Follow Us On

18

April

2024

Thursday

ദൈവത്തെ തോൽപ്പിക്കുന്നവർ

ദൈവത്തെ തോൽപ്പിക്കുന്നവർ

ആഗോള ക്രിസ്തീയ സഭകളുടെ എതിർപ്പുകൾ തള്ളിക്കളഞ്ഞ തുർക്കിയുടെ നടപടിയെ തുടർന്ന് ഹഗിയ സോഫിയയിൽനിന്ന് ബാങ്കുവിളി ഉയരുമ്പോൾ യഥാർത്ഥത്തിൽ പ്രതിധ്വനിക്കുന്നത് ദൈവസ്തുതിതന്നെയാണോ?

റോയി അഗസ്റ്റിൻ, മസ്‌കറ്റ്

ചില മനുഷ്യരിങ്ങനെയാണ്. ദൈവത്തിന്റെ പേരിൽ ദൈവത്തെത്തന്നെ തോൽപ്പിച്ചു കൊണ്ടിരിക്കും. നന്മയാണെന്ന വ്യാജേന തിന്മയെ പരിണയിക്കുന്നവരും പ്രചരിപ്പിക്കുന്നവരും പ്രവർത്തിക്കുന്നവരുമെല്ലാം ദൈവത്തെ തോൽപ്പിക്കുന്നവരാണ്. ഭീകരവാദികളും മതമൗലികവാദികളുമുൾപ്പെടുന്ന ആ ശ്രേണിയിലേക്കെത്തുകയാണ് തുർക്കിയുടെ പ്രസിഡന്റായ റജബ് ത്വയിബ് എർദോഗൻ.

തുർക്കിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റ് സിന്റെ വിധിയെന്ന പേരിൽ ദൈവമാതാവിന്റെ നാമധേയത്തിലുള്ള, പരിശുദ്ധ ജ്ഞാനം എന്നു വിളിക്കപ്പെടുന്ന ഇസ്താംബൂളിലെ ഹഗിയ സോഫിയ കത്തീഡ്രലിനെ മുസ്ലീം ആരാധനാകേന്ദ്രമാക്കിയപ്പോൾ മതമൗലികവാദികൾക്ക് എർദോഗാൻ വീരപുരുഷനായെങ്കിലും ദൈവം കണ്ണീർ വാർത്തിട്ടുണ്ടെന്ന് തീർച്ച.

ഇന്ത്യയിൽ ബാബറി മസ്ജിദ് തകർത്തപ്പോഴും, നൈജീരിയയിൽ ക്രിസ്ത്യാനികളെ മുച്ചൂടും മുടിക്കുമ്പോഴും, ശ്രീലങ്കയിലെ ദൈവാലയത്തിൽ ബോംബു പൊട്ടിച്ച് മനുഷ്യരെ കൊന്നൊടുക്കിയപ്പോഴുമൊക്കെ തോറ്റുപോയ ദൈവം വീണ്ടും തോൽപ്പിക്കപ്പെട്ടിരിക്കുന്നു. ഹഗിയ സോഫിയയിൽ ഇപ്പോൾ മുഴങ്ങുന്ന ബാങ്കുവിളികൾക്കും നിസ്‌കാരങ്ങൾക്കും പ്രാർത്ഥനകൾക്കു മൊന്നും ദൈവത്തിന്റെ ഹൃദയത്തിൽ ഒരു ചെറു ചലനംപോലും ഉണ്ടാക്കാനായിട്ടില്ലെന്നു നിശ്ചയം.

തുർക്കിയുടെ നടപടിയിൽ ദുഃഖം രേഖപ്പെടുത്തി ‘ഇസ്താംബൂളിനെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു’ എന്ന് പരിതപിച്ച ഫ്രാൻസിസ് പാപ്പയെ, മോസ്‌ക്കാക്കി മാറ്റിയ ദൈവാലയത്തിൽ ഇപ്പോൾ നടക്കുന്ന നിസ്‌കാരത്തിലേക്ക് പരിഹാസപൂർവം ക്ഷണിക്കുകയെന്ന നിന്ദ്യമായ പ്രവർത്തിക്കുംകൂടി മുതിർന്നതോടെ എത്ര ചെറുതും വികലമായ മനസുള്ള വ്യക്തിയാണ് താന്നെന്നുകൂടി എർദോഗൻ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു.

ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓർത്തഡോക്‌സ് സഭയും മുന്നൂറ്റമ്പതോളം ക്രൈസ്തവ സഭകൾ ഉൾപ്പെടുന്ന ‘വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും’ ആവശ്യപ്പെടുകയും ലോക പൈതൃക പദവിയിലുള്ള ഹഗിയ സോഫിയ മുസ്ലീം ആരാധനാലയമാക്കി മാറ്റിയതിൽ യുനസ്‌കോ അടക്കമുള്ള ലോക സംഘടനകൾ എതിർപ്പറിയിച്ചിട്ടും അമേരിക്കയും റഷ്യയുമുൾപ്പെടെയുള്ള വൻ ശക്തികൾ രോഷം പ്രകടിപ്പിച്ചിട്ടും തന്റെ തീരുമാനത്തിൽനിന്ന് അണുവിട ചലിക്കാൻ തയാറാകാത്ത എർദോഗൻ താൻ ഇസ്ലാമിക മൗലികവാദികളുടെ മാനസപുത്രനാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അന്ധമായ ഈ കാഴ്ചപ്പാടിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളൊന്നും ഹൃദയത്തിന്റെ മിഴികളടഞ്ഞുപോയ ആ ഭരണാധികാരിക്കു പ്രശ്‌നമല്ല.

ബൈസന്റൈൻ വാസ്തുശില്പകലയുടെ മകടോദാഹരണമായി ലോകം പരിഗണിക്കുന്ന ഹഗിയ സോഫിയ ദൈവാലയത്തിന് ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമുണ്ട്. ഇപ്പോൾ ഇസ്താംബുൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ പേരിനു കാരണഭൂതനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് ഈ ദൈവാലയത്തിന്റെ ആദിമ നിർമിതി പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ പിൻഗാമിയായ ഒന്നാം ജസ്റ്റീനിയൻ ചക്രവർത്തിയാണ് ഇന്നു കാണും വിധത്തിലേക്ക് ഹഗിയ സോഫിയ പുതുക്കിപ്പണിതത്.

1453ൽ ഒട്ടാമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ഹഗിയ സോഫിയ കത്തീഡ്രലിനെ മുസ്ലീം പള്ളിയാക്കി മാറ്റി. എന്നാൽ, 1935ൽ തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും പുരോഗമനവാദിയുമായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക്, മോസ്‌കിനെ ദേശീയ മ്യൂസിയമാക്കി മാറ്റി. അതൊരു തെറ്റുതിരുത്തലായിരുന്നു.എന്നാൽ മതമൗലികവാദിയും ഇസ്ലാമിക ഭീകരതയുടെ വ്യക്താവും സംരക്ഷകനുമായ എർദോഗൻ 2014ൽ പ്രസിഡന്റായതോടെ തുർക്കിയെ ഇരുണ്ട കാലഘട്ടത്തിലേക്കു മടക്കിക്കൊണ്ടു പോകുന്ന പല തീരുമാനങ്ങളുമുണ്ടായതിൽ ഏറ്റവും ഒടുവിലത്തേതാണ് ഹഗിയ സോഫിയയുടേത്.

തന്റെ ഭരണകാലത്ത് രാജ്യത്തെ തകർച്ചയിലേക്ക് തള്ളിവിട്ടതിന്റെ പേരിൽ നിശിതവിമർശനങ്ങൾക്ക് വിധേയനാകുന്ന എർദോഗാന്റേത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തുതന്നെ ആയിരുന്നാലും ലോകത്തെ ഏറ്റവും പ്രമുഖ മത സമൂഹത്തിന്റെ വികാരങ്ങളെ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ് തീർത്തും സങ്കുചിത താൽപ്പര്യങ്ങളോടെ തീരുമാനമെടുക്കുന്ന എർദോഗൻ പരിഷ്‌കൃത സമൂഹത്തിനു കളങ്കമാണെന്നു തന്നെ പറയേണ്ടി വരുന്നു.

സമൂഹത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്ന ഭീഷണിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരരൂപം പ്രാപിച്ചു വരുന്ന സങ്കുചിത ചിന്തയുടെയും അസഹിഷ്ണുതയുടെയും അപ്പസ്‌തോലനാ കാനാണ് എർദോഗൻ ശ്രമിക്കുന്നത്. മതതീവ്രവാദം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളുടെ പേരിൽ ഒരു കാലത്ത് ജയിലിൽ അടക്കപ്പെട്ടിട്ടുള്ള എർദോഗനിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതു തന്നെ തെറ്റ്.

നൊബേൽ സമ്മാന ജേതാവും തുർക്കിയിലെ സുപ്രസിദ്ധ സാഹിത്യകാരനുമായ ഒർഹാൻ പാമുക്കിന്റെ പ്രതികരണം ശ്രദ്ധിക്കുക: ‘ഈ തീരുമാനത്തിൽ ഞാൻ ദുഃഖിതനും കോപാകുലനുമാണ്. സെക്കുലറായ ഒരേയൊരു മുസ്ലീം രാജ്യം എന്നു പറഞ്ഞ് തുർക്കി ഏറെ അഭിമാനിച്ചിരുന്നു. ഹഗിയ സോഫിയ അതിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു. ആ അഭിമാനത്തെ അവർ രാജ്യത്തുനിന്ന് എടുത്തുമാറ്റിയിരിക്കുന്നു. താഴികക്കുടങ്ങളാലും മിനാരങ്ങളാലും ഇസ്താംബൂളിന്റെ ചക്രവാളങ്ങളെ അടയാളപ്പെടുത്തിയിരുന്ന ആ ചരിത്ര നിർമിതിയെ സ്മാരകമാക്കിയപ്പോൾ ആധുനിക തുർക്കിയുടെ പിതാവ് കമാൽ അത്താതുർക്ക് ലോകത്തിനു നൽകിയത് മഹത്തായൊരു സന്ദേശമായിരുന്നു. ഞങ്ങൾ മതേതരത്വത്തിൽ വിശ്വസിക്കുന്നു. ഞങ്ങൾ പുരോഗമന വാദികളാണ്. ദയവായി ഞങ്ങളെയും നിങ്ങളിൽ ഒരാളായി കാണുക എന്ന സന്ദേശം. ഇത് മുസ്ലീം പള്ളിയാക്കുമ്പോൾ തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, അതൊരു വലിയ തെറ്റായി അവശേഷിക്കും.’

തുർക്കിയുടെ മതേതരഹൃദയത്തിന്റെ വേദനയും മതതീവ്രവാദത്തോടുള്ള രോഷവും പാമുക്കിന്റെ വാക്കുകളിൽ മുഴങ്ങുന്നുണ്ടെങ്കിലും അതുപക്ഷേ ഹഗിയ സോഫിയയിലെ നിലച്ചുപോയ പള്ളിമണികൾപോലെ അവഗണിക്കപ്പെട്ടിരിക്കുന്നു. എന്നാലൊരു കാര്യം ഉറപ്പ്: 970 വർഷക്കാലം ഈ കത്തീഡ്രലിൽനിന്ന് ഉയർന്ന പള്ളിമണികൾ തുർക്കിയുടെ ചരിത്രത്തെ അസ്വസ്ഥമാക്കു കയും എർദോഗന്റെ ഉറക്കം കെടുത്തുകയും ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?