Follow Us On

01

December

2020

Tuesday

കൊറോണാ മഹാമാരി: തിരുവചനം മുറുകെപ്പിടിക്കൂ, മനസിന്റെ പിടിവിടില്ല!

ശ്രദ്ധേയം മനഃശാസ്ത്രജ്ഞന്റെ നിർദേശങ്ങൾ

കൊറോണാ മഹാമാരി: തിരുവചനം മുറുകെപ്പിടിക്കൂ, മനസിന്റെ പിടിവിടില്ല!

ക്രിസ്റ്റി എൽസ

കൊറോണാ മഹാമാരി സാമൂഹിക, സാമ്പത്തിക രംഗങ്ങളെ മാത്രമല്ല മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പരിഹാരിക്കാനുള്ള കഠിനശ്രമത്തിനിടയിൽ മാനസികാരോഗ്യ രംഗം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ മനസ് ചിലപ്പോൾ പിടിവിട്ടുപോയേക്കാം. ഇവിടെയാണ്, മനശാസ്ത്ര വിദഗ്ദ്ധനും വചനപ്രഘോഷകനുമായ ഫാ. റോജർ ഡൗസൺ പങ്കുവെക്കുന്ന പൊടികൈകൾ ശ്രദ്ധേയമാകുന്നത്.

യു.കെയിലെ നോർത്ത് വെയിൽസിൽനിന്നുള്ള ഫാ. റോഗറിന്റെ നിർദേശങ്ങൾ, മഹാമാരിമൂലമുള്ള മാനസിക പ്രശ്നങ്ങളിൽ ഉഴലുന്നവർക്കും ആത്മീയജീവിതം തിരിച്ചുപിടിക്കാൻ കഷ്ടപ്പെടുന്നവർക്കും പ്രത്യാശയുടെ കൈത്തിരിയാകും എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ലോക്ക് ഡൗണിനെ തുടർന്ന് ചികിത്സാകേന്ദ്രം അടച്ചിടേണ്ടി വന്നപ്പോഴും ഫോൺ കോളുകളിലൂടെ അനേകരെ നിരാശയിൽനിന്ന് പ്രത്യാശയുടെ പടവുകളിലേക്ക് കൈപിടിച്ചു നയിക്കുന്നതിലും വ്യാപൃതനായിരുന്നു ഫാ. റോഗർ.

തിരുവചനത്തിന്റെ ശക്തിയിൽ വിശിഷ്യാ, ഈശോ ശിശ്യന്മാരോട് അരുളിചെയ്ത ഭയപ്പെടേണ്ട എന്ന് വചനഭാഗം ധ്യാനിച്ച് കൊറോണ സൃഷ്ടിക്കുന്ന ആകുലതകളെ അതിജീവിക്കാമെന്നാണ് അദ്ദേഹം നൽകുന്ന ഉറപ്പ്. തിരുവചനത്തിന്റെ ശക്തിയിൽ രൂപപ്പെടുന്ന അടിത്തറയിലാവണം മാനസികാരോഗ്യ ചികിത്സ നിർവഹിക്കേണ്ടതെന്ന ഉപദേശമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. വിശുദ്ധരുടെ ജീവിതവും പ്രമുഖ മനഃശാസ്ത്രജ്ഞർ തെളിയിച്ച സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നതും.

മാനസികമായി ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നതാണ് ആദ്യ പടി. ഉറ്റവരിൽനിന്ന് അകലം പാലിക്കുക, കൂടിച്ചേരലുകളില്ലാതെ ഒറ്റപ്പെടുക, മനുഷ്യർ പരസ്പരം തിരിച്ചറിയാത്തവരെ പോലെ പെരുമാറുക എന്നിങ്ങനെ നമ്മുടെ ശീലങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്. എന്നാൽ ഈ മാറ്റത്തെ അംഗീകരിക്കുക, ഇത്തരത്തിൽ മനസിലെ ചിത്രത്തെ മാറ്റുക എന്നതാണ് പ്രധാന കാര്യം. എമ്മാവൂസിലേക്കുള്ള വഴിമധ്യേ ശിഷ്യർക്ക് ഈശോ പ്രത്യക്ഷപ്പെട്ട് നിർദേശങ്ങൾ നൽകുന്ന സംഭവം ഈ മാറ്റത്തിലേക്ക് നയിക്കാൻ നമ്മെ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മറ്റൊരു പ്രതിസന്ധി വിഷാദരോഗമാണ്. ‘സെൽഫ് ഡിറ്റർമിനേഷൻ തിയറി’യുമായി ബന്ധപ്പെട്ടാണ് ഈ പ്രതിസന്ധിയെ നാം തരണം ചെയ്യേണ്ടത്. അതായത് നമുക്ക് യഥാർത്ഥത്തിൽ വേണ്ടതെന്താണെന്ന് കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് തിരിച്ചറിയണം. അല്ലാത്തപക്ഷം അതിൽനിന്ന് തിരിച്ചുകയറാനാവില്ല. കൂദാശകൾ സ്വീകരിക്കുന്ന സാഹചര്യം നഷ്ടമായി എന്നതാണ് ലോക്ക് ഡൗൺ കാലത്ത് കത്തോലിക്കർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും വെല്ലുവിളിയും.

ഇത് പലരെയും ഗുരുതരമായി ബാധിച്ചു. എല്ലാ കൂദാശകളും ഈശോയുടെ തിരുശരീരത്തോടും തിരുരക്തത്തോടും ബന്ധപ്പെട്ടാണിരിക്കുന്നത്. കുദാശകളുടെ അഭാവത്തിൽ അവ ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാനുള്ള അവസരമായി ഇതിനെ തിരിച്ചറിയണം. പ്രസ്തുത ചിന്ത മനസിൽ ഉറപ്പിച്ചാൽ, ഈ ദിനങ്ങളെ ആത്മീയതയിൽ കൂടുതൽ ശക്തിയോടെ വളരേണ്ട അവസരമാക്കി മാറ്റാനാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കുട്ടികളിൽ ഉണ്ടാക്കിയ ആഘാതമാണ് മറ്റൊരു വെല്ലുവിളി. കുട്ടികളെ സംബന്ധിച്ച് സ്‌കൂളും വീടുമാണ് അവരുടെ ലോകം. മാസങ്ങളായി വീട്ടിൽ ഒതുങ്ങികൂടേണ്ടി വന്ന കുട്ടികളിൽ പലരിലും വലിയ മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി സുഖകരവും അസുഖകരവും തമ്മിലുള്ള അന്തരം തുറന്നുകാട്ടുന്നുവെന്ന ചിന്ത മുതിർന്നവർ കുട്ടികൾ പകർന്നു നൽകണം.

പ്രയാസപ്പെട്ട് ആശ്വാസങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വെല്ലുവിളി. വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നിവയൊക്കെയാണ് നമ്മുടെ സമാധാനം അല്ലെങ്കിൽ ആശ്വാസത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ. അവ ജീവിതത്തിന്റെ വളർച്ചയ്ക്കൊത്ത് സ്വമേധയ നേടിയെടുക്കുന്നതാണ്. കുരിശിൻ ചുവട്ടിലിരുന്ന പരിശുദ്ധ അമ്മയാണ് ഇത്തരത്തിൽ പ്രയാസങ്ങളിലും ആശ്വാസം കണ്ടെത്തുന്നതിന് നമുക്ക് മാതൃക. തന്റെ മകൻ ക്രൂശിക്കപ്പെട്ടത് ലോകരക്ഷയ്ക്കു വേണ്ടിയാണെന്ന പ്രത്യാശയുണ്ടായിരുന്നു അമ്മയ്ക്ക്. അതുതന്നെയാണ് നാം ഇക്കാര്യത്തിൽ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?