Follow Us On

08

August

2020

Saturday

അമേരിക്കയ്ക്ക് ആരാണ് വിശുദ്ധ ജൂണിപ്പെറോ?

അമേരിക്കയ്ക്ക് ആരാണ് വിശുദ്ധ ജൂണിപ്പെറോ?

ക്രൈസ്തവ ചിഹ്‌നങ്ങളെ തച്ചുടയ്ക്കുക എന്ന ഹിഡൻ അജൻഡയുമായി ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയവർ വിശുദ്ധ രൂപങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുമ്പോൾ, അവർ ഏറ്റവുമധികം ലക്ഷ്യംവെക്കുന്ന വിശുദ്ധ ജൂണിപ്പെറോ സെറയുടെ ജീവിതം അടുത്തറിയാം. ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ തിരുനാൾ.

സ്വന്തം ലേഖകൻ

‘നശിച്ചുപോകേണ്ടിയിരുന്ന നമ്മെ രക്ഷിക്കാൻ ക്രൂശിനെ പുൽകിയ ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് പ്രസംഗപീഠത്തിൽനിന്നുകൊണ്ട് കൈയിൽ സൂക്ഷിച്ചിരുന്ന ഒരു ഇരുമ്പുചങ്ങല അദ്ദേഹം പുറത്തെടുത്തു. തോളിലെ വസ്ത്രം മാറ്റി. ലോകം മുഴുവൻ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കുവേണ്ടി വേദനകളേറ്റെടുക്കാൻ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആ മനുഷ്യൻ സ്വയം പ്രഹരിക്കാൻ തുടങ്ങി. ദേഹം പൊട്ടി രക്തമൊഴുകാൻ തുടങ്ങിയിട്ടും അദ്ദേഹം പിന്മാറിയില്ല. ശരീരം വേദനിച്ചപ്പോൾ എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ലോകം തരുന്ന സുഖങ്ങൾ എറിഞ്ഞുകളയാൻ ഉച്ചത്തിൽ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു, ആ പ്രസംഗകൻ.

‘ഭക്ഷണത്തിനും സ്ത്രീസുഖത്തിനും പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന അനേകർ വലിയ ഉച്ചത്തിൽ കരയാൻ തുടങ്ങി. അതുകണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ഒരു സന്യാസി അടുത്തുകിടന്ന വടിയെടുത്ത് സ്വയം പ്രഹരിച്ചു, എന്നിട്ട് ഇപ്രകാരം നിലവിളിച്ചു: വിശുദ്ധനായ ഈ വൈദികനല്ല പ്രഹരമേൽക്കേണ്ടത്. പാപിയായ ഞാനാണ്. ഇങ്ങനെ പലരും തങ്ങൾക്കാവുംവിധം പരിഹാരപ്രവൃത്തികൾ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പ്രസംഗകൻ തളർന്നുവീണു. മരിച്ചുപോയെന്ന് പലരും കരുതി. അവിടെവെച്ചുതന്നെ അദ്ദേഹത്തിന് അന്ത്യകൂദാശ നൽകപ്പെട്ടു.’

ഫ്രാൻസിസ്‌കൻ സന്യാസിയും മിഷനറിയുമായിരുന്ന ഫാ. ജൂണിപ്പെറോ സേറയുടെ മെക്‌സിക്കോയിലെ ഒരു ദൈവവചനപ്രസംഗവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും നേരിൽകണ്ട അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ രേഖപ്പെടുത്തിയ വരികളാണിവ. (ജൂണിപ്പെറോയുടെ ജീവചരിത്രവും ഏറെ ഹൃദയസ്പർശിയായ ജീവിതവിവരണങ്ങളും നമുക്ക് ലഭിക്കുന്നത് പാലോ എന്ന ഫ്രാൻസിസ്‌കൻ സന്യാസിയുടെ എഴുത്തുകളിൽനിന്നാണ്. കോളജ് പ~നകാലം മുതൽ മരണക്കിടക്കയിൽ അവസാനനിമിഷംവരെ പാലോ അദ്ദേഹത്തിന്റെ നിഴലായി കൂടെയുണ്ടായിരുന്നു)

ഫാ. സേറയുടെ ജീവിതം പഠിച്ചാൽ തികച്ചും വ്യത്യസ്തമായ ചില അനുഭവങ്ങളാവും നമുക്കുണ്ടാവുക. കാൽനടയായി ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് സുവിശേഷം പങ്കുവെക്കാനും പൊട്ടിക്കീറിയ കാലുകളിൽ വ്രണം ബാധിച്ചിട്ടും തളരാതെ അനേകരുടെ അടുക്കലെത്താനും ശ്രമിച്ച മിഷണറി. അനേകർക്ക് ജ്ഞാനസ്‌നാനം നൽകി ചുറ്റിസഞ്ചരിച്ച ശേഷവും മരണത്തിന് തൊട്ടുമുമ്പുപോലും പ്രായാധിക്യം വകവെക്കാതെ താൻ സഞ്ചരിച്ച ദേശങ്ങളിലൂടെയെല്ലാം വീണ്ടും യാത്രചെയ്ത് ആറായിരത്തോളം പേർക്ക് സ്‌ഥൈര്യലേപനം നൽകിയ പുരോഹിതൻ. ഈ യാത്രയിൽ 600 മൈലുകൾ അദ്ദേഹം തുടർച്ചയായി നടന്നുവത്രേ. യാത്രാസൗകര്യങ്ങളുടെ പരിമിതികളെയും കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പിന്തള്ളി ഒരു ദേശത്തെ മുഴുവൻ ക്രിസ്തുജ്ഞാനത്താൽ നിറയ്ക്കാൻ ഉദ്യമിച്ച വാഗ്മി.

ജൂണിപ്പറോയ്‌ക്കൊപ്പം ‘സേറ’യും

സ്‌പെയിനിലെ മജോർക്ക ദ്വീപിൽ 1713 നവംബർ 24ന് ജനനം. മിഗ്വേൽ ജൊസേ എന്നായിരുന്നു ജൂണിപ്പെറോയുടെ ജ്ഞാനസ്‌നാന നാമം. 16-ാം വയസ്സിൽ ഫ്രാൻസിസ്‌കൻ സഭയിൽ ചേർന്ന് സന്യാസിയായി ജൂണിപ്പെറോ എന്ന പേരു സ്വീകരിച്ചു. തത്വശാസ്ത്രത്തിൽ ബിരുദം നേടി വിദ്യാർത്ഥികളെ പഠിപ്പിക്കാനാരംഭിച്ചു. പ്രസംഗചാതുര്യവും അത്ഭുതകരമായ ജ്ഞാനവും അദ്ദേഹത്തെ അനേകം സ്ഥലങ്ങളിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്നതിനിടയാക്കി.

സഭാധികാരികളുടെ ആശീർവാദത്തോടെ 36-ാം വയസിൽ, 1749ൽ അന്നത്തെ ‘പുതിയ ലോകം’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ഒരു മിഷണറിയായി യാത്ര തിരിച്ചു. അക്കാലത്ത് പുതിയ രാജ്യങ്ങളിലേക്കും ദേശങ്ങളിലേക്കും മിഷണറിമാരായി പോകുക എന്നത് ഫ്രാൻസിസ്‌കൻ സന്യാസികളുടെ ജീവിതരീതി തന്നെയായിരുന്നു. കടൽകടന്നെത്തുമ്പോൾ കുറച്ച് ഫ്രാൻസിസ്‌കൻ സന്യാസികളും ജൂണിപ്പെറോയുടെ ഒപ്പമുണ്ടായിരുന്നു.

ആദ്യം ജൂണിപ്പെറോയും കൂട്ടരും കുറച്ചുകാലം മെക്‌സിക്കോയിൽ താമസിച്ചു. പിന്നീട് സേറ മാദ്രെ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സാൻ ലൂയിസ് പൊട്ടോസി സംസ്ഥാനത്ത് പ്രവർത്തനം തുടർന്നു. ഈ സ്ഥലപ്പേരിൽനിന്നാണ് ജൂണിപ്പെറോ സേറ എന്ന പേരിന്റെ ഉത്ഭവം. ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾക്കുശേഷം തിരികെ മെക്‌സിക്കോയിലെ സാൻ ഫെർണാണ്ടോ ആശ്രമത്തിലെത്തി ഏഴു വർഷം താമസിച്ചു.

1767ൽ കാലിഫോർണിയയിൽ സ്ഥാപിക്കപ്പെടാനിരുന്ന മിഷൻ പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 54 വയസ്. 1769ൽ സാൻഡിയാ ഗോയിലെത്തിയ ജൂണിപ്പെറോ, ഒരിക്കൽ മെക്‌സിക്കോയിലേക്ക് യാത്ര ചെയ്തതൊഴിച്ചാൽ, പിന്നീടുള്ള ജീവിതം മുഴുവൻ കാലിഫോർണിയയിലെ ജനങ്ങൾക്കുവേണ്ടി ഉഴിഞ്ഞുവെച്ചു.

ജൂണിപ്പെറോയ്ക്ക് ജീവിതം എന്നാൽ?

ചുരുങ്ങിയ വാക്കുകളിൽ ജീവിതം എന്താണെന്ന് ജൂണിപ്പെറോ തന്റെ പ്രസംഗങ്ങളിൽ പലപ്പോഴും വ്യക്തമാക്കിയിരുന്നു: ‘നിത്യനാശം ഒരുവശത്തും നിത്യരക്ഷ മറുവശത്തുമായ ഒരു പരിശീലനയാത്രയാണ് ജീവിതം. ഭൂമിയിൽ പറയത്തക്ക ആനന്ദം കൊടുക്കുന്നതായി യാതൊന്നുമില്ല. ആത്മാവ് ഒരിക്കലും സ്വന്തം ഗേഹമായി ഈ ലോകത്തെ കാണരുത്.’

ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളെയും ജൂണിപ്പെറോ നിരാകരിച്ചു. നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെക്കുറിച്ചുള്ള വേദനയാൽ പലപ്പോഴും ചിരിക്കാൻ മറന്നുപോയ മനുഷ്യൻ. ആത്മകഥയിൽ എഴുതിച്ചേർക്കാവുന്ന പ്രാധാന്യമുള്ള യാതൊരു സന്തോഷവും ജൂണിപ്പെറോയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. ഈ ലോകത്തിൽ ആകർഷകമെന്ന് പലരും പറഞ്ഞുകേൾക്കുന്നതൊന്നും സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള ജൂണിപ്പെറോയുടെ യാത്രയിൽ പ്രലോഭനങ്ങളായിരുന്നില്ല. അവയെക്കുറിച്ചൊന്നും സംസാരിക്കാൻപോലും ഈ ഫ്രാൻസിസ്‌കൻ സന്യാസി ഇഷ്ടപ്പെട്ടില്ല.

സന്തോഷത്തിൽനിന്ന് ഓടിയൊളിക്കുക മാത്രമല്ല, വേദനയെ സ്‌നേഹിക്കാനും പരിഹാരപ്രവൃത്തികളെ അദമ്യമായി ആഗ്രഹിക്കാനും അദ്ദേഹം സമയം കണ്ടെത്തി. മാംസമോ വീഞ്ഞോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ല. രുചികരമായതൊന്നും കഴിച്ചിരുന്നില്ല. ഈ ലോക ജീവിതത്തിന്റെ ആസ്വാദ്യത എന്തെന്ന് രുചിച്ചുനോക്കാൻപോലും നിൽക്കാതെ കടന്നുപോയ താപസനായിരുന്നു ജൂണിപ്പെറോ സേറ.

മിഷൻ അനുഭവങ്ങൾ

ഒരിക്കൽ മെക്‌സിക്കോയിലെ ഹുആസ്‌തെക്ക പ്രദേശത്തുകൂടി മിഷണറിമാരൊടൊപ്പം സഞ്ചരിക്കുകയായിരുന്നു ജൂണിപ്പെറോ. ദൈവവചനം കേൾക്കാൻ ഒരു ഗ്രാമത്തിലെ ജനങ്ങളാരും തയാറായില്ല. സകലരും മിഷണറിമാരെ ആട്ടിയോടിച്ചു. എന്നാൽ, മിഷനറിമാർ ആ പ്രദേശത്തുനിന്ന് കടന്നുപോയശേഷം വലിയൊരു പകർച്ചവ്യാധി അവിടെ പടർന്നുപിടിച്ചു. ദൈവവചനത്തെ നിരാകരിച്ചവർക്കുള്ള ശിക്ഷയായി ജനങ്ങൾ ഇതിനെ കരുതി. അടുത്ത ഗ്രാമങ്ങളിലേക്കും ഈ വാർത്ത പരന്നു. അനേകർ ദൈവവചനം കേൾക്കാൻ ഓടിയെത്തിത്തുടങ്ങി. പിന്നീടുള്ള യാത്രകളിൽ മിഷണറിമാർക്ക് കാര്യങ്ങൾ എളുപ്പമായി. ഇത്തരം പല സംഭവങ്ങളും പാലോയുടെ എഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കാലിഫോർണിയയിലെ സ്പാനിഷ് മിഷനുകളുടെ സ്ഥാപകൻ ജുണിപ്പെറോ സേറയാണെന്ന് പറഞ്ഞുവല്ലോ. 21 സ്പാനിഷ് മിഷനുകൾ കാലിഫോർണിയയിൽ ഉണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണാം. ജനങ്ങളെ പാപബോധത്തിലേക്ക് നയിക്കാൻ കല്ലുകൊണ്ട് നെഞ്ചിൽ മുറിവേൽപ്പിച്ചും, കത്തുന്ന തിരി സ്വന്തം മാറോട് ചേർത്ത് പൊള്ളലേൽപ്പിച്ചും അദ്ദേഹം അവരുടെ മുമ്പിൽ സാക്ഷിയായി. ശരീരത്തിന്റെ വാസനകളെ തെല്ലും വിലകൊടുക്കാതെ അവഗണിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിക്കുമായിരുന്നു.

സ്പാനിഷ് ചരിത്രത്തിൽ, വെട്ടിപ്പിടിക്കാനുള്ള ത്വരയോടുകൂടിവന്ന പട്ടാളക്കാരുടെ പീഡനങ്ങളും മിഷനറിമാരുടെ പ്രവർത്തനങ്ങളും പലപ്പോഴും ഇടകലർന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. പട്ടാളക്കാരുടെ പീഡനങ്ങളും മിഷനറിമാർ ആഹ്വാനം ചെയ്ത പരിഹാരപ്രവൃത്തികളും ദൈവശാസ്ത്രമോ വിശ്വാസമോപോലും ബലപ്പെടാത്ത ആ കാലഘട്ടത്തിൽ വലിയ തെറ്റിദ്ധാരണകളുണ്ടാക്കി. പല ദുഷ്ടശക്തികളും ഇവയെ മുതലെടുക്കുകയും ചെയ്തു. സന്യാസത്തിന്റെ ആവൃതിക്കുള്ളിൽ അനുഷ്ഠിക്കപ്പെടേണ്ട പരിഹാരങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ അടിച്ചേൽപ്പിച്ചതിനെതിരെയും ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്.

ജീവിതസായാഹ്നം

യാത്രാവിഷമങ്ങൾക്കുപുറമെ, ഏതോ വിഷജന്തു കടിച്ചതിന്റെ ഭാഗമായി കാലിൽ വലിയൊരു വ്രണവും പേറിയായിരുന്നു ജൂണിപ്പെറോയുടെ ജീവിതത്തിലെ ഭൂരിഭാഗവുമുള്ള യാത്രകൾ. രാഷ്ടീയം ലക്ഷ്യമിട്ട അനേകരുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മിഷണറി പ്രവർത്തനങ്ങൾ ദുഷ്‌കരമാക്കുകയും ചെയ്തു. കാലിഫോർണിയയുടെ ചരിത്രത്തിലേക്ക് മിഷണറി പ്രവർത്തനവുമായി വന്നപ്പോൾ തദ്ദേശീയരായ ജനങ്ങളുടെ ജീവിതരീതികളെ മാനിച്ചില്ല എന്ന ആക്ഷേപവും ചില കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്.

ഒരു മിഷനറി എന്നതിനെക്കാൾ ഉപരി, നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്നതിൽ ജനങ്ങൾക്ക് രണ്ടുപക്ഷമുണ്ടായിരുന്നില്ല. ദൈവാലയവും പരിസരവും തെരുവുകളും വൃത്തിയാക്കാൻ സ്വയം ഇറങ്ങിത്തിരിച്ച ഒരു മിഷണറികൂടിയായിരുന്നു ജൂണിപ്പെറോ. സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായിത്തന്നെ തെരുവിലെ മാലിന്യങ്ങൾ നീക്കുന്ന ജോലിയിലും അദ്ദേഹം ഏർപ്പെട്ടിരുന്നു.

മാത്രമല്ല, സ്പാനിഷ് മിഷനറിമാർ എത്തിയതിനുശേഷം 150 വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷത്തോളം ദൈവാലയങ്ങളെങ്കിലും ‘പുതിയ ലോകം’ എന്നു വിളിക്കപ്പെട്ടിരുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. അതോടുകൂടിയാണ് നഗരങ്ങളുടെ ആരംഭവും വളർച്ചയും. കാലിഫോർണിയയിലെ ഇന്ന് പേരുകേട്ട പല നഗരങ്ങളും സ്പാനിഷ് മിഷന്റെ സൃഷ്ടിയാണ്.

മൊന്തേരിക്കടുത്ത് കാർമലിൽ അദ്ദേഹം തന്നെ സ്ഥാപിച്ച സാൻ കാർലോസ് ബൊറേമിയോ മിഷനിൽവെച്ച് 1784 ഓഗസ്റ്റ് 28ന് ജൂണിപ്പെറോ നിത്യസമ്മാനിതനായി. 77 വയസായിരുന്നു. ‘ജൂണിപ്പെറോയുടെ മരണസമയത്ത് അനേകർ ആ കല്ലറ സന്ദർശിക്കാനെത്തി. അദ്ദേഹം ചെയ്ത നന്മകളോർത്ത്. പലരും കണ്ണീർപൊഴിക്കുകയായിരുന്നു. മറ്റു പലരും പതിയെ പറഞ്ഞു: ‘അദ്ദേഹം ഒരു വിശുദ്ധനാകും. കാരണം അത്തരമൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിക്കുന്ന രക്തസാക്ഷിയായിത്തീർന്ന വൈദികനായിരുന്നു ഫാ. ജൂണിപ്പെറോ.’ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര ഗവേഷകൻ പ്രൊഫ. റൂബൻ മെൻഡോസ പറയുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1988ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ജൂണിപ്പെറോയെ, അമേരിക്കൻ ഐക്യനാടുകളിൽ നടത്തിയ പര്യടനത്തിൽവെച്ച് 2015 സെപ്തംബർ 23ന് ഫ്രാൻസിസ് പാപ്പയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. അമേരിക്കയുടെ മിഷണറിയായിരുന്ന വ്യത്യസ്തനായ ഈ സന്യാസിയെ ‘പടിഞ്ഞാറിന്റെ സുവിശേഷകൻ’ എന്ന ബഹുമതിയോടെയാണ് പാപ്പ അഭിസംബോധന ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?