Follow Us On

21

September

2023

Thursday

അമലോത്ഭവം!

ബ്രദർ റിജോ ചിറയ്ക്കൽ (സി.എം.ഐ)

അമലോത്ഭവം!

പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാല് വിശ്വാസസത്യങ്ങളിൽ ഒന്നായ അമലോത്ഭവത്തെ കുറിച്ച് വിശകലനം ചെയ്യുന്നു ലേഖകൻ.

വനത്തിലെ ഒഴുക്കുള്ള പുഴ കടക്കുന്നവർക്ക് രണ്ടുവിധം സഹായം കിട്ടിയേക്കാം. മുങ്ങിപ്പോകാതെ കാത്തുപാലിക്കുന്ന കരം, മുങ്ങിത്താണ ശേഷം രക്ഷിക്കുന്ന കരം. മറിയത്തിന്റെ അമലോത്ഭവത്തെ മനസിലാക്കാൻ എളുപ്പം കഴിയുന്ന ദൃഷ്ടാന്തമാണിത്. പാപത്തിൽ മുങ്ങിത്താണശേഷം കരകയറ്റുന്ന രക്ഷിക്കുന്ന കരമാണ് നാം അനുഭവിച്ചിട്ടുള്ളതെങ്കിൽ, മറിയത്തിന് സ്വർഗപിതാവ് നല്കിയതാകട്ടെ മുങ്ങിപ്പോകാതെ കാക്കുന്ന കരമായിരുന്നു.

പാപത്തിന്റെ ദംശനം ഏല്ക്കാതെ അവൾ പിറന്നു. സഭയുടെ മതബോധനം പഠിപ്പിക്കുന്നത് കാണുക: ‘അനന്യമായ ദൈവകൃപയാലും സർവ്വ ശക്തനായ ദൈവത്തിന്റെ ആനുകൂല്യ ത്താലും മനുഷ്യവർഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻ നിർത്തിയും ഏറ്റവും പരിശുദ്ധയായ കന്യാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യ നിമിഷം മുതൽ ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും പരിരക്ഷിക്കപ്പെട്ടു.’ (491)

സഭയുടെ പഠനമനുസരിച്ച് ദൈവത്തിന്റെ അനന്തമായ കരുണയാലും കൃപയാലും മനുഷ്യവർഗത്തെ മുഴുവൻ രക്ഷിക്കാനായി പിറക്കാനിരിക്കുന്ന ദൈവപുത്രനായ ഈശോയുടെ സകല യോഗ്യതകളേയും പരിഗണിച്ച് പിതാവായ ദൈവം മറിയത്തെ ഉത്ഭവ പാപത്തിൽനിന്നും രക്ഷിച്ചു.

അമലോത്ഭവം; ബൈബിളിലും പാരമ്പര്യത്തിലും

‘എന്നാൽ എന്റെ മാടപ്രാവ്, എന്റെ പൂർണവതി, ഒരുവൾ മാത്രം. അമ്മയ്ക്കു അവൾ ഓമനയാണ്, ഉദരത്തിൽ വഹിച്ചവൾക്ക് അവൾ അവികലയാണ്. കന്യകമാർ അവളെ കണ്ട് ഭാഗ്യവതിയെന്ന് വിളിച്ചു’ (ഉത്തമഗീതം 6:9). ‘എന്റെ ഓമനെ നീ സർവ സുന്ദരിയാണ, നീ എത്ര അവികലയാണ്.’ (ഉത്തമഗീതം 4:7). ഈ ഉത്തമഗീത ഭാഗങ്ങൾ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധഗ്രന്ഥ ഭാഗങ്ങളാണെന്നാണ് പണ്ഡിത മതം.

ദൈവകൃപാവരംകൊണ്ട് നിറയപ്പെട്ട മറിയം അവളുടെ ഉത്ഭവ നിമിഷം മുതൽ രക്ഷിക്കപ്പെട്ടവൾ ആണെന്ന് ആദിമ നൂറ്റണ്ടുമുതൽ സഭ വിശ്വസിച്ചു പോന്നു. സ്വപുത്രന്റെ യോഗ്യതകളെ മുൻനിർത്തി കൂടുതൽ ഉന്നതമായ രീതിയിൽ രക്ഷിക്കപ്പെട്ടവളാണ് മറിയം. 1854ൽ പീയൂസ് ഒൻപതാമൻ പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായ് പ്രഖ്യാപിച്ചത്. അദ്ദേഹം ലോകമാസകലമുള്ള മെത്രാന്മാരൂടെ അഭിപ്രായം ആരാഞ്ഞശേഷം ‘ഇൻ എഫാബിലിസ് ദേവൂസ്’ എന്ന തിരു വെഴുത്ത് വഴിയായ് കന്യകാ മറിയത്തിന്റെ അമലോത്ഭവം ഇപ്രകാരം നിർവചിച്ചു:

‘അഖണ്ഡവും പരിശുദ്ധവുമായ ത്രിത്വത്തിന്റെ സ്തുതിക്കും കന്യകയായ ദൈവമാതാവിന്റെ മഹത്വത്തിനും അലങ്കാരത്തിനും നാം അധ്യവസായം ചെയ്യുകയും നിർവചിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ ഉത്ഭവ നിമിഷം മുതൽ മനുഷ്യവർഗത്തിന്റെ രക്ഷകനായ ഈശോയുടെ യോഗ്യതകളെ പ്രതി സർവശക്തനായ ദൈവം നല്കിയ പ്രത്യേക വരത്താലും ആനുകൂല്യത്താലും ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യത്തിൽ നിന്നും സംരക്ഷിക്കപ്പെട്ടു എന്നുള്ളത് ദൈവം വെളിപ്പെടുത്തിയതും അതിനാൽ ഉറച്ചു വിശ്വസിക്കേണ്ടതുമാണ്.’

കന്യകാ മറിയത്തിന്റെ നൈർമല്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെങ്കിലും ഉത്ഭവ പാപരാഹിത്യത്തെ കുറിച്ച് ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഡൻസ് സ്‌കോർട്ട് എന്ന ഫ്രാൻസിസ്‌കൻ ദൈവശാസ്ത്രജ്ഞൻ എതിരഭിപ്രായങ്ങളെ ഇപ്രകാരം ഖണ്ഡിച്ചു: ‘ദൈവമാതാവ് അമലോത്ഭവത്തിന് അർഹയായിരുന്നു. സർവേശ്വരന് ആരെയും ഉത്ഭവപാപ രഹിതനാക്കാൻ കഴിവുണ്ട്. ആകയാൽ അർഹമാകുന്നവ നല്കുന്ന സർവേശ്വരൻ കന്യകാ മറിയത്തെ ഉത്ഭവ പാപത്തിൽ നിന്നും ഒഴിവാക്കി.’

അതിനെ കൂടുതൽ കരുത്തുള്ളതാക്കാൻ 1858 മാർച്ച് 25ൽ ലൂർദിൽ നടന്ന പ്രത്യക്ഷീകരണം ഇടയാക്കി. അതു ഇപ്രകാരം ആയിരുന്നു: ലൂർദിൽ ബെർണദീത്തക്കു നല്കിയ 16-ാമത്തെ ദർശനത്തിൽ അവൾ അടുത്തു ചെന്നു മുട്ടുകുത്തി ചോദിച്ചു, ഭവതി അങ്ങയുടെ പേരു പറയാൻ ദയയുണ്ടാകുമോ? ദൈവജനനി കൈകൂപ്പി കണ്ണുകളുയർത്തി ലൂർദിലെ പ്രദേശിക ഭാഷയിൽ പറഞ്ഞു: ‘ഞാൻ അമലോത്ഭവയാണ്’. പാപ്പയുടെ പ്രഖ്യാപനത്തിന്റെ സ്വർഗീയ അംഗീകാരമാണിത്. അമലോത്ഭവം എന്ന വിശ്വാസ സത്യം ഇങ്ങനെ ദൈവമാതാവ് ഉറപ്പിച്ചു.

വിശുദ്ധ കാതറെൻ ലബോറയ്ക്ക് 1830 നവംബർ 27ന് പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തെപ്പറ്റി ലഭിച്ച ദർശനം ഇപ്രകാരമായിരുന്നു: ‘അത്ഭുതകരമായ ഒരു മെഡൽ, അതിൽ കൈകൾ ഇരുവശങ്ങളിലേക്കും നീട്ടി പിടിച്ചിരിക്കുന്ന പരിശുദ്ധ മാതാവിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാതാവിന്റെ ചുറ്റും ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഓ മറിയമെ, പാപമില്ലാതെ ഉത്ഭവിച്ചവളെ, അങ്ങേ പക്കൽ അണയുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.’

മറിയം അമലോത്ഭവയണെന്നു പറയാൻ പാരമ്പര്യത്തിലും ദൈവശാസ്ത്രത്തിലും നിരവധി കാരണങ്ങൾ ഉണ്ട്. വിശുദ്ധ പൗലോസ് ശ്ലീഹ ക്രിസ്തുവിനെ ‘അനുസരണയുള്ള രണ്ടാമത്തെ ആദം’ (1 കോറി 15:22, റോമ 5:12-19) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതേ രീതിയിൽ ലൂക്കാ സുവിശേഷകൻ വ്യംഗ്യാർത്ഥത്തിൽ മറിയത്തെ രണ്ടാമത്തെ ഹവ്വാ എന്നും വരച്ചുകാട്ടാൻ ശ്രമിക്കുന്നുണ്ട്. പഴയനിയമത്തിലെ ഹവ്വായുടെ അനുസരണക്കേടിന്റെ പാപഫലം പുതിയ നിയമത്ത ഹവ്വായായ മറിയം പരിഹരിച്ചു. പഴയനിയമത്തിലെ ഹവ്വ എന്ന സ്ത്രീ രക്ഷാകര പദ്ധതിയിൽ നിഷേദാത്മകമയ അനുഭവങ്ങളും, മറിയമെന്ന പുതിയ ഹവ്വ പ്രതീക്ഷാത്മക സംഭവങ്ങളുമാണ് സമ്മാനിച്ചത്.

വിശുദ്ധ ഇരണേവൂസ് ഈ താരതമ്യത്തെ ഇങ്ങനെ സമർത്ഥിക്കുന്നു: ‘മറിയമെന്ന സ്ത്രീ അനുസരണം കാണിച്ചു, ഹവ്വ എന്ന സ്ത്രീ അനുസരണക്കേടിലൂടെ ശാപം വരുത്തിവച്ചു.’ മറിയത്തിന്റെ അമലോത്ഭവമെന്ന വസ്തുത ആദിപാപവും, യഥാർത്ഥ പാപവും ഒരു വ്യക്തിയിൽ വരുത്തുന്ന മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാല്, അഞ്ച് നൂറ്റണ്ടുകളിലെ ദൈവശാസ്ത്രജ്ഞരിൽ പലരും അക്കാലത്തെ അനുദിന ജീവിത സാഹചര്യങ്ങളുടെ പ്രത്യേകതകൊണ്ട് മറിയത്തിന്റെ അമലോത്ഭവത്തെ നിഷേധിച്ചിട്ടുണ്ട്.

വിശുദ്ധ തോമസ് അക്വിനാസ് പറഞ്ഞു; ‘മറിയത്തിന്റെ ജന്മത്തിൽ പാപത്തിന്റെ കടന്നുകൂടൽ ഉണ്ടായിയെങ്കിലും ദൈവം തന്റെ പ്രത്യേക ഇടപടൽകൊണ്ട് അവളെ പാപരഹിതയാക്കി.’ ഇപ്രകാരം സഭാപാരമ്പര്യത്തിൽ വളർന്നുവന്ന വിശ്വാസമാണ് പാപ്പ വിശ്വാസസത്യമായി പ്രഖ്യപിച്ചത്.

***************

ദൈവമാതാവ് എന്ന വിശ്വാസസത്യത്തെക്കുറിച്ച് വായിക്കാൻ ക്ലിക്ക് ചെയ്യുക

നിത്യകന്യക എന്ന വിശ്വാസസത്യത്തെക്കുറിച്ച് വായിക്കാൻ ക്ലിക്ക് ചെയ്യുക

**************

ജന്മ, കർമ പാപങ്ങളിൽനിന്ന് മോചിതയായ മറിയം

മാതാപിതാക്കളിൽനിന്നാണ് മക്കളിലേക്ക് പാപം കടന്നു വരുന്നത്. അങ്ങനെയെങ്കിൽ മറിയം ജന്മപാപം ഉള്ളവളായിരുന്നെങ്കിൽ ഈശോയും ജന്മപാപത്തിൽ ജനിക്കേണ്ടി വരുമായിരുന്നില്ലെ എന്നു ദൈവശാസ്ത്രജ്ഞർ ചോദിക്കുന്നു. ഈശോയ്ക്ക് ഗർഭാവസ്ഥയിൽ വസിക്കേണ്ടിയിരുന്ന ഇടം മറിയത്തിന്റെ ഉദരമായിരുന്നതുകൊണ്ടും ദൈവം വസിച്ച പേടകമെന്ന് മറിയം വാഴ്ത്തപ്പെടേണ്ടിയിരുന്നതു കൊണ്ടും അവളെ ജന്മപാപരഹിതയാക്കുക എന്നതു ദൈവത്തിന്റെ ഇംഗീതവും പദ്ധതിയും ആയിരുന്നു.

എല്ല വിശ്വാസികളും ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുമെങ്കിലും ഉദരത്തിൽ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചവൾ മറിയം മാത്രമായിരുന്നു.രക്ഷകൻ പിറന്നു വീഴുന്ന ഉടൽ പാപത്തിന്റെ ദംശനം ഏല്ക്കാത്തതാകണം എന്നു ദൈവം തീരുമാനിച്ചിരിക്കണം.

ദൈവകൃപ നിറഞ്ഞവളെ, കർത്താവ് നിന്നോട് കൂടെ (ലൂക്കാ 1:28) എന്നാണ് ദൂതൻ മറിയത്തെ സംബോധന ചെയ്തത്. വചനം മംസമായ് മറിയത്തിൽ വസിക്കുംമുൻപ് അവളെ കൃപ നിറഞ്ഞവളെന്നും ദൈവത്തിന്റെ അനുഗ്രഹത്തിനു പാത്രീഭൂതയെന്നും ദൂതൻ വിളിക്കണമെങ്കിൽ അവളിൽ പാപക്കറ ഇല്ലായിരുന്നു എന്നു വ്യക്തം. മറിയം അമലോത്ഭവയായിരുന്നു എന്നതിന്റെ സ്വഭാവിക അനുമാനമാണ് അവൾ ലഘുതരമോ, ഗുരുതരമോ ആയ എല്ലാപാപങ്ങളിൽ നിന്നും വിമുക്തയായിരുന്നു എന്നത്.

മറ്റെല്ലാ പാപങ്ങൾക്കും മൂലകാരണം ഉത്ഭവപാപമാണ്. മാമ്മോദീസായിലൂടെ അത് മോചിതമാകുമെങ്കിലും പാപത്തിലേക്കുള്ള വശീകരണവും ചായ്‌വും നിലനില്ക്കുന്നു. ഉത്ഭവ നിമിഷത്തിൽ തന്നെ അവളിൽ പാപവാസനകൾ ഇല്ലായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇങ്ങനെ പറയുന്നു: ‘ഉത്ഭവ പാപത്തിൽനിന്നും കർമ്മപാപത്തിൽനിന്നും കാത്തുരക്ഷിക്കപ്പെട്ട പരിശുദ്ധ മറിയം വിശുദ്ധിയുടെ പൂർണത ഉള്ളവളാകുന്നു’.

വിശുദ്ധ ഖുറാൻ അമലോത്ഭവത്തെക്കുറിച്ച്

മുഹമ്മദീയരുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ (അധ്യായം 3) അമലോത്ഭവത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ശ്രദ്ധേയമാണ് ‘ആദത്തിന്റെ സന്തതികൾ സാത്താനാൽ ഗ്രസിക്കപ്പെടുന്നു. യേശുവും മരിയാമ്പികയും മാത്രം ഈ നിയമത്തിനു അപവാദമാണ്. എന്തുകൊണ്ടെന്നാൽ ദൈവം അവരേയും സാത്താനെയും ഒരു തിരശ്ശീലയാൽ വേർതിരിച്ചു. അത് അവന്റെ നാശകരമായ സമ്പർക്കത്തിൽ നിന്നും അവരെ രക്ഷിച്ചു. യോവാക്കീമിന്റെ ഭാര്യ ദൈവത്തോടു പറഞ്ഞു: ദൈവമേ എന്റെ ഉദരഫലത്തെ ഞാൻ അവിടുത്തേക്കു സമർപ്പിക്കുന്നു.സർവജ്ഞനായ അവിടുന്നു എന്റെ മകളായ മറിയത്തെ സാത്താന്റെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ.’

പ്രാർത്ഥന: ഓ മറിയമേ കറയില്ലാത്ത ഉദരത്തിൽ ദിവ്യസൂനുവിനെ സംവഹിച്ചവളെ ഈശോയെ കറയില്ലാതെ സ്‌നേഹിച്ച അമ്മയുടെ ഹൃദയത്തിൽ ഞങ്ങളേയും ചേർക്കണമെ.

‘വിചാരണയിലോ പ്രയാസത്തിലോ എനിക്ക് അമ്മ മറിയത്തോട് സഹായം തേടാം, എല്ലാ ഭയവും ഇല്ലാതാക്കാൻ ഒറ്റ നോട്ടം മാത്രം മതി.’ – വിശുദ്ധ കൊച്ചു ത്രേസ്യ

************

(സോഫിയാ ബുക്‌സ് കോഴിക്കോട്, പ്രസിദ്ധീകരിച്ച ‘നസ്രായന്റെ അമ്മ’ എന്ന പുസ്തകത്തിൽനിന്ന്. പുസ്തകം വാങ്ങാൻ +91 9605770005)

************

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:
1 comment

Leave a Comment

Your email address will not be published. Required fields are marked with *

1 Comment

Latest Postss

Don’t want to skip an update or a post?