Follow Us On

19

April

2024

Friday

അജഗണത്തിന് സഹായം എത്തിക്കാൻ വികാരിയച്ചന്റെ സൈക്കിൾ പര്യടനം; പ്രത്യാശയേകി ‘100 മൈൽസ് ഓഫ് ഹോപ്പ്’

അജഗണത്തിന് സഹായം എത്തിക്കാൻ വികാരിയച്ചന്റെ സൈക്കിൾ പര്യടനം; പ്രത്യാശയേകി ‘100 മൈൽസ് ഓഫ് ഹോപ്പ്’

ബ്രൂക്ക്‌ലിൻ: ഇടവകാംഗങ്ങളുടെ ആത്മീയ ജീവിതം ശക്തിപ്പെടുത്താൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, അവരുടെ ഭൗതികാവശ്യങ്ങളിൽ എങ്ങനെ സഹായിക്കാനാകും? കൊറോണാക്കാലത്ത് ഒട്ടുമിക്ക വികാരിയച്ചന്മാരുടെയും മനസിലുണ്ടായ ഈ ആത്മഗതത്തിന്റെ സത്ഫലങ്ങൾ നിരവധി കണ്ടെത്താനാകും. അക്കൂട്ടത്തിൽ അടിമുടി വ്യത്യസ്ഥനാണ് ഫാ. ക്രിസ്റ്റഫർ ഹിയാൻ. ഇടവകാംഗങ്ങളെ സഹായിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗമെന്തന്നോ- 100 മൈൽ സൈക്കിൾ പര്യടനം.

സോഷ്യൽ മീഡിയാ കാംപെയിൻ വഴിയുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഏതാണ്ട് 10 മണിക്കൂർ നീണ്ടുനിന്ന ഈ സൈക്കിൾയജ്ഞം. ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ രൂപതാ റിച്ച്മണ്ട്ഹിൽ ഹോളി ചൈൽഡ് ജീസസ് വികാരിയാണ് ഫാ. ക്രിസ്റ്റഫർ. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ഇടവകംഗങ്ങൾക്കുവേണ്ടി പണം സ്വരൂപിക്കാൻ ലക്ഷ്യംവെച്ച് നടത്തിയ സൈക്കിൾ പര്യടനത്തിന് ‘100 മൈൽസ് ഓഫ് ഹോപ്പ്’ എന്നാണ് പേരു നൽകിയത്.

ഇടവകാംഗങ്ങളായ പോൾ, ടോം എന്നിവർക്കൊപ്പമായിരുന്നു പ്രാർത്ഥനാ നിർഭരമായ സൈക്കിൾ പര്യടനം. ദിവ്യബലി അർപ്പിച്ചശേഷം രാവിലെ 5.45ന് ആരംഭിച്ച പര്യടനം വൈകിട്ട് 4.00ന് ലക്ഷ്യസ്ഥാനമായ ഈസ്റ്റ് ഹാംറ്റെൺ മോസ്റ്റ് ഹോളി ട്രിനിറ്റി ദൈവാലയത്തിൽ സമാപിച്ചു.ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവമായിരുന്നു ഇതെന്ന് 32 വയസുകാരനായ ഫാ. ക്രിസ്റ്റഫർ സാക്ഷ്യപ്പെടുത്തി: ‘100 മൈൽ ദൂരം സൈക്കിളിൽ ചവിട്ടുക എന്നത് എനിക്ക് വലിയ ഭയം നൽകുന്നതായിരുന്നു. എങ്കിലും എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന തിരുവചനം എന്നെ സധൈര്യനാക്കി.’

ഇടവകാംഗങ്ങളുടെ പ്രാർത്ഥനാ സംരക്ഷണവും ദൈവീകാനുഗ്രഹവും പര്യടനത്തിൽ ഉടനീളം അനുഭവിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി മൂലം ഭക്ഷണക്ഷാമവും സാമ്പത്തിക പ്രശ്‌നങ്ങളും മാത്രമല്ല, മാനസിക വിഷമതകളും ഇടവകാംഗങ്ങൾ നേരിടുന്നുണ്ട്. കോവിഡ് ബാധിച്ച് അപ്പനെ നഷ്ടപ്പെട്ട കുഞ്ഞ്, ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നവർ, ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരുണ്ട്.

‘ഈ വെല്ലുവിളികൾ അതിജീവിക്കാൻ ജനങ്ങളെ പ്രചോദിതരാക്കണം. അവർ ഒറ്റപ്പെട്ടിട്ടില്ലന്ന ബോധ്യം നൽകണം. പണം സ്വരൂപിക്കുക എന്നതിനപ്പുറം പ്രതിസന്ധികളെ പ്രത്യാശയോടെ തരണം ചെയ്യാൻ ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു സൈക്കിൾ പര്യടനത്തിന്റെ ലക്ഷ്യം.’ ‘ഗോ ഫണ്ട് മീ’ എന്ന പേരിൽ നടത്തിയ സോഷ്യൽ മീഡിയാ കാംപെയിനിലൂടെയുള്ള ധനസമാഹരണം ഇടവകാംഗങ്ങൾക്ക് സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?