Follow Us On

29

November

2020

Sunday

റഷ്യൻ പിന്തുണയോടെ ഹഗിയ സോഫിയ ദൈവാലയം ഉയരും സിറിയൻ മണ്ണിൽ; സിറിയൻ പ്രഖ്യാപനം ചർച്ചയാകുന്നു

റഷ്യൻ പിന്തുണയോടെ ഹഗിയ സോഫിയ ദൈവാലയം ഉയരും സിറിയൻ മണ്ണിൽ; സിറിയൻ പ്രഖ്യാപനം ചർച്ചയാകുന്നു

ദമാസ്‌ക്കസ്: തുർക്കി ഭരണകൂടം മുസ്ലീം പള്ളിയാക്കി മാറ്റിയ ഹഗിയ സോഫിയ ദൈവാലയം റഷ്യയുടെ സഹായത്തോടെ സിറിയൻ മണ്ണിൽ പുനർജനിക്കും! ഹഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയ തുർക്കിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ, ഹഗിയ സോഫിയയുടെ ചെറുപതിപ്പ് സിറിയയിൽ നിർമിക്കുമെന്ന ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽതന്നെ ചർച്ചയായിക്കഴിഞ്ഞു.

റഷ്യയുടെ സഹായത്തോടെ മധ്യ പ്രവിശ്യയായ ഹാമായിലെ അൽസുക്കൈലാബിയയിലാണ് ദൈവാലയം നിർമിക്കുക. സിറിയയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ഭൂരിപക്ഷ നഗരമാണ് അൽസുക്കൈലാബി. ഹമായിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ബിഷപ്പ് നിക്കോളാസ് ബാൽബക്കിയുടെ അംഗീകാരം ലഭിച്ച പദ്ധതിയുടെ രൂപരേഖ സിറിയയിലെ റഷ്യൻ സൈന്യത്തിന് സമർപ്പിച്ചെന്ന് ലെബനീസ് മാധ്യമം ‘അൽ മോഡോൺ’ റിപ്പോർട്ട് ചെയ്യുന്നു.

ഈ ആശയം മുന്നോട്ടുവെച്ചതും ദൈവാലയ നിർമാണത്തിന് ആവശ്യമായ സ്ഥലം നൽകിയതും സിറിയൻ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവൻ നബിയുൽ അൽഅബ്ദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യൻ സൈനിക കേന്ദ്രത്തിലെ ഒരു സംഘം സൈനീകർ നിർമാണത്തിനാവശ്യമായ ഒരുക്കങ്ങൾ ആരംഭിച്ചെന്നാണ് വിവരം. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ, സിറിയയിലെ ക്രൈസ്തവരുടെ സുരക്ഷാ കാര്യങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.

ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ പണി കഴിപ്പിച്ച ‘ഹാഗിയ സോഫിയ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’ 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ മുസ്ലീം പള്ളിയാക്കി മാറ്റുകയായിരുന്നു. എന്നാൽ, ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത് ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ മ്യൂസിയമാക്കി മാറ്റി. എന്നാൽ, പ്രസ്തുത നടപടി നിയമവിരുദ്ധമാണെന്ന് തുർക്കിയിലെ ‘ദ കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുസ്ലീം പള്ളിയാക്കാനുള്ള വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെച്ചത്. ജൂലൈ 24ന് മുസ്ലീം ആരാധനയ്ക്കായി ഹഗിയ സോഫിയ വിട്ടുകൊടുക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?