Follow Us On

08

August

2020

Saturday

ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകും! നടുക്കും സൃഷ്ടിച്ച് ‘ചർച്ച് ഇൻ നീഡ്’ സർവേ റിപ്പോർട്ട്

ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകും! നടുക്കും സൃഷ്ടിച്ച് ‘ചർച്ച് ഇൻ നീഡ്’ സർവേ റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകൾ കാര്യക്ഷമമായില്ലെങ്കിൽ, ഇറാഖിൽ ക്രൈസ്തവർ ഇല്ലാതാകുമെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടുമായി ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). പ്രധാന ക്രിസ്ത്യൻ മേഖലയായ നിനവേയിലേക്ക് തിരിച്ചുവരുന്നവരേക്കാൾ പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് അടിവരയിടുന്ന സർവേ റിപ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ്, പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എ.സി.എൻ’ പുറത്തുവിട്ടത്.

സുരക്ഷാ ഭീഷണികളാണ് പലായനം വർദ്ധിക്കുന്നതിന്റെ കാരണമെന്ന് ‘ലൈഫ് ആഫ്റ്റർ ഐസിസ്: ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികൾ’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത 57% ക്രൈസ്തവരും രാജ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിൽ, ഇക്കൂട്ടത്തിലെ 55%പേരും 2024നോടുകൂടെ ഇത് സാധിക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരാണ്.

കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ 2024ൽ ഇറാഖിലെ ക്രൈസ്തവരുടെ എണ്ണം 23000മാത്രമാകും. അതായത്, ഐസിസ് ആക്രമണം ആരംഭിച്ച 2014ൽ ഉണ്ടായിരുന്ന ക്രൈസ്തവരുടെ 20% മാത്രം! 2003ൽ ഏതാണ്ട് 15 ദശലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാഖിൽ നാലിലൊന്ന് ക്രൈസ്തവർ മാത്രമാണ് അവശേഷിക്കുന്നത്. ഐസിസിന്റെ പതനത്തിനുശേഷം തിരിച്ചു വന്ന ക്രൈസ്തവ കുടുംബങ്ങൾ വരെ ഇപ്പോൾ ഇറാഖ് വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പരാധീനതയും തൊഴിലില്ലായ്മയും ക്രിസ്ത്യൻ കുടുംബങ്ങളുടെ പലായനത്തിന് കാരണമാകുന്നുണ്ടെങ്കിലും ഇറാഖ് വിടാനുള്ള കാരണമായി ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത് സുരക്ഷാ ഭീഷണിതന്നെയാണ്. തങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് 87% പേർ വിശ്വസിക്കുമ്പോൾ, ഐസിസിന്റെ ശക്തീകരണമോ അല്ലെങ്കിൽ അതിന് സമാനമായ തീവ്രവാദ സംഘടനകളുടെ ആവിർഭാവമോ ഭയക്കുന്നവരുടെ എണ്ണം 70%വരും. ഐസിസിനെ ഉന്മൂലനം ചെയ്യാൻ ഇറാന്റെ പിന്തുണയോടെ നിനവേ മേഖലയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക പോരാളികളുടെ സാന്നിധ്യവും ക്രൈസ്തവരെ ജന്മദേശത്തുനിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 69% പേർ ആ ഭീതിയിൽ കഴിയുന്നവരാണ്.

പ്രാദേശിക മുസ്ലീം തീവ്രവാദികളുടെ ആക്രമണങ്ങൾ വീണ്ടും തുടരുന്നതിൽ ക്രിസ്ത്യാനികൾക്കിടയിൽ തങ്ങളുടെ സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകൾ ശക്തമാണെന്ന് എ.സി.എൻ നിനവേ പുനർനിർമാണ കമ്മിറ്റി അധ്യക്ഷൻ ഫാ. ആഡ്രസേജ് ഹാലെംബാ വെളിപ്പെടുത്തി. ഇസ്ലാമിക പോരാളികളുടെ അക്രമ ഭീഷണി, മോഷണം തുടങ്ങിയവയ്ക്കു ക്രൈസ്തവ സമൂഹം തുടർച്ചയായി ഇരയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാഖി ക്രൈസ്തവർക്ക് എതിരായ ഭീഷണിക്ക് തടയിടാൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് എ.സി.എന്നിന്റെ അമേരിക്കൻ ഔട്ട് റീച്ച് ഡയറക്ടർ എഡ്വേർഡ് ക്ലാൻസി ആവശ്യപ്പെട്ടു. പലായന ഭീഷണി നേരിടുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ കുറയാതിരിക്കാൻ ലോകനേതാക്കൾ കൂട്ടായി പ്രവർത്തിക്കേണ്ട ഏറ്റവും നിർണായക കാലഘട്ടമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?