Follow Us On

09

August

2020

Sunday

മുസ്ലീം പള്ളിയാക്കാനുള്ള തീരുമാനത്തിൽനിന്ന് തുർക്കി പിന്മാറണം; ‘വേൾഡ് കൗൺസിൽ ഓഫ് ചർച്ചസി’ന്റെ കത്ത്‌

മുസ്ലീം പള്ളിയാക്കാനുള്ള തീരുമാനത്തിൽനിന്ന് തുർക്കി പിന്മാറണം; ‘വേൾഡ് കൗൺസിൽ ഓഫ് ചർച്ചസി’ന്റെ കത്ത്‌

ജനീവ: ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കാനുള്ള തീരുമാനത്തിൽനിന്ന് തുർക്കി പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തയ്യിബ് എർദോഗന് ‘വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്’ (ഡബ്ല്യു.സി.സി) കത്ത് അയച്ചു. തുർക്കിയുടെ തീരുമാനത്തിൽ ഫ്രാൻസിസ് പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തിയതിന് പിന്നാലെ പുറത്തുവന്ന വാർത്ത ശ്രദ്ധേയമാകുകയാണിപ്പോൾ. 110 രാജ്യങ്ങളിൽനിന്നുള്ള 350 ക്രൈസ്തവ സഭകൾ അംഗങ്ങളായിരിക്കുന്ന പ്രസ്ഥാനമാണ് ‘ഡബ്ല്യു.സി.സി’. കത്തോലിക്കാ സഭ അംഗമല്ലെങ്കിലും ‘ഡബ്ല്യു.സി.സി’യുടെ ചർച്ചകളിൽ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധികൾ ക്ഷണിതാക്കളായി പങ്കെടുക്കാറുണ്ട്.

തുർക്കിയുടെ മതേതരത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും അടയാളമായിരുന്ന ഹഗിയ സോഫിയ മ്യൂസിയമാക്കിത്തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. ‘മ്യൂസിയം വീണ്ടും മുസ്ലീം പള്ളിയാക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചതിലൂടെ, മതേതരത്വത്തോടുള്ള തുർക്കിയുടെ തുറവിക്ക് മാറ്റം വന്നിരിക്കുന്നു, പുറംതള്ളലിന്റെയും വിഭാഗിയതയുടെയും അടയാളമായാണ് ഈ നടപടിയെ മനസിലാക്കേണ്ടത്,’ ‘ഡബ്ല്യു.സി.സി’ നേതൃത്വം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭയുടെ യുനസ്‌ക്കോയുമായി ചർച്ചകളോ കൂടിയാലോചനകളോ നടത്താതെ, ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച നിർമിതിയുടെ മ്യൂസിയം പദവിയിൽ ഏകപക്ഷീയമായി മാറ്റം വരുത്തിയതിനെയും ‘ഡബ്ല്യു.സി.സി’ അലപപിച്ചു. വിവിധ മതങ്ങൾക്കിടയിൽ അവിശ്വാസം വർദ്ധിക്കാനും മതങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും ബഹുമാനവും സഹകരണവും വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ഈ തീരുമാനം വെല്ലുവിളിയാകും. ഇത് വിഭാഗീയത വർദ്ധിക്കാൻ കാരണമാകുമെന്നും ‘ഡബ്ല്യു.സി.സി’ ചൂണ്ടിക്കാട്ടി.

‘ഹഗിയ സോഫിയ’ വീണ്ടും തർക്ക വിഷയമാകരുതെന്ന ആഗ്രഹം അറിയിക്കുന്നതോടൊപ്പം ഐക്യത്തിന്റെ മഹത്തായ അടയാളമെന്ന നിലയിൽ 1934മുതൽ ഹഗിയ സോഫിയ നിർവഹിക്കുന്ന മ്യൂസിയം പദവിയിലേക്ക് നിർമിതിയെ തിരിച്ചെത്തിക്കണമെന്ന അഭ്യർത്ഥനയോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

ഹഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റാനുള്ള ഉത്തരവിൽ ജൂലൈ 10നാണ് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചത്. ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അതാതുർക്ക് ഹഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമായിട്ടാണെന്ന് തുർക്കിയിലെ പരമോന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്’ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെക്കുകയായിരുന്നു.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ പണി കഴിപ്പിച്ച, ‘ഹാഗിയ സോഫിയ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മുസ്ലീം പള്ളിയാക്കി മാറ്റിയിരുന്നു. എന്നാൽ, ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത് കമാൽ അത്താത്തുർക്ക് 1934ൽ മ്യൂസിയമാക്കി മാറ്റി. 1985ലാണ് യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?