Follow Us On

14

July

2020

Tuesday

സെന്റ് അൽഫോൻസാ കത്തീഡ്രൽ ഉയരും മെൽബണിൽ; ശിലാസ്ഥാപനം ജൂലൈ മൂന്നിന്

സെന്റ് അൽഫോൻസാ കത്തീഡ്രൽ ഉയരും മെൽബണിൽ; ശിലാസ്ഥാപനം ജൂലൈ മൂന്നിന്

പോൾ സെബാസ്റ്റ്യൻ

മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം വിശുദ്ധ തോമാശ്ലീഹായുടെ ‘ദുക്‌റാന’ തിരുനാൾ ദിനമായ ജൂലൈ മൂന്ന് വൈകിട്ട് 4.30ന് മെൽബൺ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നിർവഹിക്കും. എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്താണ് ദൈവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, മെൽബൺ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയും രൂപത കൺസൽറ്ററുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം വിക്ടോറിയൻ പാർലമെന്റ് അംഗവും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്പെന്നി എം. പി നിർവഹിക്കും.

സ്വന്തം ദൈവാലയം എന്ന ആഗ്രഹം ഏറെ താമസിയാതെ പൂർത്തിയാകും എന്ന വിശ്വാസത്തിലാണ് കത്തീഡ്രൽ ഇടവകാംഗങ്ങൾ. വത്തിക്കാനിൽ വെച്ച് ഫ്രാൻസിസ് പാപ്പയാണ് കത്തീഡ്രലിന്റെ അടിസ്ഥാന ശില ആശീർവദിച്ച് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സീറോ മലബാർ സഭയിലെ മറ്റു ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മാർ ബോസ്‌കോ പുത്തൂരിന് നൽകിയത്.

രൂപതകളിൽ കത്തീഡ്രലിനുള്ള പ്രമുഖ സ്ഥാനത്തെ കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയ പ്രസ്താവന ചൂണ്ടിക്കാട്ടി മാർ പുത്തൂർ പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചതും ശ്രദ്ധേയമായി. രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസകൂട്ടായ്മയുടെയും സ്‌നേഹഐക്യത്തിന്റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രൽ എന്ന് ഓർമിപ്പിച്ച അദ്ദേഹം, കത്തീഡ്രൽ നിർമാണത്തിനുവേണ്ടി പ്രാർത്ഥിക്കാനും സഹകരിക്കാനും അഭ്യർത്ഥിച്ചു.

ശിലാസ്ഥാപനത്തിനുശേഷം വൈകിട്ട് 7.00ന് ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് റിസർവോ സെന്റ് സ്റ്റീഫൻസ് ദൈവാലയത്തിൽ അർപ്പിക്കുന്ന റാസ കുർബാനയിൽ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. ശിലാസ്ഥാപന കർമത്തിന്റെയും റാസ കുർബാനയുടെയും തൽസമയ സംപ്രേഷണം കത്തീഡ്രൽ ഇടവകയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭിക്കും. 2013 ഡിസംബർ 23നാണ് ഫ്രാൻസിസ് പാപ്പ മെൽബൺ സീറോ മലബാർ രൂപത സ്ഥാപിച്ചത്. അമേരിക്കയിലെ ചിക്കാഗോ രൂപതയ്ക്കുശേഷം ഭാരതത്തിന് വെളിയിൽ സ്ഥാപിതമായ സീറോ മലബാർ രൂപതയാണ് മെൽബൺ സെന്റ് തോമസ് രൂപത.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?