വത്തിക്കാൻ സിറ്റി: ദൈവവചനം സ്വീകരിക്കുക എന്നാൽ ക്രിസ്തുവിനെ സ്വീകരിക്കുക എന്നാണ് അർത്ഥമെന്നും അപ്രകാരം ക്രിസ്തുവിനെ സ്വീകരിച്ച് ഫലംപുറപ്പെടുവിക്കുന്ന നല്ല നിലമായി നാം മാറണമെന്നും ഫ്രാൻസിസ് പാപ്പ. നമ്മുടെ ഹൃദയം, നല്ല വിളവു നൽകുന്ന നിലത്തിന് സദൃശ്യമാണോയെന്ന് ആത്മപരിശോധന ചെയ്യാനും പാപ്പ ആഹ്വാനം ചെയ്തു. പൊതുസന്ദർശനമധ്യേ വിതക്കാരന്റെ ഉപമ വിശദീകരിച്ച് വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
പാതയിൽ പതിച്ചതും ഉടനെ പക്ഷികൾ തിന്നുന്നതുമായ വിത്തിനെക്കുറിച്ച് ഓർമിപ്പിച്ച പാപ്പ, ഇത് നമ്മുടെ ജീവിതത്തിലെ അശ്രദ്ധയെ നമ്മുടെ കാലത്തെ വലിയ അപകടത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ദൈവവചനം ഉപരിപ്ലവമായി നിലനിൽക്കുന്നുണ്ടെങ്കിലും ക്ഷണികമായ ആവേശത്തോടെ സ്വീകരിക്കുന്നവരുടെ പ്രതിച്ഛായയാണ് പാറപ്പുറത്തുവീണ വിത്തുകൾ സൂചിപ്പിക്കുന്നത്. അത് ഒരിക്കലും ദൈവവചനം സ്വാംശീകരിക്കില്ല.
മുള്ളുകളുള്ള കുറ്റിക്കാടുകൾക്കിടയിൽ വളരുന്ന ദൈവവചനമാകട്ടെ സമ്പത്തിന്റെ വഞ്ചന, ലൗകിക ആശങ്കകൾ എന്നിവക്കിടയിൽ വളരാൻ കഴിയാതെ ശ്വാസം മുട്ടി ഫലം കായ്ക്കാതെ വെറും നഷ്ടമായി പോകുന്നു. എന്നാൽ, നല്ല നിലത്തുവീഴുന്ന ദൈവവചനമാകുന്ന വിത്തുകൾ ഏതുകാലത്തും നല്ല ഫലം മാത്രമേ പുറപ്പെടുവിക്കൂ.
വിതക്കാരൻ വിത്തുകൾ വിതച്ച വഴിയോരത്തെയും പാറപ്പുറത്തെയും മുള്ളുകൾക്കിടയെയും നല്ല നിലത്തെയും നമ്മുടെ ഹൃദയത്തോട് ഉപമിച്ച പാപ്പ, ഇതിൽ ഏത് വിഭാഗത്തിലാണ് നാമെന്ന് ചിന്തിക്കണമെന്നും ഉദ്ബോധിപ്പിച്ചു. വചനമാകുന്ന വിത്ത് വളരാൻ അനുയോജ്യമാണോ ഹൃദയമാകുന്ന നമ്മുടെ വയലുകൾ. ഇപ്പോൾ നല്ല നിലമല്ലെങ്കിലും മനസുവെച്ചാൽ നല്ല നിലമാക്കി മാറ്റാൻ കഴിയുമെന്നും പാപ്പ പറഞ്ഞു.
മാത്രമല്ല, വിത്തുകളോട് ഉപമിച്ചിരിക്കുന്ന ദൈവവചനം വെറും ഒരു വചനം മാത്രമല്ല, മറിച്ച് ക്രിസ്തു തന്നെയാണത്. പരിശുദ്ധ അമ്മയുടെ ഉദരത്തിൽ മാംസമായി മാറിയ പിതാവിന്റെ വചനമാണ് പുത്രനായ ദൈവം. അതിനാൽ, ദൈവവചനം സ്വീകരിക്കുകയെന്നാൽ യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ വ്യക്തിത്വം സ്വീകരിക്കുക അല്ലെങ്കിൽ ക്രിസ്തുവിനെ തന്നെ സ്വീകരിക്കുകയെന്നാണ് അർത്ഥമാക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *