Follow Us On

28

October

2020

Wednesday

ദാമ്പത്യ ജീവിതം ആഘോഷിക്കാന്‍ 15 കല്‍പ്പനകള്‍!

ദാമ്പത്യ ജീവിതം ആഘോഷിക്കാന്‍ 15 കല്‍പ്പനകള്‍!

ദാമ്പത്യജീവിതം സന്തോഷകരമാക്കി മാറ്റാന്‍ സഹായിക്കുന്ന ചില നിര്‍ദേശങ്ങള്‍ പങ്കുവെക്കുകയാണ് വ്യക്തിത്വ വികസന പരിശീലനരംഗത്ത് ശ്രദ്ധേയനായ സെബിന്‍ എസ്. കൊട്ടാരം

‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന സിനിമയില്‍ ജയറാമും അഭിരാമിയും ഭാര്യാഭര്‍ത്താക്കന്‍മാരാണ്. ജയറാം പൊലീസ് കമ്മിഷണറും അഭിരാമി ഡി.ജി.പിയുടെ മകളും. പ്രമുഖ ടിവി ചാനല്‍ നടത്തിയ മല്‍സരത്തില്‍ ഇരുവരും മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ദമ്പതികളായിരിക്കാന്‍വേണ്ട ഗുണങ്ങളെക്കുറിച്ച് ഇരുവരും ചാനലില്‍ വാചാലരായി.

പക്ഷേ, വീട്ടിലെത്തുമ്പോള്‍ കാണുന്ന കാഴ്ച മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച ‘മാതൃകാദാമ്പത്യ’ത്തിന് നേര്‍വിപരീതമായ വാക്കുകളും കലഹവും. ഇത്തരത്തിലുള്ള ദാമ്പത്യജീവിതത്തെ പ്രദര്‍ശനദാമ്പത്യമെന്ന് വിളിക്കാം. കാരണം, ഉള്ളില്‍ അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും ചിന്തകള്‍ ചീഞ്ഞുനാറുമ്പോഴും ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വേരുകള്‍ പടര്‍ന്നുപന്തലിക്കുമ്പോഴും സമൂഹത്തിനുമുമ്പില്‍ തങ്ങള്‍ മാതൃകാദമ്പതികളാണെന്ന് കാണിക്കാന്‍ മല്‍സരിക്കുന്ന ഭാര്യഭര്‍തൃബന്ധങ്ങള്‍ അല്‍പ്പായുസായിരിക്കും.

മാത്രമല്ല, മനസ്സില്‍ അടിഞ്ഞുകൂടുന്ന നിഷേധാത്മക വികാരങ്ങളായ അടിച്ചമര്‍ത്തപ്പെടല്‍, ദേഷ്യം, വെറുപ്പ്, അസൂയ, വൈരാഗ്യം, അസഹിഷ്ണുത, പുച്ഛം, അഹങ്കാരം, ടെന്‍ഷന്‍ എന്നിവ തലവേദന, മുടികൊഴിച്ചില്‍, ബി.പി മുതല്‍ ഒട്ടേറെ മാരകരോഗങ്ങള്‍ക്കുവരെ വഴിതെളിക്കുന്നതായി ശാസ്ത്രീയപഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ മനസ്സില്‍ ഇത്തരം നിഷേധാത്മക വികാരങ്ങള്‍ നിറയുമ്പോള്‍ നാമറിയാതെ അത് നമ്മുടെ ജീവിതത്തെ നശിപ്പിക്കുമെന്നതില്‍ സംശയംവേണ്ട.

ചിലപ്പോള്‍ മറ്റുള്ളവര്‍ നമ്മെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിച്ചതാകാം ഇത്തരം നിഷേധാത്മക വികാരങ്ങള്‍ക്ക് കാരണം. എങ്കിലും ഇരയേയും വേട്ടക്കാരനേയും അത് ഒരുപോലെ ബാധിക്കുന്നു. അതിനാല്‍ ജീവിതപങ്കാളിയോട്, മറ്റ് കുടുംബാംഗങ്ങളോട് അവരുടെ തെറ്റുകളില്‍പോലും ക്ഷമയോടെ തിരുത്താന്‍ ശ്രമിക്കാം. മനസ്സില്‍നിന്ന് അവരോടുള്ള പകയും വിദ്വേഷവും നീക്കി മനസ്സിനെ ശാന്തമാക്കാം. അതോടൊപ്പം നിങ്ങളുടെ ക്രിയാത്മക ഊര്‍ജം താല്‍പ്പര്യം നിറഞ്ഞതും കുടുംബജീവിതത്തെ സഹായിക്കുന്നതുമായ മേഖലകളിലേക്ക് വഴിതിരിച്ചുവിടാം.

കുടുംബജീവിതം സന്തോഷകരമാക്കാന്‍ ചില നിര്‍ദേശങ്ങള്‍ പങ്കുവെക്കുകയാണിവിടെ.

* ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് മുന്നോട്ടുകൊണ്ടുപോവുക. ജോലിക്ക് അമിത പ്രാധാന്യം കൊടുത്ത് ലാപ്‌ടോപ്പും ഫോണുമായി ഓഫിസ് ടെന്‍ഷന്‍ വീട്ടിലേക്കുകൂടി വ്യാപിപ്പിക്കാതിരിക്കുക. ഓഫീസ് സമയത്ത് ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. ഓര്‍ക്കുക, കൂടുതല്‍ സമയം ജോലി ചെയ്യുന്നത് മികവിന്റെ ലക്ഷണമല്ല. തങ്ങള്‍ക്ക് ക്രമപ്പെടുത്തിയ സമയത്തിനുള്ളില്‍ ജോലി മികച്ചരീതിയില്‍ ചെയ്യുന്നവരാണ് വിജയികള്‍.

* സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം അര്‍ഹതയുള്ളവരെ സഹായിക്കാന്‍ വിനിയോഗിക്കുക.

* നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം, ആത്മീയ കാര്യങ്ങള്‍, ഉന്നതപഠനം, ഉല്ലാസം എന്നിവയ്ക്കായും സമയം കണ്ടെത്തുക.

* മക്കളെ ചെറിയ കാര്യങ്ങളുടെപോലും മൂല്യം അറിയിച്ച് വളര്‍ത്തുക. തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് മക്കളെ ശിക്ഷിക്കുക. അതൊരിക്കലും നിങ്ങളുടെ ദേഷ്യം തീര്‍ക്കലാവരുത്.

* ദമ്പതികള്‍ ചെറിയ കാര്യങ്ങള്‍പോലും പരസ്പരം തുറന്നു സംസാരിക്കുക. പങ്കാളിയുടെ ഏതെങ്കിലും പ്രവൃത്തിയിലുള്ള ദേഷ്യം മനസ്സില്‍വെച്ച് പെരുമാറാതിരിക്കുക. പകരം, ഏതെങ്കിലും കാര്യത്തില്‍ അനിഷ്ടമുണ്ടെങ്കില്‍ അത് ശാന്തമായി തുറന്നുപറയുക.

* ദിവസം അര മണിക്കൂറെങ്കിലും ജീവിതപങ്കാളിയുമായി തുറന്നു സംസാരിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ടി.വി കാണരുത്.

* സ്വാര്‍ത്ഥത വെടിയുക. എന്റെ കാര്യംമാത്രം എന്ന് ചിന്തിക്കാതെ കുടുംബത്തിന്റെ ഒട്ടാകെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുക.

* ജീവിതപങ്കാളിക്ക് വേണ്ട പരിഗണനയും ബഹുമാനവും നല്‍കുക.

* വൈവാഹികേതര ബന്ധങ്ങളില്‍ ചെന്നുചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്‍പ്പസുഖത്തിനായി നിങ്ങള്‍ ചെന്നുവീഴുന്ന കെണികള്‍ ജീവിതം തകര്‍ത്തേക്കാം.

*  ദാമ്പത്യജീവിതത്തില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ കഴിയണം. അതിനര്‍ഥം ജീവിതപങ്കാളിയുടെ എല്ലാ തെറ്റുകളെയും അംഗീകരിക്കുക എന്നല്ല മറിച്ച്, തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി തിരുത്താന്‍ തയാറാകണം. അതോടൊപ്പം സ്വന്തം പോരായ്മകളും തിരിച്ചറിയണം. കുറവുകള്‍ സ്വയം അംഗീകരിക്കുന്നവര്‍ക്കുമാത്രമെ അത് തിരുത്താനും ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയൂ.

+ ഞാന്‍ ചെയ്യുന്നതാണ് ശരി. എന്നെ ആര്‍ക്കും തിരുത്താന്‍ അവകാശമില്ല എന്ന ചിന്താഗതി മാറ്റുക. ഒഴുക്കില്‍പ്പെട്ട് അനേകകാലത്തെ ഉരസലുകളിലൂടെയാണ് പരുക്കനായ പാറക്കല്ല് മിനുസ്സവും ഭംഗിയുമുള്ള ഒരു വെള്ളാരംകല്ലായി തീരുന്നത്. അതുപോലെ നിങ്ങളുടെ മോശം ചിന്താഗതികളും മനോഭാവങ്ങളും തെറ്റായ ധാരണകളും മോശം പെരുമാറ്റങ്ങളും മാറ്റാന്‍ നിങ്ങളെ വിമര്‍ശിക്കുന്നവര്‍ സഹായിക്കുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ കുറ്റപ്പെടുത്തലുകളെ സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കഴിയും.

* നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങളായി മക്കളെ കാണാതിരിക്കുക. അവരുടെ താല്‍പ്പര്യവും അഭിരുചിയും മനസ്സിലാക്കി ആ മേഖലയില്‍ ആവശ്യമായ പ്രോല്‍സാഹനം കൊടുക്കുക.

* മൂടിവെക്കാനുള്ളതല്ല സ്‌നേഹം. അത് പ്രകടിപ്പിക്കുക. ജീവിതപങ്കാളിയെ പണമെടുക്കാനുള്ള എ.ടി.എം മെഷീനായിമാത്രം കാണാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക.

* കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ ദമ്പതികള്‍തന്നെ പരസ്പരം പറഞ്ഞുതീര്‍ക്കുക. അത് മൂന്നാമതൊരാളിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കുക.

* ശരിയായ മണി മാനേജ്‌മെന്റ് കുടുംബജീവിതത്തില്‍ നടപ്പാക്കുക. വരുമാനത്തേക്കാള്‍ കൂടിയ ചെലവും അമിത കടബാധ്യതയും കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുമെന്ന് ഓര്‍ക്കുക.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?