Follow Us On

14

July

2020

Tuesday

ജയിലഴിക്കുള്ളിൽനിന്ന് പൗരോഹിത്യ വിളി? അസാധാരണ ‘വ്രതവാഗ്ദാനം’ ഇറ്റലിയിൽ

ജയിലഴിക്കുള്ളിൽനിന്ന് പൗരോഹിത്യ വിളി? അസാധാരണ ‘വ്രതവാഗ്ദാനം’ ഇറ്റലിയിൽ

റോം: ഐ.ടി ജോലി ഉപേക്ഷിച്ചും സർക്കാർ ഉദ്യോഗം വേണ്ടെന്നുവെച്ചും പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തവരെ കുറിച്ച് കേട്ടിട്ടുണ്ടാകും. പണവും പ്രശസ്തിയും വലിച്ചെറിഞ്ഞ് സന്യാസം സ്വീകരിച്ച സെലിബ്രിറ്റികളെക്കുറിച്ചും കേട്ടിരിക്കും. എന്നാൽ, കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾ ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുമോ? ദൈവം തിരുഹിതമാകുന്നുവെങ്കിൽ, അതും സാധ്യമാകും. ഇറ്റലിയിലെ ജയിൽ നടന്ന അസാധാരണ ‘വ്രതവാഗ്ദാനം’തന്നെ അതിന്റെ അടയാളം.

ഒരു ജയിൽപ്പുള്ളിക്ക് കത്തോലിക്കാ സഭ തിരുപ്പട്ടം നൽകാൻ ആലോചിക്കുന്നുവോ എന്നോർത്ത് നെറ്റിചുളിക്കുംമുമ്പ് ഒന്നോർക്കണം, ദൈവവിളികൾ അത്ഭുതാവഹമാണ്, അതിലുപരി മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും. ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ ഇറങ്ങിത്തിരിച്ച സാവൂളാണ് തിരുസഭയുടെ രണ്ട് നെടുംതൂണുകളിൽ ഒരാളായ വിശുദ്ധ പൗലോസായി മാറിയതെന്നത് മറക്കാതിരിക്കാം. ഇറ്റലിയിലെ റെജിയോ എമിലിയ- ഗ്വാസ്റ്റല്ല രൂപതാ ബിഷപ്പ് മാസിമോ കാമിസാസ്‌ക്കയുടെ സാന്നിധ്യത്തിലായിരുന്നു അസാധാരണ ‘വ്രതവാഗ്ദാനം’.

തീർത്തും അസാധാരണവും അനൗപചാരികവുമായിരുന്നു പ്രസ്തുത വ്രതവാദ്ഗാനം. അതിന്റെ കാരണം, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുഖപത്രമായ ‘അനവീരേ’യോട്‌ ബിഷപ്പ് മാസിമോ വെളിപ്പെടുത്തിയത് ഇങ്ങനെ: ഏതെങ്കിലും സന്യാസസഭയിൽ ചേരുന്നതിന്റെ ഭാഗമായോ മറ്റേതെങ്കിലും സംഘടനയിൽ ചേരുന്നതിനോ ഭാഗമായോ അല്ല ഇപ്പോൾ ഈ ചെറുപ്പക്കാരൻ വ്രതവാഗ്ദാനങ്ങൾ നടത്തിയിരിക്കുന്നത്. ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും അനുസരണയിലും ജീവിക്കുമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്ത് കാത്തിരിക്കുകയാണ്. കാരണം ഇപ്പോഴും ഇയാൾ ജയിലിൽ തന്നെയാണ്.’

എന്തായാലും, ജയിലിൽ സംഭവിച്ച മാനസാന്തരവും ദൈവവിളി സ്വീകരിക്കണമെന്ന ഒരു ജയിൽപുള്ളിയുടെ ആഗ്രഹവും വലിയ വാർത്തയായിക്കഴിഞ്ഞു. ജയിൽ ജീവിതം സമ്മാനിച്ച മാനസാന്തരാനുഭവത്തിൽ മുന്നേറുന്നതിനിടെ തിരിച്ചറിഞ്ഞ പൗരോഹിത്യ വിളി എന്ന ആഗ്രഹം വെളിപ്പെടുത്തിയത് ഡോൺ ലുയിജി (സാങ്കൽപ്പിക നാമം) എന്ന 40 വയസുകാരനാണ്. വിശ്വാസികളായ മാതാപിതാക്കളുടെ മകനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. വൈദികനാകണമെന്നതുതന്നെയായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹവും. കളിക്കൂട്ടുകാർ വിളിച്ചിരുന്നതുപോലും പാദ്രേ (വൈദികൻ) എന്നത്രേ.

പക്ഷേ, ജീവിതയാത്രയ്ക്കിടയിൽ എവിടെയോവെച്ച് വഴിതെറ്റി. മുതിർന്നപ്പോൾ മയക്കുമരുന്നിനും അക്രമത്തിനും ഇരയായി. ഒടുവിൽ കൊലപാതകിയും. 30 വർഷത്തെ ജയിൽ ശിക്ഷയാണ് വിധിക്കപ്പെട്ടത്. നിരാശയ്ക്കപ്പുറം പ്രത്യാശയിലേക്കുള്ള ക്ഷണമായി മാറി ലുയിജിക്ക് ജയിൽ വാസം. റെജിയോ എമിലിയ ജയിലിലെ ദിനങ്ങൾ വീണ്ടെടുപ്പിന്റെ നാളുകളായിരുന്നു. ചെയ്തുപോയ തെറ്റുകൾ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ലഭിച്ച അവസരം ലുയിജിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി. നഷ്ടപ്പെട്ടുപോയ പ്രാർത്ഥനാ ജീവിതം തിരികെപ്പിടിച്ചു.

തന്റെ കൈകൊണ്ട് കൊല്ലപ്പെട്ടയാളുടെ ആത്മാവിന്റെ നിത്യരക്ഷയ്ക്കു വേണ്ടിയുള്ളതായിരുന്നു പ്രാർത്ഥനയിലേറെയും. വിശുദ്ധ കുർബാനയിലെ ശുശ്രൂഷിയായി. ജയിൽ മിനിസ്ട്രിയുമായി ബന്ധപ്പെട്ട വൈദികരുടെ സൗഹൃദമാണ് ആത്മീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. ജയിലിൽ ചാപ്ലൈൻ ശുശ്രൂഷ ചെയ്യുന്ന ഫാ. മാറ്റിയോ മിയോണി, ഫാ. ഡാനിയേൽ സിമോണാസി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഉപദേശകർ. 2016ൽ ജയിലിൽ സന്ദർശനത്തിനെത്തിയ ബിഷപ്പ് മാസിമോയുമായി പിന്നീട് കത്ത് ഇടപാടുകളും ആരംഭിച്ചു.

നാളുകൾ വീണ്ടും കഴിഞ്ഞാണ്, പുരോഹിതനാകാനുള്ള ആഗ്രഹം ലുയിജി വെളിപ്പെടുത്തിയത്. പരിശോധനകൾക്കും ആലോചനകൾക്കുംശേഷം, ജയിൽ ശിക്ഷ കഴിയുമ്പോൾ വ്രതവാഗ്ദാനം നൽകാം എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ, ജയിലിൽ വച്ചുതന്നെ വ്രതവാഗ്ദാനം നൽകാമോ എന്ന ഫാ. ഡാനിയേലിന്റെ അഭ്യർത്ഥന ബിഷപ്പ് അംഗീകരിക്കുകയായിരുന്നു. ‘നമ്മുടെ ഭാവിയുടെ ഉടയോരല്ല നാം. ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽതന്നെ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾക്കുറിച്ച് കൂടുതൽ ചിന്തിക്കാനും ധ്യാനിക്കാനും ലുയിജിക്ക് അവസരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.

ലുയിജിയുടെ മാനസാന്തരത്തിൽ ജയിൽ മിനിസ്ട്രി വലിയ പങ്കുവഹിച്ചെന്ന് പറഞ്ഞ ബിഷപ്പ് മാസിമോ, ജയിൽ ചാപ്ലൈൻമാരെ പ്രത്യേക അഭിനന്ദിക്കുകയും ചെയ്തു. ലുയിജിയുടെ ജയിൽ ശിക്ഷ ആരംഭിച്ച വർഷമോ അവസാനിക്കുന്ന വർഷമോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിശുദ്ധനായ ഒരു വൈദികനെ ലഭിക്കാൻവേണ്ടി പ്രാർത്ഥിക്കുകയാണ്, ഇദ്ദേഹത്തെ കുറിച്ചുള്ള വാർത്ത അറിയാനിടയായ വിശ്വാസീസമൂഹം. അതിനുള്ള കാത്തിരിപ്പിലാണ് ലൂയിജിയും.

ജയിലിൽവെച്ച് ലഭിച്ച ക്രിസ്ത്വാനുഭവത്തിന്റെ വെളിച്ചത്തിൽ, അദ്ദേഹം ബിഷപ്പിന് അയച്ച കത്തിലെ വരികൾ നമ്മെ ഓരോരുത്തരെയും ചിന്തിപ്പിക്കും. ബിഷപ്പിനെപ്പോലും ചിന്തിപ്പിച്ച ആ വരികൾ ഇങ്ങനെ: ‘ജയിലിനകത്ത് ജീവിക്കുന്നതല്ല, ക്രിസ്തുവിന്റെ വെളിച്ചം തിരിച്ചറിയാതെ പുറത്ത് ജീവിക്കുന്നതാണ് യഥാർത്ഥ കാരാഗൃഹവാസം.’

ഫോട്ടോ ക്യാപ്ഷൻ: ബിഷപ്പ് മാസിമോ കാമിസാസ്‌ക്ക 2012ൽ ജയിൽ സന്ദർശിച്ചപ്പോൾ എടുത്തത്. വാർത്തയിൽ പ്രതിപാദിക്കുന്ന മറ്റുള്ളവരാരും ചിത്രത്തിലില്ല. (കടപ്പാട് അനവീരെ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?