Follow Us On

09

August

2020

Sunday

ഇരുപത്തിരണ്ട് അംഗ വൈദിക കൂട്ടായ്മയ്ക്ക് പാപ്പയുടെ വിശേഷാൽ സന്ദേശം

ഇരുപത്തിരണ്ട് അംഗ വൈദിക കൂട്ടായ്മയ്ക്ക് പാപ്പയുടെ വിശേഷാൽ സന്ദേശം

വത്തിക്കാൻ സിറ്റി: ദരിദ്രരിൽ ദരിദ്രരായ ചേരി നിവാസികളെ സംരക്ഷിക്കുന്ന അർജന്റീനയിലെ 22 അംഗ വൈദിക കൂട്ടായ്മയ്ക്ക് പ്രത്യേക സന്ദേശം അയച്ച് ഫ്രാൻസിസ് പാപ്പ. താൻ ആർച്ച്ബിഷപ്പായിരുന്ന ബ്യുവനേഴ്‌സ് ഐരിസിലെ എട്ട് ചേരികളിൽ അജപാലന ശുശ്രൂഷ ചെയ്യുന്ന ‘കൂരാസ് വില്ലെരോസ്’ എന്ന വൈദിക കൂട്ടായ്മയ്ക്കാണ് പാപ്പ സന്ദേശം അയച്ചത്.

ചേരിപ്രദേശങ്ങളിൽ കൊറോണ വ്യാപനം വർദ്ധിക്കുകയും അവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന മൂന്ന് വൈദികർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ, അവരെ സാന്ത്വനിപ്പിക്കാനും പ്രാർത്ഥനയിൽ ശക്തിപ്പെടുത്താനുമായി പാപ്പ വീഡിയോ സന്ദേശം തയാറാക്കുകയായിരുന്നു. നിങ്ങൾ ഈ രോഗത്തോട് മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ പാപ്പ, താൻ ചാരെയുണ്ടെന്നും പ്രാർത്ഥിക്കുന്നുണ്ടെന്നും അവരെ അറിയിക്കുകയും ചെയ്തു.

സഹായം ഏറ്റവും ആവശ്യത്തിലായിരിക്കുന്നവർ വസിക്കുന്ന ഈ പ്രദേശങ്ങളിൽ സേവനം ചെയ്യുന്ന വൈദികരുടെ ശുശ്രൂഷ മാതൃകാപരമാണ്. അവരെപ്രതി ദൈവത്തിന് നന്ദി പറഞ്ഞതോടൊപ്പം, അവരുടെ ആരോഗ്യത്തിനായി വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു പാപ്പ. 1960കളിൽ രൂപീകൃതമായ വൈദിക കൂട്ടായ്മയാണ് ് ‘കൂരാസ് വില്ലെരോസ്.’

കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തെരുവിൽ കഴിയുന്നവരർക്കിടയിൽ ബോധവത്ക്കരണം നടത്താൻ അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ഈ വൈദിക കൂട്ടായ്മയുടെ സഹായം തേടിയിരുന്നു. പ്രസിഡന്റിന്റെ നേരിട്ടുള്ള അഭ്യർത്ഥന പ്രകാരം ഇവർ തെരുവിൽ നടത്തിയ ബോധവത്ക്കരണ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ: ബ്യുവനേഴ്‌സ് ഐരിസിൽ ആർച്ച്ബിഷപ്പായിരിക്കേ, ‘കൂരാസ് വില്ലെരോസ്’ വൈദിക കൂട്ടായ്മ തെരുവോരത്ത് ക്രമീകരിച്ച ബലിവേദിയിൽ ഫ്രാൻസിസ് പാപ്പ ദിവ്യബലി അർപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?