Follow Us On

08

August

2020

Saturday

വരുന്നു, 20 കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ചുള്ള സിനിമ

വരുന്നു, 20 കോപ്റ്റിക് രക്തസാക്ഷികളെ കുറിച്ചുള്ള സിനിമ

കെയ്‌റോ: ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 20 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ഇതിവൃത്തമാക്കുന്ന സിനിമ അണിയറയിൽ. ‘മാർട്ടയേഴ്‌സ് ഓഫ് ദ ഫെയ്ത്ത് ആൻഡ് ദ നേഷൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം കോപ്റ്റിക് ഓർത്തഡോക്‌സ് പാത്രിയർക്കീസ് തവാഡ്രോസിന്റെ അനുഗ്രഹത്തോടെയാണ് ആരംഭിച്ചത്.

ലിബിയയിലെ തീരദേശ നഗരമായ സിർട്ടെയിലെ കടൽക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ച് 2015ലാണ് 21 ക്രൈസ്തവരെ ഐസിസ് അരുംകൊലചെയ്തത്. ഇവരെ വധിക്കുംമുമ്പ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടതോടെയാണ് സമാനതകളില്ലാത്ത രക്തസാക്ഷിത്വം പുറംലോകം അറിഞ്ഞത്. രക്തസാക്ഷികളിൽ ഒരാൾ ഘാനാ സ്വദേശിയായിരുന്നു.

രണ്ട് വർഷത്തിനുശേഷമാണ്, കൂട്ടത്തോടെ ഇവരെ അടക്കം ചെയ്ത സ്ഥലം കണ്ടെത്തിയതും ഭൗതീകാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവന്നതും. ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ട യുവാക്കളായ കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം, കുടുംബം, വിശ്വാസ ജീവിതം, അവരുടെ ആഗ്രഹം, പ്രതീക്ഷ എന്നിവയിലേക്ക് വെളിച്ചം വീശുന്നുണ്ട് സിനിമ. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളിൽനിന്നും മറ്റും സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തുകാരിയായ മിന മാഗിയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. യൂസഫ് നബിലാണ് സംവിധായകൻ.

ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു. രക്തസാക്ഷിത്വത്തിന്റെ നാലാം വർഷമായ 2019 ഫെബ്രുവരി 15ന് 21 രക്തസാക്ഷികൾക്കും വേണ്ടി ഈജിപ്തിൽ സ്മാരകം നിർമിക്കുകയും ചെയ്തു. രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും ജന്മദേശമായ മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിലാണ് സ്മാരകം നിർമിച്ചത്. വലിയ ക്രിസ്തുരൂപത്തിന് മുന്നിൽ കൈകൾ പിന്നിൽ കൂട്ടിക്കെട്ടി, മുട്ടിന്മേൽ നിൽക്കുംവിധമാണ് രക്തസാക്ഷികളുടെ ശിൽപ്പങ്ങൾ ക്രമീകരിച്ചിരിക്കുന്നത്- ഐസിസ് തീവ്രവാദികൾക്കുമുന്നിൽ ക്രിസ്തുവിനെപ്രതിമരണം വരിക്കാൻ നിന്നത് എങ്ങിനെയോ അങ്ങനെ!

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?