Follow Us On

21

September

2020

Monday

ഓരോ രോഗിയിലും ഞങ്ങൾ കാണുന്നു ഈശോയുടെ മുഖം; കൊറോണാ ഡ്യൂട്ടി സധൈര്യം തുടർന്ന് ഏഴ് സമർപ്പിതർ

ഓരോ രോഗിയിലും ഞങ്ങൾ കാണുന്നു ഈശോയുടെ മുഖം; കൊറോണാ ഡ്യൂട്ടി സധൈര്യം തുടർന്ന് ഏഴ് സമർപ്പിതർ

ലിമ: മഹാമാരി സംഹാരതാണ്ഡവമാടുമ്പോഴും കൊറോണാ വാർഡിലെ ശുശ്രൂഷ സധൈര്യം തുടരുകയാണ് ഇവർ ഏഴു പേർ. ജീവൻവരെ നഷ്ടമായേക്കാവുന്ന ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഉടനെത്തും മറുപടി: ‘വേദന അനുഭവിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുമ്പോൾ ഞങ്ങളെങ്ങനെ പിൻവാങ്ങും.’

കൊറോണാ വ്യാപനം ശക്തമായ പെറുവിലെ ലിമയിലാണ് സ്വന്തം ജീവൻപോലും നോക്കാതെ ഫാ. മാക്‌സ് കാൽഡെറോണും ‘വിൻസെന്റ് ഡി പോൾ കോൺഗ്രിഗേഷൻ’ സന്യാസിനികളായ ആറ് നഴ്‌സുമാരും സേവനം ചെയ്യുന്നത്. ഡോസ് ഡി മായോ നാഷണൽ ഹോസ്പിറ്റലിന്റെ ചാപ്ലൈയിനാണ് ഫാ. മാക്‌സ് കാൽഡെറോൺ. അവിടെതന്നെയാണ് സിസ്റ്റർമാരും സേവനം ചെയ്യുന്നത്.

രോഗികൾക്ക് മരുന്നിനൊപ്പം പ്രത്യാശയും ആശ്വാസവും നൽകുന്നതിൽ കന്യാസ്ത്രീകൾ വ്യാപൃതരാകുമ്പോൾ, രോഗികളുടെ അജപാലനപരമായ കാര്യങ്ങളിലാണ് 56 വയസുള്ള ഫാ. മാക്‌സിന്റെ ശ്രദ്ധ. നെറ്റിയിലും നെഞ്ചിലും കുരിശ് ആലേഖനം ചെയ്ത ഒരു സേഫ്റ്റി സ്യൂട്ട് ധരിച്ച് ഓരോ ദിവസവും 20 പേരുള്ള ഒരു കോവിഡ് വാർഡിൽ അദ്ദേഹം സന്ദർശനം നടത്തും.

ഉറ്റവരെയോ ഉടയവരെയോ ആഴ്ചകളായി കാണാൻ പോലും സാധിക്കാത്ത അവർക്ക് വൈദികന്റെ സാന്നിധ്യവും പ്രാർത്ഥനയും അവർക്കു നൽകുന്ന ആശ്വാസം ചെറുതല്ല. 25 വർഷമായി ഈ ആശുപത്രിയുടെ ചാപ്ലൈനാണ് ഫാ. മാക്‌സ്. ഈ മഹാമാരിയിൽ ഒരു ദിവസം 20 പേരുടെയെങ്കിലും മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന അദ്ദേഹത്തെ അനേകരെ നല്ല മരണത്തിനൊരുക്കാനും ദൈവം ഉപകരണമാക്കി.

ആശുപത്രിയിൽതന്നെയാണ് സിസ്റ്റർമാർ താമസിക്കുന്നത്. അവരെ ശുശ്രൂഷിക്കുന്നതിനൊപ്പം രോഗികളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങളും അവർ ആരംഭിച്ചു. സൗജന്യ മെഡിസിൻ കാബിൻ, ആവശ്യമുള്ളവർക്ക് വസ്ത്രങ്ങൾ നൽകുന്ന സംവിധാനം എന്നിവ ഇതിൽ ചിലതാണ്. ഓരോ രോഗികളിലും ഈശോയുടെ മുഖം കണ്ട് ശുശ്രൂഷ ചെയ്യുമ്പോൾ മരണഭയംപോലും തങ്ങളിൽനിന്ന് ഓടിയകലുന്നു എന്നാണ് സിസ്റ്റർമാരുടെ സാക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?