Follow Us On

09

August

2020

Sunday

ചൈനീസ് ‘കടന്നുകയറ്റം’ വത്തിക്കാനിലും; റിപ്പോർട്ട് പുറത്തുവിട്ടത് ‘റെക്കോർഡഡ് ഫ്യൂച്ചർ’

ചൈനീസ് ‘കടന്നുകയറ്റം’ വത്തിക്കാനിലും; റിപ്പോർട്ട് പുറത്തുവിട്ടത് ‘റെക്കോർഡഡ് ഫ്യൂച്ചർ’

ന്യൂയോർക്ക്: വത്തിക്കാന്റെ ഓൺലൈൻ സംവിധാനങ്ങളിൽ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള ‘റെഡ് ഡെൽറ്റ’ ഹാക്കർമാരുടെ സൈബർ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘റെക്കോർഡഡ്‌ ഫ്യൂച്ചർ’ എന്ന സൈബർ സെക്യൂരിറ്റി സംഘമാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് വർഷംമുമ്പ് ചൈനയുമായി വത്തിക്കാൻ ഒപ്പുവെച്ച കരാർ പുതുക്കാനുള്ള ചർച്ചകൾ തുടങ്ങാനിരിക്കെയുണ്ടായ ‘കടന്നുകയറ്റം’ ഗൗരവമുള്ളതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ ഇതുവരെ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.

ഭരണകൂട നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക്ക് സഭ, വത്തിക്കാനെ അംഗീകരിക്കുന്ന അധോതല (അണ്ടർഗ്രൗണ്ട്) സഭ എന്നിങ്ങനെയാണ് ചൈനയിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനം. പാട്രിയോട്ടിക് സഭയ്ക്കു മാത്രമേ ചൈനയിൽ ആരാധനാസ്വാതന്ത്ര്യമുള്ളൂ. പാപ്പയോടു കൂറുപുലർത്തുന്ന ഭൂരിപക്ഷ വിഭാഗത്തിന് വസതികളിൽ രഹസ്യമായി പ്രാർത്ഥന നടത്താനേ സാധിക്കൂ. എന്നാൽ, ചൈനയിൽ പ്രവർത്തിക്കുന്ന നിരവധി സമൂഹങ്ങൾ, പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നുണ്ട്.

1949ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് വത്തിക്കാനുമായി 1951ൽ ചൈന വിച്‌ഛേദിച്ച നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ വത്തിക്കാൻ തുടരുന്ന ശ്രമങ്ങളുടെ ഭാഗമായി 2018ലാണ് ചൈനയുമായി വത്തിക്കാൻ കരാർ ഒപ്പുവെച്ചത്. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറിന്റെ വിവരങ്ങളൊന്നും പക്ഷേ, ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ വ്യാപകമായ വിമർശനങ്ങളും കരാറിനെതിരെ സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്ന് ഉണ്ടാവുകയും ചെയ്തു.

എന്തായാലും പ്രസ്തുത കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്തംബറിൽ ആരംഭിക്കും. പ്രസ്തുത ചർച്ചകളിൽ മുൻകൈ നേടാനാവശ്യമായ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു സൈബർ ആക്രമത്തിന്റെ ലക്ഷ്യമെന്നാണ് നിഗമനം. ചൈനയുമായുള്ള ചർച്ചകളിൽ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ഹോങ്കോംഗ് സ്റ്റഡി മിഷൻ, റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് എന്നിവയുമായി ബന്ധപ്പെട്ട ഓൺലൈനിലാണ് ആക്രമണം ഉണ്ടായത്.

മേയ് മുതൽ ഈ മാസം 21വരെ ആക്രമണം നടന്നുവെന്നാണ് സൂചന. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിൽ അവിടുത്തെ കത്തോലിക്കാ സ്ഥാപനങ്ങളുടെ നിലപാട് ചോർത്താനുള്ള ശ്രമവും ഹാക്കർമാർ നടത്തിയെന്നും റിപ്പോർട്ട് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?