Follow Us On

19

April

2024

Friday

മഹാമാരിയുടെ നാളിലും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുത്: പാപ്പ

മഹാമാരിയുടെ നാളിലും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുത്: പാപ്പ

വത്തിക്കാൻ സിറ്റി: ജീവിതം അസ്വസ്ഥവും ക്ലേശകരവുമാക്കി മാറ്റുന്ന കൊറോണാ മഹാമാരിയുടെ ദിനങ്ങളിലും പ്രത്യാശ കൈവെടിയാതെ ദൈവത്തിൽ ആശ്രയംവെക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വൈറസ് വ്യാപനത്തെ, സ്‌നേഹത്തിന്റെ വ്യാപനമാക്കി പരിവർത്തനം ചെയ്ത് സാഹോദര്യത്തിൽ നാം ഒരുമിച്ചാൽ ഈ ആഗോള പ്രതിസന്ധിയെ മറികടക്കാനാകുമെന്നും പാപ്പ ഓർമിപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ ദൈവശാസ്ത്രപണ്ഡിതൻ കർദിനാൾ വാൾട്ടർ കാസ്പറും പള്ളൊട്ടൈൻ സമൂഹാംഗം ഫാ. ജോർജ് അഗസ്റ്റിനും ചേർന്ന് രചിച്ച ‘കമ്മ്യൂണിയൻ ആൻഡ് ഹോപ്പ്’ എന്ന പുസ്തകത്തിന്റെ ആമുഖ കുറിപ്പിലാണ് പാപ്പ ഇപ്രകാരം രേഖപ്പെടുത്തിയത്.

ലോകം നേരിടുന്നത് നാടകീയമായ ദുരന്തമാണ്. ഒരു കൊടുങ്കാറ്റുപോലെ സമൂഹത്തെയും കുടുംബത്തെയും തൊഴിൽമേഖലയെയും പൊതുജീവിതത്തെയും ഈ രോഗം തകിടംമറിച്ചിരിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണത്തിൽ ലോകം വിലപിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാൽ ജീവിതം അനുദിനം കൂടുതൽ ക്ലേശകരമാവുന്നു. ആത്മീയകൂട്ടായ്മയും ദിവ്യബലിയും അസാധ്യമാകുന്നുണ്ട്. എങ്കിലും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുത്. ജീവിതത്തിന് അടിസ്ഥാനമായ സന്തോഷം ഇല്ലാതായിരിക്കുന്ന ഈ അവസ്ഥയിലും ദൈവത്തിൽ ശരണപ്പെട്ട് മുന്നേറണം.

വൈരാഗ്യവും വംശീയതയും വെറുപ്പും വെടിഞ്ഞ്, മാനവകുലത്തെ ഒരു വലിയ കുടുംബമായി കാണാനും അതിരുകൾക്കപ്പുറം മനുഷ്യരെ സഹായിക്കാനും പിൻതുണക്കാനുമുള്ള ഹൃദയവിശാലതയും കരുത്തും ഈ വൻകെടുതിയിൽനിന്ന് മനുഷ്യകുലം വളർത്തിയെടുക്കണം. ഈ അവസ്ഥയിലും സന്തോഷത്തിന്റെ വേരുകൾ നാം കണ്ടെത്തണം. ജീവിതത്തിൽ എന്തൊക്കെയാണ് പ്രധാനം, അപ്രധാനം എന്ന് തരംതിരിക്കണം. പ്രധാനപ്പെട്ടവ തള്ളിമാറ്റി അപ്രധാനമായവയിൽ കൂടുതൽ ശ്രദ്ധ പതിക്കാൻ താൽപ്പരായിരുന്നു നാം. ഈ വൻ പ്രതിസന്ധിക്കിടയിൽ ശരിയായ തിരഞ്ഞെടുപ്പ് നടത്തണം.

ആഗോളതലത്തിലെ അഴിമതിയും പാവങ്ങളോടുള്ള അവഗണനയും അനീതിയും ഉപേക്ഷിച്ച് മാനവകുലം മനുഷ്യരോടും പ്രകൃതിയോടും നീതി പുലർത്തുന്നൊരു ജീവിതശൈലി ആശ്ലേഷിക്കണം. ഈ മഹാമാരി നമ്മെ തളർത്തരുത്. ക്രൈസ്തവർ ക്രിസ്തുവിന്റെ പുനരുത്ഥാന പ്രഭയിലാണ് ജീവിക്കേണ്ടത്. ദൈവവചനത്തിലും കൂദാശകളിലും അടിയുറച്ച് വിശ്വസിക്കുന്ന ക്രൈസ്തവർക്ക് മക്കൾക്ക് വിശ്വസാഹോദര്യത്തിന്റെയും പ്രത്യാശയുടെയും മാർഗം യാഥാർത്ഥ്യമാക്കാൻ സാധിക്കും. ഇക്കാര്യങ്ങളിലെല്ലാം ഒരു പുതിയ അബോധം സൃഷ്ടിക്കാൻ ‘ഹോപ്പ് ആൻഡ് കമ്മ്യൂണിയൻ’ എന്ന പുസ്തകം സഹായിക്കുമെന്നാണ് താൻ പ്രത്യാശിക്കുന്നതെന്നും പാപ്പ കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?