Follow Us On

14

July

2020

Tuesday

ഉത്തര കൊറിയയെ ഫാത്തിമാനാഥയ്ക്ക് സമർപ്പിക്കണം; ആഗ്രഹം പ്രകടിപ്പിച്ച് സിയൂൾ കർദിനാൾ

ഉത്തര കൊറിയയെ ഫാത്തിമാനാഥയ്ക്ക് സമർപ്പിക്കണം; ആഗ്രഹം പ്രകടിപ്പിച്ച് സിയൂൾ കർദിനാൾ

സിയോൾ: ഉത്തര കൊറിയയെ മുഴുവൻ ഉൾക്കൊള്ളുന്ന പ്യോംഗ്യാങ്ങ് രൂപതയെ ഫാത്തിമാ മാതാവിന് സമർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സിയൂൾ അതിരൂപതാധ്യക്ഷൻ കർദിനാൾ ആൻഡ്രൂ യെം സൂ ജംഗ്. കൊറിയൻ യുദ്ധാരംഭത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് അർപ്പിച്ച അനുസ്മരണാ ദിവ്യബലിയിലാണ് പ്യോംഗ്യാങ്ങ് രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ കൂടിയായ അദ്ദേഹം തന്റെ ആഗ്രഹം ഒരു നിയോഗമായി സമർപ്പിച്ചത്.

നിരീശ്വര രാജ്യമായ ഉത്തര കൊറിയയിൽ മതസ്വാതന്ത്ര്യത്തിന് വലിയ നിയന്ത്രണങ്ങളും വെല്ലുവിളികളും ഉള്ളതിനാൽ ദക്ഷിണ കൊറിയയിലായിരുന്നാണ് പ്യോംഗ്യാങ്ങ് രൂപതയെ കർദിനാൾ നയിക്കുന്നത്. ചൈനീസ് മാതൃകയിൽ, ‘അണ്ടർ ഗ്രൗണ്ട് ചർച്ച്’ ആയാണ് ഉത്തര കൊറിയയിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനം. ചൈനീസ് പാട്രിയോട്ടിക് സഭയുടെ മാതൃകയിൽ ‘കൊറിയൻ കാത്തലിക് അസോസിയേഷന്’ 1988ൽ ഭരണകൂടം രൂപം നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനവും നാമമാത്രമാണെന്നാണ് റിപ്പോർട്ടുകൾ.

സിയൂളിലെ മിയോൺഡംഗ് കത്തീഡ്രലിൽ അർപ്പിച്ച അനുസ്മരണാ ദിവ്യബലിയിൽ വിശ്വാസീസമൂഹത്തിനും വൈദികർക്കുമൊപ്പം മെക്‌സിക്കോ, ഫിലിപ്പീൻസ്, എൽ സാൽവഡോർ, തിമോർ എന്നിവിടങ്ങളിൽനിന്നുള്ള അംബാസഡർമാർ പങ്കെടുത്തതും ശ്രദ്ധേയമായി. യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഇരുരാജ്യങ്ങളുടെയും പൗരന്മാരെയും ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെയും അനുസ്മരിച്ചുകൊണ്ടാണ്, ഉത്തര കൊറിയയെ ഫാത്തിമാനാഥയ്ക്ക് സമർപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം പങ്കുവെച്ചത്.

ക്രിസ്തു നൽകുന്ന സമാധാനത്തിൽ ആശ്രയിച്ച് പഴയ ഓർമകൾ മറന്ന്, ഇരു കൊറിയകളിലെയും ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്ന ദിനങ്ങൾക്കായി പരിശ്രമിക്കാമെന്നും ആത്മീയ ഉണർവോടെ കൊറിയൻ ഉപദ്വീപിൽ സുവിശേഷവത്കരണം ശക്തമാക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ 70-ാം വാർഷികം രൂപതാതലത്തിൽ ആചരിക്കാൻ കഴിഞ്ഞ വർഷത്തെ പ്ലീനറി അസംബ്ലിയിൽ രാജ്യത്തെ മെത്രാൻ സമിതി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ദിവ്യബലി അർപ്പണം.

പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ സർവേ പ്രകാരം, മതപീഡനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഉത്തര കൊറിയ. വത്തിക്കാനുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യംകൂടിയാണിത്. 2000ൽ സമ്മേളിച്ച ഇന്റർ കൊറിയൻ സമ്മിറ്റിനെ തുടർന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമനെ പ്യോംഗ്യാങ്ങ് സന്ദർശിക്കാൻ കിം ജോംഗ് ഇൽ ക്ഷണിച്ചെങ്കിലും അത് നടക്കാതെപോയി.

ഫ്രാൻസിസ് പാപ്പ തന്റെ രാജ്യം സന്ദർശിക്കണമെന്ന ആഗ്രഹം 2018ൽ കിം ജംഗ് ഉൻ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ, ഫ്രാൻസിസ് പാപ്പ 2014ൽ ദക്ഷിണ കൊറിയയിൽ പര്യടനം നടത്തിയപ്പോൾ അർപ്പിച്ച പേപ്പൽ ദിവ്യബലിൽ പങ്കെടുക്കാൻ ‘കൊറിയൻ കാത്തലിക് അസോസിയേഷ’നെ ക്ഷണിച്ചിരുന്നെങ്കിലും അവർ ക്ഷണം നിരസിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?