Follow Us On

09

August

2020

Sunday

കൗമാരക്കാരന്റെ ജീവിതവിശുദ്ധിക്ക് പാപ്പയുടെ കൈയൊപ്പ്; ആഞ്ചിയോലിനോ ബൊണേറ്റ ധന്യരുടെ നിരയിൽ

കൗമാരക്കാരന്റെ ജീവിതവിശുദ്ധിക്ക് പാപ്പയുടെ കൈയൊപ്പ്; ആഞ്ചിയോലിനോ ബൊണേറ്റ ധന്യരുടെ നിരയിൽ

വത്തിക്കാൻ സിറ്റി: കാൻസർ രോഗം സമ്മാനിച്ച സഹനങ്ങളെ പാപികളുടെ മാനസാന്തരത്തിനായി സമർപ്പിച്ച് സകലരെയും അത്ഭുതപ്പെടുത്തിയ ഇറ്റാലിയൻ ബാലൻ ആഞ്ചിയോലിനോ ബൊണേറ്റയുടെ ജീവിത വിശുദ്ധിക്ക് ഫ്രാൻസിസ് പാപ്പയുടെ കൈയൊപ്പ്. 1963ൽ ഇഹലോകവാസം വെടിഞ്ഞ 14 വയസുകാരൻ ആഞ്ചിയോലിനോയുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ചതോടെയാണ് ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഡിക്രിയിൽ പാപ്പ ഒപ്പുവെച്ചത്.

1948 സെപ്റ്റംബർ 18ന് ജനിച്ച ആഞ്ചിയോലീനോ പഠനത്തിലും സ്‌പോട്‌സിലും താരമായിരുന്നു. കാൽമുട്ടിൽ വേദന തുടങ്ങിയപ്പോൾ കായികപരിശീലനം മൂലമാണെന്നാണ് കരുതിയത്. ശരീരഭാരം കുറയുന്നതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നടുക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്- ബോൺ കാൻസർ. കീമോത്തെറാപ്പിക്ക് വിധേയനാകുന്ന കാലത്തുതന്നെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു, 12-ാം വയസിൽ.

ഇത്രയേറെ ശാരീരിക, മാനസിക വേദനകളിലൂടെ കടന്നുപോകുമ്പോഴും ആ കൗമാരക്കാരൻ പ്രകടിപ്പിച്ച വിശ്വാസസ്‌ഥൈര്യവും പ്രത്യാശയും സർവരെയും അമ്പരപ്പിച്ചു. വേദനകളുടെ ദിനങ്ങളെ സന്തോഷത്തോടെയും പരാതികളില്ലാതെയും സ്വീകരിച്ച ആഞ്ചിയോലിനോ, പാപികളുടെ മാനസാന്തരത്തിനായാണ് തന്റെ യാനതകൾ സമർപ്പിച്ചത്. തന്റെ അവസ്ഥയെപ്രതി ആകുലപ്പെട്ടവരെ അവൻ തിരുത്തി.

ഈ വേദന ഉള്ളതിനാൽ ഓരോ നിമിഷവും തനിക്ക് ഓരോ ആത്മാക്കളെ രക്ഷിക്കാൻ കഴിയുന്നുണ്ടല്ലോ എന്നായിരുന്നു അവരോട് അവൻ പറഞ്ഞിരുന്നത്. അടിയുറച്ച മരിയഭക്തൻകൂടിയായിരുന്നു ആഞ്ചിയോലിനോ. തന്റെ ശുദ്ധീകരണം ഈ ലോക ജീവിതകാലത്തുതന്നെ പൂർത്തിയാക്കി തന്നെ നേരെ സ്വർഗത്തിലേക്ക് കൊണ്ടുപോകണമെന്ന തന്റെ പ്രാർത്ഥനയ്ക്ക് പരിശുദ്ധ അമ്മ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് അവൻ പലതവണ മാതാപിതാക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മാതാവിന്റെ രൂപത്തിലേക്ക് ദൃഷ്ടി തിരിച്ച്, കൈയിൽ ക്രൂശിതരൂപവും വഹിച്ച് ശാന്തമായ മരണമാണ് അവൻ വരിച്ചത്. 1963 ജനുവരി 28നായിരുന്നു അവന്റെ വിയോഗം. ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടതോടെ, 1998 മേയ് 19ന് തുടക്കം കുറിച്ച ആഞ്ചെലിനോയുടെ നാമകരണ നടപടികളുടെ പ്രധാനഘട്ടങ്ങളിലൊന്ന് പൂർത്തിയായി. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത രണ്ട് അത്ഭുത സൗഖ്യങ്ങൾക്കൂടി സ്ഥിരീകരിക്കപ്പെട്ടാൽ വാഴ്ത്തപ്പെട്ടവരുടെ നിരയും കടന്ന് വിശുദ്ധാരാമത്തിലെത്തും ഈ കൗമാരക്കാരൻ. അതിനായി കാത്തിരിക്കുകയാണ് വിശ്വാസീസമൂഹം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?