Follow Us On

08

August

2020

Saturday

കത്തോലിക്കാ മാധ്യമങ്ങൾ വൈവിധ്യങ്ങൾക്കിടയിലെ ഐക്യമാകണം: പാപ്പ

കത്തോലിക്കാ മാധ്യമങ്ങൾ വൈവിധ്യങ്ങൾക്കിടയിലെ ഐക്യമാകണം: പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ മാധ്യമങ്ങൾ വൈവിധ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കുന്നവരായി മാറണമെന്ന് ഫ്രാൻസിസ് പാപ്പ. ‘കാത്തലിക്ക് പ്രസ് ആസോസിയേഷ’ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കത്തോലിക്കാ മാധ്യമ സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. വെർച്വൽ കോൺഫറൻസിലൂടെ സംഘടിപ്പിക്കുന്ന ഇത്തവണ സംഗമത്തിന്റെ പ്രമേയം ‘ടുഗദർ വൈൽ അപ്പാർട്ട്’ എന്നതാണ്.

കൊറോണാ ബാധിതരോടും ജീവൻ പണയപ്പെടുത്തി അവരെ സഹായിക്കുന്നവരോടുമുള്ള ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. മാഹാമാരി അടിച്ചേൽപ്പിച്ച സാമൂഹിക അകൽച്ചയിൽ നിൽക്കുമ്പോൾ ഒരുമിച്ചാണെന്ന ബോധം വാചാലമായി പ്രകടിപ്പിക്കുന്നത് വിരോധാഭാസമാണ്. എങ്കിലും കഴിഞ്ഞ മാസങ്ങളിലെല്ലാം ആളുകളെ ഒത്തുചേർത്തും പരസ്പരമുള്ള ദൂരം കുറച്ചും ആവശ്യമായ വിവരങ്ങൾ നൽകിയും ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്.

മതിലുകൾ തകർത്ത് ജീവിതത്തിനുവേണ്ടി വ്യക്തികളോടും സമൂഹങ്ങളോടും സത്യസന്ധമായി ആശയവിനിമയം നടത്തുന്ന മാധ്യമങ്ങളാണ് നമുക്ക് വേണ്ടത്. നന്മയെ തിന്മയിൽനിന്ന് വേർതിരിക്കാനും വളച്ചൊടിക്കാതെ വസ്തുതകളിൽനിന്ന് തീരുമാനങ്ങളെടുക്കാനും യുവജനങ്ങളെ സഹായിക്കുന്ന മാധ്യമങ്ങളാണ് നമുക്കാവശ്യം. ഇതിന് ശക്തിപകരുന്ന മാധ്യമപ്രവർത്തകർ ആകണമെങ്കിൽ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി നാം സ്വയം സമർപ്പിക്കണം.

ഓരോ വ്യക്തിയും എന്നതിനപ്പുറത്തേക്ക് ആഗോള മനുഷ്യസമൂഹം ഒരു കുടുംബമെന്ന ആശയം ഓരോ മാധ്യമപ്രവർത്തകനും ഉൾക്കൊള്ളണം. പരിശുദ്ധാത്മാവിന്റെ പ്രത്യേക ജ്ഞാനമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാനാകൂ. മാത്രമല്ല, അപ്പോൾ സമൂഹമാകുന്ന നമ്മുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന അനീതിയുടെയും വർഗീയതയുടെയും രോഗത്തെ അതിജീവിക്കാൻ കഴിയുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷന്റെ പ്രിഫെക്റ്റ് ഡോ. പൗലോ റൂഫിനി ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കോൺഫറൻസിനെ അഭിസംബോധന ചെയ്യുന്നുണ്ട്. അംഗങ്ങളെ ‘സേവിക്കുകയും ഏകീകരിക്കുകയും ചെയ്യുക’ എന്ന ലക്ഷ്യത്തോടെ 100 വർഷംമുമ്പ് അമേരിക്കയിൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ‘കാത്തലിക് പ്രസ് അസോസിയേഷൻ’.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?