Follow Us On

09

August

2020

Sunday

ജലവാഹനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം: ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി ‘ബയൂ’ നദിയും വിശ്വാസീസമൂഹവും

ജലവാഹനത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം: ഈശോയെ സ്വീകരിക്കാൻ ഒരുങ്ങി ‘ബയൂ’ നദിയും വിശ്വാസീസമൂഹവും

ക്രിസ്റ്റി എൽസ

കൊറോണാക്കാലത്തും ലൂസിയാനയിൽ പതിവുതെറ്റില്ല, ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദിനത്തിൽ വിശ്വാസികൾക്ക് അനുഗ്രഹമേകാൻ ദിവ്യകാരുണ്യനാഥൻ ജലമാർഗം എത്തും! അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത 2015മുതൽ നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ വിശ്വാസീസമൂഹം ഒരുക്കം തുടങ്ങി. കൊറോണാ മഹാമാരിയുടെ പിടിയിൽനിന്ന് ലോകത്തെ മുക്തമാക്കണമേ എന്നതുതന്നെയാണ് ഈ വർഷത്തെ പ്രാർത്ഥനാ നിയോഗം.

‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’ നദിയിലൂടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ഓഗസ്റ്റ് 15ന് ലിയോൺവിൽ സെന്റ് ലിയോ ദ ഗ്രേറ്റ് ദൈവാലയത്തിൽ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഫ്രഞ്ച് ഭാഷയിൽ അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്നാണ് പ്രദക്ഷിണം ആരംഭിക്കുക. ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠിച്ച ബോട്ടിനൊപ്പം ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുരൂപങ്ങൾ പ്രതിഷ്ഠിച്ച ബോട്ടുകളും ജലഘോഷയാത്രയിൽ അണിചേരും.

ബോട്ട് യാത്രയിലൂടനീളം വൈദികരും വിശ്വാസികളും ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. യാത്രാമധ്യേ നദിക്കരയിലുളള അർനൗറ ഡ്വില്ലെ, സിസിലിയ, ബ്രമൗക്‌സ് ബ്രിഡ്ജ്, സെന്റ് മാർട്ടിൻവില്ലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കും. വ്യാകുല മാതാവിന്റ ചാപ്പലിൽ എത്തിച്ചേർന്നതിനെ തുടർന്ന് നൽകുന്ന ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് പ്രദക്ഷിണം സമാപിക്കുന്നത്.

ലൂസിയാനയിലെ അക്കാഡിയാനയിൽ കത്തോലിക്കാ വിശ്വാസം എത്താൻ കാരണമായ ഫ്രഞ്ച്^ കനേഡിയൻ കുടിയേറ്റത്തിന്റെ 250-ാം വാർഷികം ആഘോഷിച്ച 2015ലാണ് നദിയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ആദ്യമായി സംഘടിപ്പിച്ചത്. തുടർച്ചയായ ആറാം തവണ നടത്തുന്ന ഈ വർഷത്തെ പ്രദക്ഷണത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ജലഘോഷയാത്രയിൽ ബയൂവിലെ വിവിധ ദൈവാലയങ്ങളിൽനിന്നുള്ള വിശ്വാസികൾ ബോട്ടുകളിൽ അണിചേരാറുണ്ടായിരുന്നു. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ 315 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?