Follow Us On

27

September

2020

Sunday

സ്‌കോട്ടിഷ് സഭയെ വെല്ലുവിളിച്ച്‌ ‘ഹേറ്റ് ക്രൈം’ ബിൽ; നടപ്പായാൽ ബൈബിൾ കൈവശം വെക്കുന്നതുപോലും ശിക്ഷാർഹം?

സ്‌കോട്ടിഷ് സഭയെ വെല്ലുവിളിച്ച്‌ ‘ഹേറ്റ് ക്രൈം’ ബിൽ; നടപ്പായാൽ ബൈബിൾ കൈവശം വെക്കുന്നതുപോലും ശിക്ഷാർഹം?

എഡിൻബറോ: സ്‌കോട്ടിഷ് പാർലമെന്റിൽ അവതരിപ്പിച്ച ‘ഹേറ്റ് ക്രൈം ആൻഡ് പബ്ലിക് ഓർഡർ’ ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സ്‌കോട്ടിഷ് കത്തോലിക്കാ സഭാ നേതൃത്വം. ബിൽ നിയമമായാൽ ബൈബിളും മതപഠന ഗ്രന്ഥങ്ങളും കൈവശം വെക്കുന്നതുപോലും കുറ്റകരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നും മെത്രാൻ സമിതിയുടെ മുന്നറിയിപ്പ്. വംശീയ അധിക്ഷേപം തടയാനുള്ള നിയമത്തിന്റെ അനുബന്ധമെന്നോണം അവതരിപ്പിച്ച ബില്ലിലെ ചില വകുപ്പുകളാണ് വെല്ലുവിളി. ഇതിനെതിരെ ജസ്റ്റീസ് കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ് മെത്രാൻ സമിതി.

ട്രാൻസ്ജൻഡർ ഉൾപ്പെടെയുള്ള സംരക്ഷണ വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രവർത്തനങ്ങൾ ചെറുക്കാൻ അവതരിപ്പിച്ച ബില്ലിലെ ‘വിദ്വേഷ ജനകം’ എന്ന നിർവചനത്തിലെ അവ്യക്ത, മതസ്വാതന്ത്യത്തിന് തടയിടുമെന്നാണ് മെത്രാൻ സമിതി ചൂണ്ടിക്കാട്ടുന്നത്. ‘ക്ഷോഭജനകമായ വസ്തുക്കൾ കൈവശം വെക്കുന്നത്’ ശിക്ഷാർഹമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രസ്തുത വകുപ്പ് പ്രകാരം, ബൈബിളും മതബോധനഗ്രന്ഥങ്ങളും മറ്റും ‘ക്ഷോഭജനകമായ വസ്തുക്കളുടെ’ പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്ന് മെത്രാൻ സമിതി വ്യക്തമാക്കുന്നു.

കത്തോലിക്കാവിശ്വാസം അനുസരിച്ച് മനുഷ്യനെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമേ കത്തോലിക്കാ വിശ്വാസത്തിൽ സാധുതയുള്ളൂ, മറിച്ചുള്ള വിവാഹങ്ങൾ പാപകരമാണെന്നാണ് സഭ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ഇതുൾപ്പെടെ, ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനങ്ങളെല്ലാം ‘ക്ഷോഭജനകമായ വസ്തുക്കൾ’ എന്ന പട്ടികയിൽ ഉൾപ്പെടാനുള്ള സാഹചര്യം നിർദിഷ്ട ബിൽ സൃഷ്ടിക്കുമെന്ന് തന്നെയാണ് നിരീക്ഷകരുടെയും വിലയിരുത്തൽ.

‘സംസാര സ്വാതന്ത്ര്യം, അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, വിശ്വാസ ബോധ്യങ്ങൾ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾക്കുമേൽ വെല്ലുവിളി ഉയർത്തുന്നതാണ് നിർദിഷ്ട ബിൽ. കത്തോലിക്കാ പ്രബോധനങ്ങൾക്ക് മേലുള്ള സെൻസർഷിപ്പിലേക്ക് നയിക്കാൻ ഇത് കാരണമാകും,’ സ്‌കോട്ടിഷ് മെത്രാൻ സമിതി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സംവാദത്തിന്റെയും സഹിഷ്ണുതയുടെയും മേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് സ്‌കോട്ട്‌ലൻഡിനെ അസഹിഷ്ണുതയും സ്വതന്ത്യമില്ലാത്തതുമായ ഒരു രാഷ്ട്രമാക്കി മാറ്റുമെന്നും മെത്രാൻ സമിതി മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?