട്ടുമതി ക്രിസ്തുവിന് നമ്മെ സ്വന്തമാക്കാൻ! അമ്പരപ്പിക്കും ഡാലുവിന്റെ മാനസാന്തരാനുഭവം

റോം: ഒരു വാക്കുമതി, ഒരു നോട്ടം മതി, എന്തിനേറെ ഒരു പാട്ടുമതി ജീവിതം മാറ്റിമറിക്കാൻ! ഹൃദയത്തിൽ പതിച്ച വാക്കുകളുടെയോ കരുണാർദ്രമായ ഒരു നോട്ടത്തിന്റെയോ പ്രചോദനത്താൽ ക്രിസ്തുവിലേക്ക് യാത്ര ആരംഭിച്ചവരെക്കുറിച്ച് കേട്ടിട്ടുണ്ടാവും. എങ്കിൽ ഇതാ, ഒരു പാട്ടിന്റെ ഈരടികൾ ഒരു ചൈനാക്കാരനെ ക്രിസ്തുവിന്റെ ഉത്തമ ശിഷ്യനാക്കി മാറ്റിയ മാനസാന്തര സാക്ഷ്യം.

ഡാലു എന്ന ഷാങ്ഹായ് സ്വദേശിയെ പോൾ എന്ന നാമം സ്വീകരിച്ച് ക്രിസ്തീയ വിശ്വാസം പുൽകാൻ പ്രചോദിപ്പിച്ച ഗാനം ഏതാണെന്നോ? ഓരോ ക്രിസ്മസ് നാളിലും അനിർവചനീയമായ അനുഭവം നമുക്ക് സമ്മാനിക്കുന്ന ‘സൈലന്റ് നൈറ്റ്’ എന്ന വിഖ്യാത കാരൾ ഗാനം തന്നെ. ആരെയും അതിശയിപ്പിക്കുന്ന തന്റെ മാനസാന്തരാനുഭവം ഇക്കഴിഞ്ഞ ദിവസം പ്രമുഖ വാർത്താ ഏജൻസിയുമായി ഡാലു പങ്കുവെക്കുകയായിരുന്നു.

ഷാങ്ഹായിലെ കത്തോലിക്ക ദൈവാലയത്തിലെ ഗായകസംഘത്തിലേക്ക് ഗായകരെ തിരഞ്ഞെടുക്കുന്നു എന്ന് അറിയിച്ച് 2019ൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പായിരുന്നു ആരംഭം. ക്രിസ്തുവിനെ കുറിച്ച് കാര്യമായി അറിയില്ലെങ്കിലും സംഗീതത്തെ സ്‌നേഹിച്ച ഡാലു ഗായകസംഘാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനം ആരംഭിക്കുംമുമ്പ് ആ ദിവസത്തെ ബൈബിൾ ഭാഗം വൈദികൻ വായിക്കുക പതിവായിരുന്നു. ഗാനങ്ങളെല്ലാം ഡാലുവിനെ വല്ലാതെ ആകർഷിച്ചു. വിശിഷ്യാ, ‘പാനിസ് അഞ്ജലിക്കസ്’ എന്ന ലാറ്റിൻ സംഗീതം.

സുവിശേഷ വചനങ്ങളും ക്രിസ്തീയ സംഗീതവുമെല്ലാം അവൻ ആദ്യമായി കേൾക്കുകയായിരുന്നു. ഗാനങ്ങളുടെ അർത്ഥങ്ങൾ ചോദിച്ചു മനസിലാക്കാനും ഡാലു ശ്രമിച്ചു. കുറച്ചു നാളുകൾക്കുള്ളിലായിരുന്നു ക്രിസ്മസ്. ‘സൈലന്റ് നൈറ്റ്’ വിഖ്യാത ഗാനമാണ് അവർ പാടിയത്. ഗാനാലാപനത്തെ തുടർന്നു സന്തോഷംകൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞുകവിയുകയായിരുന്നുവെന്ന് ഡാലു പറയുന്നു.

സത്യത്തിന്റെയും നന്മയുടെയും പക്ഷത്ത് നിൽക്കണമെന്ന പാഠം ചെറുപ്പം മുതൽ കുടുംബത്തിൽനിന്ന് പരിശീലിച്ച ഡാലു, ക്രിസ്തീയ ദർശനങ്ങളിലേക്ക് അതിവേഗം ആകൃഷ്ടനായി. ഗായകസംഘാംഗമായതു മുതൽ ആരംഭിച്ച വിശ്വാസ പരിശീലനം കത്തോലിക്കാസഭയെയും സഭയുടെ ചൈനയിലെ അവസ്ഥയെയും കുറിച്ചുള്ള അറിവുകൾ പകരാനും സഹായകമായി. വത്തിക്കാനെ അംഗീകരിച്ച് രഹസ്യമായി പ്രവർത്തിക്കുന്ന ‘ഭൂഗർഭ സഭ’, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് സഭ എന്നീ രണ്ട് സംവിധാനങ്ങൾ ചൈനയിൽ ഉണ്ടെന്ന് മനസിലാക്കിയതും ആ നാളുകളിലാണ്.

‘വിശ്വാസകാര്യങ്ങളിൽ മിടുക്കരായ, വത്തിക്കാനോട് മനസുകൊണ്ട് അടുപ്പമുള്ള നിരവധി വൈദികർ പാട്രിയോട്ടിക് സഭയിലുണ്ട്. അതുപോലെ, യാതൊരു യോഗ്യതയും ഇല്ലാത്തവരും പാട്രിയോട്ടിക് സഭയിലുണ്ട്. താൻ വിശ്വാസ പരിശീലനത്തിനുവേണ്ടി സമീപിച്ച വൈദികൻ ശക്തമായ വിശ്വാസതീക്ഷ്ണതയുള്ള വൈദികനായിരുന്നു. അതിനാൽ, സുവിശേഷത്തിന്റെ യഥാർത്ഥ അർത്ഥങ്ങൾ പഠിക്കാൻ സഹായകമായി,’ ഡാലു സാക്ഷ്യപ്പെടുത്തുന്നു.

തന്റെ വീടിന്റെ തൊട്ടടുത്ത് പാട്രിയോട്ടിക് സഭാംഗമായ വൈദികന്റെ സേവനം ലഭ്യമായിരുന്നെങ്കിലും 10 മൈൽ അകലെയുള്ള പാട്രിയോട്ടിക് സഭയിലെതന്നെ ദൈവാലയത്തിലാണ് അദ്ദേഹം ദിവ്യബലിക്ക് എത്തിയിരുന്നത്. അവിടെയാണ് ഡാലു വിശ്വാസപരിശീലനം നടത്തിയതും. വൈദികന്റെ നിർദേശമനുസരിച്ച് ബൈബിൾ വായിക്കാനും തുടങ്ങി. ആ വിശ്വാസയാത്ര 47-ാം വയസിൽ ഡാലുവിനെ കത്തോലിക്കാ സഭാംഗമാക്കി മാറ്റി. 2010 ഡിസംബർ 20ന് ഷാങ്ഹായിൽവെച്ചായിരുന്നു ജ്ഞാനസ്‌നാന സ്വീകരണം.

വിശുദ്ധജലം വൈദികൻ തലയിൽ തളിച്ചപ്പോൾ ഒരു കുഞ്ഞിനെപോലെ താൻ കരയുകയായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പാപിയായിരുന്ന തന്റെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടതിന്റെ ആനന്ദമായിരുന്നു അതിനുകാരണം. മാമ്മോദീസയ്ക്കുശേഷം ഡാലുവിന്റെ ജീവിതമാകെ മാറി മറിയാൻ തുടങ്ങി. അദ്ദേഹം മറ്റുള്ളവരോട് ക്ഷമിക്കാൻ പഠിച്ചു. നല്ലൊരു ഭർത്താവും പിതാവുമായി മാറി.

റേഡിയോ ജോക്കിയായിരുന്ന ഡാലുവിന്, വിശ്വാസ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പുതന്നെ ജോലി നഷ്ടമായിരുന്നു. ടിയാനൻമെൻ സ്‌ക്വയർ വാർഷിക ദിനത്തിൽ അതുമായി ബന്ധപ്പെട്ട് ചൈനീസ് റേഡിയോയിൽ സംസാരിച്ചതായിരുന്നു കാരണം. തന്റെ ട്രാക് റക്കോർഡിലെ ഈ ‘കറുത്ത അടയാളം’ ജോലി സമ്പാദിക്കാൻ തടസമായതിനാൽ, ഏറെനാൾ ജോലി രഹിതനായി തുടരേണ്ടിയും വന്നു അദ്ദേഹത്തിന്.

ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നശേഷം ഷാങ്ഹായിലുളള കാത്തലിക് കമ്മ്യൂണിക്കേഷൻസിനു വേണ്ടി ജോലി ചെയ്‌തെങ്കിലും അതും അധികനാൾ നീണ്ടില്ല. മാധ്യമത്തിലൂടെയുള്ള സുവിശേഷണ പ്രഘോഷണം ഭരണകൂടത്തിന്റെ അപ്രീതിക്കു കാരണമായി. ഒടുവിൽ, ചൈനീസ് സർക്കാരിന്റെ ഭീഷണി മൂലം ഡാലുവിന് രാജ്യം വിടേണ്ടി വന്നു. 2019 സെപ്തംബറിൽ ഇറ്റലിയിലെത്തിയ ഡാലു പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണിപ്പോൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?