Follow Us On

14

July

2020

Tuesday

കൊറോണാക്കാലത്തെ അതിജീവനം: മാർ ആലഞ്ചേരിയുടെ സഭാദിന സന്ദേശം ചർച്ചയാകുന്നു

കൊറോണാക്കാലത്തെ അതിജീവനം: മാർ ആലഞ്ചേരിയുടെ സഭാദിന സന്ദേശം ചർച്ചയാകുന്നു

കൊച്ചി: വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തിൽകവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടരുത്, ഇടവകകളും സ്ഥാപനങ്ങളും പുതിയ നിർമാണ പദ്ധതികൾ ആസൂത്രണം ചെയ്യരുത്, ആരംഭിച്ച നിർമാണങ്ങൾ സാവകാശം പൂർത്തിയാക്കിയാൽ മതി, നിർബന്ധിത പണപ്പിരിവുകൾ ഒഴിവാക്കണം, കൃഷിക്ക് പ്രഥമ പരിഗണ നൽകണം, വൈദികർ ഉൾപ്പെടെയുള്ളവർ കാർഷിക ജോലികൾക്കായി കൂടുതൽ സമയം നീക്കിവെക്കണം…

കൊറോണയുടെ ഈ ദിനങ്ങളിൽ നടപ്പിൽ വരുത്തേണ്ട പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവെച്ച് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സഭാ ദിന സന്ദേശം ചർച്ചയാകുന്നു. വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളായ ‘ദുക്‌റാന’യോട് അനുബന്ധിച്ച് മാർ ആലഞ്ചേരി പുറപ്പെടുവിച്ച സന്ദേശത്തിൽ കോവിഡാനന്തര സമൂഹ നിർമിതിക്ക് ശക്തിപകരുന്ന നിർദേശങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

സഭാദിന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

മാർതോമാശ്ലീഹായുടെ ദുക്‌റാനാ തിരുനാൾ ദിനമായ ജൂലൈ മൂന്ന് വീണ്ടും സമാഗതമാകുന്നു. തോമാശ്ലീഹായിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം സ്‌നേഹത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. കൊറോണ ബാധയുടെ ഇക്കാലത്ത് അതു കൂടുതൽ സജീവമാക്കാൻ ദൈവം നമുക്ക് അവസരം നൽകിയിരിക്കുന്നു.

കൊറോണക്കാലം പല ജീവിത നവീകരണ സാധ്യതകളും നമുക്ക് നൽകിയിട്ടുണ്ട്. കാലങ്ങളായി സഭ ചിന്തിച്ചുകൊണ്ടിരുന്നതും പലതലങ്ങളിൽനിന്നും ഉന്നയിക്കപ്പെട്ടിരുന്നതുമായ ജീവിതലാളിത്യം സ്വീകരിക്കുവാനുള്ള ആവശ്യബോധം ഇന്ന് നമുക്കുണ്ടാകുന്നു. ഈ വർഷവും അടുത്ത വർഷങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്റെ കാലമായിരിക്കണം.

ധൂർത്തും ആർഭാടവും നമ്മുടെ ജീവിതശൈലിയിൽ നിന്ന് അകലണം. ഉടൻ പുതിയ നിർമാണ പദ്ധതികൾ ആസൂത്രണം ചെയ്യരുത്, ഇടവകകളും സ്ഥാപനങ്ങളും ആരംഭം കുറിച്ച നിർമാണ പ്രവർത്തനങ്ങൾ സാവകാശം പൂർത്തിയാക്കിയാൽ മതി എന്ന സംയമനമനോഭാവം നമുക്കുണ്ടാകണം. നിർബന്ധിത പണപ്പിരിവുകൾ നടത്താതിരിക്കാൻ നമുക്കു തീരുമാനമെടുക്കാം. ഒരുവിധ സമ്മർദവുമില്ലാതെ ജനങ്ങൾ സ്വമേധയാ നൽകുന്ന നേർച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാ കൂട്ടായ്മയുടെ ആവശ്യങ്ങൾ നമുക്കു നിർവഹിക്കാം.

സഭാശുശ്രൂഷകളുടെയും ധ്യാനപ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നിറുത്തലാക്കാം. വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി നിർമാണങ്ങളും പരിപാടികളുംആസൂത്രണം ചെയ്യുന്നത് ഉചിതമല്ല. സഭയിലെ ആവശ്യങ്ങളുടെ നിർവഹണം സഭാമക്കളുടെ കൂട്ടായ്മയുടെ പൊതുവായ ആത്മീയചിന്തയിൽ നിന്ന് ഉയിർകൊള്ളുന്നതാകട്ടെ. വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തിൽകവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവെക്കുന്ന പ്രവണത ഉപേക്ഷിക്കണം.

സഭയുടെ സമ്പത്ത് ദൈവജനമാണ്. സഭയുടെ അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും യഥാസമയം വേണ്ടത് നൽകുവാൻ തക്ക വിശ്വാസതീക്ഷ്ണത നമ്മുടെ സഭാമക്കൾക്കുണ്ട്. സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കുവാൻ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും നമ്മുടെ ജനം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയിൽ സംജാതമാകട്ടെ.

ദൈവസ്‌നേഹപ്രേരിതമായ കാരുണ്യപ്രവർത്തനങ്ങളായിരിക്കണം സഭയുടെ മുഖമുദ്ര. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലെ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കാരുണ്യസ്പർശംകൊണ്ട് ഉത്തമ ക്രൈസ്തവസാക്ഷ്യങ്ങളായിത്തീരട്ടെ. കോവിഡ് കാലത്ത് ഇടവകകളും സ്ഥാപനങ്ങളും രൂപതകളുടെ സാമൂഹ്യക്ഷേമ വിഭാഗങ്ങളും മറ്റ് സംഘടനകളും ചെയ്യുന്ന നിസ്തുലമായ സേവനങ്ങൾക്ക് ഞാൻ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

ആത്മീയതയ്ക്കു വിരുദ്ധമായി നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയ സമീപനങ്ങളെയും പ്രവർത്തനങ്ങളെയും ഉപേക്ഷിച്ച് സംശുദ്ധമായ ക്രൈസ്തവസാക്ഷ്യം നൽകാൻ കോവിഡ് കാലത്തിന്റെ അനുഭവം നമ്മെ കൂടുതൽ പ്രേരിപ്പിക്കണം. സഭയിൽ നേതൃത്വ ശുശ്രൂഷയിലുള്ള വൈദികരും സമർപ്പിതരും അൽമായരും ശരിയായ ക്രൈസ്തവസാക്ഷ്യം നൽകുന്നതിൽ ബദ്ധശ്രദ്ധരായിരിക്കണം.

വിശ്വാസജീവിതത്തിന് നിരക്കാത്ത എല്ലാ പ്രവണതകളെയും നമ്മിൽ നിന്ന് അകറ്റുവാൻ പരിശ്രമിക്കാം. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, മനുഷ്യജീവന് എതിരെയുള്ള അക്രമങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മറ്റുള്ളവരുടെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നുകയറ്റം, ഇതരർക്ക് അപകീർത്തി വരുത്തുന്ന പ്രചരണങ്ങൾ, ലൈംഗികതയുടെ എല്ലാത്തരത്തിലുമുള്ള ദുരുപയോഗം മുതലായ തിന്മകൾക്കു വിധേയരാകാതിരിക്കാൻ നാം ജാഗ്രത പാലിക്കണം.

പ്രവാസികൾ ഇപ്പോഴും നാട്ടിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണല്ലോ. അവർക്ക് ആവശ്യകമായ സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കുവാൻ സർക്കാരിനോടൊപ്പം നാം സന്നദ്ധരാകണം. പ്രവാസികളുടെ മക്കൾക്ക് ആവശ്യകമായ സ്‌കൂൾ,കലാലയ വിദ്യാഭ്യാസ സൗകര്യങ്ങൾ കഴിവതും ഏർപ്പെടുത്തിക്കൊടുക്കുവാൻ സഭാസ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

കൊറോണക്കാലത്തും അതിനുശേഷം വരുന്ന വർഷങ്ങളിലും നാം ഉൽപ്പാദകരാകണം. വ്യക്തിപരമായും കുടുംബങ്ങളായും സമൂഹമായും നമ്മളാൽ കഴിയും വിധം രാജ്യത്തിന്റെ സമ്പദ്ഘടനയെ പരിരക്ഷിക്കുവാൻ പരിശ്രമിക്കണം. കൃഷിയാണ് പ്രഥമ പരിഗണനയർഹിക്കുന്നത്. വ്യക്തികളുടെയോ ഇടവകകളുടെയോ സ്ഥാപനങ്ങളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത്.

വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപ്പണികൾക്കായി കുറെ സമയം കണ്ടെത്തണം. ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പു പ്രകാരം കഴിഞ്ഞ 50 വർഷങ്ങളിൽ അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം നേരിടാൻ പോവുകയാണ്. കേരളത്തിൽ ഉൽപദിപ്പിക്കുന്നവ കൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാൻവേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കുപോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷിചെയ്യാവുന്നതാണല്ലോ. ഇടവകകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ വിപണികൾ തുറന്ന് കാർഷിക വിളകൾ ന്യായവിലയ്ക്കു എല്ലാവർക്കും ലഭ്യമാക്കുവാൻ പരിശ്രമിക്കുന്നത് കൃഷിക്കാരുടെ അഭിവൃദ്ധിക്ക് ഉപകരിക്കും.

നാണ്യവിളകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യങ്ങളിലും ഇതരരാജ്യങ്ങളിലും വിൽപനസാധ്യതയുള്ള വിളകളിലേയ്ക്ക് നാം കൃഷി തിരിച്ചുവിടണം. നമ്മുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസും അതോടൊപ്പം ഇൻഫാമും കൃഷിയുടെ രംഗത്ത് ജനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് നന്നായിരിക്കും. ചെറുകിട വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ അവയുടെ ഉടമസ്ഥർ തീവ്രമായി പരിശ്രമിക്കണം.

കോവിഡ് കാലത്ത് വന്ന സാമ്പത്തിക മാന്ദ്യം അതിജീവിക്കുവാൻ മേൽപ്പറഞ്ഞ അക്ഷീണപരിശ്രമങ്ങൾ കൂടിയേ തീരു. അതോടൊപ്പം,കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്ന കോവിഡാനന്തര സാമ്പത്തികോന്നമന പ്രവർത്തനങ്ങൾക്ക് നമുക്ക് പൂർണ്ണസഹകരണം നൽകാം. ആരും ആരെയും ചൂഷണം ചെയ്യുന്ന ആസൂത്രിതമായ പ്രവർത്തനങ്ങൾ അനുവദിച്ചുകൂടാ. അത്തരം അനീതിപരമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നറിഞ്ഞാൽ പൊതുമനസാക്ഷിയെ തട്ടിയുണർത്തി അവയെ ഉന്മൂലനം ചെയ്യുവാൻ ജനാധിപത്യപരമായ നടപടികൾ നാം സ്വീകരിക്കണം.

ഈ ചിന്തകളെല്ലാം ക്രൈസ്തവ ജീവിതത്തിനു പുതിയൊരു രൂപവും ഭാവവും നൽകുവാൻ ഈ കാലഘട്ടത്തിൽ നമ്മെ സഹായിക്കുമെന്നു കരുതുന്നു. നമ്മുടെ ആദ്ധ്യാത്മികതയുടെ ആന്തരികതലങ്ങളും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ സുവിശേഷമൂല്യങ്ങൾക്ക് അനുസൃതമാക്കാൻ കോവിഡുകാലത്തും കോവിഡാനന്തരകാലത്തും തീവ്രമായി പരിശ്രമിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?