Follow Us On

08

August

2020

Saturday

നിയമയുദ്ധത്തിൽ ‘ലിറ്റിൽ സിസ്‌റ്റേഴ്‌സി’ന് വിജയം; വിശ്വാസം മുറുകെപ്പിടിച്ച കന്യാസ്ത്രീകൾക്ക് അഭിനന്ദനപ്രവാഹം

നിയമയുദ്ധത്തിൽ ‘ലിറ്റിൽ സിസ്‌റ്റേഴ്‌സി’ന് വിജയം; വിശ്വാസം മുറുകെപ്പിടിച്ച കന്യാസ്ത്രീകൾക്ക് അഭിനന്ദനപ്രവാഹം

വാഷിംഗ്ടൺ ഡി.സി: ‘ഒബാമ കെയറി’ലെ വിവാദ വ്യവസ്ഥയ്‌ക്കെതിരെ ഏഴു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി നേടി ‘ലിറ്റിൽ സിസ്‌റ്റേഴ്‌സ് ഓഫ് പൂവർ’ സന്യാസിനീസമൂഹം. ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഗർഭനിരോധന ഉപാധികൾ തൊഴിൽ ദാതാവ് ജോലിക്കാർക്ക് ലഭ്യമാക്കണമെന്ന വ്യവസ്ഥയിൽനിന്ന് ഒഴിവാക്കണമെന്ന കേസിലാണ് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാർ അനുകൂലമായി വിധി പ്രസ്താവിച്ചത്. രണ്ട് ജഡ്ജിമാർ വിയോജിച്ചു.

2011ൽ ബറാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്താണ് ‘അഫോർഡബിൾ കെയർ ആക്ട്’ എന്ന പേരിൽ ആരോഗ്യപദ്ധതി നടപ്പാക്കിയത്. മത മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന നിയമത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ, പദ്ധതിയെ എതിർത്തിരുന്ന സന്യാസിനി സമൂഹങ്ങൾക്കും മറ്റു ചില മത സ്ഥാപനങ്ങൾക്കും ‘ഇളവ്’ നൽകാമെന്ന് ഭരണകൂടം പറഞ്ഞിരുന്നു. എന്നാൽ അത് നടപ്പാകാത്തതിനെ തുടർന്ന് സന്യാസിനികൾ കോടതിയെ സമീപിക്കുകയായിരുന്നു.

നിയമപോരാട്ടം നടക്കവേ 2017ൽ ട്രംപ് ഭരണകൂടമാണ് സന്യാസിനി സമൂഹങ്ങളെയും, മറ്റ് ചില മത സ്ഥാപനങ്ങളെയും വിവാദ വ്യവസ്ഥയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ ഗർഭനിരോധന ഉപാധികൾ നൽകുന്ന ബാധ്യത സംസ്ഥാനങ്ങളുടെ മേലാകുമെന്ന് ചൂണ്ടിക്കാട്ടി പെൻസിൽവാനിയ, കാലിഫോർണിയ സംസ്ഥാനങ്ങൾ രംഗത്ത് എത്തിയതോടെ കേസ് വീണ്ടും സുപ്രീംകോടതിയിൽ എത്തുകയായിരുന്നു. കൊറോണ വ്യാപനംമൂലം ഫോണിലൂടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചത്.

‘ലിറ്റിൽ സിസ്റ്റേഴ്‌സ്’ 150 വർഷത്തിലേറെയായി വിശ്വസ്ത സേവനത്തിലൂടെയും ത്യാഗത്തിലൂടെയും വലിയ സ്വാധീനം ചെലുത്തുന്ന സന്യാസിനീ സമൂഹമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ക്ലാരൻസ് തോമസ് വിധി പ്രസ്താവത്തിൽ കുറിച്ചു: ‘തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി എല്ലാം സമർപ്പിക്കാനുള്ള അവരുടെ ദൈവവിളിയാണ് അതിന് കാരണം. കഴിഞ്ഞ ഏഴു വർഷമായി, ഇന്ന് കോടതയിൽ എടുക്കപ്പെട്ട ഈ തീരുമാനത്തിനുവേണ്ടി, തങ്ങളുടെ വിശ്വാസബോധ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പ്രയത്‌നിക്കുകയായിരുന്നു ഈ സന്യാസിനിസമൂഹം.’

മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ വിശ്വാസബോധ്യങ്ങളോടെ ഉറച്ചുനിന്ന ലിറ്റിൽ സിസ്റ്റേഴ്‌സിനെ അനുമോദിച്ചും കോടതി വിധിയെ സ്വാഗതം ചെയ്തും അനേകർ രംഗത്തെത്തിയത് ശ്രദ്ധേയമായി. ‘മതസ്വാതന്ത്ര്യത്തിന്റെ വിജയം’ എന്നാണ് കത്തോലിക്കാ സഭാ നേതൃത്വവും സന്യാസികളെ പിന്തുണച്ച മറ്റു പ്രസ്ഥാനങ്ങളും വിധിയെ വിശേഷിപ്പിച്ചത്. സന്യാസിനികൾക്കു വേണ്ടി നിയമ പോരാട്ടം നടത്താൻ മുമ്പിൽ ഉണ്ടായിരുന്ന ബെക്കറ്റ് ഫണ്ടും വിധിയെ സ്വാഗതം ചെയ്തു.

വിശ്വാസത്തെ ഹനിക്കാതെ പ്രായമായവരെ ശുശ്രൂഷിക്കാൻ വേണ്ടിയുളള തങ്ങളുടെ സ്വാതന്ത്ര്യത്തെ സുപ്രീംകോടതി വീണ്ടും പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് സന്യാസിനി സമൂഹത്തിലെ മദർ ലോറൈൻ മേരി മഗൂരി പറഞ്ഞു. ഗർഭനിരോധനം ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമല്ലെന്നും തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാർക്ക് ഗർഭനിരോധന സംവിധാനങ്ങൾ നൽകാൻ ഭരണകൂടം നിർബന്ധിക്കരുതെന്നും മിയാമി ആർച്ച്ബിഷപ്പ് തോമസ് ജി. വെൻസ്‌കിയും കൻസാസ് സിറ്റി ആർച്ച്ബിഷപ്പ് ജോസഫ് നൗമാനും പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു.

തൊഴിൽ വിവേചനക്കേസിലും വിധി പ്രഖ്യാപിച്ച സുപ്രീം കോടതി, അധ്യാപകരെ നിയമിക്കാനോ ജോലിയിൽനിന്ന് പിരിച്ചുവിടാനോ ഉള്ള അനുവാദം മതസ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു. മതപരമായ വിദ്യാഭ്യാസവും വിദ്യാർത്ഥികളുടെ രൂപീകരണവുമാണ് മതസ്ഥാപനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളുടെ നിലനിൽപ്പിന് കാരണം. അതിനാൽതന്നെ അത്തരം സ്ഥാപനങ്ങളിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നതും മേൽനോട്ടം വഹിക്കേണ്ടതും ആ സ്ഥാപനത്തിന്റെ ദൗത്യത്തോട് ചേർന്നുവേണമെന്ന് ജസ്റ്റിസ് സാമുവൽ അലിറ്റോ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?