Follow Us On

28

October

2020

Wednesday

ഉള്ളതിനെപ്രതി നന്ദി പറഞ്ഞാൽ ആവശ്യമായതെല്ലാം ദൈവം തരും, പരീക്ഷിച്ചാലോ?

ഉള്ളതിനെപ്രതി നന്ദി പറഞ്ഞാൽ ആവശ്യമായതെല്ലാം ദൈവം തരും, പരീക്ഷിച്ചാലോ?

ഉള്ളത് കാണാന്‍ നമുക്ക് കഴിഞ്ഞാല്‍, ഉള്ളതിനെയോര്‍ത്ത് തമ്പുരാനോട് നന്ദി പറയാനായാല്‍, കൂടുതലായി നമുക്ക് വേണ്ടിവരുന്നത് എന്തുതന്നെയായാലും അത് കൃത്യമായി അവിടുന്ന് ഒരുക്കിത്തരും. അതാണ് ദൈവത്തിന്റെ രീതി.

പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

ദൈവം നല്‍കിയതും നല്‍കുന്നതുമായ സമൃദ്ധിയെക്കുറിച്ച് എത്രപേര്‍ക്കറിയാം? ഇല്ലായ്മയെ എണ്ണിപ്പെറുക്കി ആരുടെ മുന്‍പിലും അവതരിപ്പിക്കാനുള്ള നമ്മുടെ കഴിവ് അപാരംതന്നെയാണ്. കൈയില്‍ എത്രമാത്രം ഉണ്ടെങ്കിലും ഇല്ലാത്ത കാര്യങ്ങളേ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടൂ. അത് പറയുന്നതാണ് പലര്‍ക്കും ജീവിതസന്തോഷം പകരുന്നതും?

എന്തുകൊണ്ടാണ് നാം ഇങ്ങനെ? ഇല്ല ഇല്ല എന്ന പല്ലവി പാടാന്‍ നാം പഠിച്ചുപോയി എന്നതല്ലേ ശരി. ഇനി അതൊന്ന് തിരുത്തിയെടുക്കണമെങ്കില്‍ പലര്‍ക്കും ഒരുകോടി ജന്മം കിട്ടിയാലും തികയുമെന്നും തോന്നുന്നില്ല. രാജാക്കന്മാരുടെ ഒന്നാം പുസ്തകം 17-ാം അധ്യായം എട്ടുമുതല്‍ 16വരെയുള്ള വാക്യങ്ങളില്‍ ഇപ്രകാരം കാണുന്നു:

“കര്‍ത്താവ് ഏലിയായോട് അരുളിച്ചെയ്തു: നീ സീദോനിലെ സറേഫാത്തില്‍ പോയി വസിക്കുക. അവിടെ നിനക്ക് ഭക്ഷണം തരുന്നതിന് ഞാന്‍ ഒരു വിധവയോട് കല്‍പ്പിച്ചിട്ടുണ്ട്. ഏലിയാ സറേഫാത്തിലേക്ക് മടങ്ങി. പട്ടണ കവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു ശേഖരിക്കുന്നത് കണ്ടു. അവന്‍ അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക എന്നു പറഞ്ഞു.

“അവള്‍ വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന്‍ അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. അവള്‍ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍ അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പ്പം എണ്ണയുമാണ്. ഞാന്‍ രണ്ട് ചുള്ളിവിറക് പെറുക്കുകയാണ്. ഇതുകൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്ന് പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍നിന്ന് ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്ക് കൊണ്ടുവരണം. പിന്നെ നിനക്കും മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.

“എന്തെന്നാല്‍, താന്‍ ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവള്‍ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേക ദിവസം ഭക്ഷണം കഴിച്ചു. ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല; ഭരണിയിലെ എണ്ണ വറ്റിയുമില്ല.”

ഒരുപിടി മാവും അല്‍പ്പം എണ്ണയും എല്ലാവര്‍ക്കും

ദൈവം ഏലിയായോട് പറഞ്ഞ കാര്യങ്ങള്‍ സംശയം കൂടാതെ അനുസരിച്ചപ്പോള്‍, ഒരുപിടി മാവും ഭരണിയിലെ അല്‍പ്പം എണ്ണയും മൂന്നരവര്‍ഷമാണ് അവര്‍ ഉപയോഗിച്ചത്. ആവശ്യത്തിനനുസരിച്ച് ദൈവം തരുന്നത് കാണുകയായിരുന്നു സറേഫാത്തിലെ ആ വിധവയും മകനും. പ്രവാചകനായ ഏലിയാ മാജിക്കൊന്നും കാണിക്കുകയായിരുന്നില്ല, പകരം ദൈവം ഒരുക്കുന്ന കാര്യങ്ങളില്‍ വിശ്വസിക്കുകമാത്രമാണ് ചെയ്തത്. ആ ദൈവത്തിന്റെ കരുതലും കാരുണ്യവും വാത്സല്യവും ജീവിതത്തില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അന്ന് അവിടെ സംഭവിച്ചത് ഇന്നും സാധ്യമാകുന്ന കാര്യമാണ്.

ദൈവത്തില്‍നിന്ന് ഏലിയാ ശ്രവിച്ച വാക്കുകള്‍ യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് നാം വായിക്കുമ്പോള്‍ ദൈവത്തോട് നമുക്ക് കുറച്ചുകൂടി അടുപ്പവും ഇഷ്ടവും ഉടലെടുക്കും. ദൈവം ഓരോരുത്തരുടെയും കൈയില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പ്പം എണ്ണയും തന്നിട്ടുണ്ട്. നിന്റെയും എന്റെയും ജീവിതം നിലനില്‍ക്കാനും ഈ യാത്രയില്‍ തളര്‍ന്നുവീഴാതെ ലക്ഷ്യത്തിലെ ത്തിച്ചേരാനും. അത് കാണാതെ പോകല്ലേ…

അഞ്ചപ്പവും രണ്ടു മീനും അയ്യായിരം പേര്‍ക്ക് ഒരിക്കലും തികയില്ലെന്ന് അറിയാത്തതായി ആരാണുള്ളത്. എന്നിട്ടും അത് ഈശോയുടെ കൈയിലെത്തുകയും അവനത് വാഴ്ത്തുകയും ചെയ്തപ്പോള്‍ എല്ലാവരും ഭക്ഷിച്ച് തൃപ്തരായെന്ന് മാത്രമല്ല, ബാക്കിയായവ 12 കുട്ട നിറയെ ശേഖരിക്കുകയും ചെയ്തു. കൈവശമുള്ളത് ഇത്രമാത്രമാണെന്ന് കൃത്യമായി കണക്കുകള്‍ നിരത്തി നമുക്ക് പറയാന്‍ കഴിയുമ്പോഴും ആ കണക്കുകള്‍ ശരിയല്ലായിരുന്നു. കാരണം, അതിലുണ്ടായിരുന്നതിനേക്കാളൊക്കെ ഉപയോഗിച്ചിട്ടും കൊടുത്തിട്ടും തീര്‍ന്നുപോകാതെ അഞ്ചപ്പവും രണ്ടുമീനും പെരുകിയതുപോലെ ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ളവര്‍ ഏറെയുണ്ട്. ഇതാണ് ദൈവത്തില്‍ ആശ്രയിക്കുന്നവരുടെ ജീവിതത്തില്‍ കാണാനാകുന്ന പ്രത്യേകത.

കാണപ്പെടാത്ത ഉറപ്പ്?

മോറിയാ മലയിലേക്ക് ബലിയര്‍പ്പിക്കാന്‍ ഇസഹാക്കിനെയുംകൊണ്ട് പോകുംവഴി അബ്രാഹത്തിനോട് മകന്‍ ഉയര്‍ത്തുന്ന ചോദ്യം ആ അപ്പന് തീരാവേദന നല്‍കുന്നതായിരുന്നു- “ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടെവിടെ?” മോനെ നിന്നെത്തന്നെയാണ് ബലിയര്‍പ്പിക്കാന്‍ പോകുന്നതെന്ന് പറയാനുള്ള ശക്തിയില്ലാത്ത അബ്രാഹം പറയുന്ന ഉത്തരം “ദൈവം തരും” എന്നാണ്. കാണാവുന്ന ഉറപ്പല്ല, കാണപ്പെടാത്ത ഉറപ്പാണ് അബ്രാഹത്തിന്റെ വാക്കില്‍ നിറഞ്ഞുനിന്നത്.

ഇന്ന് എത്ര ക്രിസ്തു വിശ്വാസികള്‍ക്ക് ഈ വിശ്വാസമുണ്ട്; ഈ ഉറപ്പുണ്ട്? പൊതുവെ ക്രിസ്ത്യാനികളെക്കുറിച്ചുള്ള വിശകലനം എത്തിക്കുന്നതും ദൈവം തരും എന്ന വിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്. കുറച്ച് സത്യവും കൂടുതല്‍ അസത്യവുമായ വിശദീകരണങ്ങള്‍ നല്‍കി എങ്ങനെയെങ്കിലും എവിടെനിന്നെങ്കിലും പണം സ്വരുക്കൂട്ടുന്നതിനെക്കുറിച്ചാണ് ഇന്ന് വിശ്വാസലോകം ചിന്തിക്കുന്നത്. അല്ലാതെ ദൈവം തരും എന്ന അടിസ്ഥാന വിശ്വാസത്തിലല്ല. കാരണം, വേണ്ടതെല്ലാം ദൈവം തരും എന്ന ആഴമേറിയ വിശ്വാസവും ബോധ്യവും നമ്മിലോരോരുത്തരിലും നഷ്ടമായിരിക്കുന്നു എന്നതുതന്നെ.

പൗലോസ് ശ്ലീഹ തരുന്ന പാഠം

വിശുദ്ധ പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം 12-ാം അധ്യായം ഏഴുമുതല്‍ ഒമ്പതുവരെ ഇപ്രകാരം വായിക്കുന്നു: “വെളിപാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. അതായത്, എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനുംവേണ്ടിയുള്ള പിശാചിന്റെ ദൂതന്‍. അത് എന്നെ വിട്ടകലാന്‍വണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്ഷിച്ചു. എന്നാല്‍, അവിടുന്ന് എന്നോട് അരുളിചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്.”

ദൈവദര്‍ശനമുണ്ടായ മനുഷ്യനാണ് വിശുദ്ധ പൗലോസ്. തന്റെ ജീവിതത്തെ മുഴുവനായും ക്രിസ്തുവിനായി വിട്ടുകൊടുത്തവന്‍, ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നതെന്ന് ധൈര്യത്തോടെ വിളിച്ചുപറഞ്ഞവന്‍, ആര്‍ക്കും ഒന്നിനും എന്നെ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് വേര്‍പെടുത്താനാകില്ലെന്ന ഉറപ്പുള്ളവന്‍. എന്നിട്ടും ശരീരത്തിലെ ഒരു മുള്ളിന്റെ പേരില്‍ അല്‍പ്പം അസ്വസ്ഥപ്പെടുകയാണവന്‍. അവിടെയാണ് തമ്പുരാന്റെ വാക്കുകള്‍ അവന്റെ ഹൃദയത്തിലേക്ക് കടന്നുവരുന്നത്.

നിന്റെ കൂടെ എന്റെ കൃപയുണ്ടെന്ന് ദൈവംതമ്പുരാന്‍ തന്നെ ഓര്‍മിപ്പിക്കുമ്പോള്‍ എത്ര അസ്വസ്ഥത നിറഞ്ഞ അവസ്ഥയാണ് മുന്‍പിലുള്ളതെങ്കിലും അവയെ സ്വീകരിക്കാനും അതിജീവിക്കാനും സാധിക്കും. പൗലോസ് ശ്ലീഹയോട് കര്‍ത്താവ് ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യം മാത്രമാണ്,  “നിന്റെ ഒപ്പമുള്ള എന്റെ കൃപ നീ തിരിച്ചറിയുക.”

ഒപ്പമുള്ള മുള്ള് പകരുന്ന വേദന കാണുന്നു. അതിന്റെ പേരില്‍ ആകുലപ്പെടുന്നു. അത് എടുത്തുമാറ്റപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്യാന്‍ ശക്തി പകരുന്ന കര്‍ത്താവിന്റെ കൃപമാത്രം കാണാതെപോകുന്നു. ദൈവത്തിന്റെ കൃപകൂടെയുള്ളയാള്‍ക്ക് ഇതിലും കൂടുതലായി എന്താണ് ഇനി സ്വന്തമാക്കാനാകുക. നിനക്കെന്റെ കൃപ മതിയെന്ന് പൗലോസ് വ്യക്തമായി കേട്ടുകഴിയുമ്പോള്‍ ശാന്തനാകുകയാണ്. പിന്നീടൊരിക്കലും പരാതികളില്ലാതെ തന്നിലൂടെ ദൈവം ആഗ്രഹിക്കുന്ന നന്മ ചെയ്ത് നീങ്ങുകയാണ്.

പ്രയാസമാണ്, എങ്കിലും പരിശ്രമിക്കാം

ഇതുതന്നെയാണ് നാം ജീവിതത്തില്‍ സ്വന്തമാക്കേണ്ട സത്യം. ദൈവത്തിന്റെ കൃപയും സ്‌നേഹവുമായാണ് നാം ഓരോരുത്തരും  പിറന്നുവീണത്. എന്നാല്‍, യാത്രയില്‍ പലപ്പോഴും നമ്മുടെ ഓര്‍മയില്‍നിന്ന് മാഞ്ഞുപോയതും ഇതു തന്നെയാകാം. ദൈവം തന്നത്, അല്ലെങ്കില്‍ നമ്മോട് ഒപ്പമുള്ള ദൈവത്തിന്റെ കൃപയെ ഒരിക്കലെങ്കിലും ബോധമണ്ഡലത്തില്‍ തിരികെ കൊണ്ടുവരാനായാല്‍ ജീവിതം ദിശമാറി ഒഴുകാന്‍ തുടങ്ങും.

പാട്ടുപാടുമ്പോള്‍ നാമിങ്ങനെ പാടും: “ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തില്‍, ദൈവത്തിന്റെ സ്‌നേഹംപോലെ മറ്റൊന്നില്ല പാരിടത്തില്‍…” എന്നാലും അങ്ങനെയല്ലായെന്ന് ജീവിച്ചുകാണിക്കുകയും ചെയ്യും. അതാണ് നാം, ഇതിനപ്പുറം നീങ്ങാന്‍ നമുക്ക് കഴിയാതെ പോകുന്നു. ഉള്ളത് കാണാന്‍ നമുക്ക് കഴിഞ്ഞാല്‍, ഉള്ളതിനെയോര്‍ത്ത് തമ്പുരാനോട് നന്ദി പറയാനായാല്‍, കൂടുതലായി എനിക്ക് വേണ്ടിവരുന്നത് എന്തുതന്നെയായാലും അത് കൃത്യമായി അവിടുന്ന് ഒരുക്കിത്തരും. അതാണ് ദൈവത്തിന്റെ രീതി.

ദൈവം തന്ന നന്മകള്‍ കാണാനാകാത്തതാണ് നമ്മുടെ പല നൊമ്പരങ്ങള്‍ക്കും കാരണം.  ദൈവം തന്നത്, നമ്മോടൊപ്പമുള്ള ദൈവത്തിന്റെ സമ്പത്ത് മനസ്സിലാകുമ്പോള്‍ പരാതി പറച്ചിലുകള്‍ക്കപ്പുറം വിനയത്തോടെ ആ സന്നിധിയില്‍ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാകും. മറ്റുള്ളവര്‍ക്ക് ദൈവം കൊടുത്തുവെന്ന് സങ്കടപ്പെടുന്നതിനുപകരം എനിക്ക് ദൈവം തന്നത് തിരിച്ചറിയാന്‍ കഴിയുക എന്നതാകട്ടെ നമ്മുടെ പരിശ്രമം. അതില്‍ വിജയിക്കാന്‍ പ്രയാസമാണെങ്കിലും നമുക്കൊന്ന് തുടങ്ങിനോക്കാം. മനസ്സും ഹൃദയവും ശാന്തമാകും. ഉള്ളിലുള്ളതും ഒപ്പമുള്ളതുമായ ദൈവത്തെ നാം കാണുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?