Follow Us On

21

September

2020

Monday

നാല് പതിറ്റാണ്ടിനുശേഷം ദൈവവിളി സ്വീകരണത്തിൽ റക്കോർഡ്!

നാല് പതിറ്റാണ്ടിനുശേഷം ദൈവവിളി സ്വീകരണത്തിൽ റക്കോർഡ്!

എട്ട് ദൈവവിളികൾ മാറ്റത്തിന്റെ തുടക്കമെന്ന് വിശ്വാസീസമൂഹം

ഡെൻവർ: ഒരു രൂപതയിൽനിന്ന് ഒരു വർഷം എട്ടു പേർ സെമിനാരി പരിശീലനം ആരംഭിച്ചു എന്നത് കേരളത്തിലെന്നല്ല ഇന്ത്യയിലൊരിടത്തും വാർത്തയാവില്ല. എന്നാൽ, അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള പ്രൊവിഡൻസ് രൂപതയ്ക്ക് അത് അത്ഭുത വാർത്തയാണ്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് എട്ടുപേർ ഒരു വർഷം സെമിനാരിയിൽ പ്രവേശിതരാകുന്നത്. ദൈവവിളികളുണ്ടാകാൻ വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയ ദൈവത്തിന് നന്ദി പറയുന്നതിനൊപ്പം, ഇത് വലിയ ഒരു തുടക്കമാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണ് വിശ്വാസീസമൂഹം.

‘നമ്മുടെ രൂപതയെ സംബന്ധിച്ച് അത്ഭുതകരമായ ഒരു വാർത്തയാണിത്, ദൈവം ഇരുട്ടിൽ തെളിച്ച വെളിച്ചമാണിത്. അനേകരുടെ പ്രാർത്ഥനയുടെ ഫലമാണ് പൗരോഹിത്യത്തിലേക്ക് ലഭിച്ച ഈ ദൈവവിളികൾ,’ പ്രൊവിഡൻസ് രൂപതാ ബിഷപ്പ് തോമസ് ടോബിൻ ട്വിറ്ററിൽ കുറിച്ചു. ‘ഈ വർഷം പ്രവേശിതരായവർ ഉൾപ്പെടെയുള്ള നമ്മുടെ സെമിനാരിയന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക. എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാൻ നിങ്ങൾക്ക് തരും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്. അവിടുന്ന് അത് നിറവേറ്റുകതന്നെ ചെയ്യും,’ ബിഷപ്പ് കൂട്ടിച്ചേർത്തു.

ഇത്രയും ദൈവവിളികൾ ലഭിക്കാൻ കാരണം രൂപതാംഗങ്ങളുടെ പ്രാർത്ഥനയാണെന്ന് ഔവർ ലേഡി ഓഫ് പ്രൊവിഡൻസ് സെമിനാരി വൊക്കേഷൻ ഡയറക്ടർ ഫാ. ബ്രയാൻ മോറിസ് അഭിപ്രായപ്പെട്ടു. ‘ദൈവവിളികൾ വർദ്ധിക്കാൻവേണ്ടിയുള്ള വിശേഷാൽ പ്രാർത്ഥനകൾക്ക് വലിയ പ്രാധാന്യമാണ് ഇടവകകളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും നൽകുന്നത്. ദൈവവിളികൾ തിരിച്ചറിയാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും പുതുതലമുറയെ പ്രാപ്തരാക്കണമേ എന്നതാണ് പ്രാർത്ഥനകൾ.’

വൈദികർ വിരമിക്കുമ്പോൾ പകരം നിയോഗിക്കാൻ വൈദികരില്ലാത്ത അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ വർഷം സെമിനാരി പ്രവേശിതരായവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പ്രതീക്ഷ പകരുന്നതാണ്. ‘ദൈവവിളി വർദ്ധിക്കാൻ മാത്രമല്ല, നല്ല വൈദികരെ ലഭിക്കാൻവേണ്ടിക്കൂടി പ്രാർത്ഥിക്കണം. യുവജനങ്ങളുമായി അജപാലകരും സമർപ്പിതരും വ്യക്തിപരമായ ബന്ധം വളർത്തുന്നത് ദൈവവിളികൾ തിരിച്ചറിയാൻ പുതുതലമുറയെ സഹായിക്കും,’ സെമിനാരി റെക്ടർ ഫാ. ക്രിസ് മർഫി കൂട്ടിച്ചേർത്തു.

ഫോട്ടോ ക്യാപ്ഷൻ: ഈ വർഷം പ്രവേശിച്ചവർ ഉൾപ്പെടെ രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം നടത്തുന്നവർ ബിഷപ്പ് തോമസ് ടോബിനൊപ്പം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?