എല്ലാമുണ്ടായിട്ടും ഒന്നുമാകാതിരുന്നവരും എന്തിനൊക്കെയോവേണ്ടി ഓട്ടം തുടരുന്നവരും മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബിയെ കുറിച്ച് അറിയണം, ആ കൊച്ചുമിടുക്കന്റെ മാതാപിതാക്കളായ ഔസേപ്പച്ചന്‍- മോളി ദമ്പതികളെ പരിചയപ്പെടണം. അതിന്റെ കാരണം വായിച്ചുതന്നെ അറിയൂ…
ജോമോന്‍ വെച്ചൂക്കിഴക്കേതില്‍
ഉദരത്തിലുള്ള കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ സ്വീകരിക്കാന്‍ ഔസേപ്പച്ചനും ഭാര്യ മോളിയും തയാറായപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു, സഹതാപംകൊണ്ട്. ദൈവഹിതത്തിന് കീഴ്‌വഴങ്ങി ജന്മമേകിയ കുഞ്ഞ് വളര്‍ന്ന് വലുതായി പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ചപ്പോള്‍ പിന്നെയും പലരുടെയും നെറ്റി ചുളിഞ്ഞു, അത്ഭുതം കൊണ്ട്! കലാരംഗത്തുമാത്രമല്ല, കായികരംഗത്തും താരമാണ് സെബി. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം സെബിയുടെ കൈകാലുകളില്‍ ഭദ്രം!
യാതൊരു സങ്കോചവുമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുന്ന ദമ്പതിമാര്‍ക്കു മുമ്പില്‍ മാതൃകയാവുകയാണ് കോട്ടയം മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ ഔസേപ്പച്ചന്‍- മോളി ദമ്പതികള്‍. മോളി മൂന്നാമത് ഗര്‍ഭിണിയായപ്പോള്‍ നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞിന് കൈകളില്ലെന്നും കാലുകള്‍ക്ക് വളര്‍ച്ചയില്ലെന്നും കണ്ടെത്തിയിരുന്നു. യാതൊരു കൂസലും കൂടാതെ, ഡോക്ടര്‍മാര്‍ പ്രതിവിധി നിശ്ചയിച്ചു: ഗര്‍ഭച്ഛിദ്രം ചെയ്യുക. കാര്യമറിഞ്ഞ സുഹൃത്തുക്കളും നിര്‍ബന്ധിച്ചു, മറ്റു വഴിയില്ലെങ്കില്‍ പിന്നെ…
എന്നാല്‍, ദൈവം തന്നത് സന്തോഷത്തോടെ സ്വീകരിക്കാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം. വൈകാതെ അവര്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നു- സെബി. ഇരുകരങ്ങളുമില്ല, തുടകളില്ലാത്തതിനാല്‍ കാലു കുറുകിയതാണ്. ഇടതുകാലിന് നീളക്കുറവുമുണ്ട്. എന്നാല്‍, ദൈവത്തിന്റെ പദ്ധതി അംഗീകരിക്കാന്‍ തയാറായ ഈ ദമ്പതികള്‍ ഇന്ന് ആഹ്ലാദത്തിന്റെ നെറുകയിലാണ്.
രണ്ടു കരങ്ങളില്ലെങ്കിലും കഴിവുകള്‍ക്ക് വൈകല്യം തടസമാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കന്‍. വൈകല്യങ്ങളെ പരാജയപ്പെടുത്തിയുള്ള സെബിന്റെ മികവ് ആരേയും അത്ഭുതപ്പെടുത്തും. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളജിൽനിന്ന്
കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ സെബി ഇപ്പോൾ ബംഗളൂരുവിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണിപ്പോൾ. സ്വന്തമായി ഐ.ടി. കമ്പനിയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള പ്രാർത്ഥനയിലും പ്രവർത്തനത്തിലുമാണ് 23 വയസുകാരനായ സെബി.
ഗായകന്‍, ഓര്‍ഗനിസ്റ്റ്
ചെറുപ്രായത്തില്‍തന്നെ കാലുകൊണ്ട് എഴുതുന്നത് ശീലമാക്കിയ സെബി സ്വന്തമായി ഗാനമേള ട്രൂപ്പും നടത്തുന്നുണ്ട്. കൈമുട്ടുകള്‍കൊണ്ട് ഓര്‍ഗന്‍ വായിച്ച് പാട്ടുപാടുന്ന സെബി ആസ്വാദകരെ അതിവേഗം കൈയിലെടുക്കും. ഓര്‍ഗനില്‍ മായാജാലം സൃഷ്ടിച്ച് ആസ്വാദകരെ ആനന്ദം കൊള്ളിക്കുന്ന സെബിക്ക് വലതുകരം തോളിനു താഴെവരെയും ഇടതു കരം മുട്ടുവരേയുമുള്ളുവെന്ന് കേള്‍വിക്കാര്‍ വിശ്വസിക്കില്ല. ഈ കരങ്ങള്‍ കൊണ്ടാണ് ഓര്‍ഗനില്‍ സെബി സംഗീതമഴ പെയ്യിക്കുന്നത്.
ഇതിനകം ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയി ഈ സംഗീത പ്രതിഭ 100ല്‍പ്പരം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സെബിയുടെ സ്വരമാധുരിയില്‍ ലയിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ലെന്നാണ് സുഹൃത്തുക്കളുടെ സാക്ഷ്യം. തൃപ്പൂണിത്തുറയിലെ ഒരു സന്നദ്ധസംഘടന നടത്തിയ പരിപാടിയില്‍ നാലാമത്തെ വയസില്‍ സ്റ്റേജില്‍ പാടിയാണ് ഈ മിടുക്കന്‍ കഴിവു തെളിയിച്ചത്. പിന്നീട് ഓര്‍ഗനിലും പാട്ടിലും പരിശീലനം നേടി. ഇടവക ദൈവാലയമായ മുണ്ടക്കയം വ്യാകുലമാതാ ഫൊറോന ദൈവാലയത്തിലെ പാട്ടുകാരന്‍കൂടിയാണ് സെബി.
നാട്ടിലെ ക്രിക്കറ്റ് ക്യാപ്റ്റന്‍
പഠനത്തിലും സംഗീതത്തിലും അത്ഭുതം സൃഷ്ടിക്കുന്ന ഈ യുവാവ് നാട്ടുകാര്‍ക്കും വിസ്മയമാണ്. വൈകല്യങ്ങളെ പരാജയപ്പെടുത്തിയ ജീവിത വിജയത്തിന്റെ സാക്ഷ്യപത്രമായാണ് സെബിയെ നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്. ജന്മനായുള്ള പരിമിതികളെ പരാജയപ്പെടുത്തി മുന്നേറുന്ന സെബി ക്രിക്കറ്റും ബാഡ്മിന്റനും ഫുട്‌ബോളും നന്നായി കളിക്കും. ക്രിക്കറ്റ് ബോള്‍ തോളോടുചേര്‍ത്തുവെച്ച് എറിയുന്നതു കണ്ടാല്‍ അത്ഭുതപ്പെടാത്തവരില്ല. തോളോടും കഴുത്തിനോടും ചേര്‍ത്ത് ക്രിക്കറ്റ് ബാറ്റ്‌വെച്ച് ബോളുകള്‍ സിക്‌സര്‍ പറത്തുന്ന ഈ യുവാവ് നാട്ടുകാര്‍ക്ക് അത്ഭുതമാണ്. ഇവിടുത്തെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണീ മിടുക്കന്‍.
വൈകല്യങ്ങളെ പുറത്തു നിര്‍ത്തിയാണ് സെബി കളിക്കളത്തില്‍ ഇറങ്ങുന്നതെന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. സെബിയുടെ കളികാണുമ്പോള്‍ കുറവുകളല്ല കൂടുതലായി എന്തൊക്കെയോ ഈ യുവാവിനുണ്ടെന്നാണ് തോന്നുക. എല്ലാം ദൈവം നല്‍കിയതാണെന്നും ഒന്നും തന്റെ കഴിവില്ലെന്നും വിനയാന്വിതനായി സെബി പറയുമ്പോള്‍ ഈ യുവാവിന്റെ കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം. മറ്റാരേയും ആശ്രയിക്കാതെ ദൈവത്തില്‍മാത്രം ആശ്രയിക്കുന്ന സെബി വിജയങ്ങള്‍ ഓരോന്നും ചവിട്ടിക്കയറുമ്പോള്‍ എല്ലാ പിന്തുണയുമായി മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
വിജയരഹസ്യം വെളിപ്പെടുത്തുന്നു
കാലുകൊണ്ട് എഴുതുന്നതിനുപുറമേ മനോഹരമായി പടവും വരയ്ക്കും സെബി. കൈമുട്ടുകൊണ്ടാണ് കംപ്യൂട്ടര്‍ ഉപയോഗം. സ്‌കൂളില്‍ പോകേണ്ട ദിവസങ്ങളില്‍ രാവിലെ നാലിന് എഴുന്നേല്‍ക്കും. ജപമാല ചൊല്ലി ബൈബിളും വായിച്ചതിനുശേഷമാണ് പ~നം ആരംഭിക്കുന്നത്. പത്താം ക്ലാസുവരെ എല്ലാ പരീക്ഷയും കാല്‍കൊണ്ട് എഴുതി മിടുക്ക് തെളിയിച്ച സെബി 12-ാം ക്ലാസ് പരീക്ഷയ്ക്ക് മാത്രമാണ് മറ്റൊരാളുടെ സഹായം തേടിയത്.
ശാലോം ടീവിയിലെ ക്രിസ്റ്റീന്‍ എയ്ഞ്ചല്‍ പ്രയര്‍ പ്രോഗ്രാമില്‍ ഓര്‍ഗന്‍ വായിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കുറവുകളില്ലാത്തവര്‍ ചെയ്യുന്നതിന്റെ നാലിരട്ടിയാണീ മിടുക്കന്‍ ചെയ്യുന്നത്. ദൈവാനുഗ്രഹവും കഠിനാധ്വാനവുമാണ് തന്റെ വിജയത്തിനു കാരണമെന്ന് സെബി പറയുന്നു: “ജീവിതത്തില്‍ പ്രഥമസ്ഥാനം ദൈവത്തിനു നല്‍കുക. എല്ലാം ദൈവം നോക്കിക്കൊള്ളും,” സെബി വിജയരഹസ്യം പങ്കുവെക്കുന്നു.
ക്രിസ്തീയവിശ്വാസികള്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും വലിയ പാപമാണെന്ന് സെബിന്റെ പിതാവ് ഔസേപ്പച്ചന്‍ ഓര്‍മിപ്പിക്കുന്നു. “ജോലിയുടെ സൗകര്യത്തിനുവേണ്ടിയും പ്രസവിക്കാനുള്ള മടിയും കാരണം ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ സ്വന്തം രക്തത്തിലുള്ള ഒരു മനുഷ്യനെയാണ് കൊല്ലുന്നതെന്ന് മനസ്സിലാക്കണം. ദൈവഹിതമാണ് നാം പാലിക്കേണ്ടത്. എല്ലാ തീരുമാനത്തിനു പിന്നിലും ദൈവത്തിന് ഒരു പദ്ധതിയുണ്ടാവും. അത് തിരിച്ചറിയാതെ പോവുകയാണ് പലരും,” അദ്ദേഹം പറയുന്നു.
സ്വന്തം മകനെ സാക്ഷ്യപ്പെടുത്തി ഗര്‍ഭച്ഛിദ്രത്തിനെതിരെ ക്ലാസുകള്‍ നടത്തുന്നുണ്ട് ഔസേപ്പച്ചന്‍. ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ തീരുമാനിച്ച പലരേയും ആ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെ ന്ന് ഔസേപ്പച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. സെബിയുടെ മൂത്ത സഹോദരങ്ങളായ അന്നുവും ജിനോയും ബംഗളൂരൂവിലെ ഐ.ടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണ്.
Leave a Comment
Your email address will not be published. Required fields are marked with *