Follow Us On

09

August

2020

Sunday

വാഗ്ദാനത്തിന്റെ പേടകമേ…

വാഗ്ദാനത്തിന്റെ പേടകമേ…

‘വാഗ്ദാനപേടകമേ’ എന്ന വിശേഷണം പരിശുദ്ധ അമ്മയ്ക്ക് യാദൃശ്ചികമായി വന്നുചേർന്നതല്ല. പുതിയ നിയമത്തിലെ വാഗ്ദാനപേടകമായ പരിശുദ്ധ മറിയത്തെക്കുറിച്ചുള്ളതാണ് ഈ ധ്യാനം.

മാർട്ടിൻ പന്തല്ലൂർ സി.എം.ഐ

‘നിന്നെ വഹിച്ച ഉദരം അനുഗ്രഹീതമാണ്.’ യേശുവിന് ലഭിച്ച നല്ലൊരു കോംപ്ലിമെന്റ് (അഭിനന്ദന വചനം) ആണിത്. ഒപ്പം മനോഹരമായ ഒരു മരിയൻ പ്രണാമം കൂടിയാണിത്. വിശുദ്ധ ഗ്രന്ഥത്തിൽ മനുഷ്യന് കൂട്ടുവരുന്ന ദൈവത്തിന്റെ അടയാളമായിരുന്നു വാഗ്ദാനപേടകം. കാനാൻ നാട്ടിലേക്കുള്ള ഇസ്രയേലിന്റെ യാത്രയിൽ അവരെ വഴിനടത്തിയതും പരിപാലിച്ചതും ഈ വാഗ്ദാനപേടകമായിരുന്നു. പഴയനിയമത്തിലെ ഹെബ്രായ ജനതയുടെ ഹൃദയത്തുടിപ്പായിരുന്നു വാഗ്ദാനപേടകം. അതിനാൽത്തന്നെ സ്വർണവും മറ്റ് വിശിഷ്ട്‌വസ്തുക്കളുംകൊണ്ട് പൊതിഞ്ഞ് പൂജ്യമായ ഒരിടത്താണ് അത് അവർ സൂക്ഷിച്ചത്.

എന്താണ് വാഗ്ദാനപേടകം? ആരാണ് വാഗ്ദാനപേടകം? ജപമാലയുടെ അവസാനഭാഗത്തുള്ള ലുത്തിനിയയിൽ നാം മാതാവിന് കൊടുക്കുന്ന ഒരു വിശേഷണം വാഗ്ദാനത്തിന്റെ പേടകമേ എന്നാണല്ലോ! പഴയനിയമകാലത്ത് ഇടയ്ക്കുവെച്ച് അപ്രത്യക്ഷമാകുന്ന പേടകം പിന്നീട് വെളിപാടിന്റെ പുസ്തകത്തിലാണ് മറനീക്കി പുറത്തുവരുന്നത്. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: ‘പഴയനിയമം നിഴലും പുതിയനിയമം പൊരുളുമാണ്. പഴയനിയമത്തിൽ കാണുന്ന വാഗ്ദാനപേടകം പുതിയനിയമത്തിലെ പൊരുളായ എന്തിനെയോ സൂചിപ്പിക്കുന്നു- അതാണ് പരിശുദ്ധ കന്യാമറിയം’.

വാഗ്ദാനപേടകത്തിന്റെ ചരിത്രം പുതിയനിയമത്തിലെ വാഗ്ദാനപേടകത്തെ മനസിലാക്കാൻ നമ്മെ സഹായിക്കും. ഇസ്രായേൽ ജനത്തിന്റെ ശക്തികേന്ദ്രമായിരുന്നു ആ പേടകം. ഒപ്പം ഓർമകൾ പുതുക്കാനുള്ള ഒരു കുറുക്കുവഴിയും. മൂന്ന് അടയാളങ്ങൾ അതിലുണ്ടായിരുന്നു: നിയമത്തിന്റെ കൽഫലകങ്ങൾ, സ്വർഗീയ മന്ന, അഹറോന്റെ തളിർത്ത വടി. ഇവ മൂന്നും ക്രിസ്തുവിന്റെ സുഗന്ധമുള്ള അടയാളങ്ങളാണ്. കാനായിലേക്കുള്ള യാത്രയിൽ അവരെ നയിച്ചത് വാഗ്ദാനപേടകത്തെ പൊതിഞ്ഞുനിന്ന മഹത്വത്തിന്റെ മേഘമായിരുന്നു (പുറ. 40:34; സംഖ്യ. 9:18-20).

കാനാൻ ദേശത്ത് എത്തിയപ്പോൾ ഷീലോ എന്ന സ്ഥലത്ത് അവർ അത് പ്രതിഷ്ഠിച്ചു. ഒരിക്കൽ ഒരു യുദ്ധത്തിനിടെ ആ സുന്ദര പേടകം ഫിലിസ്ത്യർ കൈവശപ്പെടുത്തി. അവരത് കൊണ്ടുപോയി എക്രോ, ഗത്ത് എന്നീ ആരാധനാലങ്ങളിൽ പ്രതിഷ്ഠിച്ചു. എന്നാൽ അപ്പോൾമുതൽ അവരുടെ ദേശത്ത് അനർത്ഥങ്ങൾ ആരംഭിച്ചു. അതോടെ പേടകം തിരികെ നല്കാൻ തീരുമാനിച്ചു. അങ്ങനെ അവർ അത് ഇസ്രായേലിന്റെ അതിർത്തിയായ കിരിയാത്ത് യറാറിം എന്ന സ്ഥലത്ത് സ്ഥാപിച്ചു. ഇസ്രായേൽക്കാരനായ ഒരുവൻ അത് തന്റെ ഭവനത്തിൽ കൊണ്ടുപോയി സൂക്ഷിച്ചു. എലെയാസർ എന്ന പുരോഹിതനെ അതിന്റെ ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു.

ഇരുപത് വർഷം പേടകം അവിടെയായിരുന്നു. അക്കാലത്ത് സാവൂൾ രാജാവാകുകയും തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി ദാവീദ് ഭരണമേറ്റെടുക്കുകയും ചെയ്തു. രാജാവായപ്പോൾ ദാവീദ് കർത്താവിന്റെ പേടകത്തെപ്പറ്റി ഓർത്തു. അത് തിരികെ കൊണ്ടുവരാൻ അവൻ തീരുമാനിച്ചു. അതിനായി അവൻ ഒരുക്കങ്ങൾ നടത്തി. എന്നാൽ യാത്രാമദ്ധ്യേ പേടകം വഹിച്ചിരുന്ന വണ്ടി കുലുങ്ങിയപ്പോൾ ഉസാ എന്നൊരാൾ കർത്താവിന്റെ പേടകത്തെ അനാദരവോടെ സ്പർശിച്ചു. തന്മൂലം അവൻ മരിച്ചുവീണു.

ഇതുകണ്ട ദാവീദ് ചോദിച്ചു: ‘കർത്താവിന്റെ പേടകം എന്റെ അടുത്തുവന്നാൽ എന്തു സംഭവിക്കും?’ (2സാമുവൽ 6:9). അതിനാൽ പേടകം ജറുസലെമിലേക്ക് കൊണ്ടുപോകാതെ ഓബെദ്-ഏദോം എന്ന വ്യക്തിയുടെ ഭവനത്തിൽ വെച്ചു. അത് മൂന്നു മാസം അവിടെയിരുന്നു. പേടകത്തിന്റെ സാന്നിദ്ധ്യത്തിൽ ആ ഭവനത്തിന് ഐശ്വര്യം കൈവന്നു. ഇതു കണ്ട ദാവീദ് പേടകം ആഘോഷമായി ജറുസലെമിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മകനായ സോളമൻ ഒരു ദേവാലയം പണിതശേഷം ആ പേടകം അവിടെ സ്ഥാപിച്ചു. പതിയെ പതിയെ ഇസ്രായേൽ ജനം കർത്താവിനോട് അനാദരവായി പെരുമാറാൻ തുടങ്ങി. അപ്പോഴാണ്, ബി.സി. 587ൽ ഇസ്രായേൽ ബാബിലോൺ പ്രവാസത്തിന്റെ കീഴിലാകുന്നത്.

ബാബിലോൺ രാജാവായ നബുക്കദ്‌നേസർ ദേവാലയവും ജറുസലെമിന്റെ മതിലുകളും തകർക്കുകയും ജനത്തെ കീഴടക്കുകയും ചെയ്തു. ജനം ദൈവത്തിൽ നിന്ന് അകന്നുപോകുന്നെന്നും അകന്നുപോകുന്ന ജനത്തിന്റെമേൽ പ്രവാസം കടന്നുവരുമെന്നും തിരിച്ചറിഞ്ഞ ജറെമിയാ പ്രവാചകൻ ജനത്തോട് പലവട്ടം അനുതപിക്കാൻ ആവശ്യപ്പെടുന്നു (ജറെമിയ 4:1-4). പക്ഷേ അവർ അനുതപിച്ചില്ല.

ഇവർ കീഴടക്കപ്പെടുമെന്നും ഒട്ടേറെ വേദനയനുഭവിക്കുമെന്നും കണ്ട് പ്രവാചകനായ ജറെമിയാ കർത്താവിന്റെ പേടകവും കൂടാരവുമെടുത്ത് മോശ മരിച്ച മലയിലെ ഒരു ഗുഹയിൽ ഒളിപ്പിച്ചു (2 മക്ക. 2:6-8). അനുയായികളിൽ ചിലർ ആ വഴി അടയാളപ്പെടുത്താൻ മുതിർന്നു. എന്നാൽ പ്രവാചകൻ അനുവദിച്ചില്ല. ദൈവം തന്റെ ജനത്തെ വീണ്ടും സന്ദർശിക്കുമെന്നും ദൈവത്തിന്റെ മഹത്വം ഇസ്രായേലിലേക്ക് മടങ്ങിവരുമ്പോൾ ഇത് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീടുള്ള അഞ്ഞൂറ് വർഷം യഹൂദർ വാഗ്ദാനപേടകമില്ലാതെ വലഞ്ഞു. തുടർന്ന് അടിമത്തത്തിലായിരുന്ന ജനം മോചിതരായി സെറുബാബേലിന്റെ കാലത്ത് ദേവാലയം സ്ഥാപിച്ചപ്പോഴും അവിടെ വാഗ്ദാനപേടകം ഇല്ലായിരുന്നു. അന്നത്തെ കാലത്ത് അവരോട് ചുറ്റുമുള്ളവർ ചോദിക്കും വാഗ്ദാനപേടകമെവിടെ എന്ന്. അപ്പോഴൊക്കെ അവർ പറയും, ഒരുനാൾ ദൈവത്തിന്റെ മഹത്വം ഞങ്ങളിലേക്ക് മടങ്ങിവരും. അങ്ങനെ വാഗ്ദാനപേടകം വെളിപ്പെടുത്തപ്പെടും.

എ.ഡി. 70-ൽ ജറുസലെം ദേവാലയം നിശ്ശേഷം നശിപ്പിക്കപ്പെട്ടു. അന്നുമുതൽ വിലാപത്തിന്റെ മതിലിൽ എല്ലാ ദിനരാത്രങ്ങളിലും ചെന്ന് ശിരസുമുട്ടിച്ച് യഹൂദൻ പ്രാർത്ഥിക്കും: ‘ദൈവമേ, ഇസ്രയേലിന്റെ ദൈവമേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ. അവിടുത്തെ മഹത്വം ഞങ്ങൾക്ക് തിരിച്ചുതരണമെ.’ ഈ പ്രാർത്ഥന ഇന്നും തുടരുന്നു. അന്ന് അപ്രത്യക്ഷമായ വാഗ്ദാനപേടകം പിന്നീട് കാണുന്നത് വെളിപാടിന്റെ പതിനൊന്നാം അധ്യായത്തിന്റെ അവസാനത്തിലാണ്. സ്വർഗത്തിൽ താൻ വാഗ്ദാനപേടകം കണ്ടുവെന്ന് യോഹന്നാൻ പറയുന്നു. തൊട്ടടുത്ത അധ്യായം ആരംഭിക്കുന്നത് സ്വർഗത്തിൽ ഒരു അടയാളം- ഒരു സ്ത്രീയെ കണ്ടുവെന്ന് പറഞ്ഞാണ്.

അധ്യായങ്ങൾ വേർതിരിക്കുന്ന രീതി പിന്നീടാണ് ആരംഭിച്ചത്. അതിനാൽ ഇവ അടുത്തടുത്ത വാക്യങ്ങളാണെന്ന് മനസിലാകും. സഭാപിതാക്കന്മാർ പറയുന്നത് ഈ സ്ത്രീ പരിശുദ്ധ കന്യാമറിയമാണെന്നാണ്. മറിയമാണ് പുതിയനിയമത്തിലെ വാഗ്ദാനപേടകം. വാഗ്ദാനപേടകവുമായി മേരിയെ ബന്ധിപ്പിക്കുന്ന ആ പൊൻചരട് നാം കാണുന്നത് ലൂക്കായുടെ സുവിശേഷത്തിലാണ്. പഴയനിയമത്തിൽ ജറെമിയ വാഗ്ദാനപേടകം ഒളിപ്പിച്ചുവക്കുന്നത് ഒരു ഗുഹയിലാണ്. പരിശുദ്ധ അമ്മ ഈശോയ്ക്ക് ജന്മം നല്കുന്നത് ഒരു തൊഴുത്തിലാണ്.

അന്ന് ജറുസലേമിലുള്ള തൊഴുത്ത് ഇന്നത്തെപോലെയല്ല. അത് ഒരു ഇരുണ്ട ഗുഹയാണ്. മൂന്ന് അടയാളങ്ങൾ വാഗ്ദാനപേടകത്തിലുണ്ടായിരുന്നു. ഇവ മൂന്നും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തുവാണ് പുതിയ ഉടമ്പടി. സ്‌നേഹത്തിന്റെ കൽപനയാണ് അവന് നല്കാൻ ഉള്ളത്. മാംസം ധരിച്ച മന്നയും അവൻതന്നെ. തന്നെ ഭക്ഷിച്ചുകൊള്ളുക എന്നാണ് അവൻ തന്റെ കാലത്തോട് പറഞ്ഞത്. അഹറോന്റെ വടി പൗരോഹിത്യത്തിന്റെ പ്രതീകമാണ്. ക്രിസ്തുവാണ് മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള നിത്യപുരോഹിതൻ. അനുഷ്ഠാനങ്ങളല്ല ആത്മസമർപ്പണമാണ് അവന്റെ ബലി.

വാഗ്ദാനപേടകത്തെ സദാ പൊതിഞ്ഞുനിന്നിരുന്ന മേഘം ദൈവസാന്നിദ്ധ്യത്തിന്റെ സൂചനയാണ്. ഇത് അത്യുന്നതന്റെ ശക്തി (ഷെക്കൈന ഗ്ലോറി) നിന്റെമേൽ ആവസിക്കുമെന്ന ദൂതന്റെ വാക്യങ്ങളോട് ചേർത്തു വെക്കണം. ആ മേഘം അവസാനംവരെ മറിയത്തിന് കൂട്ടായുണ്ടായിരുന്നു. തുടർന്ന് പുതിയനിയമവും പഴയനിയമവും തമ്മിൽ ഏറെ സമാനതകൾ കണ്ടെത്താൻ സാധിക്കും.

പേടകം ഓബെദ്-ഏദോമിന്റെ വീട്ടിൽ ഇരുന്നത് മൂന്ന് മാസമാണ്. മാതാവ് എലിസബത്തിന്റെ വീട്ടിൽ താമസിച്ചതും മൂന്നു മാസമാണ്. മാത്രമല്ല, എലിസബത്ത് താമസിച്ച ഇടവും പേടകം സൂക്ഷിച്ച ഇടവും തമ്മിൽ അല്പ്പം ദൂരമേയുള്ളൂ. വാഗ്ദാനപേടകം കണ്ടപ്പോൾ ദാവീദ് ഭയത്തോടെയാണ് കർത്താവിന്റെ പേടകം എന്റെ അടുത്തുവന്നാൽ എന്തു സംഭവിക്കും എന്നു ചോദിച്ചതെങ്കിൽ മറിയത്തെ കണ്ടപ്പോൾ എലിസബത്ത് ആദരവോടെ ചോദിക്കുന്നത് എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് എന്നാണ്.

പേടകത്തിന്റെ മുമ്പിൽ ആനന്ദത്തോടെ നൃത്തം ചെയ്യുന്ന ദാവീദിനെ അനുസ്മരിപ്പിച്ചുകൊണ്ട് എലിസബത്തിന്റെ ഉള്ളിൽ ഇരു കുഞ്ഞുയോഹന്നാൻ നൃത്തം ചവിട്ടുന്നുണ്ട്. പേടകമെടുക്കാൻ വേണ്ടിയുള്ള ദാവീദിന്റെ യാത്രയേയും എലിസബത്തിന്റെ വീട്ടിലേക്കുള്ള മറിയത്തിന്റെ തിടുക്കത്തിലുള്ള യാത്രയേയും ഗ്രന്ഥകാരൻ ഒരേ തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചാണ് സൂചിപ്പിക്കുത്. പഴയനിയമത്തിൽ വാഗ്ദാനപേടകം നീലനിറത്തിലുള്ള ഒരു വസ്ത്രമുപയോഗിച്ച് പൊതിഞ്ഞിരുന്നു. മാതാവിന്റെ നീലകാപ്പ ഇതിനെ പ്രതിഫലിപ്പിക്കുന്നു.

പഴയനിയമത്തിൽ ദേവാലയം തകർക്കപ്പെടുന്നതിന് മുമ്പ് ജറെമിയാ പ്രവാചകൻ വാഗ്ദാനപേടകം എവിടെയോ ഒളിപ്പിച്ചുവെച്ചു. പിന്നെ അതാരും കണ്ടിട്ടില്ല. അതെവിടെയാണെ് ആർക്കും അറിയില്ല. പിന്നീട് അത് കാണുന്നത് സ്വർഗത്തിലാണ്. പുതിയനിയമത്തിൽ ഈശോ സ്വയം വിശേഷിപ്പിക്കുന്നത് ദേവാലയം എന്നാണ്. ഈ ആലയം തകർക്കുക, മൂന്നു ദിവസത്തിനകം അത് വീണ്ടും ഉയർന്നുവരും എന്നതിൽ അതിന്റെ സൂചനയുണ്ട്.

കുരിശിന്റെ ചുവട്ടിലെ രംഗങ്ങൾ ഓർക്കുക. ഈശോയാകുന്ന ദേവാലയം കാൽവരിയിൽ വെച്ച് തകർക്കപ്പെട്ടപ്പോൾ ജറെമിയായുടെ സ്ഥാനം ഏറ്റെടുക്കുന്ന യോഹന്നാൻ വാഗ്ദാനപേടകത്തെ എടുത്ത് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പന്തക്കുസ്തായ്ക്ക് ശിഷ്യരെ ഒരുക്കുന്നത് അമ്മയാണ്. പിന്നെ അവൾ എവിടെയാണെന്ന് യാതൊരു അറിവുമില്ല. ആ വാഗ്ദാനപേടകം ആരും കണ്ടിട്ടില്ല. പിന്നീട് സഭ ആ പേടകം കണ്ടെത്തി. ആ പേടകം സ്വർഗത്തിലിരിക്കുന്നു – സ്വർഗാരോപണം!

പ്രാർത്ഥന: വാഗ്ദാനത്തിന്റെ പേടകമായ മാതാവേ, അങ്ങയെപോലെ, ഈശോയെ എങ്ങനെ ഹൃദയത്തിൽ വഹിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കണമേ. ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് രൂപാന്തരപ്പെടാൻ സഹായിക്കണമേ. ആമേൻ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?