Follow Us On

30

November

2020

Monday

ദൈവകരുണ തേടി 21 ദിന ഉപവാസ പ്രാർത്ഥനാ യജ്ഞം; ‘ഡാനിയേൽ ഫാസ്റ്റിംഗ് പ്രയറി’ന് ആരംഭമായി

ദൈവകരുണ തേടി 21 ദിന ഉപവാസ പ്രാർത്ഥനാ യജ്ഞം; ‘ഡാനിയേൽ ഫാസ്റ്റിംഗ് പ്രയറി’ന് ആരംഭമായി

മാനവരാശി ഒന്നടങ്കം ആശങ്കയിലൂടെ കടന്നുപോകുന്ന ഈ ദിനങ്ങളിൽ പ്രാർത്ഥനയ്ക്കും ദൈവാരാധനയ്ക്കും കൂടുതൽ സമയം മാറ്റിവെക്കണമെന്ന ബോധ്യം ഉൾക്കൊണ്ട് ശാലോം ശുശ്രൂഷകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 21 ദിന പ്രാർത്ഥനാ യജ്ഞത്തിന് ഇന്ന്‌
(ഓഗസ്റ്റ് ഒന്ന്) ആരംഭമായി. ‘ഡാനിയേൽ ഫാസ്റ്റിംഗ് പ്രയർ’ എന്ന പേരിൽ ഓഗസ്റ്റ് 21വരെ നീളുന്ന ഈ പ്രാർത്ഥനാ ദിനങ്ങളിൽ ശാലോം ടി.വിയിൽ പ്രത്യേക പ്രോഗ്രാമും സംപ്രേഷണം ചെയ്യും.

ജനത്തിന്റെ ദുരവസ്ഥ കണ്ട ഡാനിയൽ പ്രവാചകൻ ഭക്ഷണക്രമത്തിലും പ്രാർത്ഥനാക്രമത്തിലും മാറ്റംവരുത്തി തന്നെത്തന്നെ ദൈവത്തിന് മുമ്പിൽ എളിമപ്പെടുത്തി ദൈവകരുണയ്ക്കുവേണ്ടി നിലവിളിച്ചു പ്രാർത്ഥിച്ചു. അത് പൂർവ ഇസ്രായേലിന് അനുഗ്രഹമായി മാറുകയും ചെയ്തു. ഡാനിയേൽ പ്രാർത്ഥിച്ചു: ‘കർത്താവേ ശ്രവിക്കണമേ, കർത്താവേ പൊറുക്കണമേ,’ (ദാനി. 9:19). ഇതേ പ്രാർത്ഥനയോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് വിശ്വാസികൾ ‘ഡാനിയേൽ ഫാസ്റ്റിംഗ് പ്രയറി’ൽ അണിചേരും.

മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഈ പ്രാർത്ഥനയിലുള്ളത്.

1. ജീവൻ അപഹരിച്ച് കടന്നുപോകുന്ന മഹാമാരിയിൽനിന്നും യുദ്ധങ്ങൾ, കലാപങ്ങൾ എന്നിവയിൽനിന്നും മാനവരാശിയെ സംരക്ഷിക്കാൻ പ്രാർത്ഥിക്കുക.

2. ദൈവകരുണ ധാരാളമായി ഭൂമിയിലേക്ക് അയക്കാൻ ദൈവം തിരുഹിതമാകണമേയെന്ന് പ്രാർത്ഥിക്കുക.

3. ഭൗതികലോകത്തും ആത്മീയലോകത്തും ഇപ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ സുവിശേഷപ്രഘോഷണത്തിന്റെ പുരോഗതിക്കും മനുഷ്യരുടെ നന്മയ്ക്കും സഭയുടെ അഭിവൃദ്ധിക്കും കാരണമാകാൻവേണ്ടി പ്രാർത്ഥിക്കുക.

പ്രത്യേക പ്രാർത്ഥനാ, ഭക്ഷണക്രമങ്ങൾ പാലിച്ചുകൊണ്ടാണ് 21 ദിനങ്ങളിലും ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുക്കേണ്ടത്. എല്ലാ ദിവസവും ദിവ്യബലിയിലെ പങ്കാളിത്തം ഉറപ്പാക്കണം (ഓൺലൈൻ വഴിയും സാധിക്കുന്നവർ ദൈവാലയങ്ങളിലെത്തിയും). 15 മിനിറ്റ് സമയം ദൈവവചനം വായിച്ച് ധ്യാനിക്കണം. ലോകത്തിന്റെ മേൽ ദൈവകരുണ വർഷിക്കപ്പെടാൻ കരുണയുടെ ജപമാല ചൊല്ലണം. പരിശുദ്ധ അമ്മയുടെ പ്രത്യേകമായ മാതൃസഹായവും സംരക്ഷണവും യാചിച്ച് ജപമാല ചൊല്ലണം.

ഡാനിയേൽ പ്രവാചകൻ ചെയ്തതുപോലെ, ‘കർത്താവേ ശ്രവിക്കണമേ, കർത്താവേ പൊറുക്കണമേ’ എന്ന് പ്രാർത്ഥിച്ച് 25 ആവർത്തി മുട്ടുകൾ കുത്തി സാഷ്ടാംഗം നമിച്ച് പ്രാർത്ഥിക്കണം (ഒന്നിച്ചു ചെയ്യാൻ പ്രയാസമുള്ളവർ പല സമയങ്ങളിലായി ചെയ്യുക). ശാലോം ടി.വിയിൽ രാവിലെ 6.00നും ഉച്ചയ്ക്ക് 2.00നും രാത്രി 11.30നും സംപ്രേഷണം ‘ചെയ്യുന്ന ‘ഡാനിയൽ ഫാസ്റ്റിംഗ് പ്രയറി’ൽ ഏതെങ്കിലും ഒരു സമയം പങ്കെടുക്കണം.

മത്സ്യമാംസാധികൾ, മുട്ട, പഞ്ചസാര, ചോക്ലേറ്റ്, ഡയറി ഉത്പ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ഈ പ്രാർത്ഥനയിൽ പങ്കുകാരാകേണ്ടത് (രോഗാവസ്ഥകളിലൂടെയും മറ്റും കടന്നുപോകുന്നവർ ഇത് പാലിക്കേണ്ടതില്ല). അതോടൊപ്പം സോഷ്യൽമീഡിയയുടെ അനാവശ്യമായ ഉപയോഗവും ഒഴിവാക്കണം. മലയാളികൾക്കൊപ്പം ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകൾ സംസാരിക്കുന്നവർക്കും ഓൺലൈനിലൂടെ പ്രാർത്ഥനയിൽ അണിചേരാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

ശാലോം വേൾഡ് ചാനലിന്റെ പ്രവർത്തനത്തിൽ ഇംഗ്ലീഷ്, സ്പാനിഷ് സമൂഹം വ്യാപരിക്കുന്നത് കണക്കിലെടുത്താണിത്. മലയാളം, ഇംഗ്ലീഷ് ശുശ്രൂഷകൾക്ക് ശാലോം മീഡിയാ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നൽകും. റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ, ഫാ. വിപിൻ ജോർജ് സി.എം.ഐ, ഫാ. ജോബിച്ചൻ വടക്കേക്കുന്നത്ത് സി.എം.ഐ എന്നിവർ ചേർന്നാണ് സ്പാനിഷ് ശുശ്രൂഷ നയിക്കുക. ലോകത്തിൽ എവിടെനിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനും പ്രാർത്ഥനാ നിയോഗങ്ങൾ അറിയിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

മലയാളം ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ DF എന്ന് ടൈപ്പ് ചെയ്ത് പേരും വിലാസവും സഹിതം വാട്‌സ് അപ്പ് മെസേജ് ആയോ എസ്.എം.എസ് ആയോ 9048589600 എന്ന നമ്പറിലേക്ക് അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 0496 2664600 എന്ന നമ്പറിലോ [email protected]television.com എന്ന ഇ മെയിലിലോ ബന്ധപ്പെടാം.  ഇംഗ്ലീഷ് ശുശ്രൂഷകൾ www.shalommedia.org/danielfasting എന്ന ലിങ്കിലാണ് ലഭ്യമാകുക. പ്രാർത്ഥനാ നിയോഗങ്ങൾ +1 9564291348 എന്ന നമ്പറിൽ മെസേജ് ചെയ്യുകയോ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്യാം. സ്പാനിഷ് ശുശ്രൂഷകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടണം. ലോകമെങ്ങും ദൈവകരുണ പെയ്തിറങ്ങാൻവേണ്ടിയുള്ള പ്രാർത്ഥനാ യജ്ഞത്തിൽ അണിചേരാൻ ഇംഗ്ലീഷ്, സ്പാനിഷ് ഭാഷക്കാരായ സുഹൃത്തിക്കളിലേക്ക് ഈ സന്ദേശം എത്തിക്കാനും ശ്രമിക്കുമല്ലോ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?