Follow Us On

21

September

2023

Thursday

നിത്യം കന്യക!

ബ്രദർ എഡിസൺ ചക്യത്ത് (സി.എം.ഐ)

നിത്യം കന്യക!

പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട്  കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാല് വിശ്വാസ സത്യങ്ങളിൽ ഒന്നായ നിത്യകന്യാത്വത്തെക്കുറിച്ച് ബൈബിളിന്റെയും തിരുസഭാപഠനങ്ങളുടെയും വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു ലേഖകൻ.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാ പണ്ഡിതൻ ഒരിജൻ സ്‌നാപക പിതാവായ സഖറിയായുടെമരണം പഠന വിഷയമാക്കുന്നുണ്ട്. ജറുസലേം ദേവാലയത്തിൽ കന്യകമാർക്ക് മാത്രം നിൽക്കാനുള്ള ഒരു സ്ഥലമുണ്ട്. വിവാഹം കഴിഞ്ഞവരും കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയവരും അവിടെ നില്ക്കാൻ പാടില്ല. യേശുവിനെ പ്രസവിച്ച ശേഷവും മറിയം കന്യകമാർക്കുള്ള സ്ഥലത്തുതന്നെ നിന്നു. അത് വിവാദമായപ്പോൾ പുരോഹിതനായ സഖറിയ മറിയത്തെ ന്യായീകരിച്ചു. ഇതിൽ പ്രകോപിതരായ യഹൂദർ അയാളെ ബലിപീഠത്തിനരികിലിട്ട് കൊന്നു കളഞ്ഞു. മറിയം നിത്യ കന്യക എന്ന ചർച്ചയ്ക്ക് ഇത് കളമൊരുക്കി. രക്ഷാകര ചരിത്രം മുന്നോട്ട് പോകുമ്പോൾ ഈ നിത്യ കന്യകയെ വിസ്മരിക്കനാകില്ല ഒരാൾക്കും.

എന്താണ് കന്യാത്വം? ആരാണു കന്യക? കന്യക എന്നാൽ അനുവദനീയങ്ങളായ ലൈംഗീക സന്തോഷങ്ങൾ വർജ്ജിച്ചുകൊണ്ടു ആത്മശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കുന്നതാണ്. കന്യാത്വത്തിന് മൂന്നു വശങ്ങളുണ്ട്; ശാരീരികം, ഐന്ദ്രികം, ആത്മികം. സകലവിധ ലൈംഗീക അനുഭവങ്ങളിൽനിന്ന് അകന്നു ശരീരത്തിന്റെ പൂർണത, ഭദ്രത പാലിക്കുന്നതാണു ശാരീരികം. പാപവാസനയ്ക്കും ദുരാശകൾക്കും അടിപ്പെടാതെ ഇന്ദ്രീയങ്ങളെ നിയന്ത്രിക്കുന്നതാണ് ഐന്ദ്രികം.ശുദ്ധതക്കു എതിരായ എല്ലാറ്റിനേയും ഉപേക്ഷിക്കുന്നതാണ് ആത്മീകം. ഇവയെല്ലാം പാലിക്കുന്നവളാണ് കന്യക.

ഇവ മൂന്നും പരിശുദ്ധ മറിയത്തിന്റെ ജീവിതത്തിലുണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥവും പാരമ്പര്യങ്ങളും മതബോധന ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതാണ്ട് എ.ഡി 90നും 95നും ഇടയ്ക്കു എഴുതപ്പെട്ട സുവിശേഷങ്ങൾ പ്രചാരത്തിലായതോടെ യേശുവിന്റെ അമ്മയായ മറിയം കന്യകയാണെന്ന ബോധ്യം ക്രൈസ്തവർക്കിടയിൽ രണ്ടാം നൂറ്റാണ്ടു മുതൽ ഉറച്ച വിശ്വാസമായി തീർന്നു. മറിയം ആജീവനാന്തം കന്യകയായി ജീവിച്ചതെന്ന വിശ്വാസം മൂന്നാം നൂറ്റാണ്ടു മുതൽ സഭയിൽ കാണുന്നു.

ബൈബിളും കന്യകമറിയവും

‘യുവതി ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്ന് വിളിക്കപ്പെടും,’ (ഏശയ്യാ 7:14) എന്ന് ക്രിസ്തുവിന്റെ ജനനത്തിന് 700 വർഷംമുമ്പ് പ്രവാചകനായ ഏശയ്യ പ്രവചിച്ചു. യുവതി എന്നതിന്റെ ഗ്രീക്ക് പരിഭാഷയാണ് കന്യക. കന്യകയിൽനിന്നുമാണ് യേശുക്രിസ്തു ജന്മമെടുക്കുന്നത് എന്ന ആദ്യ സൂചന ബൈബിൾ നല്കുന്നത് ഇവിടെയാണ്. മത്തായി 1:23 വചനത്തിൽ ഉപയോഗിച്ചിരിക്കുന്നതും കന്യക എന്ന ഗ്രീക്ക് വാക്കാണ്.

വംശാവലി യഹൂദന് ഏറെ പ്രധാനപ്പെട്ടതാണ്. ആരുടെ മകനാണ് നീ എന്നാണ് ഒരാളെ കാണുമ്പോൾ ആദ്യം ചോദിക്കുന്നത്. മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് വംശാവലി വിവരിച്ചുകൊണ്ടാണ്. ‘അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു’ എന്നു തുടർന്ന് പോകുന്ന വംശാവലി പട്ടികയിൽ സ്ത്രീകളുടെ നാമം ഉപയോഗിച്ചിരിക്കുന്നത്, പിതാക്കന്മാർക്ക് ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്നതുകൊണ്ടാണ്. എന്നിരുന്നാലും പിതാക്കന്മാർക്കു തന്നെയാണ് അദ്ദേഹം മുൻതൂക്കം നല്കുന്നത്.

എന്നാൽ 1:16ൽ എത്തുമ്പോൾ മത്തായി ഇപ്രകാരം എഴുതുന്നു: ‘യാക്കോബ് ജോസഫിന്റെ പിതാവായിരുന്നു, ജോസഫ് മറിയത്തിന്റെ ഭർത്താവായിരുന്നു. അവളിൽനിന്ന് യേശു ജനിച്ചു’. എന്തുകൊണ്ട് ഇവിടെ ജോസഫ് യേശുവിന്റെ പിതാവായിരുന്നു എന്ന് എഴുതിയില്ല? എന്തുകൊണ്ട് ‘അവളിൽ നിന്ന് യേശു ജനിച്ചു’ എന്നെഴുതി? ‘അവരിൽ നിന്നു ജനിച്ചു’ എന്നു പറയുന്നില്ല? കാരണം, യേശു ജന്മമെടുത്തത് കന്യകയിൽ നിന്നാണെന്ന് പറയുവാൻ വേണ്ടിയാണിത്.

അതുപോലെതന്നെ, ‘അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുൻപ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു’ (മത്തായി 1:18). ഇതിലൂടെ മറിയത്തിന്റെ ഗർഭധാരണം ദൈവത്തിന്റെ സർഗശക്തിയായ പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ സംഭവിച്ചതാണെന്ന് വ്യക്തമാകുന്നു.ഇതു കാരണത്താലാകണം ദൂതൻ ജോസഫിനോട് ‘നിന്റെ മകൻ, നിന്റെ ഭാര്യ’എന്നൊക്കെ പറയാതെ ശിശുവിനേയും അമ്മയേയും കൂട്ടി (മത്തായി 2:13, 2:20) യാത്രയാവുക എന്നു പറഞ്ഞത്.

ലൂക്കാ സുവിശേഷകൻ പറയുന്നതിങ്ങനെ: ‘ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.’ (ലൂക്ക 1:27). ഈ വചനത്തിലൂടെ ലൂക്കാ നമ്മോട് പറയുവാൻ ശ്രമിക്കുന്നത് യേശു കന്യകയിൽ നിന്നും ജന്മം സ്വീകരിച്ചു എന്നാണ്. ദൂതൻ മറിയത്തോട് സംസാരിച്ചു കഴിയുമ്പോൾ അവൾ ഉന്നയിക്കുന്ന ചോദ്യം: ‘ഇതെങ്ങനെ സംഭവിക്കും, ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ’ എന്നാണ് (ലൂക്ക 1:34).

ഇതിൽനിന്നും മനസിലാക്കാം, അവൾ ഈശോയുടെ ജനനത്തിനു മുമ്പും ശേഷവും കന്യകയായിരുന്നു എന്ന്. സ്ത്രീ പുരുഷ ബന്ധമില്ലാതെ എങ്ങനെ ഒരു കുഞ്ഞു ജനിക്കും എന്നാണ് മറിയത്തിന്റെ ചോദ്യം. ഒരാൾ കന്യകയും അതേ സമയം അമ്മയും ആകുന്നതെങ്ങനെയാണ്. മറിയത്തിനോട് ദൂതൻ പറഞ്ഞു: ‘പരിശുദ്ധാത്മാവ് നിന്റെമേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ (ലൂക്ക 1:35).

ലൂക്കാ സുവിശേഷകൻ തുടർന്ന് പറയുന്നുണ്ട്, യേശു ‘ജോസഫിന്റെ മകനാണെന്നു കരുതപ്പെടുന്നു’ (ലൂക്ക 3:23). ഇതിനർത്ഥം നാട്ടുകാർ അങ്ങനെകരുതി, എന്നാൽ യാഥാർത്ഥ്യം അതല്ല എന്നല്ലേ? അതിനാൽതന്നെ യേശു പൂർണമായും മറിയത്തിൽ നിന്ന് മാത്രം, പുരുഷന്റെ ഇച്ഛകൂടാതെ ജന്മമെടുത്തു എന്നല്ലേ ലൂക്കാ ഇതിലൂടെ പറയുവാൻ ശ്രമിക്കുക. കാനോനിക വീക്ഷണത്തിൽ ‘ഇവൻ ആ തച്ചനല്ലേ? മറിയത്തിന്റെ മകൻ’ (മർക്കോസ്6:3) എന്നതിൽ കന്യകയിൽ നിന്നും യേശു ജന്മമെടുത്തത് എന്ന ആശയം ഉണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.

എന്തുകൊണ്ട് ജോസഫിന്റെ എന്ന് ഉപയോഗിക്കാതെ മറിയത്തിന്റെ മകൻ എന്ന് പറഞ്ഞു. അതുപോലെ ‘നീ ജാരസന്തതിയല്ല’ (യോഹ 8:41) എന്ന പരിഹാസത്തിൽ ‘നീ ജാരസന്തതിയാണ്’ എന്ന സൂചന ഉണ്ടാകാം. ‘നീയാണ് പിതാവില്ലാതെ ജനിച്ചവൻ’ എന്ന പരിഹാസമാണിത്. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട രഹസ്യമായിരിക്കില്ലേ ഇങ്ങനെ അവനെ പരിഹസിക്കൻ കാരണം?ഇവയെല്ലാംതന്നെ കന്യകാ ഗർഭധാരണം എന്ന ദൈവശാസ്ത്രത്തെ പിന്താങ്ങുന്ന വേദപാ~ങ്ങളാണ്.

മറിയം നിത്യ കന്യകയോ?

മാതാവിന്റെ കന്യാത്വത്തെ സംശയിക്കുന്ന ചിലർ ഉന്നയിക്കുന്ന ഒരു ചോദ്യം, മത്തായി 1:25ൽ പറയുന്ന വചനവുമായ് ബന്ധപ്പെട്ടാണ്: ‘പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവൻ അറിഞ്ഞില്ല.’ ഈ വചനത്തിന്റെ അർത്ഥം ഈശോയുടെ ജനനശേഷം അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്നല്ലേ? വിശുദ്ധലിഖിതങ്ങളിൽ ‘വരെ’ എന്ന വിശേഷണ പദത്തിന്, ആധുനിക വ്യാകരണത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ഒരർത്ഥമുണ്ട്. ഒരു സംഭവം മറ്റൊന്ന് നടക്കുന്നതുവരെ നടന്നിട്ടില്ല എന്നതിന് സംഭവത്തിനുഷേം അതു നടന്നു എന്നർത്ഥമില്ല.

ബൈബിളിൽ പലഭാഗത്തും ഇതിന് ഉദാഹരണങ്ങളുണ്ട്. 2 സാമു 6:23ൽ വചനം പറയുന്നു: സാവൂളിന്റെ പുത്രി മിഖാൽ മരണംവരെ സന്താന രഹിതയായിരുന്നു. ഇതിനു മരണശേഷം സന്താനങ്ങളുണ്ടായി എന്നർത്ഥമുണ്ടോ? ഇതുപോലെ പല ഉദാഹരണണങ്ങളും ബൈബിളിലുണ്ട്. (ഉത്പത്തി 8:7, ഏശയ്യാ 22:14, വെളി 2:10,മത്തായി 11:12). ഇവയുടെയെല്ലാം പശ്ചാത്തലത്തിൽ മറിയം ഈശോയുടെ ജനനസമയത്തും ശേഷവും കന്യകയായിതന്നെ നിലകൊണ്ടു എന്നു കരുതണം.

ബൈബിളിൽ യോസെ, യൂദാസ്, ശിമയോൻ, എന്നിവർ യേശുവിന്റെ സഹോദരർ, അതായത്, മാതാവിന്റെ മക്കളാണെന്ന് (മർക്കോസ് 6:3) പറയുന്നു. ഇതിനർത്ഥം മാതാവ് നിത്യം കന്യകയല്ല എന്നല്ലേ? ഈ ചോദ്യവും പ്രസക്തമാണ്.

ഹീബ്രൂ, അരമായ ഭാഷകളിൽ സഹോദരൻ എന്ന പദത്തിന് പല അർത്ഥങ്ങളുമുണ്ട്. ഒരമ്മയുടെ മക്കളായ സഹോദരങ്ങൾ, കസിൻസ്, സഹോദരൻ/ സഹോദരി, പുത്രൻ/ പുത്രി, ഉറ്റ സുഹൃത്ത്, അനുയായി, ശിഷ്യൻ തുടങ്ങിയവ. അതുപോലെ ജോസഫിന്റെ മരണശേഷം മറിയവും മകനും ബന്ധുമിത്രാദികളുമെല്ലാം ഒരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

അവരുടെ മക്കളും യേശുവും ഒരുമിച്ചു വളർന്നതുകൊണ്ട് ഹെബ്രായ ശൈലിയിൽ അവരെല്ലാം സഹോദരീ, സഹോദരങ്ങളായാണ് അറിയപ്പെട്ടത്. അതുപോലെ മർക്കോസ് 15:40ൽ പറയുന്നു; ‘മഗ്ദലേനാ മറിയവും, സലോമിയും യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു’ മത്തായി 10:4ൽ വചനം പറയുന്നു: ശിമയോനും, യൂദാസും ഈശോയുടെ ശിഷ്യന്മാരായിരുന്നു. ഹീബ്രു ഭാഷയനുസരിച്ച് ഇവരെയെല്ലാം സഹോദരങ്ങൾ എന്നു വിളിക്കാം.

അതുപോലെ യോഹന്നാൻ 19:27ൽ കാണുന്നു ‘അവൻ ആ ശിഷ്യനോട് പറഞ്ഞു: ഇതാ നിന്റെ അമ്മ അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.’ യേശുവിനു സ്വന്തമായി സഹോദരങ്ങൾ അല്ലെങ്കിൽ മറിയത്തിനു വേറെ മക്കളുണ്ടെങ്കിൽ മരണസമയത്ത് അവൻ അവിടെ പ്രത്യക്ഷപ്പെടുമായിരുന്നു. അല്ലെങ്കിൽ ഈശോ ഒരിക്കലും അമ്മയെ സ്വന്തം ശിഷ്യന് ഏൽപ്പിച്ചു കൊടുക്കുകയില്ലായിരുന്നു. അതിനാൽ തീർച്ചയായും മാതാവിന് വേറെ മക്കളുണ്ടായിരുന്നില്ല. അവൾ ജീവിതം മുഴുവനും നിത്യകന്യകയായി ജീവിച്ചു.

പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങൾ ഈ സത്യത്തെ എതിർക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. സന്യാസ ജീവിതത്തോടുള്ള ഇവരുടെ എതിർപ്പാണ് ഒന്നാമത്തെ കാരണം.രണ്ടാമതായി രക്ഷക്ക് ആവശ്യമായിരിക്കുന്നത് ബൈബിൾ മാത്രം, വിശ്വാസം മാത്രം, പ്രസാദവരം മാത്രം എന്ന അവരുടെ നിലപാടാണ്. എങ്കിലും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ കാൾബർത്ത് (KarlBarth) കത്തോലിക്കരെപ്പോലെ മറിയത്തിന്റെ കന്യത്വത്തെ വിശ്വസിക്കുന്നു.

മറിയം നിത്യം കന്യക തന്നെയാണ്. യേശുവിന്റെ ജനനത്തിനു ശേഷവും നിത്യ കന്യകയായിട്ടാണ് മറിയം ജീവിച്ചത്. രക്ഷാകര ചരിത്രത്തിൽ ദൈവം തനിക്കു തന്ന ദൗത്യത്തോട് പൂർണ വിശ്വസ്തത പുലർത്തുന്നതിനും യേശുവിന്റെ ശുശ്രൂഷക്കായി സ്വയം സമ്പൂർണമായി സമർപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. യേശുവിനെ കൂടാതെ മറ്റ് പുത്രന്മാരോ പുത്രിമാരോ ഉണ്ടായിരുന്നുവെങ്കിൽ ഇതു അത്രതന്നെ സാധ്യമാകുമായിരുന്നില്ല. ദൈവത്തോടുള്ള പൂർണ വിശ്വസ്തതയും തന്റെ തിരുക്കുമാരനു വേണ്ടിയുള്ള പൂർണ സമർപ്പണവുമാണ് മറിയത്തിന്റെ നിത്യകന്യാത്വത്തിന്റെ ദൈവശാസ്ത്രപരമായ അർത്ഥവും ലക്ഷ്യവും.

രണ്ടാം വത്തിക്കൻ കൗൺസിൽ പറഞ്ഞുവയ്ക്കുന്നു, രക്ഷകന്റെ തിരുപ്പിറവിയുടെ അവസരത്തിൽ അവിടുന്നു തന്റെ കന്യാത്വമഹിമയെ കുറയ്ക്കാതെ അതിനെ ഉപരി വിശുദ്ധീകരിച്ചു. ഇതിൽനിന്നും വ്യക്തമാണ് അമ്മയുടെ കന്യകാ പ്രസവം. മാർട്ടിൻ ഒന്നാമൻ പാപ്പയുടെ കാലത്ത് റോമിൽ സമ്മേളിച്ച സൂന്നഹദോസിലാണ് പരിശുദ്ധ കന്യകയുടെ നിത്യകന്യാത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. എ.ഡി 649ലെ റോമൻ സൂന്നഹദോസ് പറയുന്നു: ‘പുരുഷസമ്പർക്കം കൂടാതെ പരിശുദ്ധ മറിയം ഗർഭം ധരിച്ചു.’

കൂടാതെ, ഇരണേവൂസ്, ക്ലമന്റ്, അഗസ്റ്റിൻ, അമ്പ്രോസീസ്, അപ്രേം തുടങ്ങിയ വേദപാരംഗതന്മാരും മറിയത്തിന്റെ നിത്യകന്യാത്വത്തെ സവിശേഷം പ്രകാശിപ്പിക്കുന്നുണ്ട്. പൗലോസ് നാലാമൻ പാപ്പയുടെ അപ്പസ്‌തോലിക ലേഖനം പരിശുദ്ധ കന്യകയുടെ നിത്യകന്യാത്വത്തെ വിശ്വാസസത്യമായി അംഗീകരിക്കുന്നു. സഭാ പിതാക്കന്മാർ പഴയ നിയമത്തെ അടിസ്ഥാനമാക്കി രണ്ടു ചിന്തകൾ മറിയത്തിന്റെ നിത്യ കന്യാത്വത്തെ വിശദീകരിക്കാൻ ഉപയോഗിക്കുണ്ട്.

ഒന്ന്, ദഹിക്കാതെ കത്തിയെരിയുന്ന മുൾപ്പടർപ്പ്. രണ്ട്, ദൈവം പ്രവേശിക്കുന്ന വിശുദ്ധ വാതിൽ. മുൾപ്പടർപ്പ് കത്തുന്നുണ്ട് എന്നാൽ, കത്തി ദഹിക്കുന്നില്ല (പുറ 3:2). മറിയം രക്ഷകന് ജന്മം നല്കുന്നുണ്ട്, എന്നാൽ അവളുടെ കന്യാത്വം നശിക്കുന്നില്ല. മുൾപ്പടർപ്പിനെ ദഹിപ്പിക്കാതെ കത്തിച്ച ദൈവ സാന്നിധ്യത്തിന് മറിയത്തിന്റെ കന്യാത്വത്തിന് ഭംഗമേശാതെ രക്ഷകന് ജന്മം നല്കാൻ അവളെ ഒരുക്കാനാകുമെന്നറിയുക.

**********

ദൈവമാതാവ് എന്ന വിശ്വാസസത്യത്തെക്കുറിച്ച് വായിക്കാൻ ക്ലിക്ക് ചെയ്യുക

**********

എസക്കിയേലിന്റെ ദർശനം വിശുദ്ധ സ്ഥലത്തിന്റെ അഥവ ജറുസലേം ദേവാലയത്തിന്റെ വാതിലിനെ കുറിക്കുന്നതാണ്. ഒരിക്കലും തുറക്കാതെ നിലകൊള്ളുന്ന വാതിൽ. ആരും അതിലൂടെ പ്രവേശിക്കുകയില്ല. ‘എന്തെന്നാൽ ഇസ്രായേലിന്റെ ദൈവമായ കർത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ട്, അത് അടഞ്ഞു കിടക്കണം’ (എസക്കിയേൽ 44: 12). പുതിയ നിയമത്തിലെ ജെറുസലേം ദേവാലയം ക്രിസ്തുവാണെന്ന് ആരും അംഗീകരിക്കും. കാരണം, ഈ ദേവാലയം നശിപ്പിച്ചാൽ മൂന്നു ദിവസത്തിനകം ഇതു പുനരുദ്ധരിക്കും എന്നവൻ പറയുന്നുണ്ട് (യോഹന്നാൻ 2:19). തന്റെ ശരീരമാണ് ആ ദേവാലയമെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഈ ദേവാലയത്തിന്റെ വാതിൽ മറിയമല്ലാതെ മറ്റാരാണ്?

വിശുദ്ധ ജെറോം പറയുന്നു: അടഞ്ഞു കിടന്ന കന്യകയുടെ ഉദരം തുറന്നത് ക്രിസ്തുവിന് വേണ്ടി മാത്രമാണ്. സുരക്ഷിതമായ് അടഞ്ഞു കിടക്കുന്ന കിഴക്കോട്ടുള്ള വാതിലാണിത്. നിത്യ പുരോഹിതനായ ക്രിസ്തു പ്രവേശിച്ചതും പുറത്തിറങ്ങിയതും ഇതേ വാതിലിലൂടെത്തന്നെ. തുർന്ന് എന്നേക്കും ഈ വാതിൽ അടഞ്ഞു കിടന്നു. മറിയമല്ലാതെ മറ്റാരാണ് ആ വാതിൽ?

മറിയം കന്യകയാണോ എന്ന ചോദ്യത്തിന് യൂക്യാറ്റ് നല്കുന്ന ഉത്തരം ഇപ്രകാരമാണ്: യേശുവിന് യഥാർത്ഥ മാനുഷിക മാതാവുണ്ടായിരിക്കണമെന്നും എന്നാൽ ദൈവം മാത്രമായിരിക്കണം അവിടുത്തെ പിതാവെന്നും ദൈവം നിശ്ചയിച്ചു. എന്തെന്നാൽ പുതിയൊരാരംഭം അവിടുന്നാഗ്രഹിച്ചു. അത് തന്റേതു തന്നെയായിരിക്കണമെന്നും ഭൗമിക ശക്തികളുടേതായിരിക്കരുതെന്നും അവിടുന്ന് നിശ്ചയിച്ചു. മറിയം പുത്രനെ ഗർഭം ധരിച്ചപ്പോഴും സംവഹിച്ചപ്പോഴും പ്രസവിച്ചപ്പോഴും പാലൂട്ടിവളർത്തിയപ്പോഴും നിത്യകന്യകയായിത്തന്നെ തുടർന്നു എന്ന് മതബോധന ഗ്രന്ഥം പറഞ്ഞു വയ്ക്കുന്നു. ഈ സൂചനകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ കന്യകാമറിയത്തിന്റെ നിത്യകന്യാത്വം യഥാർഥമാണെന്ന്‌നമുക്ക് വിശ്വസിക്കാൻ സാധിക്കും.

പ്രർത്ഥന: ഓ കന്യകേ,മാതാവേ, എന്നെ വിശുദ്ധിയും മാധുര്യവുമുള്ളവനുമാക്കി സംരക്ഷിക്കേണമെ. ആമേൻ.

‘ഈ സ്വർഗീയ അമ്മയോട് ചേർന്നു നില്ക്കുക, കാരണം നിത്യ ശോഭയുടെ തീരത്തെത്താൻ കടക്കേണ്ട കടലാണ് അവൾ.’ – വിശുദ്ധ പാദ്രെ പിയോ

****************

(സോഫിയാ ബുക്‌സ് കോഴിക്കോട്, പ്രസിദ്ധീകരിച്ച ‘നസ്രായന്റെ അമ്മ’ എന്ന പുസ്തകത്തിൽനിന്ന്. പുസ്തകം വാങ്ങാൻ +91 9605770005)

****************

Share:
2 comments

Leave a Comment

Your email address will not be published. Required fields are marked with *

2 Comments

Latest Postss

Don’t want to skip an update or a post?