Follow Us On

29

February

2024

Thursday

ശാസ്ത്രവും ചരിത്രവും പിന്നെ ദൈവവും

ശാസ്ത്രവും ചരിത്രവും പിന്നെ ദൈവവും

ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്വയിക്കുന്ന വർത്തമാനകാഴ്ചകളിലൂടെയുള്ള ഒരു യാത്രയാണ് ജയ്‌മോൻ കുമരകത്തിന്റെ ‘ശാസ്ത്രവും ചരിത്രവും പിന്നെ ദൈവവും.’ ശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യജീവിതത്തിന്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തുനിർത്തേണ്ടതുണ്ടോ? തുടങ്ങിയ ചിന്തകളെ ലേഖകൻ നീതിപൂർവം വിചിന്തനം ചെയ്യുന്നു. സയൻസ് മാത്രമാണ് ശരിയെന്ന് ജനത്തെ ബോധ്യപ്പെടുത്തി ദൈവത്തിൽനിന്നും മനുഷ്യനെ അകറ്റാനുള്ള ശ്രമം ഇന്നും ഊർജിതമാകുകയാണെന്ന് ലേഖകൻ വ്യക്തമാക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കാനുള്ള ചിലരുടെ പരിശ്രമങ്ങൾക്കും ദൈമില്ലന്ന പറയുന്ന മതനിഷേധികൾക്കും അത്തരം ആശയങ്ങൾ ഉള്ളിൽ സംശയമായി കൊണ്ടുനടക്കുന്നവർക്കുമുള്ള മറുപടികൂടിയാണ് ഈ പുസ്തകം. ക്രിസ്തുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ പ്രവർത്തനങ്ങൾക്കും ആശയങ്ങൾക്കും നിലനിൽപ്പുണ്ടാകില്ല എന്ന വ്യക്തമായ മുന്നറിയിപ്പും ഉദാഹരണങ്ങൾ സഹിതം ലേഖകൻ വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെയും മാതാവിന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ പുസ്തകം ക്രിസ്തീയ വിശ്വാസത്തിൽ ഊട്ടിയുറപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.
പാപ്പിറസ് താളിലെ ക്രിസ്തു
ദി വേൾഡ് ഇൻ ഡാർക്ക്‌നെസ്’ (അന്ധകാരത്തിലാണ്ട ലോകം) എന്നൊരു പഴയ ചലച്ചിത്രത്തിൽ ചരിത്രഗവേഷകനായ ഒരു പ്രൊഫസർ ഒരിക്കൽ ചരിത്രഗവേഷണത്തിനിടയിൽ സ്‌ഫോടനാത്മകമായ ഒരു പ്രഖ്യാപനം നടത്തി. ”ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല. ആ മനുഷ്യന്റെ അസ്ഥികൂടം ഞാൻ കണ്ടെത്തിയിരിക്കുന്നു. അതിനുള്ള എല്ലാ തെളിവുകളോടും കൂടി.” പ്രകമ്പനം കൊളളിച്ച ഈ പ്രഖ്യാപനം പത്ര മാധ്യമങ്ങൾ ആ ദിവസങ്ങളിൽ പ്രധാന വാർത്തയാക്കി.
അനന്തരഫലം ഭീതിജനകമായിരുന്നു. ക്രൈസ്തവസഭകൾ നിശ്ചലമായി. ദൈവാലയങ്ങളും ക്രൂശിതരൂപങ്ങളും തകർക്കപ്പെടുകയും സെമിനാരികളും അരമനകളും അടച്ചുപൂട്ടപ്പെടുകയും ചെയ്തു. വിശ്വാസികൾ അന്യവിശ്വാസത്തിലേക്ക് ചേക്കേറാനും നിരീശ്വരവാദികൾ പെരുകാനും തുടങ്ങി. അക്രമങ്ങളും കൊലപാതങ്ങളും പതിന്മടങ്ങ് വർധിച്ചു. പൈശാചിക ആരാധനകളും സമൂഹത്തിൽ സജീവമായി. എന്നാൽ ഗവേഷകനായ പ്രൊഫസർ അധികം വൈകാതെ കഠിനരോഗത്തിന്റെ പിടിയിലകപ്പെട്ടു. ശാരീരികനൊമ്പരം കൊണ്ട് അയാൾ രോഗക്കിടക്കയിൽ അലറിക്കരഞ്ഞു. ഡോക്ടർമാർ അയാളെ സുഖപ്പെടുത്താനുള്ള എല്ലാ ശ്രമവും നടത്തി. എന്നിട്ടും അനുദിനം രോഗം മൂർച്ഛിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല.
നൊമ്പരത്തിന്റെ ആധിക്യത്തിൽ ശരീരം നീറിപ്പിടയുമ്പോൾ തന്റെ ചുറ്റുംകൂടിയ ജനത്തെ അയാൾ തുറിച്ച് നോക്കി. എന്തോ പറയാൻ അയാൾ വെമ്പൽകൊളളുന്നുവെന്ന് മുഖഭാവം സൂചിപ്പിക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും അത്? ആകാംക്ഷയോടെ അവർ അദ്ദേഹത്തെ നോക്കി. തീവ്രമനോവേദനയോടെ അദ്ദേഹംപറഞ്ഞു. ”സ്‌നേഹിതരേ…ക്ഷമിക്കണം. എനിക്ക് വലിയൊരു തെറ്റ് പറ്റി. ഞാൻ നിങ്ങളോട് ഒരു അസത്യം പറഞ്ഞു. ഞാൻ കണ്ടെത്തിയത് യേശുവിന്റെ അസ്ഥികൂടമല്ല, നൂറ്റാണ്ടുകൾക്ക്മുൻപ് ജീവിച്ചിരുന്ന മറ്റാരുടെയോ അസ്ഥികൂടമാണ്.”
ആ യാഥാർത്ഥ്യം പ്രഖ്യാപിച്ച അതേനിമിഷം ഒരു സ്വർഗീയപ്രഭ അയാളുടെ മുഖത്തു മിന്നിത്തെളിഞ്ഞ് അപ്പോൾ തന്നെ മരണത്തെ പുൽകുകയും ചെയ്തു. ഇതൊരു സിനിമയാണെങ്കിലും ക്രിസ്തുവിന്റെ കാലഘട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിറം പിടിപ്പിച്ച ധാരാളം ഇല്ലാക്കഥകളും തെറ്റായ ഗവേഷണങ്ങളും പഠനങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇവയിൽ മിക്കതും സഭയെ അപമാനിക്കാനും ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കാനുംവേണ്ടി കെട്ടിച്ചമക്കപ്പെട്ടതാണെന്ന് ലേഖകൻ സമർത്ഥിക്കുന്നു ഇവിടെ. മതവൈരികളായ അനേകം പേർ ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പേരിൽ ആദിമനൂറ്റാണ്ട് മുതൽ ക്രൈസ്തവസഭയെ ഇത്തരത്തിൽ കുത്തി വ്രണപ്പെടുത്തുന്നണ്ടെന്നും ലേഖകൻ വിവിധ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
ഗുരുത്വാകർഷണവും ദൈവസ്‌നേഹവും
ശാസ്ത്രം വളരുമ്പോൾ ദൈവവചനത്തെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് മനുഷ്യൻ നടത്താറുള്ളത്. ഇതൊക്കെ കണ്ട് ദൈവം ചിരിക്കുന്നുണ്ടാകും. ദൈവത്തെ തള്ളിപ്പറഞ്ഞ് ലോകരാജ്യങ്ങൾ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി മുന്നേറുന്നു. മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ദൈവനിഷേധവാർത്തകളിലേക്ക് പുതുതലമുറയും ആകർഷിക്കപ്പെടുന്നു. ദൈവാലയ സന്ദർശനത്തോടും കൂദാശകളോടുമുള്ള യുവജനങ്ങൾക്കുള്ള വൈമുഖ്യം ഇനിയെങ്കിലും സഭ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നുവെന്നും ലേഖകൻ ഉദ്‌ബോധിപ്പിക്കുന്നു. ‘ഗുരുത്വാകർഷണ തത്വം’ പ്രപഞ്ചനിയന്താവിന്റെ അദൃശ്യകരങ്ങളിൽ ആശ്രയിക്കാനാണ് ന്യൂട്ടനെന്ന അതുല്യപ്രതിഭയെ പ്രേരിപ്പിച്ചത്. വിശുദ്ധഗ്രന്ഥത്തിലൂടെ വെളിപ്പെടുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴമളക്കാനാണ് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ലൂയി പാസ്റ്റർ തന്റെ ജീവിതത്തിൽ അധികസമയവും നീക്കിവെച്ചത്. മരണനേരത്തുപോലും ജപമണികളെ ചുംബിച്ച് അന്ത്യയാത്രയായ വ്യക്തിയാണ് റേഡിയോ കണ്ടുപിടിച്ച മാർക്കോണി. ഇതുപോലെ പതിനായിരക്കണക്കിന് അതുല്യ പ്രതിഭകളെ നമുക്ക് ചരിത്രത്തിലുടനീളം കാണാമെന്നും പുസ്തകം ഓർമിപ്പിക്കുന്നു. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും ശാസ്ത്രത്തെയും മതത്തെയും തമ്മിൽ കൂട്ടിയിണക്കുന്നതും ദൈവചിന്തകളിലേക്ക് മനസ്സിനെ നയിക്കുന്നതുമായിരുന്നു. ശാസ്ത്രത്തിന്റെ പുത്തൻ സിദ്ധാന്തങ്ങളിലും കംപ്യൂട്ടറുകളുടെ മായികലോകത്തും വിഹരിക്കുന്നവർ അതുകൊണ്ടു തന്നെ ദൈവത്തെ മറന്നുള്ള വിശ്വസപ്രമാണങ്ങളിലേക്ക് യാതൊരുകാരണവശാലും തിരിയരുതെന്നും ലേഖകൻ വ്യക്തമാക്കുന്നു.
മറിയം; എല്ലാ തർക്കങ്ങൾക്കുമുള്ള ഉത്തരം
ശാസ്ത്രത്തിന്റെ കണ്ണുകളാലല്ല, വിശ്വാസത്തിന്റെ കണ്ണുകളാലാണ് പരിശുദ്ധ അമ്മയുടെ സാന്നിധ്യം അടുത്തറിയാൻ സാധിക്കുന്നത്. അബദ്ധപഠനങ്ങളും സഭയെ കുത്തിനോവിക്കുന്ന ദുഷ്പ്രവണതകളും പാഷണ്ഡതകളും വർധിക്കുമ്പോൾ ജപമാല കൈയിലേന്തണമെന്ന് പഠിപ്പിച്ചത് പരിശുദ്ധ അമ്മയാണ്. സുവിശേഷങ്ങളുടെ ആകെത്തുകയും രക്ഷാകരചരിത്രത്തിന്റെ സംഗ്രഹവുമാണ് ജപമാലയെന്ന് ലേഖകൻ വിശദീകരിക്കുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാന പ്രാർത്ഥനയായി ജപമാലപ്രാർത്ഥനയെ വിശേഷിപ്പിക്കാവുന്നതാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്വം അംഗീകരിക്കാത്തവരുള്ളതുപോലെ ക്രിസ്തീയ വിശ്വാസസത്യത്തിൽനിന്നും വഴിതെറ്റിക്കുന്നതാണ് ജപമാലയെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. യഥാർത്ഥത്തിൽ, വിശ്വാസസത്യങ്ങളെ ബലപ്പെടുത്തുന്നത് ജപമാലയാണെന്ന് കാണാമെന്നും പുസ്തകം അനുഭവങ്ങൾ പങ്ക് വെച്ച് നമ്മെ ഓർമപ്പെടുത്തുന്നു. ജപമാലപ്രാർത്ഥനയിൽ നാം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ ധ്യാനിക്കുന്നു. അതോടൊപ്പം അവിടുത്തെ അത്ഭുതപ്രവൃത്തികൾ, പരിശുദ്ധ കുർബാനയുടെ സ്ഥാപനം, കുരിശുമരണം, ഉത്ഥാനം ഇവയും ധ്യാനവിഷയമാക്കുകയും അവയ്ക്ക് നന്ദിപറയുകയും ചെയ്യുന്നു. ഓരോ രഹസ്യത്തിലും യേശു നമുക്കുവേണ്ടി സഹിച്ച പീഡകളും മനുഷ്യമക്കളോടുള്ള അവിടുത്തെ സ്‌നേഹവും നാം ധ്യാനിക്കുന്നു. വചനം ധ്യാനിച്ചു പ്രാർത്ഥിച്ചതിനുശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ചൊല്ലി ദൈവനാമം പ്രകീർത്തിക്കുകയാണ് ജപമാലയിൽ നാം ചെയ്യുന്നതെന്നും പുസ്തകം ഉദ്‌ബോധിപ്പിക്കുന്നു.
യേശുവും കാശ്മീരും
യേശുക്രിസ്തു മരിച്ചത് കാശ്മീരിലാണ്’ എന്ന രീതിയിലുള്ള പ്രചരണങ്ങൾ മുൻപത്തേക്കാൾ ഏറെ വർധിച്ചിരിക്കുന്ന കാലമാണിത്. ക്രിസ്തു കാശ്മീരിലെത്തിയ ശേഷം മരിച്ചെന്നും കാശ്മീരിൽ ക്രിസ്തുവിന്റെ കബറിടമുണ്ടെന്നുമുള്ള വാദവും പ്രചരിക്കപ്പെടുന്നു. ഇത്തരം പ്രചരണങ്ങൾക്കുവേണ്ടി സാമ്പത്തികസഹായം ചെയ്യുന്നവരുമുണ്ട്. വ്യാജതെളിവുകളും ഭാവനകളും നിരത്തി ക്രിസ്തു മരിച്ചത് കാശ്മീരിലാണെന്ന് സ്ഥാപിക്കാൻ പുസ്തകങ്ങളും മാസികകളുമൊക്കെ സൗജന്യമായി അച്ചടിച്ച് വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു.
ദുർബലവിശ്വാസികളെ രചനകളിലൂടെയും ഉപദേശങ്ങളിലൂടെയും സഭാവിശ്വാസത്തിൽനിന്നും പെട്ടെന്ന് വ്യതിചലിപ്പിക്കുക എന്നതാണ് ഇത്തരം ശ്രമങ്ങളുടെ പിന്നിൽ. എന്നാൽ കത്തോലിക്കാ വിശ്വാസത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ഉറച്ച് നിൽക്കുന്ന ആർക്കും ഇത്തരം പഠനങ്ങളുടെയും ഉപദേശങ്ങളുടെയും പിന്നാലെ പോകാനാവില്ലെന്നും പുസ്തകം വ്യക്തമാക്കുന്നു. ‘ക്രിസ്തു കാശ്മീരിൽ’ എന്ന ആശയത്തിലൂടെ ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്ന് വ്യക്തമാണ്. ഇത്തരം ആശയങ്ങളിൽ അകപ്പെട്ട് പോകുന്ന, ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്ത ഒരു ക്രിസ്ത്യാനി, ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതുമെല്ലാം കാശ്മീരിലാണെന്ന് ചിന്തിക്കുന്നതിന് സാധ്യതയേറെ. വികലവും എന്നാൽ എളുപ്പം ആകർഷിക്കുന്ന വിധവുമാണ് ഇത്തരം ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നത.് എന്നതിനാൽ അവയിൽ അകപ്പെടാതിരിക്കാൻ മുൻകരുതലുകളേറെ വേണ്ടിയിരിക്കുന്നുവെന്നും ലേഖകൻ അനുവാചകരെ ഉദ്‌ബോധി്പ്പിക്കുന്നു.
പീഡനങ്ങളിൽ വിശ്വാസം ദൃഡപ്പെടണം
വിശ്വാസിയായിരിക്കുന്നതും വിശ്വാസം ഏറ്റുപറയുന്നതുമെല്ലാം ഗുരുതരകുറ്റമായി കണ്ട് ക്രൈസ്തവരെ അറസ്റ്റ് ചെയ്യാനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ ലോകമെങ്ങും നടക്കുന്നത്. പുതുതായി ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് വധശിക്ഷ നൽകുമെന്നായിരുന്നു അഫ്ഗാനിസ്ഥാനിസ്ഥാനിലെ ഉന്നതരാഷ്ട്രീയ നേതൃത്വത്തിലൊരാളുടെ പ്രസ്താവന. ലോകമെങ്ങും ക്രൈസ്തവരോടുള്ള മനോഭാവം ഇതിന് സമാനമായിക്കൊണ്ടിരിക്കുന്നു. ലിബിയയിൽ ഗദ്ദാഫിയുടെ വധത്തിനുശേഷം ക്രൈസ്തവർ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇറാക്കിലാകട്ടെ ക്രൈസ്തവർ മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെടുന്നു. ബാഗ്ദാദിലും മറ്റും ബോംബും വെടിവെയ്പും ഭയന്ന് ദൈവാലയങ്ങളിൽ പോകാൻ ക്രൈസ്തവർ മടിക്കുകയാണ്. അൾജീറിയ, സുഡാൻ, നൈജീരിയ, സോമാലിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വ്യാപിക്കുകയാണ്. ഇത്തരത്തിൽ ഒരോ രാജ്യത്തും നടക്കിന്ന ക്രൈസ്തവ പീഡനങ്ങളെകുറിച്ച് ലേഖകൻ ചുരുക്കി വിവരിക്കുന്നു ഇവിടെ. എല്ലാ വിഭാഗീയതകൾക്കും സങ്കുചിതചിന്തകൾക്കും ശത്രുതാ മനോഭാവത്തിനുമുള്ള പ്രതിവിധി സുവിശേഷമാണ്. സഭയിലെ രക്തസാക്ഷികൾ അതിന്റെ നേർസാക്ഷ്യമാണ്. അവരുടെ രക്തത്തിലൂടെയാണ് ആദിമസഭ വളർന്നുപന്തലിച്ചത്. ക്രിസ്തുവിന്റെ രക്ഷാകരസഹനങ്ങളിൽ പങ്കുചേരാൻ ക്രൈസ്തവർക്ക് ലഭിക്കുന്ന അവസരങ്ങളായി ലോകമെങ്ങുമുണ്ടാകുന്ന പീഡനങ്ങളെ നാം കാണണം. ഈ സഹനങ്ങൾക്ക് വഴിയൊരുക്കിയവർക്കുവേണ്ടി, പകയും പരിഭവവും കൂടാതെ പ്രാർത്ഥിക്കാനും നാം തയാറാകണമെന്നും ലേഖകൻ ഓർമിപ്പിക്കുന്നു.
ഭൂമിക്ക് ചരമഗീതം പാടുന്നവർ
ഭൂമിക്ക് ചരമഗീതം പാടുന്നവരുടെ എണ്ണമേറുകയാണ്. ലോകാവസാനം ഉടൻ വരുന്നു എന്നാണവർ വിളിച്ച് പറയുന്നത്. അതു കേട്ട് ഭയപ്പെട്ട് അവരുടെ അനുയായികളായി മാറി, തെറ്റായ ബോധ്യങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും തിരിയുന്നവർ ഏറെ. സഭയിൽനിന്നും അടുത്തകാലത്ത് പുറത്തായ കുറേപ്പേർ ഒന്നിച്ച് കൂടി ഇപ്പോൾ ലോകാവസാനസമയത്തേക്കുള്ള കരുതൽ എന്ന നിലയിൽ പെട്ടകത്തിലിറങ്ങിനിന്ന് പ്രാർത്ഥിക്കുന്നു. ഇത്തരം പ്രചരണങ്ങളും തെറ്റായ കാഴ്ചപ്പാടുകളും ആദ്യകാലം മുതൽ തന്നെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എ.ഡി. ആയിരത്തിൽ ലോകം അവസാനിക്കുമെന്നുള്ള പ്രചരണം ശക്തമായിരുന്നുവെന്നതിന്റെ തെളിവുകൾ ചരിത്രത്തിൽ കാണാൻ കഴിയും. ക്രിസ്തു അന്ന് ലോകത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നായിരുന്നു എഴുതപ്പെട്ട ലേഖനങ്ങൾ പലതും സൂചിപ്പിച്ചിരുന്നത്. അന്ന് അത് നടക്കാതെ വന്നപ്പോൾ പിന്നീട് പല തിയതികളും മാറിമാറി ചിലർ പറയാൻ തുടങ്ങി. ലോകം രണ്ടായിരാമാണ്ടിൽ അവസാനിക്കുമെന്നുളളത് ശക്തമായ മറ്റൊരു പ്രചരണമായിരുന്നു. ഇത്തരുണം ലോകാവസാനത്തെകുറിച്ച് ഉണ്ടായിരുന്ന നിരവധി അബദ്ധധാരണകളെ വിശകലനം ചെയ്ത് യാഥാർത്ഥ്യമെന്തന്ന് ലേഖകൻ വചനാധിഷ്ഠിതമായി വിവരിക്കുന്നു.
ദൈവത്തെ മറക്കുന്ന സിനിമ
ഏറ്റവുമധികം ജനങ്ങളെ ആകർഷിക്കുന്ന വിനോദമാധ്യമമാണ് സിനിമ. ശക്തമായ പ്രമേയങ്ങളിലൂടെ സിനിമ നൽകുന്ന സന്ദേശങ്ങൾ ജനഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിക്കും. മതസൗഹാർദവും രാജ്യസ്‌നേഹവും പോലുള്ള വിഷയങ്ങളിൽ നല്ല ബോധ്യങ്ങൾ നൽകുന്നതിന് ആഴ്ചകൾ നീളുന്ന വിദഗ്ദ ശിൽപ്പശാലകളേക്കാൾ കേവലം രണ്ട് മണിക്കൂർ നീളുന്ന ഒരു ചലച്ചിത്രത്തിന് അനായാസം കഴിയുന്നുവെന്ന് ലേഖകനും വിലയിരുത്തുന്നു. ലേഖകന്റെ അഭിപ്രായത്തിൽ ദേശത്തിന്റെ ഐക്യത്തിനും നാടിന്റെ പുരോഗതിക്കുമായി ജനമനസ്സിനെ ഒരുക്കാൻ ഈ മാധ്യമത്തിന് കഴിയുന്നതുപോലെ മറ്റൊന്നിനും കഴിയില്ല. നന്മപോലെ തന്നെ തിന്മ വിതയ്ക്കാനും സിനിമ കാരണമാകുന്നുണ്ടെന്ന് ലേഖകൻ നിസ്സംശയം പറയുന്നു. അനീതിയും അക്രമവും അഴിമതിയും മതവിരോധവും ജനങ്ങളിലേക്ക് കുത്തിവെക്കാൻ സിനിമയ്ക്ക് വളരെപ്പെട്ടെന്ന് കഴിയും. ഒരു നാടിന്റെ പുരോഗതിയെ തുരങ്കം വെക്കാനും ജനങ്ങളുടെ സ്‌നേഹവും കെട്ടുറപ്പും ഇല്ലാതാക്കാനും അഭ്രപാളിയിലെ ചലിക്കുന്ന ചിത്രങ്ങൾക്ക് കഴിയും. അതുകൊണ്ട് തന്നെ സമഗ്രദർശനം പുലർത്താത്ത ചിത്രങ്ങൾക്ക് സർക്കാരുകൾ അനുമതി നൽകരുത്. അത്തരം ചിത്രങ്ങളുടെ പിന്നണിപ്രവർത്തനങ്ങളിൽ ക്രൈസ്തവ കലാകാരന്മാർ ചെന്ന് ചാടുകയുമരുതെന്ന് പുസ്തകം ഓർമിപ്പിക്കുന്നു. ക്രിസ്തുവിനെയും സഭയെയും ക്രൈസ്തവരെയും മ്ലേച്ഛകരമാക്കാനും ആക്രമിക്കാനും പ്രചോദനം നൽകുന്ന സിനിമകൾ ഇപ്പോൾ വ്യാപകമായി ചിത്രീകരിക്കപ്പെടുന്നു.
ഇതുവഴി ഒരു നല്ല വിഭാഗം ജനങ്ങൾ ക്രൈസ്തവ ആശയങ്ങളിൽനിന്ന് പിന്തിരിയുമെന്നും അങ്ങനെ സമൂഹത്തിൽനിന്നും ക്രൈസ്തവരെ പടികടത്താൻ കഴിയുമെന്നുമുള്ള ചില ഗ്രൂപ്പുകളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണിത്. ഇങ്ങനെ നിർമിക്കപ്പെടുന്ന സിനിമകൾ വ്യാപകമായി പ്രചരിപ്പിക്കാനും സിനിമയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകാനുമൊക്കെ ചില ക്രൈസ്തവവിരുദ്ധ പ്രസ്ഥാനങ്ങളും ഡെവിൾ വർഷിപ്പ് ഗ്രൂപ്പുകളും ശ്രമിക്കാറുണ്ട്. മിക്ക ഭാഷകളിലും ബൈബിൾ പ്രമേയം എന്നതുപോലെയാണ് ഇത്തരം സിനിമകളും റീലീസ് ചെയ്യുന്നത്. എന്നാൽ ഇവയുടെ ആശയമാകട്ടെ വിശ്വാസത്തിന് കടകവിരുദ്ധവുമാണെന്ന് ലേഖകൻ ശക്തമയി ഉദാഹരണസഹിതം വ്യക്തമാക്കുന്നു. കിസ്ത്യൻ ആരാധനാലയങ്ങളും ക്രൈസ്തവബിംബങ്ങളും വേണ്ടത്ര പരിഗണന നൽകാതെയും പാവനത നൽകാതെയും അവതരിപ്പിക്കപ്പെടുന്നത് ഇതരഭാഷാ ചലച്ചിത്രങ്ങളിലും കാണാൻ സാധിക്കും. കൊള്ളക്കാരുടെ താവളങ്ങളായും മോശമായ നൃത്തങ്ങളുടെ പശ്ചാത്തലങ്ങളായും ദൈവാലയങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ എത്ര വിപരീതമായ കാഴ്ചപ്പാടുകളായിരിക്കും അത്തരം സിനിമകൾ അതു കാണുന്നവരിൽ ഉളവാക്കുക? വില്ലൻ കഥാപാത്രത്തെ തിരിച്ചറിയാൻ കഴുത്തിൽ അണിഞ്ഞിരിക്കുന്ന കുരിശ്മാലയോ കൊന്തയോ നോക്കിയാൽ മാത്രം മതിയെന്ന രീതിയിലായിപ്പോകുന്നു സിനിമാക്കഥകൾ. പുരോഹിതരും സന്യാസിനികളും പ്രേമത്തെ കൂട്ടിയിണക്കുന്ന പിണിയാളുകളോ കോമഡി കഥാപാത്രങ്ങളോ ആയും അവതരിപ്പിക്കപ്പെടുന്നു. മൽസരങ്ങൾക്കെത്തുന്ന സിനിമകളിൽപ്പോലും ക്രൈസ്തവവിരുദ്ധത കുത്തിനിറക്കപ്പെടുന്നതിനെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു പുസ്തകം.
മതസ്വാതന്ത്ര്യവും ചില ചിന്തകളും
ഭാരതത്തിലെ ആകെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രിസ്ത്യൻ സമുദായം വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന കാഴ്ചകൾ അവസാനിക്കുന്നില്ല. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ നടക്കുമ്പോൾ, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും പൗരാവകാശസ്വാതന്ത്ര്യവും നോക്കുകുത്തികളാകുകയാണെന്ന് ലേഖകനും വ്യക്തമാക്കുന്നു. ഭരണഘടന അനുസരിച്ച് ‘സെക്കുലർ സ്റ്റേറ്റ്’ ആണ് ഭാരതം. ‘നാനാത്വത്തിൽ ഏകത്വം’ എന്ന മഹത്തായ ആശയത്തിൽ ഊന്നി ഭരണഘടന, എല്ലാ മതങ്ങൾക്കും സ്വാതന്ത്ര്യവും സമത്വവും പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 25, 26 എന്നീ അനുഛേദങ്ങളിലാണ് മതസ്വാതന്ത്ര്യം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൻപ്രകാരം, എല്ലാ പൗരന്മാർക്കും സ്വന്തം മതവിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നതിനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. മതപരവും ധർമപരവുമായ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനും സ്ഥാപിക്കുന്നതിനും സ്ഥാവരജംഗമവസ്തുക്കൾ ആർജിക്കുന്നതിനുമെല്ലാം എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന അനുമതി നൽകിയിട്ടുണ്ട്. ഭരണഘടനയിലെ മതസ്വാതന്ത്ര്യവും സാഹോദര്യവും തിരിച്ചറിഞ്ഞ് ക്രൈസ്തവമതത്തെ വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരായിരുന്നു മഹത്തുക്കളെല്ലാം തന്നെ. ക്രിസ്തുസൂക്തങ്ങളും ചിന്തകളും ആത്മാവിനെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്‌തെന്ന് അവർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മഹാത്മജി, കേശവ് ചന്ദ്രസെൻ, രാജാറാം മോഹൻറോയ്, ഗോപാലകൃഷ്ണഗോഖലേ, ലോകമാന്യ ബാലഗംഗാധര തിലകൻ, തുടങ്ങിയവർ ഇതിനു നല്ല ഉദാഹരണങ്ങളാണ്. പണ്ഡിറ്റ് രമാഭായി എന്ന ബ്രാഹ്മണസ്ത്രീ ലളിതമായഭാഷയിൽ, ബൈബിൾ മറാത്തിയിലേക്ക് വിവർത്തനം ചെയ്യുകപോലുമുണ്ടായിയെന്ന് ലേഖകൻ ഓർമപ്പെടുത്തുന്നു. ഇന്ത്യയുടെ മതസഹിഷ്ണുതയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത് സ്വാമി വിവേകാനന്ദനാണ്. എന്നാൽ കാലം പിന്നെയും മാറിയപ്പോൾ ഭരണമേറിയവർ ‘ഭരണഘടന’യെ മറന്നു. അവ പ്രഘോഷിക്കുന്ന മതസ്വാതന്ത്ര്യത്തെയും വിസ്മരിച്ചു. മഹാത്മാക്കൾ ഉയർത്തിയ ആദർശങ്ങളും മറന്നു. തങ്ങളുടെ മതത്തിലെ നൂറുകണക്കിന് സമ്പ്രദായങ്ങളിൽ ഒന്നായി അലിഞ്ഞ് ചേരുന്നില്ലെങ്കിൽ ഇതരമതവിശ്വാസികൾക്ക് ഭാരതത്തിൽ രക്ഷയില്ലെന്നായിരുന്നു സഹിഷ്ണുത ഒട്ടുമില്ലാതെ, ഒരു നേതാവ് പറഞ്ഞത്. ക്രൈസ്തവസഭകളുടെ വിദേശബന്ധം അവസാനിപ്പിച്ച് വിദേശ മിഷനറിമാരെയെല്ലാം പുറത്താക്കി സഭകളുടെ പ്രവർത്തനം ചൈനയിലെപ്പോലെ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കണമെന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രസ്താവന. ഞങ്ങളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തി ആർക്കും ജീവിക്കാനാവില്ല. വ്രണപ്പെടുത്തിയാൽ ഞങ്ങൾ പ്രതികരിക്കും. പാശ്ചാത്യനാടുകളുമായുള്ള ഇവിടുത്തെ മറ്റു മതങ്ങളുടെ ബന്ധം പാടേ ഉപേക്ഷിക്കുക അതാണ് കരണീയം- വേറൊരു നേതാവിന്റെതായിരുന്നു മുനയുള്ള ഈ വാക്കുകൾ. നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും യാഥാർത്ഥ്യങ്ങളെയും ലേഖകൻ ഇവിടെ വിലയിരുത്തുന്നു.
ഗുലാമിന്റെ മനമിളക്കിയ വിശ്വാസം
പാക്കിസ്ഥാനിലെ ഒരു ഉന്നത മുസ്ലീം കുടുംബമായിരുന്നു ഗുലാം മസിക് നയ്മാന്റേത്. അദ്ദേഹത്തിന്റെ പിതാവ് ഒന്നാം ലോകമഹായുദ്ധകാലത്ത് വൈസ്രോയിയുടെ കമ്മീഷൻ പദവിവരെ അലങ്കരിച്ച ഉയർന്ന ആർമി ഉദ്യോഗസ്ഥനായിരുന്നു. അന്യമതസ്തരോടുള്ള അപ്പന്റെ വിരോധം കണ്ടാണ് കടുത്ത വർഗീയവാദിയും ക്രിസ്തുമത വിദ്വോഷിയുമായി ഗുലാം, ജീവിതം തുടങ്ങുന്നത്. ഒരു ഫ്‌ളൈറ്റ് മെക്കാനിക്കിന്റെ ജോലിയിൽനിന്നുകൊണ്ട് അധികം വൈകാതെ മിലിട്ടറി ഇന്റലിജൻസിൽ മാസ്റ്റർ ബിരുദവും അയാൾ കരസ്ഥമാക്കി. തുടർന്ന് സൈനികരിൽ മുൻനിരയിലെത്താനും കഴിഞ്ഞു. അന്ന് മുതൽ അന്യമതസ്ഥരെ ദ്രോഹിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും അയാൾ പാഴാക്കിയില്ല. അത്രമാത്രം ഇതരമതവിരോധിയായി അയാൾ മാറി. പക്ഷെ ഒരിക്കൽ ഒരു ക്രിസ്ത്യൻ ബാലികയുടെ വിശ്വാസത്തിന് മുന്നിൽ അമ്പേ പരാജയം സമ്മതിച്ച ഗുലാം ക്രിസ്തീയവിശ്വാസം സ്വീകരിച്ച് സുവിശേഷപ്രഘോഷകനായിയ സംഭവം അവസാന അധ്യായത്തിൽ ഉൾപ്പെടുത്തി പുസ്തകം മനോഹരമാക്കിയിരിക്കുന്നു ലേഖകൻ. ഇന്ന് ധ്യാനങ്ങളും കൺവൻഷനുകളുമില്ലാത്ത സ്ഥലങ്ങളില്ല. പക്ഷേ ആത്മീയതയുടെ അളവുകോൽ ഉയരുന്നുണ്ടോ? പ്രബോധനവും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലാതെ പോകുന്നു എന്നതാണ് കാര്യം. നമുക്കിന്ന് സ്ഥാപനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെ ധാരാളമുണ്ട്. എന്നാൽ ഇതുവഴി ക്രിസ്തു കൈമാറ്റം ചെയ്യപ്പെടുന്നുണ്ടോയെന്നതാണ് പ്രധാനം. എവിടെനിന്നെങ്കിലും എതിർപ്പുണ്ടാകുമോ എന്ന ഭയം ഉള്ളിൽ സൂക്ഷിക്കുന്ന നാം ‘അഡ്ജസ്റ്റ്‌മെന്റു’കൾക്ക് തയാറാകുകയാണെന്ന് പുസ്തകം വീക്ഷിക്കുന്നു. നീതി നിഷേധിക്കപ്പെട്ടവരും കടുത്ത ഏകാന്തതയിലേക്ക് മനസ്സ് ചാഞ്ഞവരും നിലാരംബരും നമുക്ക് ചുറ്റുമുണ്ട്. ഇവരിൽ സദ്വാർത്ത പകരാനുള്ള ദൗത്യമാണ് ഓരോ ക്രിസ്ത്യാനിയുടേതും.രക്ഷകന്റെ പിറവിയെ ഭയപ്പെട്ടവർ ‘രക്ഷകന്റെ പിറവി’ ആദിമുതലേ പലരെയും ഭയപ്പെടുത്തിയിരുന്നു. ഇന്നും അങ്ങനെ തന്നെ. അതുകൊണ്ടാണ് ലോകമെങ്ങും ക്രൈസ്തവപീഡനങ്ങൾ വർധിച്ചുവരുന്നത്. ക്രിസ്തീയവിശ്വാസത്തിന് കടുത്ത ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ തന്നെ ഇനിയും നമുക്ക് കടന്നുപോകേണ്ടി വരും. ഭീഷണിവഴിയും അക്രമങ്ങൾ വഴിയുംവിശ്വാസം കെടുത്തിക്കളയാമെന്ന് കരുതുന്നവർക്ക് മുന്നിൽ ക്രിസ്തുവിനെ പകർന്ന് നൽകാനുള്ള നമ്മുടെ ഉത്തരവാദിത്വം വളരെ വലുതാണ്. അധികാരവും സ്ഥാനവും സമ്പത്തും ജീവിതത്തിന്റെ സർവസ്വവുമായി കാണുന്നവർക്ക് രക്ഷകൻ എന്നും വെല്ലുവിളിതന്നെ. വിശ്വാസവഴികളിൽ ഇടറിപ്പോകാതിരിക്കാൻ ഗുലാമിനെപ്പോലുള്ളവരുടെ മാനസാന്തരജീവിതം നമുക്ക് മാതൃകയാകട്ടെ എന്ന് ഓർമിപ്പിച്ചുകൊണ്ട് പുസ്തകം അവസാനിക്കുന്നു.
ചുരുക്കം
ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എന്തിനെക്കുറിച്ചും പഠിക്കുകയെന്നത് മനുഷ്യന്റെ ആഗ്രഹവും ആവശ്യവുമായി മാറുന്നു. ഇത്തരം പഠനങ്ങളിൽ ശാസ്ത്രവും ചരിത്രവും മതവുമെല്ലാം ഉൾപ്പെടുന്നു. ശരിയായ നിരീക്ഷണങ്ങളും വിലയിരുത്തലുകളുമാണ് ആ പഠനങ്ങളെ വിജയിപ്പിക്കുന്നത്. അത്തരത്തിൽ മതത്തെയും ശാസ്ത്രത്തെയും തമ്മിൽ ശരിയായി ബന്ധപ്പെടുത്തിയിരിക്കുന്ന സത്യസന്ധമായ ഒരു സമീപനം ഈ പുസ്തകത്തിൽ നമുക്ക് കാണാം. ഇതരമതങ്ങളെ ഒരിടത്തും വിമർശന വിധേയമാക്കുന്നില്ല. മറിച്ച് മറ്റ് മതങ്ങളിൽനിന്നും വ്യത്യസ്തമായി ക്രിസ്തുമതത്തിനുള്ള പ്രത്യകതളെ ലേഖകൻ ഉയർത്തികാട്ടുന്നു ഇവിടെ. കൂടാതെ ക്രൈസ്തവന്റെ ജീവിതലക്ഷ്യം എന്താണെന്ന് കൃത്യമായി പുസ്തകത്തിൽ ലേഖകൻ ഉൾകൊള്ളിച്ചിരിക്കുന്നു. ശാസ്ത്രങ്ങൾ അല്ല ദൈവത്തിന്റെ ശാസ്ത്രങ്ങളാണ് എല്ലാ ശാസ്ത്രങ്ങൾക്കും നിദാനം എന്ന വലിയ സന്ദേശം പുസ്തകം അനുവാചകർക്ക് സമ്മാനിക്കുന്നു.
Buy Online : sophiabuy.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?