Follow Us On

14

July

2020

Tuesday

ക്രിസ്ത്യൻ ദൈവാലയം ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കാനൊരുങ്ങി തുർക്കി; പ്രതിഷേധം ശക്തമാകുന്നു

ക്രിസ്ത്യൻ ദൈവാലയം ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കാനൊരുങ്ങി തുർക്കി; പ്രതിഷേധം ശക്തമാകുന്നു

അങ്കാറ: വിവിധ രാജ്യങ്ങളുടെയും യുനെസ്‌കോ ഉൾപ്പെടെയുള്ള സംഘടനകളുടെയും സമ്മർദ്ധങ്ങൾ ശക്തമാകുമ്പോഴും ആറാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയം ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കി മാറ്റാൻ തയാറെടുത്ത് തുർക്കി ഭരണകൂടം. തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ (അഡ്മിനിസ്‌ട്രേറ്റീവ് കോർട്ട്) നാളെ, ജൂലൈ രണ്ടിന് പ്രസ്തുത വിഷയം ചർച്ചയ്‌ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ നിർമിച്ച, ‘ഹാഗിയ സോഫിയ- ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മോസ്‌ക് ആക്കിമാറ്റിയത്. ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ൽ യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

മ്യൂസിയത്തെ വീണ്ടും മോസ്‌ക്ക് ആക്കിമാറ്റാനുള്ള ശ്രമങ്ങൾ നിരവധിതവണ ഉണ്ടായിട്ടുണ്ട്. തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള തയ്യിബ് എർദോഗൻ പ്രസിഡന്റായശേഷം ഇതിനുള്ള ശ്രമങ്ങൾ ശക്തമാകുകയായിരുന്നു. ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന്റെ 567-ാം വാർഷികം ഹാഗിയ സോഫിയയ്ക്ക് ഉള്ളിൽ ഖുർആൻ വായിച്ചുകൊണ്ട് എർദോഗൻ സർക്കാർ ആഘോഷിച്ചത് വൻവിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടികൾ.

തുർക്കിയുടെ നീക്കത്തിൽ അയൽ രാജ്യമായ ഗ്രീസും അമേരിക്കയും ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സന്നദ്ധ സംഘടനകളും എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഹാഗിയ സോഫിയ ദൈവാലയം മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം എർദോഗൻ ആരംഭിച്ചതു മുതൽ തങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്‌കോ വ്യക്തമാക്കി.

‘ഇക്കാര്യവുമായി ബന്ധപ്പെട്ട് തുർക്കി സർക്കാരിന് ജൂൺ ആദ്യം കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. മറുപടി ലഭിക്കുംവരെ കത്തുകൾ അയക്കുന്നത് തുടരും. സാംസ്‌കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടൻ വിഷയം ചർച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നൽകുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ല,’ യുനെസ്‌കോയുടെ സാംസ്‌ക്കാരിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഏണസ്റ്റോ ഒട്ടോണി റാമിറസ് വ്യക്തമാക്കി.

യുനെസ്‌കോയുടെ അംഗീകാരം ഇല്ലാതെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിനാ മെൺഡോണി മന്ത്രിയും ചൂണ്ടിക്കാട്ടി. തുർക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് യുനെസ്‌കോയുടെ അംഗ രാജ്യങ്ങൾക്ക് ലിനാ മെൺഡോണി ഈയിടെ കത്തയച്ചിരുന്നു. ദേശീയതയും മത വികാരവും ഉണർത്താനുള്ള ശ്രമമാണ് തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസിഡർ സാം ബ്രൗൺബാക്ക്, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ തുടങ്ങിയവരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ജനങ്ങൾ സാംസ്‌കാരികവും ആത്മീയവുമായും പ്രാധാന്യം നൽകുന്ന ഹാഗിയ സോഫിയയെന്നും ഒരു മ്യൂസിയമായി നിലനിർത്തണമെന്ന് ബ്രൗൺബാക്ക് ആവശ്യപ്പെട്ടു.

1500 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം ജനങ്ങളെ ഒരുമിപ്പിക്കേണ്ടതിനു പകരം ഇപ്പോൾ ഭിന്നിപ്പിക്കുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ വ്യക്തമാക്കി. തുർക്കിയുടെ തീരുമാനത്തിനെതിരെ വരും ദിനങ്ങളിൽ അന്താരാഷ്ട്രതലത്തിൽതന്നെ പ്രതിഷേധങ്ങൾ ശക്തമാകുമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?