Follow Us On

29

November

2020

Sunday

ഇംഗ്ലണ്ടിലെ സഭയ്ക്ക് കേരള സഭയുടെ ഇരട്ട സമ്മാനം! ജേക്കബും പ്രമീളും പെർമനന്റ് ഡീക്കൻ ശുശ്രൂഷയിലേക്ക്

ഇംഗ്ലണ്ടിലെ സഭയ്ക്ക് കേരള സഭയുടെ ഇരട്ട സമ്മാനം! ജേക്കബും പ്രമീളും പെർമനന്റ് ഡീക്കൻ ശുശ്രൂഷയിലേക്ക്

ബിജു നീണ്ടൂർ

ലണ്ടൻ: ഇംഗ്ലണ്ടിലെ മലയാളി കത്തോലിക്കർക്ക് അഭിമാന നിമിഷം സമ്മാനിച്ച് ജേക്കബ് ചെറിയാനും പ്രമീൾ ജോസഫും പെർമനന്റ് ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെടുന്നു. അജപാലന ശുശ്രൂഷയിൽ സഹായിക്കാൻ വിവാഹിതരായ പുരുഷന്മാർക്ക് പ്രത്യേകം പരിശീലനം നൽകിയശേഷം നൽകുന്ന ശുശ്രൂഷാ പദവിയാണ് പെർമനന്റ് ഡീക്കൻ പട്ടം. ദിവ്യബലി അർപ്പണം, കുമ്പസാരം എന്നിവ ഒഴികെയുള്ള അജപാലന ശുശ്രൂഷകൾ നിർവഹിക്കാൻ പെർമനന്റ് ഡീക്കന്മാർക്ക് അധികാരമുണ്ട്.

ഈസ്റ്റ് ആംഗ്ലിയ കത്തോലിക്കാ രൂപതയ്ക്കുവേണ്ടിയാണ് ഇരുവരും പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കുന്നത്. നോർവിച്ചിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലാണ് വേദി. ജൂലൈ 29 രാവിലെ 11.30ന്‌ ജേക്കബ് ചെറിയാനും ജൂലൈ 30 രാവിലെ 11.30ന് പ്രമീൾ ജോസഫും ഈസ്റ്റ് ആംഗ്ലിക്കൻ ബിഷപ്പ് അലൻ ഹോപ്പ്‌സിന്റെ കൈവെപ്പ് ശുശ്രൂഷവഴി പെർമനന്റ് ഡീക്കൻ പട്ടം സ്വീകരിക്കും. ജൂൺ 13ന് ഒരുമിച്ച് നടക്കേണ്ടിയിരുന്നു അഭിഷേക കർമം, കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രണ്ട് ദിനങ്ങളിലായി പുനക്രമീകരിക്കുകയായിരുന്നു.

ജേക്കബ് ചെറിയാൻ കുടുംബത്തോടൊപ്പം.

പീറ്റർബറോ സ്വദേശികളായ ജേക്കബും പ്രമീളും ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെടുമ്പോൾ സമാനതകൾ ഏറെയാണ്. പെർമനന്റ് ഡീക്കനാകാനുള്ള ദൈവഹിതം തിരിച്ചറിഞ്ഞ് ഒരുക്കം തുടങ്ങിയത്‌ ഇരുവരും ഒരുമിച്ചായിരുന്നു. കഴിഞ്ഞ നാലു വർഷമായി ടിക്കൻഹാം സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി, വോൺറെഷ്‌ സെന്റ് ജോൺസ് സെമിനാരി എന്നിവിടങ്ങളിൽ ഒരുമിച്ചായിരുന്നു പരിശീലനവും. ഇപ്പോഴിതാ, ഇരുവരും ശുശ്രൂഷാമേഖലയാക്കിയിരിക്കുന്നതും ജയിൽ മിനിസ്ട്രിതന്നെ.

എറണാകുളം ഞാറയ്ക്കൽ സെന്റ് മേരീസ് ഇടവകാംഗമായ ജേക്കബ് ചെറിയാന് നീണ്ട വർഷങ്ങളുടെ സ്വപ്‌നസാഫല്യമാണ് പെർമനന്റ് ഡീക്കൻ പട്ടം. പരസ്യമായ ആരാധനകൾ വിലക്കപ്പെട്ട സൗദിയിലെ ജീവിതകാലമാണ് ജേക്കബിന്റെ ജീവിതത്തിൽ നിർണായകമായത്. ദൈവാനുഭവത്തിലേക്ക് കടന്നുവന്ന അദ്ദേഹം അവിടെ കുടുംബസമേതമുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്ക് നേതൃത്വം വഹിക്കുന്നതിലും വ്യാപൃതനായി. യു.കെയിൽ എത്തിയശേഷവും കുടുംബമൊന്നിച്ച് ഇടവക പ്രാർത്ഥനാകൂട്ടായ്മകളിൽ സജീവമാണ് ജേക്കബ്. ഭാര്യ: റോസിലി ജേക്കബ്‌. മക്കൾ: ഐസക്ക്, അബ്രഹാം, ജോസഫ്.

പ്രമീൾ ജോസഫ് കുടുംബത്തോടൊപ്പം.

തൊടുപുഴ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ പ്രമീൾ ജോസഫിന് ഇത് മുടങ്ങിപ്പോയ ദൈവവിളിയിലേക്കുള്ള പുനഃപ്രവേശനമാണ്. സെമിനാരി പഠനത്തോട് പാതിവഴിയിൽ വിടചൊല്ലി കുടുംബജീവിതം തിരഞ്ഞെടുത്ത പ്രമീൾ പെർമനന്റ് ഡീക്കൻസ് ശുശ്രൂഷയിലൂടെ തന്റെ ദൈവവിളിക്ക് ഉത്തരം കൊടുക്കാനാകുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ. ഭാര്യ ബിജി മോൾ പീറ്റർബറോ സിറ്റി ഹോസ്പിറ്റലിൽ ഡെപ്യൂട്ടി സ്റ്റാഫാണ്. മക്കൾ: ക്ലെമന്റ്, കാൽവിൻ, ക്ലെറ്റൻ.

ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരുടെ മാനസാന്തരവും അവരുടെ വിശ്വാസ, ധാർമിക മൂല്യങ്ങളിലെ ശക്തീകരണവും മുതൽ അവർക്ക് കൗദാശിക ജീവിതം ഉറപ്പാക്കുന്നതുവരെയുള്ള ശുശ്രൂഷകളാണ് പ്രിസൺ ചാപ്ലൈന്മാരാകുന്ന ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. പീറ്റർബറോയ്ക്ക് സമീപമുള്ള വൈറ്റ്മൂർ പ്രിസണിലാണ് ജേക്കബ്  ശുശ്രൂഷ ചെയ്യുക. പ്രമീളിന്റെ ശുശ്രൂഷ പീറ്റർബറോയ്ക്ക് സമീപമുള്ള ലിറ്റിൽഹേ പ്രീസണിലും.

ജേക്കബ് ചെറിയാനെ പെർമനന്റ് ഡീക്കൻ പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങൾ തത്‌സമയം കാണാൻ ക്ലിക്ക് ചെയ്യുക. (ജൂലൈ 29 രാവിലെ 11.30)

പ്രമീൾ ജോസഫിനെ പെർമനന്റ് ഡീക്കൻ പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങൾ തത്‌സമയം കാണാൻ ക്ലിക്ക് ചെയ്യുക. (ജൂലൈ 30 രാവിലെ 11.30)

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?