Follow Us On

31

July

2021

Saturday

വിശുദ്ധരും ഉത്തരീയ ഭക്തിയും

ഡോ. കെ. ജെ മാത്യു

വിശുദ്ധരും ഉത്തരീയ ഭക്തിയും

ഇന്ന്, കർമലോത്തരീയം നമുക്ക് സമ്മാനിച്ച കർമല മാതാവിന്റെ തിരുനാൾ.
മലയാളികൾ വെന്തീങ്ങ എന്ന് വിളിക്കുന്ന ഉത്തരീയത്തിന്റെ ചരിത്രം അറിയാത്തവരുണ്ടാവില്ല. എന്നാൽ, ഉത്തരീയത്തെക്കുറിച്ചുള്ള വിശുദ്ധരുടെ സാക്ഷ്യങ്ങളും ഉത്തരീയം ഉണ്ടാക്കുന്ന രീതിയും മലയാളക്കരയുമായി വെന്തീങ്ങയ്ക്കുള്ള ബന്ധവും അറിയാമോ?

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ, കുരിശിന്റെ വിശുദ്ധ ജോണ്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ബര്‍ണാദ്, വിശുദ്ധ ഡോണ്‍ബോസ്‌കോ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ആന്‍സെലം, വിശുദ്ധ കൊളമ്പിയര്‍ തുടങ്ങിയവര്‍ ഉത്തരീയ ഭക്തരായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞത്, മറ്റുള്ളവര്‍ സ്ഥാനമുദ്ര അണിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യര്‍ക്ക് സന്തോഷം ഉണ്ടാകുന്നതുപോലെ, മാതാവ് തന്റെ സ്വര്‍ഗീയ സമ്മാനമായി തന്ന ഉത്തരീയം ധരിച്ച മനുഷ്യരെ കാണുന്നത് മാതാവിനെ സന്തോഷിപ്പിക്കും എന്നാണ്.

വിശുദ്ധ ബര്‍ണാര്‍ദ് പറഞ്ഞത്, മാതാവ് സ്വര്‍ഗത്തില്‍നിന്ന് സമ്മാനമായി നല്‍കിയ ഉത്തരീയം ഭക്തിപൂര്‍വം ധരിക്കുന്നവരുടെ ആത്മാക്കള്‍ നശിച്ചുപോകാന്‍ മാതാവ് അനുവദിക്കില്ല എന്നും അവരെ തന്റെ പ്രിയമക്കളായി സംരക്ഷിക്കുമെന്നുമാണ്. വിശുദ്ധ കൊളമ്പിയര്‍ പറഞ്ഞത്, ഉത്തരീയം ധരിച്ച് സുകൃതജീവിതം നയിക്കുന്ന മരിയഭക്തര്‍ക്ക് ഉത്തരീയം നിത്യരക്ഷയുടെ അടയാളമാണെന്നാണ്. ഇത്രയധികം ആധികാരികമായ അത്ഭുതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ മറ്റൊരു മരിയഭക്തിയും ലോകത്തിലില്ല.

വിശുദ്ധ ആന്‍സെലം ഉത്തരീയ ധാരികളായ മരിയഭക്തരോട് പറഞ്ഞത് നിങ്ങളുടെ ആത്മാക്കള്‍ നശിച്ചുപോകില്ല എന്നതിനാല്‍ സന്തോഷിച്ച് ആഹ്ലാദിക്കുവിന്‍ മരിയഭക്തരേ എന്നാണ്. കുരിശിന്റെ വിശുദ്ധ ജോണ്‍ മരണാസന്നനായ അവസരത്തില്‍ പറയുമായിരുന്നു, എനിക്കൊരു ശനിയാഴ്ച മരിക്കണം. കാരണം അന്ന് തന്നെ മാതാവ് എന്നെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന്.

വലിയ ഉത്തരീയ ഭക്തരായിരുന്ന വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, വിശുദ്ധ ഡോണ്‍ബോസ്‌കോ എന്നിവരുടെ കബറിടങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം തുറന്നപ്പോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ വസ്തുത, അവരുടെ വിശുദ്ധ ശരീരങ്ങളും ധരിച്ചിരുന്ന തിരുവസ്ത്രങ്ങളും പൊടിയായി മാറിയിരുന്നുവെങ്കിലും അവര്‍ ധരിച്ചിരുന്ന ഉത്തരീയങ്ങള്‍ യാതൊരു കേടും സംഭവിക്കാതെ കാണപ്പെട്ടു എന്നതാണ്. ഇന്നും അവ സൂക്ഷിക്കപ്പെടുകയും പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്തുവരുന്നു.

ഉത്തരീയ ഭക്തിക്ക് സഭയുടെ അംഗീകാരം
ഉത്തരീയ ഭക്തിയെ തിരുസഭ എല്ലാക്കാലത്തും പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 16 പാപ്പമാര്‍ ഉത്തരീയഭക്തിയെ പ്രകീര്‍ത്തിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ട് 20 തിരുവെഴുത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ ജോണ്‍ 22, നിക്കോളസ് 5, ലെയൊ 11, ബനഡിക്ട് 15, വിശുദ്ധ പീയൂസ് 10, പീയൂസ് 12, വിശുദ്ധ പോള്‍ 6, വിശുദ്ധ ജോണ്‍ പോള്‍ 2 എന്നിവരാണ്.

ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പ പറഞ്ഞത്, നമുക്ക് ഒരു പൊതുഭാഷ ആവശ്യമായിരിക്കുന്നതു പോലെതന്നെ ഒരു പൊതു ആയുധവും ആവശ്യമായിരിക്കുന്നു. ആ പൊതുഭാഷ സുവിശേഷ വാക്യങ്ങളും ആയുധം മരണാനന്തരവും നമ്മെ സംരക്ഷിക്കാന്‍ ശക്തിയുള്ള കര്‍മലോത്തരീയവും ആയിരിക്കട്ടെ എന്നാണ്. വിശുദ്ധ പത്താം പീയൂസ് പാപ്പ പറഞ്ഞു: ”ഞാന്‍ ഉത്തരീയം ധരിക്കുന്നുണ്ട്, ഒരിക്കലും നിങ്ങള്‍ അതുപേക്ഷിക്കരുത്.”

മാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കിയതിന്റെ എഴുന്നൂറാം വാര്‍ഷികാഘോഷവേളയില്‍ 1951 ജൂലൈ 16ന് തന്റെ മുമ്പില്‍ തടിച്ചുകൂടിയ ജനാവലിയോട് പന്ത്രണ്ടാം പീയൂസ് പാപ്പ പറഞ്ഞത് എല്ലാവരും മാതാവിന്റെ വിമലഹൃദയത്തിന് സ്വയം പ്രതിഷ്ഠിക്കണമെന്നും എല്ലാ കത്തോലിക്കരും ഉത്തരീയം ധരിക്കണമെന്നുമാണ്. ഉത്തരീയം മാതാവിന്റെ സംരക്ഷണത്തിന്റെ മേലങ്കിയും വാഗ്ദാനവുമാണ്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞത്, അനേക വര്‍ഷങ്ങളായി ഞാന്‍ ഉത്തരീയം ധരിക്കുന്നുണ്ട്. അത് മരിയന്‍ ആധ്യാത്മികതയുടെ പ്രതീകമാണ്. ഉത്തരീയ സഭാംഗങ്ങള്‍ മാതാവിനെ അനുകരിച്ച്, മറ്റുള്ളവര്‍ക്ക് തന്നാല്‍ പറ്റുന്ന സേവനം ചെയ്യുകയും ദൈവവചനം ആത്മാര്‍ത്ഥതയോടെ സ്വീകരിക്കുകയും ചെയ്യണം. വിശുദ്ധ പോള്‍ ആറാമന്‍ എഴുതിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശപ്രകാരം വിശ്വാസികള്‍ ഉത്തരീയം തുടര്‍ന്നും ധരിക്കണമെന്നാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് (തിരുസഭ 67-ല്‍) ഉദ്‌ബോധിപ്പിക്കുന്നത് കര്‍മലമാതൃവണക്കത്തെയും കര്‍മലോത്തരീയത്തെയും തിരുസഭ വിലമതിക്കുന്നു എന്നാണ്.

ഉത്തരീയ നിര്‍മാണം
ആദ്യകാലം മുതല്‍ ഉത്തരീയ നിര്‍മാണം സംബന്ധിച്ച് തിരുസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍.
1. ഉത്തരീയത്തിന്റെ തട്ട് സ്വഭാവിക രോമംകൊണ്ട് നിര്‍മിച്ചതായിരിക്കണം. കൃത്രിമ രോമവസ്ത്രം ഉപയോഗിക്കാന്‍ പാടില്ല.
2. ഉത്തരീയത്തിന്റെ നിറം തവിട്ടുനിറമോ കറുപ്പ് നിറമോ ആയിരിക്കണം.
3. ഉത്തരീയത്തിന്റെ ആകൃതി ചതുരാകൃതിയോ സമകോണോ ആയിരിക്കണം.
4. ഉത്തരീയം നിര്‍മിക്കുന്നതിനുമുമ്പ് രോമവസ്ത്രം ഒരു വൈദികനെക്കൊണ്ട് വെഞ്ചരിപ്പിക്കണം. രോമവസ്ത്രം വെഞ്ചരിച്ചതാകയാല്‍ ഉത്തരീയം നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന ചെറുകഷണങ്ങള്‍ ശേഖരിച്ച് കത്തിച്ചു കളയണം. ഉത്തരീയം വെഞ്ചരിച്ചതാണെന്ന് ഉത്തരീയ പാക്കറ്റില്‍ രേഖപ്പെടുത്തുന്നതും ഉചിതമാണ് (ഉത്തരീയത്തിന് ഈശോയുടെയോ മാതാവിന്റെയോ രൂപം അവശ്യഘടകമല്ല. ഉത്തരീയത്തിന്റെ ഭംഗിക്കായി രൂപം ചേര്‍ക്കുന്നുവെന്ന് മാത്രം).

ഉത്തരീയ പാരമ്പര്യം കേരളത്തിലെ കത്തോലിക്കരുടെ ഇടയില്‍
ഉത്തരീയത്തിന്റെ പണ്ടുമുതലേ ഉള്ള പേര് ‘വെന്തിങ്ങ’ എന്നാണ്. വെഞ്ചരിച്ചത് എന്നര്‍ത്ഥം വരുന്ന ‘വെന്തിഞ്ഞോ’ എന്ന പോര്‍ച്ചുഗീസ് വാക്കില്‍നിന്നാണ് വെന്തിങ്ങ എന്ന പേര് ഉത്തരീയത്തിന് ലഭിച്ചത്. പോര്‍ച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ഉത്തരീയം കേരളസഭയ്ക്ക് സമ്മാനിച്ചത്. അക്കാലത്ത് കേരളസഭയിലെ വൈദികര്‍ മാത്രമാണ് ഉത്തരീയം ധരിച്ചിരുന്നത്. ഉത്തരീയത്തിന് പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെ അനിഷേധ്യമായ തെളിവായി വെന്തിങ്ങ എന്ന പേര് നിലകൊള്ളുന്നു.

1653-ലെ കൂനന്‍ കുരിശ് സത്യത്തിനുമുമ്പ് തിരുവിതാംകൂറിലെ ആര്‍ച്ച് ഡീക്കന്‍ തോമാ പാപ്പയക്ക് എഴുതിയ ഒരു കത്ത് വത്തിക്കാനിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത കത്തില്‍ ആര്‍ച്ച് ഡീക്കന്‍ സൂചിപ്പിക്കുന്നത് കര്‍മലീത്താ സന്യാസിനിമാരെപ്പോലെ കേരളത്തിലെ കത്തോലിക്കരും വലിയ മരിയഭക്തരാണെന്നും താനും തന്റെ കൂട്ടത്തിലുള്ള സഹവൈദികരും കര്‍മലോത്തരീയം ധരിക്കുന്നവരാണ് എന്നാണ്.

കേരളത്തിലെ കത്തോലിക്കാ അല്മായരുടെ ഇടയില്‍ ഉത്തരീയം പ്രചരിപ്പിച്ചത് സ്‌പെയിന്‍കാരായ കര്‍മലീത്ത വൈദികരാണ് (ഒ.സി.ഡി). അക്കാലത്തുള്ള ഒരു വൈദികന്റെ യാത്രാവിവരണത്തിലുള്ളത്, ഈ വൈദികന്‍ കുറവിലങ്ങാട് സന്ദര്‍ശിച്ചപ്പോള്‍ പുരുഷന്മാര്‍ അവരുടെ കുടുമകളില്‍ ഉത്തരീയം കെട്ടിയിരുന്നു. പള്ളിയില്‍ വരുമ്പോള്‍ അവര്‍ അതഴിച്ച് കൈയില്‍ പിടിക്കുമായിരുന്നു. സ്ത്രീകള്‍ ആഭരണങ്ങള്‍ക്കൊപ്പം കഴുത്തിലാണ് ഉത്തരീയം അണിഞ്ഞിരുന്നത്. ഉത്തരീയത്തിന്റെ തട്ട് കൈയില്‍ പിടിച്ചുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

1908 നവംബർ രണ്ടിന്‌ മോണ്‍. സലേസ്തി എഴുതിയ കത്തിലുള്ളത് 1890ല്‍ അദ്ദേഹം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലാ കത്തോലിക്കരും പാഷാണ്ടികളില്‍നിന്ന് തങ്ങളെ തിരിച്ചറിയാനുള്ള ഒരടയാളമായി ഉത്തരീയം ധരിച്ചിരുന്നതായി കണ്ടത് അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു എന്നാണ്. ഇന്ന് ജീവിച്ചിരിക്കുന്ന 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുടെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരും ഉത്തരീയം ധരിച്ചിരുന്നു എന്നതിന് അവര്‍ സാക്ഷികളാണ്.

ശാലോം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ടെലിസീരിയലുകളായ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ ചാവറ കുര്യാക്കോസ്, വിശുദ്ധ എവുപ്രാസ്യാമ്മ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ എന്നിവയിലെ കഥാപാത്രങ്ങളുടെയെല്ലാം കഴുത്തില്‍ ഉണ്ടായിരുന്നത് സാമാന്യം വലുപ്പമുള്ള, പടം ഇല്ലാത്ത തട്ടുകളോടുകൂടിയ ഉത്തരീയമായിരുന്നു. ആ വിശുദ്ധര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ സത്യസന്ധമായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തത്.

അക്കാലത്ത് പ്രാര്‍ത്ഥനാമാലയായ കൊന്ത കഴുത്തില്‍ അണിയുന്ന ശീലം ഉണ്ടായിരുന്നില്ല. കൊന്ത നമസ്‌കാരത്തിനുശേഷം കൊന്ത ഭദ്രമായ ഒരു സ്ഥലത്ത് ആണിമേല്‍ തൂക്കിയിടും. ഒക്‌ടോബര്‍ മാസത്തെ ദോഷപ്പൊറുതിക്ക് (കൊന്തനമസ്‌കാരത്തിന്) പള്ളിയില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ കൊന്ത ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കും. സ്ത്രീകള്‍ ഒരു തൂവാലയില്‍ പൊതിഞ്ഞ് കൈയില്‍ പിടിക്കും. കൊന്ത മാതാവിന്റെ ആഭരണമായി കഴുത്തിലും കൊന്തമോതിരം മാതാവിന്റെ ആയുധമായി ഇടത്തെ കൈയിലെ മോതിരവിരലിലും അണിയുന്ന ശീലം 1976നുശേഷം ആരംഭിക്കുകയുണ്ടായി. ഇന്ന് കേരളത്തിലെ കത്തോലിക്കരുടെ തിരിച്ചറിയല്‍ അടയാളം കഴുത്തിലെ കൊന്തയാണ്.

(ഡോ. കെ.ജെ. മാത്യു എഴുതിയ ‘ഉത്തരീയം എപ്പോഴും ധരിക്കേണ്ട ആയുധം’ എന്ന പുസ്തകത്തില്‍നിന്ന്)

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?