Follow Us On

28

March

2024

Thursday

ദൈവത്തിന് മാതാവോ?

ബ്രദർ ചെസ്സിൽ പത്തുപറയിൽ (സി.എം.ഐ)

ദൈവത്തിന് മാതാവോ?

ദൈവമാതാവ്, നിത്യകന്യക, അമലോത്ഭവ, സ്വർഗാരോപിത- പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് ഈ നാല് വിശ്വാസസത്യങ്ങളാണ് കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വർഗാരോപണ തിരുനാളിന് സഭ ഒരുങ്ങുമ്പോൾ, ആദ്യത്തെ വിശ്വാസ സത്യമായ ദൈവമാതൃത്വത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ.

മനുജന്റെ നാവിൽ ആദ്യം വിരിയുന്ന നാമമാണല്ലോ അമ്മ. ജീവനെ വഹിച്ച് ഈ ഭൂമിയിലേക്ക് കൊണ്ടുവരുന്നവൾ അവളാണല്ലോ. എന്നാൽ, പരിശുദ്ധ അമ്മയ്ക്ക് അമ്മ എന്ന നാമത്തേക്കാൾ ആഴമായ ഒരു വിശേഷണവും കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്, ദൈവ മാതാവ് എന്നതാണത്. സഭ അവളെക്കുറിച്ച് നല്കുന്ന നാല് വിശ്വാസ സത്യങ്ങളിൽ ഒന്നാണത്. ദൈവീകമായ് വെളിവാക്കപ്പെട്ടതും ദൈവീകമായ് വെളിവാക്കപ്പെട്ടതാണെന്ന് സഭ അസന്നിഗ്ദ്ധമായ് പ്രഖ്യാപിച്ചിട്ടുള്ളതുമായ സത്യങ്ങളാണ് വിശ്വാസസത്യങ്ങൾ.

യഥാർത്ഥ പുരുഷനെ രൂപപ്പെടുത്തിയതിലൂടെ കൈവന്ന പരമമായ മാതൃത്വം, ദൈവപുത്രന്റെ മാതാവാകാൻ അവൾക്കുണ്ടായിരുന്ന വിശുദ്ധി, ദൈവത്തിൽ നിന്നും ശക്തി സ്വീകരിക്കൽ, സഹനശക്തി എന്നിവയായിരുന്നു ദൈവം മാതാവിനെ എടുത്തുയർത്താൻ കാരണമായിരുന്ന അവളുടെ ജീവിതത്തിൽ വിളങ്ങിനിന്നിരുന്ന ചില പുണ്യങ്ങൾ. ദൈവമാതാവ്, നിത്യ കന്യക, അമലോത്ഭവ, സ്വർഗാരോപിത എന്നിവയാണ് സഭ അമ്മയെക്കുറിച്ച് അംഗീകരിച്ചിുള്ള നാല് വിശ്വാസ സത്യങ്ങൾ.

പിതാവായ ദൈവത്തിന്റെ മകളും പുത്രനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാതമാവിന്റെ മണവാട്ടിയുമായ മറിയം നിത്യ കന്യകയാണെ് സഭ പഠിപ്പിക്കുന്നു. എ.ഡി 649 ൽ മാർട്ടിൻ ഒന്നാമൻ പാപ്പ മാതാവിന്റെ നിത്യ കന്യാത്വം വിശ്വാസസത്യമായ് പ്രഖ്യാപിച്ചു. 1854ൽ ഒൻപതാം പീയൂസ് പാപ്പ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായ് പ്രഖ്യാപിച്ചു. ഇതിനെ സാധൂകരിച്ചുകൊണ്ട് 1858ൽ പരിശുദ്ധ അമ്മ ബർനദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട് താൻ അമലോത്ഭവയാണെ് അറിയിച്ചു.

1950ൽ പീയൂസ് 12-ാമൻ പാപ്പ മറിയത്തിന്റെ സ്വർഗാരോപണം വിശ്വാസസത്യമായ് പ്രഖ്യാപിച്ചു. ആത്മാവിലും ശരീരത്തിലും കറകൂടാതെ ജനിക്കുകയും ജീവിക്കുകയും ചെയ്ത പരിശുദ്ധ കന്യകാ മറിയം ഈ ലോക ജീവിതത്തിനുശേഷം ശരീരത്തോടും ആത്മാവോടും കൂടി സ്വർഗീയ ആനന്ദത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് സഭയുടെ പാരമ്പര്യ വിശ്വാസം.

ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു വഴിയോ ആ കുഞ്ഞിന്റെ ജനിതക ഘടനയുടെ പകുതി നല്കുന്നതു വഴിയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചു ചെയ്യുന്നതു വഴിയൊ ആണ് ഒരു സ്ത്രീ അമ്മയായ് പരിഗണിക്കപ്പെടുത്. പരിശുദ്ധ മറിയത്തിനെ ഈ രണ്ടു കാഴ്ചപ്പാടിലൂടെ നോക്കിയാലും യേശുവിന്റെ അമ്മയായ് കാണുവാൻ സാധിക്കും, കാരണം അവൾ യേശുവിനെ ഉദരത്തിൽ വഹിക്കുക മാത്രമല്ല മറിച്ച്, അവിടുത്തെ മനുഷ്യശരീരത്തിന് വേണ്ടിയുള്ള എല്ലാ ജനിത ഘടനയും പകർന്നു നല്കുകയും ചെയ്തു. യൗസേപ്പിൽ നിന്നുമല്ല മറിയത്തിൽ നിന്നുമാണ് യേശു ദാവീദിന്റെ വംശത്തിൽ മനുഷ്യനായ് അവതരിക്കുത്.

സിറിയയിലെ വിശുദ്ധ എഫ്രേമിന്റെ വാക്കുകളിൽ ‘കന്യകയായിരിക്കെ അവൾ ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയും ദൈവ കരത്താലും അവിടുത്തെ ജ്ഞാനത്തിന്റെ പ്രവർത്തിയാലും ദൈവ മാതാവായ് തീരുകയും ചെയ്തു. മറിയം ദൈവമാതാവാണെന്നിരിക്കിലും ദൈവത്തേക്കാൾ ഉന്നതയെന്നോ, അവളുടെ പുത്രന്റെ ദിവ്യത്വത്തിന്റെ ഉറവിടം അവളാണെന്നോ അർത്ഥമില്ല. മറിച്ച്, യേശുക്രിസ്തുവെന്ന വചനം മാംസമായ ദൈവത്തിനെ (യോഹാൻ 1:14) ഉദരത്തിൽ വഹിച്ചെന്നും ക്രിസ്തുവിലൂടെ മനുഷ്യാവതാരം ധരിച്ച ദൈവത്തിനായ് ജനിത ഘടന നല്കി എന്നുമുള്ള അർത്ഥത്തിലാണ് അവളെ നാം ദൈവമാതാവെന്ന് വിളിക്കുന്നത്.

ദൈവ മാതാവ് എന്നതിന് ഔദ്യോഗികമായ് നല്കിയിരിക്കുന്ന പദമാണ് ‘തിയോ ടോക്കൂസ്’. ഈ ഗ്രീക്ക് വാക്കിന്റെ അർത്ഥം ‘ദൈവ വാഹക’ എന്നാണ്. മൂന്നാം നൂറ്റാണ്ടിൽ സുറിയാനി പാരമ്പര്യത്തിൽ മാർ അദ്ദായി, മാർ മാറി എന്നിവരുടെ ലിറ്റർജിയിൽ നിന്നുമാണ് ഈ വിശേഷണം നിലവിൽ വന്ന് തുടങ്ങിയത്. എ.ഡി 431ലെ എഫേസൂസ് സുന്നഹദോസ് മറിയത്തെ തിയൊ ടോക്കൂസ് അഥവാ ദൈവ മാതാവായി അംഗീകരിച്ചു. കാരണം അവളുടെ പുത്രൻ രണ്ടു വ്യക്തിത്വമുള്ള ഒരു ദിവ്യ പുരുഷനാണ്. ക്രിസ്തു ഒരേ സമയം മനുഷ്യനും ദൈവവുമാണ്. മറിയത്തിന്റെ ‘തിയോ ടോക്കൂസ്’ (ദൈവ മാതാവ്), ‘ക്രിസ്‌തോ ടോക്കൂസ്’ (ക്രിസ്തുവിന്റെ മാതാവ്) എന്നീ വിശേഷണങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് വാദഗതികൾ ഉയർന്നിട്ടുണ്ട്.

ക്രിസ്തീയ പാരമ്പര്യത്തിൽ ഈ രണ്ട് വിശേഷണങ്ങളും ഒരേ അർഥമുള്ള പര്യായ പദമായ് ഉപയോഗിച്ചിട്ടുണ്ട്. ഈ രണ്ടു പദങ്ങളും ആദിമ കാലം മുതൽ ഉപയോഗത്തിലുള്ളതാണെങ്കിലും ആധുനിക നൂറ്റാണ്ടിൽ പോലും അവ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദൈവ മാതാവ് എന്ന പദം ദൈവത്തിന്റെ സൃഷ്ടിയിൽ മറിയത്തിന് പങ്കുള്ളതായ് ദ്യോതിപ്പിക്കയും മറിയത്തിന് ഒരു ‘അമ്മദൈവ’ പരിവേഷം നല്കുതായും ആക്ഷേപം ഉയരാറുണ്ട്.

ക്രിസ്തുവിൽ ദൈവീകതയും മാനുഷീകതയും വ്യതിരിക്തമാണെന്നും അതിനാൽ മറിയം ‘ക്രിസ്‌തൊ ടോക്കൂസ്’ (ക്രിസ്തുവിനെ വഹിച്ചവൾ) ആണെന്നും അത് ‘തിയോ ടോക്കൂസ്’ (ദൈവ വാഹക) എന്ന് തെറ്റായ് വ്യഖ്യാനിക്കപ്പെടുമെന്നുമാണ് നെസ്‌തോറിയൻ ഉയിച്ച വാദം. എന്നാൽ, എ.ഡി 431ലെ എഫേസൂസ് സുന്നഹദോസ് ഈ വാദഗതിയെ തള്ളിക്കളഞ്ഞു.

ദൈവ മാതാവ് എന്ന വിശ്വാസസത്യത്തിനെതിരായി മൂന്ന് പ്രധാന എതിർ വാദങ്ങളാണ് ഉയർത്താറുള്ളത്:

ഒന്ന്, വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയും മറിയത്തെ ദൈവ മാതാവ് എന്ന് വിശേഷിപ്പിച്ചിട്ടില്ല. ഈ വിശേഷണം കത്തോലിക്കർ വിശ്വസിക്കുന്നതുപോലെ അത്രയ്ക്കും പ്രാധാന്യം അർഹിക്കുന്നതാണെങ്കിൽ വിശുദ്ധ ഗ്രന്ഥ കർത്താക്കളിൽ ആരെങ്കിലും അതു ഉപയോഗിക്കുമായിരുന്നില്ലേ എന്നതാണ് ഒരു വാദം. ഇതിനെതിരെ പ്രതികരിക്കുമ്പോൾ നാം ആദ്യം മറ്റു കത്തോലിക്ക ക്രിസ്തീയ വിശ്വാസ സംഹിതകളെക്കൂടി പരിഗണിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, പരിശുദ്ധ ത്രീത്വത്തെ പരിഗണിക്കുക. എല്ലാ ക്രിസ്തീയ സംഹിതകളിലുംവെച്ച് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണിത്. എന്നാൽ ത്രിത്വം എന്ന വാക്ക് വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും നാം കാണുന്നില്ല. വേദപുസ്തകത്തിൽ മറഞ്ഞു കിടക്കുന്ന ആത്മീയ സത്യങ്ങളെ വെളിവാക്കുന്നത് സഭയാണ്. കാരണം സഭ ക്രിസ്തുവിന്റെ പിന്തുടർച്ചയാണ്. ദൈവമാതാവ് എന്നത് സഭ മറിയത്തിന് നല്കുന്ന വെറുമൊരു വിശേഷണമല്ല, മറിച്ച്, വചനത്തിൽ മറഞ്ഞുകിടക്കുന്ന, സഭാ പാരമ്പര്യത്തിന്റെ നടവഴികളിൽ നിറഞ്ഞു നില്ക്കുന്ന ആത്മീയ രഹസ്യമാണ്.

രണ്ടമത്തെ വാദം, ലൂക്ക 1:43നെ അടിസ്ഥാനമാക്കിയാണ്. കത്തോലിക്കാ സഭയിൽ ദൈവമാതൃത്വം വെളിപ്പെടുത്തപ്പെടുന്ന സന്ദർഭമെന്ന് കാണിക്കുന്ന ഭാഗമാണിത്. ‘എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്.’ എലിസബത്തിന്റെ ഈ പ്രഖ്യാപനത്തിൽ അവൾ മറിയത്തെ ദൈവത്തിന്റെ അമ്മ എന്നല്ല മറിച്ച് കർത്താവിന്റെ അമ്മ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. പുതിയ നിയമത്തിൽ പലയിടത്തും ദൈവികതയെ വെളിപ്പെടുത്താൻ ഈ പദം ഉപയോഗിക്കുമെങ്കിലും മർത്യരായ വ്യക്തികൾക്ക് ആദരം നല്കാനും പല സന്ദർഭങ്ങളിലും ‘കർത്താവ്’ എന്ന ഈ വാക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് എതിർ ചിന്താഗതിക്കാരുടെ വാദം.

ഇതിനുള്ള ഉത്തരം കത്താലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ വ്യക്തമായ് നല്കിയിട്ടുണ്ട്( സി.സി.സി 495): മറിയത്തെ സുവിശേഷകർ ‘ഈശോയുടെ അമ്മ’ എന്ന് വിശേഷിപ്പിക്കുന്നു. ഏലീശ്വയാകട്ടെ മറിയത്തിന്റെ പുത്രൻ ജനിക്കുന്നതിനു മുൻപുതന്നെ, ആത്മാവിനാൽ പ്രചോദിതയായി, മറിയത്തെ ‘എന്റെ കർത്താവിന്റെ അമ്മ’ എന്ന് പ്രകീർത്തിക്കുന്നു. വാസ്തവത്തിൽ, മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായ് അവതരിച്ചവൻ, ജഡപ്രകാരം യഥാർത്ഥത്തിൽ മറിയത്തിന്റെ മകനായ് തീർന്നവൻ, പരിശുദ്ധാത്മ ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യ പുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം തിരുസഭ ഉദ്‌ഘോഷിക്കുന്നു: ‘മറിയം യഥാർഥത്തിൽ ദൈവത്തിന്റെ അമ്മയാണ്.’

മൂന്നാമതായ് ഉയരുന്ന ചോദ്യമിതാണ്: ദൈവം ത്രിത്വമാണ്, മറിയം ദൈവ മാതാവാണെങ്കിൽ അതിനർഥം മറിയം ത്രിത്വത്തിന്റെ അമ്മയാണെന്നാകില്ലെ? ഇതിനുള്ള മറുപടിയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിലെ 495 ഖണ്ഡിക വക്തമാക്കുന്നുണ്ട്. മറിയം ത്രിത്വത്തിലെ രണ്ടാമത്തെ ആളുടെ അമ്മയാണ്, കാരണം പിതാവോ പരിശുദ്ധാത്മാവോ മനുഷ്യാവതാരം ധരിച്ചിട്ടില്ല. മറിയത്തിന്റെ സത്യമായ മാതൃത്വത്തെ മനസിലാക്കുന്നതിൽ വരുന്ന പിഴവാണ് ത്രിത്വത്തെ തെറ്റായി അവതരിപ്പിക്കുവാൻ കാരണം.

മറിയം ദൈവമാതാവാണെന്ന് പറയുമ്പോൾ സഭ ഒരിക്കലും മറിയത്തിലുള്ള ദൈവികത പരിശുദ്ധ ത്രീത്വത്തിനു തുല്യമോ മുകളിലോ ആണെന്ന് പ~ിപ്പിക്കുന്നില്ല. മറിയം ഒരിക്കലും യേശുവിന് തന്നിലൂടെ ദൈവീകതയോ അമർത്യമായ ആത്മാവിനെയോ പകർന്ന് നല്കിയില്ല എങ്കിലും, അവൾ അവിടുത്തെ അമ്മ തന്നെയാണ്.’ കാരണം അവൾ ഒരു ശരീരത്തിനോ രണ്ടു വ്യക്തിത്വത്തിനോ അല്ല മറിച്ച് ഒരു വ്യക്തിക്കാണ് ജന്മം നല്കിയത്. ആ വ്യക്തി ദൈവമാണ്.

പ്രർത്ഥന: ദൈവസുതന് ജന്മം നല്കിയ ദൈവമാതാവേ, മനുഷ്യമക്കളെ ദൈവമക്കളാക്കാൻ ഞങ്ങളെ നീ സഹായിക്കണമെ, ആമേൻ.

‘ഒരാൾ എത്ര പാപിയായിരുന്നാലും മറിയത്തോട് ഭക്തിയുണ്ടെങ്കിൽ അവൻ നഷ്ടപ്പെടുക എന്നത് അസാധ്യമാണ്.’ – പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലാരി

************

(സോഫിയാ ബുക്‌സ് കോഴിക്കോട്, പ്രസിദ്ധീകരിച്ച ‘നസ്രായന്റെ അമ്മ’ എന്ന പുസ്തകത്തിൽനിന്ന്. പുസ്തകം വാങ്ങാൻ +91 9605770005)

************

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?