Follow Us On

09

August

2020

Sunday

ഇത് സശ്രദ്ധം വായിക്കൂ, എന്നിട്ടാവാം സംസാരം

ഇത് സശ്രദ്ധം വായിക്കൂ, എന്നിട്ടാവാം സംസാരം

”അസ്ഥാനത്തെ ഇടപെടലുകള്‍ തനിക്കു മാത്രമല്ല തന്റെ ചുറ്റിലും അസ്വസ്ഥത ജനിപ്പിക്കും. അതിനാല്‍, പറയേണ്ടതുമാത്രം പറയണം. അതും പറയേണ്ടപ്പോള്‍മാത്രം”-  ധ്യാനിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത,

ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

“സന്ദര്‍ഭോചിതമായ വാക്ക് എത്ര നന്ന്. വിവേകിയുടെ വഴി മേലോട്ട്, ജീവനിലേക്ക് നയിക്കുന്നു” (സുഭാ.15:24).

കഠിനവ്രതക്കാരായ മൂന്നു സന്യാസികള്‍ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. മൗനത്തിലും മനനത്തിലുംമാത്രം ശ്രദ്ധകേന്ദ്രീകരിച്ച അവര്‍ സദാ ധ്യാനനിര്‍ലീനരായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും അവര്‍ ഒന്നും സംസാരിച്ചില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ ആ ഗുഹാമുഖത്തിനടുത്തുകൂടെ ഒരു കാട്ടുകുതിര മിന്നല്‍വേഗത്തില്‍ കടന്നുപോയി കാട്ടുകുതിരയുടെ കുളമ്പടിശബ്ദം കേട്ട് മൂവരും ക്ഷണമാത്ര കണ്ണു തുറന്നു. പക്ഷേ, ആരും ഒന്നും ഉരിയാടിയില്ല. ഒരു നിമിഷാര്‍ധത്തിനുശേഷം അവര്‍ വീണ്ടും ധ്യാനനിമഗ്‌നരായി.

മാസങ്ങള്‍ മൂന്നു കഴിഞ്ഞു. ധ്യാനലീനരില്‍ ഒരാള്‍ പറഞ്ഞു: “ബ്രൗണ്‍ നിറമുള്ള, നല്ല ചാരുതയുള്ള ഒരു കുതിരയാണ് ഇതിലേ കടന്നുപോയത്.” കാട്ടുകുതിരയെക്കുറിച്ചുള്ള ദൃക്‌സാക്ഷ്യം കേട്ടെങ്കിലും മറ്റു രണ്ടുപേരും അപ്പോള്‍ പ്രതികരിച്ചില്ല. അവര്‍ നീണ്ട മൗനത്തില്‍ത്തന്നെ മുഴുകി. വീണ്ടും മൂന്നു മാസങ്ങള്‍കൂടി കടന്നുപോയി. പെട്ടെന്നു രണ്ടാമത്തെ സന്യാസി പറഞ്ഞു: “ആ കുതിരയുടെ നിറം ബ്രൗണായിരുന്നില്ല, ചെമപ്പുകൂടിയ ബ്രൗണായിരുന്നു.” യാതൊരു പ്രതികരണത്തിനും മുതിരാതെ മൂവരും ധ്യാനം തുടര്‍ന്നു. വീണ്ടും മൂന്നു മാസങ്ങള്‍കൂടി പിന്നിട്ടു. അപ്പോള്‍ മൂന്നാമത്തെയാള്‍ മൊഴിഞ്ഞു: “നിങ്ങള്‍ ഇങ്ങനെ വഴക്കടിച്ചാല്‍ ഞാന്‍ വേറെ എവിടെയെങ്കിലും പോയെന്നിരിക്കും.”

സര്‍വവും ത്യജിച്ച മുനിശ്രേഷ്ഠന്മാരാണ് ഇതിലെ കഥാപാത്രങ്ങള്‍. സദാ പരംപൊരുളില്‍ മനവും തനുവും സമര്‍പ്പിച്ചു യോഗോപാസന തുടര്‍ന്നവര്‍! പക്ഷേ, അവര്‍ പരസ്പരം ശണ്ഠ കൂടുന്നത് കണ്ടില്ലേ? നിസ്സാരകാര്യത്തെ ചൊല്ലി ഭിന്നതകള്‍ വളര്‍ത്തിയവര്‍. മൂന്നാമന്‍ അസഹിഷ്ണുവായി ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചിരിക്കുന്നു ഇപ്പോള്‍. അതിനു കാരണമോ, ഒരു കാട്ടുകുതിരയുടെ നിറം! നോക്കൂ കാര്യങ്ങള്‍ പോയ പോക്ക്.

കഷ്ടം എന്നുപറയാന്‍ വരട്ടെ, ഈ കഥ നമ്മുടെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും യാഥാര്‍ത്ഥ്യമാകാറുണ്ട്. കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക് കശപിശ കൂടുന്നവരാണ് നമ്മിലധികവും. ഏതൊരഭിപ്രായത്തിനും ഖണ്ഡനമണ്ഡനക്കാരായി നാം മാറുകയാണ്. “ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക” (2തിമോ.2:16).

ഒന്നാമത്തെ സന്യാസി പുതിയൊരു കണ്ടുപിടുത്തക്കാരന്റെ ലാഘവത്തോടെ ഒരു ദാര്‍ശനികന്റെ ഭാഗം അഭിനയിക്കുമ്പോള്‍, രണ്ടാമത്തെയാള്‍ തിരുത്തല്‍വാദിയും മൂന്നാമത്തവന്‍ അസഹിഷ്ണുവും മൂന്നാം ചേരിക്കാരനുമായി മാറുന്നു. പ്രത്യക്ഷത്തില്‍ ഒരേ ലക്ഷ്യത്തിനായി നിലകൊണ്ടവര്‍. പക്ഷേ, ഉള്ളില്‍ ഉണരുന്നത് അസൂയയും അസംതൃപ്തിയും അസ്വസ്ഥതയുംമാത്രം.

അവരുടെ ലക്ഷ്യം ഉദാത്തം, ഈശ്വരസാക്ഷാല്‍ക്കാരം. സ്വീകരിച്ച മാര്‍ഗം മൗനവ്രതം. പക്ഷേ, ഈ മൗനികളുടെ മനനങ്ങളില്‍ ചെകുത്താന്‍ ചേക്കറുന്നു. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗം അവര്‍ക്ക് ജലരേഖകളാവുന്നു. മനസ്സും ഹൃദയവും ഉന്നതങ്ങളിലേക്ക് ഉയരേണ്ടതിനു പകരം പാര്‍ശ്വങ്ങളിലേക്ക് പരതുന്നു. (വെള്ളത്തിനു മീതേ നടക്കാന്‍ ശ്രമിച്ച പത്രോസിനെപ്പോലെ).

അതേ, നമ്മില്‍ പലരും പാര്‍ശ്വവീക്ഷണക്കാരാണ്. പാര്‍ശ്വവീക്ഷണക്കാര്‍ക്ക് പതര്‍ച്ചകളും ഇടര്‍ച്ചകളും സ്വാഭാവികമാണ്. നിലയും നിലപാടും വെടിയരുത്. ഏതൊരു കാര്യത്തിനും വ്യക്തമായ നിലപാടുള്ളവരായിരിക്കുക. “ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതി പ്രകടമാക്കുക” (തീത്തോ.2:8). അസ്ഥാനത്തെ ഇടപെടലുകള്‍ തനിക്കു മാത്രമല്ല തന്റെ ചുറ്റിലും അസ്വസ്ഥത ജനിപ്പിക്കും. അതിനാല്‍, പറയേണ്ടതുമാത്രം പറയണം. അതും പറയേണ്ടപ്പോള്‍മാത്രം. പറയേണ്ടാത്തവ പറഞ്ഞാല്‍ പറയാത്തവരും പറയും പറഞ്ഞതു പൊരുല്ലെന്ന്. അതുപോലെതന്നെയാണ് കേള്‍ക്കേണ്ടാത്തവ കേട്ടാലും കാണേണ്ടാത്തവ കണ്ടാലും. ഈ പൊരുള്‍ അറിയാത്തവര്‍ എങ്ങനെ പരംപൊരുളറിയും?

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?