Follow Us On

27

September

2020

Sunday

ലെബനൻ: ദുരന്തമുഖത്ത് അടിയന്തര സഹായമെത്തിച്ച് ക്രിസ്ത്യൻ സംഘടനകൾ

ലെബനൻ: ദുരന്തമുഖത്ത് അടിയന്തര സഹായമെത്തിച്ച് ക്രിസ്ത്യൻ സംഘടനകൾ

ബെയ്‌റൂട്ട്: ഉഗ്രസ്‌ഫോടനത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന ബെയ്‌റൂട്ടിലെ ജനതയ്ക്ക് പിന്തുണയേകാൻ കൈമെയ് മറന്ന് ക്രിസ്ത്യൻ സംഘടനകൾ. ഭക്ഷണം, മരുന്ന്, താമസസൗകര്യം എന്നിവ ലഭ്യമാക്കുന്നതിനൊപ്പം ദുരന്തത്തിന് ഇരയായവരുടെയും കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പദ്ധതികളും ആരംഭിച്ചുകഴിഞ്ഞു ‘കാരിത്താസ് ലെബനൻ’. കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസി’നൊപ്പം സഭയുടെതന്നെ ഭാഗമായ ‘പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷൻ’ ഫൗണ്ടേഷനും ദുരന്തമുഖത്ത് സജീവമാണ്.

സ്‌ഫോടനത്തിൽ കാരിത്താസിന്റെ കാര്യാലയത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അതിലൊന്നും കുലുങ്ങാതെ അനേകർക്കാണ് കാരിത്താസ് സഹായമെത്തിക്കുന്നത്. അടിയന്തിര ആവശ്യമെന്ന നിലയിൽ ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവ എത്തിച്ചു തുടങ്ങി. ‘സംഭവ സ്ഥലത്തിന് സമീപം ടെന്റുകൾ സ്ഥാപിച്ചും വാഹനങ്ങൾ ക്രമീകരിച്ചുമാണ് ജാതിമത ഭേദമെന്യേ ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നത്. കോൺവെന്റുകളിലും സ്‌കൂളുകളിലുമാണ് താമസസൗകര്യം ക്രമീകരിച്ചത്, ‘ കാരിത്താസ് ലെബനൻ പ്രസിഡന്റ് ഫാ. പോൾ കരം വ്യക്തമാക്കി.

ഭവനങ്ങൾ തകർന്നവരുടെ സാധനസാമഗ്രികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും പിന്തുണ നൽകാൻ ഡോക്ടർമാർ, സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തിനും കാരിത്താസ് രൂപം നൽകി. 200ൽപ്പരം സന്നദ്ധപ്രവർത്തകർ 15 സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം.

‘സ്ഥിതി ഗുരുതരമാണ്. ഇത്രയും വലിയ സാഹചര്യം ഞങ്ങൾ നേരിടുന്നത് ഇതാദ്യമാണ്. ബുദ്ധിമുട്ടുള്ള എല്ലാവരെയും സഹായിക്കാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരും’ കാരിത്താസ് ലബനൻ ഡയറക്ടർ റിത റയീം വെളിപ്പെടുത്തി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ, ‘പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ മിഷന്റെ’ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വാർത്താ ഏജൻസിയായ ‘ഏഷ്യാന്യൂസ്’ ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്.

ആഗസ്റ്റ് നാലിന് ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ സംഭവിച്ച സ്‌ഫോടനത്തിൽ 135ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. 5000ൽപ്പരം പേർക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകൾക്ക് വീടുകൾ നഷ്ടമായി. രാസവസ്തുക്കൾ സൂക്ഷിച്ച വെയർ ഹൗസിൽ ഉണ്ടായ സ്വാഭാവിക സ്‌ഫോടനം എന്നാണ് നിഗമനം. നഗരത്തിന്റെ വലിയഭാഗം തകർന്നു. അതീവ ഗുരുതരനിലയിൽ കഴിയുന്നവരുടെ എണ്ണം ഏറെയായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നും സംശയമുണ്ട്.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?