Follow Us On

27

January

2021

Wednesday

ബത്തേരി നമ്പ്യാർകുന്ന് ആശ്രമ സ്ഥാപകൻ ഫാ. സിൽവസ്റ്റർ കോഴിമണ്ണിൽ നിര്യാതനായി

ബത്തേരി നമ്പ്യാർകുന്ന് ആശ്രമ സ്ഥാപകൻ ഫാ. സിൽവസ്റ്റർ കോഴിമണ്ണിൽ നിര്യാതനായി

വയനാട്: ബത്തേരി നമ്പ്യാർകുന്ന് ധ്യാനാശ്രമ സ്ഥാപകനും സുപ്പീരിയറും വാഗമൺ കുരിശുമല ആശ്രമത്തിലെ പ്രാരംഭ സന്യാസികളിലൊരാളുമായ ഫാ. സിൽവസ്റ്റർ കോഴിമണ്ണിൽ (90) നിര്യാതനായി. പൗരോഹിത്യ ജീവിതത്തന്റെ സുവർണ ജൂബിലീ വർഷത്തിലാണ് ഇദ്ദേഹത്തിന്റെ വിയോഗം. ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, ഫാ. ടോണി കോഴിമണ്ണിൽ എന്നിവരുടെ കാർമിതത്വത്തിൽ ബത്തേരി സെന്റ് തോമസ് കത്തീഡ്രലിലായിരുന്നു (ജൂലൈ 28) മൃത സംസ്‌കാരകർമം. മേജർ ആർച്ച്ബിഷപ്പ് സിറിൾ മാർ ബസേലിയോസ് കാതാലിക്കാ ബാവയുടെ സഹപാഠിയുമായിരുന്നു ഫാ. സിൽവസ്റ്റർ.

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാല അൽമായ നേതാക്കളിലൊരാളും ചങ്ങനാശ്ശേരി, തിരുവല്ല രൂപതകളിൽ അൽമായ പ്രേഷിതനുമായിരുന്ന തിരുവല്ല പുറമറ്റം കോഴിമണ്ണിൽ പരേതനായ ചാക്കോ ഉപദേശിയുടെ യും അന്നാമ്മയുടെയും മകനായി 1931 ജൂൺ 10നാണ് ജനനം. കുട്ടിക്കാലത്തുതന്നെ വായിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവചരിത്രമാണ് ആത്മീയവഴിയിൽ മാർഗദീപമായത്.

പിന്നീട് ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസായി അഭിഷിക്തനായ ഫാ. ബനഡിക്ട് ഒ.ഐ.സിയാണ് ദൈവവിളിക്കുവേണ്ടി പ്രാർത്ഥിച്ചൊരുങ്ങാൻ പ്രചോദനമേകിയത്. 1950ൽ തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തിൽ അർത്ഥിയായി ചേർന്നു. കുരിശുമല ആശ്രമ സ്ഥാപകരായ ഫാ. ഫ്രാൻസിസ്, ഫാ. ബീഡ് ഗിഫ്റ്റി എന്നിവരുമായുള്ള അടുപ്പമാണ് ബ്രദർ സിൽവസ്റ്ററിന് കുരിശുമല ആശ്രമാംഗമാകാൻ പ്രേരണയായത്. പൂനാ പേപ്പൽ സെമിനാരിയിലായിരുന്നു പഠനം. 1970 ഫെബ്രുവരി 18ൽ ഭാഗ്യസ്മരണാർഹരായ സഖറിയാസ് മാർ അത്തനാസിയോസിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ച് സന്യാസവൈദികനായി.

സിറിൾ മാർ ബസേലിയോസ് ബത്തേരി രൂപതാ ബിഷപ്പായി അഭിഷിക്തനായതിനെ തുടർന്ന്, നമ്പ്യാർക്കുന്ന് ധ്യാനാശ്രമം സ്ഥാപിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു. 1979 ഓഗസ്റ്റ് 15ന് തുടക്കം കുറിച്ച ആശ്രമം വത്തിക്കാന്റെ ‘സൂയി ജൂറിസ്’ (പൗരസ്ത്യ സഭകളുടെ കീഴിൽ ധ്യാനാത്മക ജീവിതം നയിക്കുന്നവർക്കുവേണ്ടി സ്ഥാപിതമായ സ്വയാധികാരമുള്ള ആശ്രമം) അംഗീകാരം നേടിയ ഭാരതത്തിലെ ഏക ആശ്രമമാണ്. 2000 ഒക്ടോബർ നാലിനാണ് വത്തിക്കാൻ ഈ പദവി സമ്മാനിച്ചത്. ഇവിടെനിന്ന് പരിശീലനം നേടിയ വൈദികർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശുശ്രൂഷ ചെയ്യുന്നുണ്ട്.

കന്നുകാലി ചികിത്‌സയിൽ വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹം രചിച്ച ‘പശുപരിപാലനം’ എന്ന ഗ്രന്ഥം ഈ മേഖലയിലെ ശ്രദ്ധേയ രചനകളിലൊന്നാണ്. കന്നുകാലി പരിപാലനത്തെ കുറിച്ച് അറിവുനേടാൻ ക്ഷീരകർഷകർ ഇന്നും ഈ ഗ്രന്ഥം ഉപയോഗപ്പെടുത്തുന്നുണ്ട്. നൂതന രീതികൾ കുരിശുമല ഫാമിൽ നടപ്പാക്കിയതിനു പിന്നിലും ഇദ്ദേഹം തന്നെയായിരുന്നു.

സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, കെ.സി വർഗീസ്, കെ.സി ചാക്കോ, കെ.സി മത്തായി, കെ.സി തോമസ്, കെ.സി അബ്രഹാം, കെ.സി ഫ്രാൻസിസ്, കെ.സി ജോസഫ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?