Follow Us On

28

March

2024

Thursday

ഹാഗിയ സോഫിയക്ക് എതിരായ ഭീഷണി ക്രൈസ്തവരോടുള്ള ഭീഷണിതന്നെ: റഷ്യൻ പാത്രിയാർക്കീസ്

ഹാഗിയ സോഫിയക്ക് എതിരായ ഭീഷണി ക്രൈസ്തവരോടുള്ള ഭീഷണിതന്നെ: റഷ്യൻ പാത്രിയാർക്കീസ്

മോസ്‌കോ: ഹാഗിയ സോഫിയക്കെതിരെയുള്ള ഭീഷണി ക്രിസ്ത്യൻ സംസ്‌കാരത്തോടുള്ള, അതായത് ക്രൈസ്തവരോടുള്ള ഭീഷണി തന്നെയാണെന്ന് റഷ്യൻ ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് കിറിൽ. ആറാം നൂറ്റാണ്ടിൽ നിർമിച്ച ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ വീണ്ടും മുസ്ലീം പള്ളിയാക്കാനുള്ള തുർക്കി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹാഗിയ സോഫിയ ക്രിസ്തീയ സംസ്‌കൃതിയുടെ മഹത്തായ ചരിത്ര സ്മാരകങ്ങളിൽ ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തുർക്കിയുടെ നീക്കത്തിൽ വലിയ ആശങ്കയുണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു.

‘ഹാഗിയ സോഫിയക്കെതിരെയുള്ള ഭീഷണി, ക്രിസ്ത്യൻ സംസ്‌കാരത്തോടുള്ള ഭീഷണിയാണ്. അതായത് നമ്മുടെ ആത്മീയതയോടും ചരിത്രത്തോടുമുള്ള ഭീഷണി. റഷ്യൻ ഓർത്തഡോക്‌സ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഹാഗിയ സോഫിയ ഒരു മഹത്തായ ക്രിസ്ത്യൻ ദൈവാലയം തന്നെയാണ്. ദൈവാലയത്തിന്റെ പദവിയിൽ മാറ്റം വരുത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്,’ പാത്രിയാർക്കീസ് കിറിൽ തുർക്കി സർക്കാരിനോട് അഭ്യർത്ഥിച്ചു.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ നിർമിച്ച, ‘ഹാഗിയ സോഫിയ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മോസ്‌ക് ആക്കിമാറ്റിയത്. ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു.

1985ൽ യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ നിർമിതിയെ മുസ്ലീം പള്ളിയാക്കാനുള്ള ശ്രമങ്ങൾ നിരവധിതവണ ഉണ്ടായിട്ടുണ്ട്. തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള തയ്യിബ് എർദോഗൻ പ്രസിഡന്റായശേഷം ഇതിനുള്ള ശ്രമങ്ങൾ ശക്തമാകുകയായിരുന്നു. എന്തായാലും തുർക്കിയുടെ നീക്കത്തിനെതിരെ രാജ്യാന്തര തലത്തിൽതന്നെ പ്രതിഷേധം വ്യാപിക്കുകയാണ്. അയൽ രാജ്യമായ ഗ്രീസും അമേരിക്കയും ആശങ്ക അറിയിച്ചതിനു പിന്നാലെ റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

ഹാഗിയ സോഫിയയുടെ ഭാവി സംബന്ധിച്ച തീരുമാനം തുർക്കിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ലോക പൈതൃക കേന്ദ്രം എന്ന പദവി കണക്കിലെടുക്കണമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ആവശ്യപ്പെട്ടു. റഷ്യൻ ജനതയുടെ മനസിൽ ഹാഗിയ സോഫിയക്ക് വിശുദ്ധ മൂല്യമാണുള്ളതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയക്കുള്ള ആഗോള പ്രാധാന്യം തുർക്കി കണക്കിലെടുക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി ഫോറിൻ മിനിസ്റ്റർ സെർഗേയി വെർഷിനിലും പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?