Follow Us On

29

March

2024

Friday

മുഖം കാണരുത്!

മുഖം കാണരുത്!

ദൈവമായ കര്‍ത്താവ് പ്രത്യേകം തിരഞ്ഞെടുത്ത നേതാവായിരുന്നിട്ടും മോശയുടെ ഏറ്റം തീവ്രമായ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവം എന്തുകൊണ്ട് നിരസിച്ചു? തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ചുരുളഴിക്കുന്നു ബൈബിൾ പണ്ഡിതനും വാഗ്മിയുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റം.

ദൈവമായ കര്‍ത്താവ് പ്രത്യേകം തിരഞ്ഞെടുത്ത് വഴിനടത്തിയ നേതാവാണ് മോശ. “നീ എന്റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്ക് നന്നായി അറിയാം” (പുറ. 33:17) എന്നു ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് മോശയുടെ ഏറ്റം തീവ്രമായ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവം നിരസിച്ചു? നീ എന്റെ മുഖം കണ്ടുകൂടാ, എന്റെ പിന്‍ഭാഗം കാണാം (പുറ. 33:23) എന്ന് പറയുന്നതെന്തുകൊണ്ട്? എന്താണിതിനര്‍ത്ഥം? തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ കാരണം തിരയുകയാണിവിടെ.

മനസ്സിലാക്കാന്‍ അല്‍പ്പം വിഷമമുള്ള ഒരു പ്രമേയമാണിത്. എന്തുകൊണ്ട് മുഖം കണ്ടുകൂടാ? എന്താ, കര്‍ത്താവിന്റെ മുഖം അത്ര ഭീകരമാണോ എന്നു ചോദിച്ചേക്കാം. അതേസമയം കര്‍ത്താവ് മോശയോട് സ്‌നേഹിതനോടെന്നപോലെ മുഖാഭിമുഖം സംസാരിച്ചിരുന്നു (പുറ. 33:11) എന്ന് എടുത്തു പറയുന്നത് മോശയുടെ ഈ അഭ്യര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പാണെന്ന് നിരീക്ഷിക്കുമ്പോള്‍ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. “കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല” (നിയ. 34:10) എന്ന പ്രസ്താവനയും ഇവിടെ ശ്രദ്ധേയമാകുന്നു.

കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് കര്‍ത്താവിന്റെ മുഖം കാണാന്‍ പാടില്ല എന്ന് പറയുന്നു? രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങളില്‍ നിന്നുവന്നതാണ് ഈ രണ്ടു വിവരണങ്ങള്‍ എന്ന വിശദീകരണം പ്രശ്‌നപരിഹാരമാകുന്നില്ല. അപ്പോള്‍ മോശയുടെ അഭ്യര്‍ത്ഥനയും കര്‍ത്താവിന്റെ മറുപടിയും കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കണം.

കര്‍ത്താവിന്റെ മുഖം കാണണം എന്നല്ല, അവിടുത്തെ “മഹത്വം കാണിച്ചുതരണം” എന്നാണ് മോശ യാചിക്കുന്നത് (പുറ. 33:18). ദൈവം ആയിരിക്കുന്ന വിധത്തില്‍ അവിടുത്തെ ദര്‍ശിക്കുക, അഥവാ കണ്ടറിയുക ഇതാണ് മോശയുടെ ആഗ്രഹം. മനുഷ്യാത്മാവിന്റെ ഏറ്റം അടിസ്ഥാനപരമായ ആഗ്രഹവും ആത്യന്തികമായ ലക്ഷ്യവും ഇതൊന്നുമാത്രമാണ്- ദൈവത്തെ കാണുക.

നിര്‍വൃതിദായകമായ ദൈവദര്‍ശനം എന്നാണ് ഈ ആത്മദാഹത്തെ വിശേഷിപ്പിക്കുക. മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന വാഗ്ദാനവും ഇതുതന്നെയാണ്. “അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും” (1 യോഹ.3:2). എന്നാല്‍, അതു മരണശേഷം മാത്രമായിരിക്കും.

അസാധ്യം ആ കാഴ്ച

ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യന് ദൈവത്തെ അവിടുന്ന് ആയിരിക്കുന്നവിധത്തില്‍ കാണാന്‍ സാധിക്കില്ല. ശരീരത്തിന്റെ പരിമിതികള്‍ അത് അസാധ്യമാക്കിത്തീര്‍ക്കുന്നു. പ്രകാശമില്ലാതെ നമുക്ക് ഒന്നും കാണാന്‍ കഴിയില്ല. എന്നാല്‍, ആയിരം സൂര്യഗോളങ്ങളുടെ പ്രകാശം ഒന്നിച്ച് നമ്മുടെ കണ്ണില്‍ പതിച്ചാലോ? ഇതുതന്നെയാണ് ദൈവദര്‍ശനത്തെ സംബന്ധിച്ച് മോശയ്ക്ക് ലഭിക്കുന്ന ഉത്തരം.

ദൈവത്തിന്റെ മഹത്വം അതിന്റെ പൂര്‍ണതയില്‍ അഥവാ, ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന വിധത്തില്‍ കാണാന്‍ മനുഷ്യന്റെ കഴിവുകള്‍ അപര്യാപ്തമാണ്. അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശക്തമായ വൈദ്യുതിപ്രവാഹമുണ്ടായാല്‍ ഉപകരണങ്ങള്‍ കത്തിപ്പോകും. അതുതന്നെയായിരിക്കും മനുഷ്യനും സംഭവിക്കുക. അതുകൊണ്ടാണ് “എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെ ഇരിക്കുകയില്ല” (പുറ. 33:20) എന്ന് ദൈവം തന്നെ മോശയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നത്.

പാപിയായ മനുഷ്യന് പരിശുദ്ധനായ ദൈവത്തിന്റെമുമ്പില്‍ നില്‍ക്കാനാവില്ല; ആ സാന്നിധ്യബോധം അവനില്‍ ഭയം ജനിപ്പിക്കുന്നു. തീക്കട്ടയുടെ സാമീപ്യത്തില്‍ മഞ്ഞുകട്ടയെന്നപോലെ, ദൈവിക സാന്നിധ്യം പാപിക്ക് താങ്ങാനാവില്ല. ഈ ഒരനുഭവം ബൈബിളില്‍ അനേകം തവണ രേഖപ്പെടുത്തിയിട്ടുണ്ട്. പറുദീസയില്‍ തുടങ്ങിയതാണ് ഈ ഭയം. “ഞാന്‍ നഗ്‌നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്” (ഉല്‍പ്പ. 3:10). സീനായ് മലയില്‍ കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞ മോശ ഭയന്ന് മുഖം മറച്ചു (പുറ. 3:6).

ദൈവദൂതദര്‍ശനത്തില്‍ മനോവാ ഭയന്നു, മരിക്കും എന്നു വിചാരിച്ചു (ന്യായ. 13:22). ദൈവാലയത്തില്‍ ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞ ഏശയ്യാ ഭയന്നു വിറച്ചു: “എനിക്ക് ദുരിതം, ഞാന്‍ നശിച്ചു… എന്തെന്നാല്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്റെ നയനങ്ങള്‍ ദര്‍ശിച്ചു” (ഏശ. 6:5). യേശുവില്‍ ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞ ശിഷ്യര്‍ക്കും ഇതേ അനുഭവമാണുണ്ടായത് (ലൂക്കാ 5:8-10, 19:34).

ദൈവമഹത്വം അതിന്റെ പൂര്‍ണതയില്‍ അഥവാ ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന വിധത്തില്‍ കണ്ടറിയുക എന്നതാണ് ദൈവത്തിന്റെ മുഖം ദര്‍ശിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത് ഈ ഭൂമിയില്‍വെച്ച് സാധ്യമല്ല. എന്നാല്‍, ദൈവം മോശയോടു മുഖാഭിമുഖം സംസാരിച്ചുവെന്ന് പറയുന്നതിന് വേറൊരര്‍ത്ഥമാണുള്ളത്.

മറ്റു പ്രവാചകന്മാര്‍ക്കും ദൈവത്തിന്റെ ശുശ്രൂഷകര്‍ക്കും ദൈവം സ്വപ്‌നത്തിലൂടെയും ആന്തരിക പ്രചോദനത്തിലൂടെയും തന്റെ പദ്ധതികള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, മോശയ്ക്ക് നല്‍കിയ വെളിപാടുകള്‍ കൂടുതല്‍ ആധികാരികമാണെന്ന് ഈ അവതരണശൈലി ഊന്നിപ്പറയുന്നു. പഴയനിയമ പ്രവാചകന്മാരില്‍ ഏറ്റവും വലിയവനാണ് മോശ എന്നേ ഈ വിവരണത്തിന് അര്‍ത്ഥമുള്ളൂ. ദൈവിക വെളിപാടിന്റെ ആധികാരിക ദൂതനാണ് മോശ.

അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത്

പിന്‍ഭാഗം കാണാം എന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട ഒരു പദപ്രയോഗമല്ല. അശരീരിയായ ദൈവത്തിന് എവിടെയാണ് മുമ്പുംപിമ്പും അഥവാ മുഖവും പിന്‍ഭാഗവും? ദൈവം കടന്നുപോയി കഴിയുമ്പോള്‍ പിന്‍ഭാഗം കാണാം. എന്നാല്‍, ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കാണാം എന്ന് ആലങ്കാരികമായി വ്യാഖ്യാനിക്കാം. ചരിത്രത്തിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നു എന്നര്‍ത്ഥം.

ഒരര്‍ത്ഥത്തില്‍ ഈ സൃഷ്ടപ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന വെളിപ്പെടുത്തലുകളാണല്ലോ. “ആകാശം ദൈവമഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു” (സങ്കീ. 19:1). പ്രപഞ്ചത്തിലൂടെ ദൈവത്തെ അറിയാന്‍ കഴിയും എന്ന് വിശുദ്ധ പൗലോസ് ഓര്‍മിപ്പിക്കുന്നുണ്ട് (റോമാ 1:19-20).

കൂടുതല്‍ വ്യക്തമായി ദൈവം മാനവചരിത്രത്തില്‍ ഇടപെട്ട് സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. അതാണല്ലോ ബൈബിള്‍ മുഴുവന്‍, വിശിഷ്യാ ഇസ്രായേല്‍ ജനത്തിന്റെ ചരിത്രം വരച്ചുകാട്ടുന്നത്. തനിക്ക് പ്രത്യക്ഷപ്പെട്ട ദൈവത്തോട് മോശ പേരു ചോദിച്ചു. ദൈവം അതിന് കൊടുത്ത മറുപടി “പ്രവൃത്തിയിലൂടെ സ്വയം വെളിപ്പെടുത്തുന്നവന്‍” എന്നായിരുന്നു.

പേര് ഒരു നിര്‍വചനമാണ്. എന്നാല്‍, ദൈവം എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതനത്രേ. അതിനാല്‍ ‘യാഹ്‌വേ’ എന്ന പേരിന് “ഞാന്‍ ഞാന്‍ തന്നെ” എന്നാണര്‍ത്ഥം. എന്നെ അറിയണമെങ്കില്‍ കൂടെനടക്കണം; ഞാന്‍ ചെയ്യുന്നത് കാണണം. അതുകൊണ്ടാണ് രക്ഷാകരപ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും “ഞാനാണ് കര്‍ത്താവ് (ഞാന്‍ കര്‍ത്താവാണ്) എന്നു നീ അറിയും” എന്ന് ആവര്‍ത്തിക്കുന്നത് (പുറ. 6:7; 11:7; 12:29-36; 14:25; എസെ. 12:20; 36:11; 37:6).

പ്രവൃത്തികളിലൂടെയാണ് ദൈവം ആരെന്ന് സ്വയം വെളിപ്പെടുത്തുന്നത്. അതിനാല്‍ ദൈവം ചെയ്ത മഹത്തായ കാര്യങ്ങള്‍ ഓരോ വ്യക്തിയും ഓര്‍മിക്കണം. സമൂഹം ഒന്നടങ്കം ഈ ഓര്‍മ കാത്തുസൂക്ഷിക്കണം, ആഘോഷിക്കണം, പിന്‍തലമുറകള്‍ക്ക് കൈമാറണം. പെസഹാ, പന്തക്കുസ്താ, കൂടാരത്തിരുനാള്‍ മുതലായ സുപ്രധാന തിരുനാളുകള്‍ ഈ ഓര്‍മ പുതുക്കലിന്റെ അവസരങ്ങളായിരുന്നു.

പിന്‍ഭാഗം എന്നാല്‍?

ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ ഓര്‍മിക്കണം, അവ മക്കളെ പഠിപ്പിക്കണം എന്ന് ദൈവം അനേകം തവണ അനുസ്മരിപ്പിക്കുന്നുണ്ട് (പുറ. 12:26-27; 16:33-34; നിയ. 4:9; 6:20; 26:1-15). ദൈവജനമായി തുടരുന്നതിന് അവശ്യം പാലിക്കേണ്ട നിബന്ധനകളായി നല്‍കപ്പെട്ട 10 കല്‍പ്പനകളില്‍ ആദ്യത്തേതുതന്നെ ഇപ്രകാരം ഒരനുസ്മരണം ആവശ്യപ്പെടുന്നു. “അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്” (പുറ. 20:2).

ചരിത്രത്തിലെ ദൈവത്തിന്റെ ഏറ്റം വലിയ വെളിപ്പെടുത്തലാണ് യേശുക്രിസ്തുവില്‍ സംഭവിച്ചത്: “വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു; അവന്റെ മഹത്വം നാം ദര്‍ശിച്ചു കൃപയും സത്യവും നിറഞ്ഞും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ. 1:14). അങ്ങനെ മോശയുടെ പ്രാര്‍ത്ഥനയ്ക്ക് ഒരു പരിധിവരെ യേശുവില്‍ മറുപടി നല്‍കപ്പെട്ടു.

എന്നാല്‍, ഇതും പൂര്‍ണമായ ഒരു ദര്‍ശനം നല്‍കുന്നില്ല. “ഇപ്പോള്‍ നാം കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു. അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും” (1 കോറി. 13:12). പൂര്‍ണമായ ദൈവദര്‍ശനം മരണാനന്തരമേ സാധ്യമാകൂ എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നു. അതുവരെ നാം അനുസ്മരിക്കണം, ഓര്‍മ പുതുക്കണം, ഓര്‍മയാചരിക്കണം. അതല്ലേ യേശു നല്‍കിയ “എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍” (ലൂക്കാ 22:19) എന്ന കല്‍പ്പന അര്‍ത്ഥമാക്കുന്നത്?

രക്ഷാചരിത്രത്തിലെ വലിയ സംഭവങ്ങളിലൂടെ മാത്രമല്ല ദൈവത്തെ നാം തിരിച്ചറിയുക. വിശ്വാസത്തിന്റെ കണ്ണിലൂടെ വീക്ഷിച്ചാല്‍ നാം കാണുന്ന ഓരോ വസ്തുവിലും ജീവിയിലും നമുക്കുണ്ടാകുന്ന ഓരോ അനുഭവത്തിലും ദൈവത്തിന്റെ കയ്യൊപ്പും കാല്‍പ്പാടും കാണാന്‍ കഴിയും. ഒന്നും യാദൃച്ഛികമല്ല. എല്ലാം അവന്റെ കരുത്തിന്റെയും കരുതലിന്റെയും അസ്തമിക്കാത്ത സ്‌നേഹത്തിന്റെയും ആഴമളക്കാനാവാത്ത കാരുണ്യത്തിന്റെയും വെളിപ്പെടുത്തലുകള്‍ തന്നെ.

അത് തിരിച്ചറിഞ്ഞ്, സന്തോഷത്തോടെ, നന്ദിയോടെ അവിടുത്തെ ചിറകിന്‍കീഴില്‍ ആയിരിക്കുക. ഓരോ ശ്വാസത്തിലും ഹൃദയസ്പന്ദനത്തിലും അവിടുത്തെ കരസ്പര്‍ശം അനുഭവവേദ്യമാകും; അവിടുത്തെ സ്‌നേഹത്തുടിപ്പുകള്‍ കേള്‍ക്കാന്‍ കഴിയും. ഇതുതന്നെയാണ് കടന്നുപോകുന്ന കര്‍ത്താവിന്റെ പിന്‍ഭാഗം കാണുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?