Follow Us On

09

August

2020

Sunday

തടവറ ചാടാം യേശുവിന്റെ ശക്തിയില്‍!

തടവറ ചാടാം യേശുവിന്റെ ശക്തിയില്‍!

ഏതെങ്കിലും കാര്യത്തില്‍ സൗഖ്യവും വിടുതലും ആവശ്യമില്ലാത്തവരായി നമ്മില്‍ ആരുമുണ്ടാവില്ല. കുറെപ്പേര്‍ യേശുവിനെ സമീപിച്ച് അവ നേടുന്നുണ്ട്. പക്ഷേ, അതിന് തയാറാകാത്തവരുടെ എണ്ണവും ഒട്ടും കുറവല്ല. ഏത് ബന്ധനത്തിന്റെയും
തടവറയില്‍നിന്ന് നമ്മെ സ്വതന്ത്രരാക്കാനുള്ള ശക്തി യേശുവിനുണ്ടെന്ന് തിരിച്ചറിയാന്‍ ഇനിയും നാം വൈകരുത്.

ഫാ. ജോസഫ് വയലില്‍

സ്‌നാപകയോഹന്നാനില്‍നിന്ന് സ്‌നാനം സ്വീകരിച്ച യേശുവിനെ പിശാച് മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പരീക്ഷിച്ചു. അതെല്ലാം അതിജീവിച്ച യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയില്‍ തിരിച്ചെത്തി. തുടര്‍ന്ന്, സുവിശേഷം പ്രസംഗിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും തുടങ്ങിയതോടെ അവിടുത്തെ കീര്‍ത്തി സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചു.

അങ്ങനെയിരിക്കെ, താന്‍ വളര്‍ന്ന നസ്രത്തിലെത്തിയ യേശു ഒരു സാബത്തുദിവസം ദൈവാലയത്തിലെത്തി. പഴയനിയമ വായന, അതിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം, പ്രാര്‍ത്ഥന എന്നിവയൊക്കെയാണ് സിനഗോഗില്‍ നടക്കുക. യേശുവാണ് അന്ന് പഴയനിയമം വായിച്ച് പ്രസംഗിച്ചത്. പുസ്തകം തുറന്ന യേശുവിന് കിട്ടിയത് ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 61-ാം അധ്യായം ഒന്നുമുതലുള്ള വചനങ്ങള്‍:

“ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്ക് മോചനവും ബന്ധിതര്‍ക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പെടാനുംവേണ്ടി അവര്‍ക്ക് വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപത്തിനു പകരം ആനന്ദത്തിന്റെ തൈലവും തളര്‍ന്ന മനസിനു പകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ഏശയ്യ 61:1-3).

വായിക്കുന്നവരെയും കേള്‍ക്കുന്നവരെയും സ്പര്‍ശിക്കുന്ന വചനങ്ങളാണ് ഏശയ്യാ പ്രവാചകനെക്കൊണ്ട് ദൈവം എഴുതിപ്പിച്ചത്.  ഈ വചനങ്ങള്‍ പക്ഷേ,നിരവധി ചോദ്യങ്ങളും മനസ്സിലുയര്‍ത്തും. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നവന്‍ ആരാണ്; ആരാണ് ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാന്‍ കഴിവുള്ളവന്‍; തടവുകാരെ മോചിപ്പിക്കാന്‍ ശക്തിയുള്ള ഈ വ്യക്തി ആരാണ്?

ഇങ്ങനെ പോകുന്ന ചോദ്യങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ലായിരുന്നു. എന്നാല്‍, ഇങ്ങനെയുള്ള ഒരാളുടെ സാന്നിധ്യവും സഹായവും എല്ലാവര്‍ക്കും വേണംതാനും. കാരണം, ഓരോ വ്യക്തിയും ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധനം അനുഭവിക്കുന്നുണ്ട്. അത് രോഗങ്ങളുടെ തടവറയാകാം. ആന്തരിക മുറിവുകളുടെ തടവറയാകാം. പാപത്തിന്റെ ബന്ധനമാകാം. നിരാശയുടെ തടവറയാകാം. നിസഹായതയുടെ, ഏകാന്തതയുടെ, അവഗണനയുടെ, കുറ്റബോധത്തിന്റെ, പരാജയബോധത്തിന്റെ, അഹന്തയുടെ തടവറകളാകാം.

ഇത്തരം തടവറയില്‍ കിടക്കുന്നവര്‍ പലവിധത്തിലാണ് പ്രതികരിക്കുന്നത്. ചിലര്‍ മോചനം ആഗ്രഹിക്കുന്നു. പക്ഷേ, അതിനായി ഒന്നും ചെയ്യില്ല. മറ്റൊരു കൂട്ടര്‍ മോചനം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നെങ്കിലും മോചനം കിട്ടുന്നില്ല. മൂന്നാമതൊരു കൂട്ടര്‍ തടവറ അനുഭവങ്ങളോട് പൊരുത്തപ്പെട്ട് മോചനംവേണമെന്ന ആഗ്രഹംപോലും ഇല്ലാതെ ജീവിക്കുന്നു. ഇനിയും വേറൊരു കൂട്ടരുണ്ട്. തടവറയിലാണെന്നോ മോചനം ഉണ്ടെന്നോപോലും അവര്‍ക്ക് അറിയില്ല.

ഇങ്ങനെ വ്യത്യസ്തരായ ആത്മീയ, മാനസിക, ശാരീരിക അവസ്ഥയില്‍ ഉള്ളവരാണ് സിനഗോഗില്‍ സമ്മേളിച്ചിരുന്നത്. വായന പൂര്‍ത്തിയാക്കി യേശു ആ ജനത്തോട് പറഞ്ഞു: “ഈ വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന ഒരാള്‍ ഉണ്ടല്ലോ. ബന്ധനങ്ങള്‍ അഴിക്കുന്ന, മുറിവുകള്‍ വച്ചുകെട്ടുന്ന, രോഗങ്ങള്‍ സുഖപ്പെടുത്തുന്ന, സങ്കടങ്ങള്‍ മാറ്റി സന്തോഷം തരുന്ന വ്യക്തി. അത് ഞാന്‍തന്നെയാണ്.”

യേശു അതു പറഞ്ഞപ്പോള്‍ കേള്‍വിക്കാര്‍ പലവിധത്തില്‍ പ്രതികരിച്ചു. എല്ലാവരും യേശുവിനെ ഓര്‍ത്ത് അത്ഭുതപ്പെട്ടു. എന്നാല്‍, യേശു തുടര്‍ന്നു പറഞ്ഞ ഏതാനും വചനങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ അവരെല്ലാം കോപാകുലരായി. മലയുടെ മുകളില്‍നിന്ന് താഴ്‌വാരത്തേക്ക് തള്ളിയിട്ട് കൊല്ലാന്‍ അവര്‍ യേശുവിനെ മലമുകളിലേക്ക് കൊണ്ടുപോയി. എന്നാല്‍, അവര്‍ക്ക് അങ്ങനെ യേശുവിനെ കൊല്ലാന്‍ കഴിഞ്ഞില്ല.

ആ വ്യക്തി ഞാന്‍തന്നെയാണെന്ന യേശുവിന്റെ അവകാശവാക്കുകള്‍ കേട്ട് അത്ഭുതപ്പെടുകയും യേശുവിനെ പ്രശംസിക്കുകയും ചെയ്ത ജനങ്ങള്‍ ആ പ്രശംസയും അത്ഭുതവും നിലനിര്‍ത്തിയിരുന്നെങ്കില്‍ യേശു അവകാശപ്പെട്ട കാര്യങ്ങള്‍ യേശുവഴി അവരുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നു, യേശു അവരുടെ ബന്ധനങ്ങള്‍ അഴിക്കുമായിരുന്നു, ദുഃഖിതരെ ആശ്വസിപ്പിക്കുമായിരുന്നു, രോഗികളെ സുഖപ്പെടുത്തുമായിരുന്നു, പാപികളെ സൗഖ്യത്തിലേക്കും പാപമോചനത്തിലേക്കും കൊണ്ടുവരുമായിരുന്നു.

എന്നാല്‍, പെട്ടെന്ന് കോപാകുലരായി യേശുവിന് എതിരാവുകയും യേശുവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇതൊന്നും അവര്‍ക്ക് നേടാനായില്ല. എന്നാല്‍, കോപം തണുത്ത്, യേശുവിന്റെ ശക്തി മനസ്സിലാക്കി പിന്നീട് മോചനത്തിനായി ധാരാളംപേര്‍ തനിച്ചും കൂട്ടമായും യേശുവിന്റെ അടുത്ത് ചെന്നിട്ടുണ്ട്. അവര്‍ക്കെല്ലാം യേശു ആന്തരികമുറിവുകളില്‍നിന്നും രോഗങ്ങളില്‍നിന്നും പാപത്തില്‍നിന്നുമെല്ലാം മോചനം നല്‍കിയിട്ടുമുണ്ട്. യേശുവിന്റെ ശക്തി മനസ്സിലാക്കിയവരാണ് മോചനത്തിനുവേണ്ടി യേശുവിനെ സമീപിച്ചത്; സൗഖ്യം നേടിയത്. സൗഖ്യം ആവശ്യമായിരുന്നെങ്കിലും അവിടുത്തെ സമീപിക്കാന്‍ തയാറാകാത്തതിനാല്‍ മറ്റുള്ളവര്‍ക്ക് യേശുവിലൂടെ വിമോചനം കിട്ടിയില്ല.

നമ്മില്‍ എല്ലാവരുംതന്നെ ഓരോരോ കാര്യത്തില്‍ സൗഖ്യവും വിടുതലും ആവശ്യമുള്ളവരല്ലേ? നമ്മില്‍ കുറെപ്പേര്‍ യേശുവിനെ സമീപിച്ച് അവ നേടുന്നുമുണ്ട്. എന്നാല്‍, നിരവധിപേര്‍ അതിന് തയാറല്ല. തടവറയില്‍ ആയിരിക്കാനും അവര്‍ ഇഷ്ടപ്പെടുന്നു. നമ്മെ സ്വതന്ത്രരാക്കാനുള്ള ശക്തിയും അഭിഷേകവും യേശുവിനുണ്ടെന്ന് തിരിച്ചറിയാം. ആ ശക്തി പരമാവധി ഉപയോഗപ്പെടുത്താം. ഇപ്പോഴുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ക്രിസ്തുനാഥന്‍ നമുക്ക് അനുഗ്രഹം പകരും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?