ഓരോ ക്രിസ്തുവിശ്വാസിയും ബൈബിളിലെ രക്തസ്രാവക്കാരിയെ മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, വിശ്വാസപരിശീലന രംഗത്തേക്ക് സഭാനേതൃത്വം ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധക്ഷണിക്കുന്നു കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ.
പന്ത്രണ്ട് വർഷമായി രക്തസ്രാവംമൂലം വേദനയനുഭവിച്ചിരുന്ന ഒരു സ്ത്രീയെപ്പറ്റി സുവിശേഷത്തിൽ പ്രതിപാദിക്കുന്നുണ്ട്. അവൾ യേശുവിനെപ്പറ്റി കേട്ടിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു സ്പർശിച്ചാൽ താൻ സുഖം പ്രാപിക്കുമെന്നും അവൾ വിശ്വസിച്ചു. തിക്കിനും തിരക്കിനുമിടയിൽ അവൾ യേശുവിനെ കണ്ടെത്തി. വിശ്വാസത്തോടുകൂടി സ്പർശിച്ചു. തൽക്ഷണം അവൾ സൗഖ്യം പ്രാപിച്ചു (മർക്കോസ് 5: 25-34).
ഈയൊരു സംഭവത്തിന്റെ വെളിച്ചത്തിൽ വിശ്വാസത്തിന്റെ മൂന്നു തലങ്ങളെപ്പറ്റി അഥവാ മൂന്നു ഘട്ടങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയും. വിശ്വാസത്തിന്റെ ആദ്യ തലത്തെ പ്രമാണാധിഷ്~ിതമായ വിശ്വാസമെന്ന് പറയാം. ഇത്തരം വിശ്വാസത്തെ പരമ്പരാഗതമായ വിശ്വാസമെന്നും വിളിക്കാവുന്നതാണ്. മാതാപിതാക്കൾ, അധ്യാപകർ, സന്യസ്തർ, വൈദികർ എന്നിവരിൽനിന്ന് ചെറുപ്പത്തിൽത്തന്നെ നമുക്കു ലഭിക്കുന്ന ദൈവത്തെക്കുറിച്ചുള്ള അറിവാണിത്. ദൈവമുണ്ട്. ദൈവം സൃഷ്ടാവാണ്, രക്ഷകനാണ്, സൗഖ്യദായകനാണ്, കരുണാമയനാണ് എന്നൊക്കെയുള്ള അറിവ്.
വിശ്വാസത്തിന്റെ രണ്ടാമത്തെ തലത്തെ ആശ്രയാധിഷ്~ിതമായ വിശ്വാസമെന്ന് വിളിക്കാം. വിശ്വാസം അറിവിൽനിന്നും ബോധ്യത്തിലേക്ക് വരുന്ന ഘട്ടമാണിത്. ഞാനറിയുന്ന എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെടാൻ കഴിവുള്ളവനാണ്. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശക്തനാണെന്ന ബോധ്യം.വിശ്വാസത്തിന്റെ മൂന്നാമത്തെ തലം പ്രതീക്ഷാനിർഭരമായ വിശ്വാസത്തിലേക്കുള്ള വളർച്ചയാണ്. അറിവും ബോധ്യവും ദൈവാനുഭവത്തിലേക്ക് നമ്മെ നയിക്കുന്ന ഘട്ടമാണിത്.
‘വിശ്വാസമെന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്,’ (ഹെബ്രാ.11:1). ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെടുന്നവനാണ്. യഥാർത്ഥത്തിൽ ദൈവത്തിന്റെ ഇടപെടൽ ഞാൻ അനുഭവിക്കുന്നുവെന്ന് പറയാവുന്ന അവസ്ഥ.
വിശ്വാസത്തിന്റെ ഈ മൂന്നുതലങ്ങളും രക്തസ്രാവക്കാരിയായ സ്ത്രീയുടെ ജീവിതത്തിൽ കാണാം. ‘അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു,’ (മർക്കോസ് 5:27) പ്രമാണാധിഷ്~ിതമായ വിശ്വാസം. ‘അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ മാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്ന് അവൾ വിചാരിച്ചിരുന്നു,’ (മർക്കോസ് 5:28) ഇതാണ് ആശ്രയാധിഷ്~ിതമായ വിശ്വാസം. ‘ജനക്കൂട്ടത്തിനിടയിലൂടെ അവൾ അവന്റെ പിന്നിൽച്ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു,’ (മർക്കോസ് 5:27,28) ഇതാണ് പ്രതീക്ഷാനിർഭരമായ വിശ്വാസം.
അറിവിൽനിന്നും അനുഭവത്തിലേക്കുള്ള വിശ്വാസ വളർച്ചയാണ് നാമിവിടെ ദർശിക്കുന്നത്. വളരെയധികം ക്രിസ്ത്യാനികളുടെ ജീവിതം ദൈവത്തെപ്പറ്റിയുള്ള അറിവിൽമാത്രം ഒതുങ്ങിനിൽക്കുന്നു. എന്തുകൊണ്ടോ ബോധ്യത്തിലേക്കും അനുഭവത്തിലേക്കും അത് എത്തിച്ചേരുന്നില്ല. ദൈവാനുഭവത്തിനുവേണ്ടി ദാഹിക്കാത്തതായിരിക്കാം മുഖ്യകാരണം.
അറിവിൽമാത്രം നിലകൊള്ളുന്നവർ പുതിയൊരു ആത്മാഭിഷേകത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം. ഒരു നല്ല ധ്യാനത്തിൽ സംബന്ധിക്കാൻ ശ്രമിക്കണം. ദൈവത്തെക്കുറിച്ചുള്ള ബോധ്യവും അനുഭവവും ഉണ്ടാകാത്തിടത്തോളം കാലം വിശ്വാസം ജീവിതഗന്ധിയാവില്ല. നമ്മുടെ സെമിനാരികളിലും മറ്റും ദൈവത്തെക്കുറിച്ചുളള അറിവിന്റെ ശക്തമായ കൈമാറ്റം നടക്കുന്നുണ്ട്. പക്ഷേ, ബോധ്യത്തിലേക്കും അനുഭവത്തിലേക്കും വിശ്വാസം എത്താത്തിടത്തോളം അവർക്ക് യഥാർത്ഥ സാക്ഷികളാകാൻ കഴിയില്ല.
ദൈവാനുഭവമുള്ളവരുടെ എണ്ണത്തിലുള്ള ദാരിദ്ര്യം ഇന്ന് സഭയെ തളർത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ മതബോധന ക്ലാസുകളുടെയെയും ഗതി ഇതുതന്നെയാണ്. ചെറുപ്പംമുതൽ നാം ദൈവത്തെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചും (നന്മതിന്മകൾ) അറിവു നേടുന്നുണ്ട്. എന്നാൽ, ബോധ്യങ്ങളും അനുഭവങ്ങളും നൽകാൻ ഇന്നത്തെ നമ്മുടെ മതബോധനത്തിന് കഴിയുന്നുണ്ടോയെന്ന് ചിന്തിക്കുന്നത് നല്ലതാണ്. ദൈവാനുഭവമില്ലാത്തവർ നടത്തുന്ന വിശ്വാസകൈമാറ്റം ശൂന്യതാബോധം മാത്രമേ വളർത്തൂ. ദൈവാനുഭവമുള്ളവർ മറ്റുള്ളവരെയും ദൈവാനുഭവത്തിലേക്ക് നയിക്കും.
Leave a Comment
Your email address will not be published. Required fields are marked with *