Follow Us On

09

August

2020

Sunday

ജീവന്‍ തിരിച്ചുതന്ന കര്‍മലോത്തരീയം

ജീവന്‍ തിരിച്ചുതന്ന കര്‍മലോത്തരീയം

നേത്രപടലം മാറ്റിവെക്കല്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ശസ്ത്രക്രിയ നടത്തിയ, പതിനായിരക്കണക്കിന് ആളുകളില്‍ കാഴ്ചയുടെ വെളിച്ചം തെളിച്ച പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് സാക്ഷിക്കുന്നു, തന്നെ മരണത്തിന്റെ വക്കില്‍നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ കര്‍മലോത്തരീയത്തിന്റെ അത്ഭുതശക്തി.

പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ്

ഒരു അദ്ഭുതമായിരുന്നുവത്രേ എന്റെ ജനനം. അമ്മയില്‍നിന്ന് പലവട്ടം കേട്ടിട്ടുള്ള ആ അത്ഭുത കഥ ഇങ്ങനെ: ഒന്‍പതു മക്കള്‍ക്ക് അമ്മ ജന്മമേകിയെങ്കിലും രണ്ടുപേര്‍ ബാല്യം മുഴുമിപ്പിച്ചില്ല. ശേഷിച്ച ഏഴുമക്കളില്‍ ആദ്യത്തേത് ആണ്‍കുട്ടിയായിരുന്നു. പിന്നാലേ മൂന്ന് പെണ്‍മക്കള്‍. ഇന്നത്തെപ്പോലെ അന്നും ആണ്‍കുട്ടികള്‍ക്കായിരുന്നു ഡിമാന്റെന്നുതോന്നുന്നു. എന്റെ പിതാവ് പ്രാര്‍ത്ഥിച്ചതും ആണ്‍കുട്ടിക്കുവേണ്ടിത്തന്നെ. പ്രസവത്തിനുള്ള ദിനം അടുക്കുന്തോറും അപ്പനും അമ്മയ്ക്കും ആധി കൂടിക്കൂടിവന്നു: ദൈവമേ, ഒരാണ്‍കുഞ്ഞിനെ നല്കണമേ!”

ക്രൈസ്തവര്‍ അദ്ഭുത പ്രവര്‍ത്തകനായി വണങ്ങുന്ന വിശുദ്ധ അന്തോണീസാണ് അവര്‍ക്ക് ആശ്വാസം പകര്‍ന്നത്. ആ നാളുകളില്‍ അപ്പനൊരു സ്വപ്‌നം കണ്ടു. വിശുദ്ധ അന്തോണീസ് തന്റെ അരികിലെത്തി വെള്ളക്കച്ചയില്‍ പൊതിഞ്ഞ് ഒരാണ്‍കുഞ്ഞിനെ കൈമാറുന്നു. പിന്നെ അധികം കാത്തിരിക്കേണ്ടിവന്നില്ല. സ്വപ്‌നം കണ്ടതിന്റെ ദിനങ്ങള്‍ക്കുള്ളിലായിരുന്നു അഞ്ചാമത്തെ പുത്രനായ എന്റെ ജനനം, 1934 ജൂണ്‍ 12-ന്. വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ദിനത്തിന്റെ തലേന്നായിരുന്നു അത് എന്നത് മറ്റൊരു അദ്ഭുതം. ആ വിശുദ്ധനോടുള്ള നന്ദിയര്‍പ്പണമാണ് ടോണി എന്ന എന്റെ പേരിന് കാരണമായത്.

കാലം കടന്നുപോയി, ഞാന്‍ ഡോക്ടറായി, ഇംഗ്ലണ്ടിനോടും പിന്നീട് മധുരയോടും വിടപറഞ്ഞ് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ സേവനം ആരംഭിച്ച് നേത്രചികിത്‌സാ ക്യാംപുകളും നേത്ര ബാങ്ക് സംഘാടനവുമൊക്കെയായി തിരക്കുപിടിച്ച് ഓടിയിരുന്ന 1980ന്റെ അവസാന നാളുകള്‍.

1989ലെ ഒരു രാത്രിയില്‍ ഞാന്‍ ഒരു അസാധാരണ സ്വപ്‌നം കണ്ടു. എന്റെ ജനനവുമായി ബന്ധപ്പെട്ട് പിതാവിനുണ്ടായ അത്ഭുത സ്വപ്‌നത്തിനു സമാനമായ അനുഭവം. വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അടുക്കലേക്കുവരുന്നു. അതിലൊന്ന് സുന്ദരിയായ ഒരു സ്ത്രീയായിരുന്നു, ചിത്രത്തില്‍ കണ്ടിട്ടുള്ള പരിശുദ്ധ കന്യകമറിയത്തിന്റെ മുഖം. രണ്ടാമത്തെയാളുടെ മുഖം വ്യക്തമല്ല. യേശുവായിരുന്നോ, അറിയില്ല. പുഞ്ചിരി തൂകിനിന്ന പരിശുദ്ധ കന്യകമറിയം ഒരു കര്‍മലോത്തരീയം (പരിശുദ്ധ മറിയത്തിന്റെ സംരക്ഷണം ലഭിക്കാന്‍ കഴുത്തിലണിയുന്ന പ്രത്യേക മാല) എന്റെ നേര്‍ക്കു നീട്ടി. സ്വപ്‌നം അത്രയുമായപ്പോഴേക്കും ഞാന്‍ കണ്ണുതുറന്നുപോയി.

ഭാര്യ ഡോ. ഇവോണ്‍ കര്‍മലോത്തരീയം അണിഞ്ഞിരുന്നെങ്കിലും എനിക്ക് അതിനോട് പ്രത്യേക മമതയൊന്നുമുണ്ടായിരുന്നില്ല. കറുത്ത ചരടുമാലയുടെ രൂപത്തിലുള്ള കര്‍മലോത്തരീയം അണിയുന്ന കുടുംബാംഗങ്ങളെ പലപ്പോഴും വിമര്‍ശിച്ചിട്ടുമുണ്ട്. സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, താന്‍ ഇക്കാര്യം എത്രതവണ പറഞ്ഞിരിക്കുന്നു എന്ന പരിഭവത്തോടെ ഭാര്യ ഒരു ഉത്തരീയം കഴുത്തിലിട്ടുതന്നു.

ആലുവയില്‍ ഇന്ന് പ്രശസ്തമായി മാറിയ ‘പെരിയാര്‍ ക്ലബ്’ (പെരിയാര്‍ ഹോട്ടലല്ല) ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനായോഗങ്ങള്‍ നടക്കുന്ന സമയവുമായിരുന്നു അത്. ഉത്തരീയം അണിഞ്ഞ് ഏതാനും ദിനങ്ങള്‍ കഴിഞ്ഞുകാണും. ക്ലബിന്റെ ഉദ്ഘാടനം തീരുമാനിക്കാന്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതുമുതല്‍ ചെറിയൊരു പുറംവേദന. ക്രമേണ അത് കൂടിക്കൂടി വന്നു.

ഇടയ്ക്കിടെ മുഖം കാണിക്കാനെത്തുന്ന അള്‍സറിന്റെ വേദനയായിരിക്കുമെന്നുകരുതി വീട്ടിലെത്തി. ജലൂസിനും തണുത്ത പാലുമാണ് പ്രതിവിധിയായി സേവിക്കാറ്. ഒരല്‍പം ശമനം തോന്നിയതോടെ ഉറങ്ങാന്‍ കിടന്നു. പക്ഷേ, കുറച്ചുസമയത്തിനുശേഷം നെഞ്ചിന്റെ പിന്‍ഭാഗത്ത് വേദന വീണ്ടും കലശലായി. ചെയ്ത ചില്ലറ പൊടിക്കെകളെയെല്ലാം വിഫലമാക്കി വേദന അസഹനീയമായതോടെ തിരിച്ചറിഞ്ഞു, പൂര്‍ണാരോഗ്യവാനെന്ന് കരുതിയിരുന്ന എന്റെ ഹൃദയം പണിമുടക്കാന്‍ പോകുന്നു.

ഭാര്യയെ വിളിച്ചുണര്‍ത്തി. ഹാര്‍ട്ട് അറ്റാക്കായിരിക്കുമെന്നു പറഞ്ഞതോടെ, എന്തോ ദുരന്തമുഖത്തെത്തിയ അവസ്ഥയിലായി വീട്. ഭാര്യയും ഇളയ കുഞ്ഞുങ്ങളും മാത്രമേ വീട്ടിലുള്ളൂ. മണിക്കൂറുകള്‍ക്കുമുമ്പ് ആരംഭിച്ച ഹൃദയസ്തംഭനത്തിന്റെ സൂചനകള്‍ തിരിച്ചറിയാതെപോയതുമാത്രമല്ല, തണുത്ത പാലു കുടിച്ചതും പ്രശ്‌നമായി. ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് തണുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ അപകടസാധ്യത ഇരട്ടിക്കും.

രക്ഷാദൂതനെപ്പോലെയെത്തിയ അയല്‍വാസിയായ ഗോപിനാഥന്റെ കാറില്‍ ആശുപത്രിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ്, കര്‍മലോത്തരീയം കഴുത്തിലില്ലെന്ന് മനസിലായത്. കുളിക്കാന്‍ നേരം കഴുത്തില്‍നിന്ന് മാറ്റിയ ഉത്തരീയം അണിയാന്‍ മറന്നിരുന്നു. ഞൊടിയിടയില്‍ ഭാര്യ അത് എടുത്തുകൊണ്ടുവരുമ്പോഴേക്കും ഞാന്‍ കുഴഞ്ഞു തുടങ്ങിയിരുന്നു. കാര്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയുടെ കവാടം കടക്കുമ്പോഴേക്കും നാഡിമിടിപ്പുകള്‍ ദുര്‍ബലമാകുന്നത് ഞാന്‍ അറിഞ്ഞു. കഴുത്തിലണിഞ്ഞ കര്‍മലോത്തരീയം വലത്തുകൈകൊണ്ട് ഒന്നുകൂടി ഇറുക്കിപ്പിടിക്കാന്‍ ശ്രമിച്ചു; മരണം അടുത്തുവെന്ന ആശങ്കയില്‍ ഇടത്തുകരംകൊണ്ട് മകന്റെ കുരുന്നുകരവും മുറുകെപ്പിടിച്ചു.

കണ്ണു തുറക്കുമ്പോള്‍ മൂന്നു ദിനം പിന്നിട്ടിരുന്നു. ആയുസു നീട്ടിക്കിട്ടിയെന്നത് സന്തോഷിക്കാനുള്ള കാരണമായിരുന്നെങ്കിലും അസ്വസ്ഥനായിരുന്നു ഞാന്‍. ഹൃദയസ്തംഭനം ശരീരത്തെക്കാള്‍ മനസ്സിനെയാണ് ബാധിച്ചത്. കുടുംബത്തെക്കുറിച്ചും മക്കള്‍ സ്വന്തം കാലില്‍നില്ക്കാന്‍ പ്രാപ്തരായിട്ടില്ലെന്നുംകൂടി ഓര്‍ത്തപ്പോള്‍ ദുഃഖം നിരാശയ്ക്ക് വഴിമാറി.

ആയുസ്സിന്റെ നല്ലപങ്കും പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി ചെലവഴിച്ചിട്ടും ദൈവം എന്തുകൊണ്ട് തന്നെ ശിക്ഷിച്ചു? ആശുപത്രിയുടെ രക്ഷാധികാരികൂടിയായ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ ഉള്‍പ്പെടെ എന്നെ കാണാനെത്തിയവരോടെല്ലാം ചോദിച്ചത് അതുമാത്രമാണ്. ഉത്തരം കിട്ടാതെ നിര്‍വികാരനായി ചടഞ്ഞുകൂടിയ എനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ രണ്ടു വൈദികരെത്തി. പോട്ട ധ്യാനകേന്ദത്തിലെ സുപ്രസിദ്ധ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിലും ഫാ. ജോര്‍ജ് പനയ്ക്കലും.

നിരാശയില്‍നിന്ന് രക്ഷിക്കാന്‍ ആത്മീയതയ്ക്കു മാത്രമേ കഴിയൂവെന്ന് മനസ്സിലാക്കി വിന്‍സെന്‍ഷ്യന്‍ ആശ്രമത്തിലെ കാച്ചപ്പിള്ളിയച്ചന്‍ വിളിച്ചുവരുത്തിയതായിരുന്നു അവരെ. എനിക്കുവേണ്ടി പ്രാര്‍ഥിച്ച അവര്‍, രോഗാവസ്ഥകള്‍ ശിക്ഷയല്ല, ദൈവപദ്ധതിയുടെ ഭാഗമാണെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. അവരുടെ സാമീപ്യവും പ്രാര്‍ത്ഥനയും വാക്കുകളും എന്നിലേക്ക് പ്രത്യാശ പകര്‍ന്നു. അവരുടെ നിര്‍ദേശപ്രകാരം രോഗക്കിടക്കയില്‍നിന്ന് ഞാന്‍ ആദ്യമെത്തിയത് പോട്ട ധ്യാനകേന്ദ്രത്തിലാണ്. അന്ന് അവിടെ കേട്ട വചനങ്ങളും സാക്ഷ്യങ്ങളും എനിക്കുവേണ്ടിമാത്രമുള്ളതായിരുന്നോ? എന്റെ സംശയങ്ങളും അബദ്ധധാരണകള്‍ക്കുമുള്ള ഉത്തരമെല്ലാം അതിലുണ്ടായിരുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഉടന്‍ ഡോ. തോമസ് പോള്‍ നടത്തിയ പരിശോധനടെ ഫലവും ഭയപ്പെടുത്തുന്നതായിരുന്നു. രണ്ടു തവണയാണ് ഹൃദയം പണിമുടക്കിയത്, അതും മാരകമായിത്തന്നെ. കുടുംബത്തിന്റെ പ്രാര്‍ത്ഥനയും പരിശുദ്ധ അമ്മയുടെ സ്വപ്‌നദര്‍ശനമനുസരിച്ച് കഴുത്തിലണിഞ്ഞ കര്‍മലോത്തരീയവുമല്ലാതെ മറ്റൊന്നുമല്ല എനിക്ക് ആയുസ്സു നീട്ടിത്തന്നത്. രക്തക്കുഴലിലെ ബ്ലോക്കുകള്‍ ഞൊടിയിടയില്‍ അകറ്റി ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്ന ‘ആന്‍ജിയോപ്ലാസ്റ്റി’യൊന്നുമില്ലാതിരുന്ന കാലത്തുണ്ടായ രോഗസൗഖ്യം എന്നെമാത്രമല്ല സഹപ്രവര്‍ത്തകരെയും അദ്ഭുതപ്പെടുത്തി. ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്ന എന്റെ മാത്രമല്ല, പലരുടെയും വിശ്വാസവളര്‍ച്ചയ്ക്ക് അത് കാരണമായി എന്നതാണ് മറ്റൊരു അത്ഭുതം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?