വത്തിക്കാൻ സിറ്റി: മഹാമാരി മൂലം ഒറ്റപ്പെട്ടുപോയ വയോധികരോടുള്ള സ്നേഹവും കരുതലും വ്യക്തമാക്കാൻ വിശേഷാൽ കാംപെയിന് ആഹ്വാനംചെയ്ത് വത്തിക്കാൻ. മുത്തശ്ശനെയും മുത്തശ്ശിയേയും ഒറ്റയ്ക്കാക്കരുതെന്ന് യുവജനങ്ങളെ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ്, ‘അൽമായർക്കും ജീവനും കുടുംബത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’ കാംപെയിൻ പ്രഖ്യാപിച്ചത്.
ഫോണിലൂടെയും ഓൺലൈനിലൂടെയും പ്രായമായവരുമായി യുവജനങ്ങൾ ആശയവിനിമയം നടത്തുന്ന ഉദാഹരണങ്ങൾ പരാമർശിച്ചുകൊണ്ടാണ് ‘ദ എൽഡേർളി ആർ യുവർ ഗ്രാന്റ്പാരൻസ്’എന്ന പേരിൽ കാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത്. ‘ഒരു ഫോൺ കോളിലൂടെയോ വീഡിയോ കോളിലൂടെയോ കാർഡ് അയച്ചോ, സുരക്ഷാ നടപടികൾ അനുവദിക്കുമെങ്കിൽ നേരിട്ട് സന്ദർശനം നടത്തിയോ നാം അവരോടൊപ്പമുണ്ടെന്ന ചിന്ത പകരണം,’ പത്രക്കുറിപ്പിലൂടെ വത്തിക്കാൻ ഡിക്കാസ്റ്ററി അറിയിച്ചു.
ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ‘സെൻഡ് യുവർ ഹഗ്’ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും ഡിക്കാസ്റ്ററി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവ ഡിക്കാസ്റ്ററിയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കും. യുവജനങ്ങളും മുതിർന്നവരും തമ്മിലുള്ള ഐക്യവും സ്നേഹവും വളരുന്ന ഒരു ലോകമെന്ന ഫ്രാൻസിസ് പാപ്പയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കാംപെയിൻ സഹായിക്കുമെന്ന പ്രതീക്ഷയും ഡിക്കാസ്റ്ററി പങ്കുവെച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജോവാക്കിം, വിശുദ്ധ ഹന്ന എന്നിവരുടെ തിരുനാൾ ദിനത്തിലാണ്, വയോധികർ ഓരോരുത്തരുടെയും മുത്തശ്ശനോ മുത്തശ്ശിയോ ആണെന്നും അവരെ ഒറ്റയ്ക്കാക്കരുതെന്നും ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചത്: ‘വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും ഒറ്റയ്ക്കായിരിക്കുന്നവരും മാസങ്ങളായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതെ കഴിയുന്നവരുമായ വയോധികരോട് സ്നേഹാർദ്രത പ്രകടിപ്പിക്കണം. അവർ നിങ്ങളുടെ ജീവിതത്തിന്റെ വേരുകളാണ്. വേരിൽനിന്ന് വിച്ഛേദിക്കപ്പെട്ട വൃക്ഷം വളരുകയോ പുഷ്പ്പിക്കുകയോ ഫലം പുറപ്പെടുവിക്കുകയോ ചെയ്യില്ല.’
Leave a Comment
Your email address will not be published. Required fields are marked with *