Follow Us On

05

October

2022

Wednesday

സ്വർഗാരോപിത മാതാവ്‌

ബ്രദർ അൻവിൻ പാറയ്ക്കൽ (സി.എം.ഐ)

സ്വർഗാരോപിത മാതാവ്‌

സ്വർഗാരോപണം! പരിശുദ്ധ മറിയവുമായ് ബന്ധപ്പെട്ട് പരിശുദ്ധ കത്തോലിക്കാ സഭ പ്രഖ്യാപിച്ച നാലാമത്തെ വിശ്വാസസത്യം, സ്വർഗാരോപണ തിരുനാൾ ദിനത്തിൽ വിശകലനം ചെയ്യുന്നു ലേഖകൻ.

ആയിത്തീരാതെ ആർക്കും ആരെയും ആക്കിത്തീർക്കനാവില്ല. മറിയം ദൈവത്തിന്റെ ഓമന മകളായിത്തീർന്നു, തുടർന്ന് മാംസം ധരിച്ച ക്രിസ്തുവിന്റെ അമ്മയും. ആ അമ്മ ദൈവമകളാകാനും പ്രിയസുതന്റെ അമ്മയാകാനും നടന്നുനീങ്ങിയ കാൽവരിയാത്രയുടെ സമാപനത്തിൽ അവൾക്ക് സ്വർഗം സമ്മാനിച്ചതാണ് സ്വർഗാരോപണം. ഉന്നതത്തിനുവേണ്ടി ജീവിച്ചു മരിച്ചവർ മണ്ണിന്റെ ഭാഗമണ്, വിണ്ണിന്റെ തന്നെ സ്വന്തമാണ്.

കാലങ്ങളായി ദൈവജനം ചേർത്തുപിടിച്ച വിശ്വാസം 1950 നവംബർ ഒന്നിന് പീയൂസ് 12-ാമൻ പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ‘പരമകാരുണികനായ ദൈവം’ എന്ന അപ്പസ്‌തോലിക പ്രമാണം വഴി മറിയത്തെക്കുറിച്ചുള്ള നാലാമത്തെ ഈ വിശ്വാസസത്യം പത്രോസിന്റെ പിൻഗാമി ഒപ്പുവെച്ചു. ശരിയാണ്, ക്രിസ്തു വിജ്ഞാനീയം പൂർണ വളർച്ചയെത്തുന്നത് മരിയ വിജ്ഞാനത്തിന്റെ സാന്നിധ്യത്തിലാണ്.

മറിയം പുനരുത്ഥാനം ചെയ്തുവെന്നല്ല, അവൾ മഹത്ത്വത്തിലേക്ക് ആത്മശരീരങ്ങളോടെ എടുക്കപ്പെട്ടുവെന്നതാണ് സ്വർഗാരോപണത്തിന്റെ അടിസ്ഥാനം. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിലോ, മൂന്നാം നൂറ്റാണ്ടിലോ രചിക്കപ്പെട്ട അപ്പോ ക്രിഫൽ വിവരണമായ ‘മറിയത്തിന്റെ കടന്നുപോക്ക്’ എന്ന കൃതിലാണ് പരിശുദ്ധ കന്യകയുടെ സ്വർഗാരോപണം എന്ന വിശ്വാസത്തെ സംബന്ധിച്ച ആദ്യസൂചനകൾ കാണുന്നത്.

ജനകീയവും പലപ്പോഴും കാല്പനികവും ആയിരുന്നു ഈ വിവരണങ്ങൾ. എങ്കിലും ദൈവജനത്തിന്റെ ഈ ദിശയിലുള്ള വിശ്വാസത്തിന്റെ തുടിപ്പുകൾ ഇവിടെ കാണാം. പിന്നീട് ദീഘകാലത്തേക്ക് സ്വർഗത്തിൽ മറിയത്തിനുള്ള ദൗത്യത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടന്നു. യേശുവിന്റെ അമ്മ ആത്മശരീരങ്ങളോടെ മഹത്വത്തിലേക്ക് പ്രവേശിച്ചെന്ന വിശ്വാസത്തിലേക്കും അതിന്റെ ഫലമായി പൗരസ്ത്യ ആരാധനക്രമ തിരുനാളുകളിൽ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളുകളുടെ സ്ഥാപനത്തിലേക്കുമാണ് ഈ സംവാദം സാവകാശം എത്തിച്ചേർന്നത്.

കർത്താവിന്റെ അമ്മ മരണത്തെ തുടർന്ന് ആത്മശരീരങ്ങളോടെ മഹത്വീകരിക്കപ്പെട്ടുവെന്ന വിശ്വാസം കിഴക്കുനിന്നും വളരെ പെട്ടന്ന് പടിഞ്ഞാറേക്ക് പ്രചരിച്ചു. 14-ാം നൂറ്റായപ്പോഴേക്കും പ്രചുരപ്രചാരം നേടി. നമ്മുടെ നൂറ്റാണ്ടിൽ ഇത് വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്ന അവസരമുണ്ടാകുമ്പോഴേക്കും ലോകത്തിലെ എല്ലായിടങ്ങളിലുമുള്ള ക്രൈസ്തവ സമൂഹങ്ങൾ ഏതാണ്ട് സാർവത്രികമായി ഈ സത്യങ്ങൾ വിശ്വസിച്ചിരുന്നു.

എ.ഡി 336ൽ കർത്താവിന്റെ കബറിടത്തിന്റെ ഓർമ പുനഃപ്രതിഷ്ഠിക്കപ്പെട്ടപ്പോൾ അതോടൊപ്പം ആദിമക്രൈസ്തവ സമൂഹത്തിൽ നിലനിന്നിരുന്ന ഓർമയായിരുന്നു മറിയത്തിന്റെ കബറിടം. മാത്രമല്ല സീയോൻ കുന്നിൽ ഉണ്ടായിരുന്ന ഒരു ഭവനത്തിൽ വച്ചാണ് മറിയം തന്റെ നിത്യനിദ്രയിൽ പ്രവേശിച്ചതെന്നതും അതിപുരാതനമായ വിശാസമായിരുന്നു. ഈ കാലഘട്ടം മുതൽ മറിയത്തിന്റെ ഓർമത്തിരുനാൾ ക്രൈസ്തവസമൂഹം ആചരിക്കുന്നു. ഇതാണ് തുടർന്ന് മറിയത്തിന്റെ സ്വർഗാരോപണത്തിരുനാൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

മറിയം ആത്മാവോടും ശരീരത്തോടും കൂടി സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടികാട്ടുന്നത്:

1. മറിയത്തിന്റെ നാമത്തിൽ ഒരു ശൂന്യമായ കബറിടം അതിപുരാതനകാലം മുതൽ സീയോനിൽ തീർത്ഥാടനത്തിന്റെ ഭാഗമായി നിലനിന്നിരുന്നു.

2. മറിയത്തിന്റെ പേരിൽ തിരുശേഷിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

സഭ പഠിപ്പിക്കുന്നു: ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യത്തിൽനിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിർമല കന്യക അവളുടെ ഇഹലോകവാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കർത്താവ് അവളെ എല്ലാറ്റിന്റെയും രാഞ്ജിയായി ഉയർത്തി. ഇത് കർത്താക്കളുടെ കർത്താവും പാപത്തേയും മരണത്തേയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവൾ കൂടുതലായി അനുരൂപപ്പെടാൻ വേണ്ടിയായിരുന്നു.

ഭാഗ്യവതിയായ കന്യകയുടെ സ്വർഗാരോപണം തന്റെ പുത്രന്റെ പുനഃരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലിലും മറ്റ് ക്രൈസ്തവരുടെ പുനഃരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് (മതബോധനം, 966). പൗരസ്ത്യ സഭകൾ ആറാം നൂറ്റാണ്ടുമുതലും റോമൻ സഭ ഏഴാം നൂറ്റാണ്ടുമുതലും ആഗസ്റ്റ് 15 മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ കൊണ്ടാടാൻ തുടങ്ങി (ലത്തീനിൽ Dormito എന്നും ഗ്രീക്കിൽ Koimesis എന്നും).

മറിയത്തിന്റെ സ്വർഗാരോപണത്തെക്കുറിച്ച് പുതിയ നിയമം വ്യക്തമായി ഒന്നും തീർത്തു പറയുന്നില്ലെങ്കിലും യേശുവിന്റെ മഹത്വവുമായി പരിശുദ്ധ കന്യകയ്ക്കുള്ള സമ്പൂർണ ഐക്യത്തിന് നല്കുന്ന പ്രധാന്യത്തിലൂടെ ഈ സത്യത്തിന് അടിത്തറ പകരുന്നുണ്ട്. രക്ഷകനെ അത്ഭുതകരമായി ഗർഭം ധരിച്ചതിൽ ആരംഭിച്ച് രക്ഷാകര ദൗത്യംവരെയുള്ള പങ്കാളിത്തത്തിൽ പ്രകടമാക്കുന്ന ഈ ഐക്യം മരണത്തിന്‌ശേഷം തുടരാതിരിക്കുക വയ്യ. യേശുവിന്റെ ജീവിതവും രക്ഷാകര പ്രവർത്തനങ്ങളുമായി പൂർണമായി ഐക്യപ്പെട്ട മറിയം അവന്റെ സ്വർഗീയ മഹത്വത്തിലും ആത്മശരീരങ്ങളോടെ പങ്കാളിയാകുന്നു.

വിശുദ്ധരായ വ്യക്തികൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട സംഭവങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ പലതുണ്ട്. ഹനോക്ക് ദൈവത്തിന് പ്രീതികരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല. ദൈവം അവനെ എടുത്തു (ഉൽ 5:24, ഹെബ്രാ 11:5). ഏലിയാ പ്രവാചകൻ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു (2രാജാ 2:11).

ഇവരൊക്കെ ദൈവദാസന്മാരായിരുന്നു. എങ്കിൽ ദൈവമാതാവായ മറിയത്തെ ദൈവം സ്വർഗത്തിലേക്ക് സ്വീകരിക്കുക ഉചിതമല്ലേ? യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് പറയുമ്പോൾ വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു: ജീവിക്കുന്നവരായ നാം എല്ലാവരും സ്വർഗത്തിലേക്ക് എടുക്കപ്പെടും (1തെസ 4:17). ഈ വചനഭാഗവും മറിയത്തിന്റെ സ്വർഗാരോപണത്തിന് ആധാരമാണ്.

*************

പരിശുദ്ധ മറിയത്തെ കുറിച്ചുള്ള മറ്റ് മൂന്ന് വിശ്വാസസത്യത്തെക്കുറിച്ച് വായിക്കാൻ

1, ദൈവമാതാവ് 

2, നിത്യകന്യക

3, അമലോത്ഭവ

*************

അതേസമയം, പരിശുദ്ധ അമ്മ മരിച്ചിട്ടില്ല എന്നും, ഈ ലോകജീവിതത്തിന്റെ അവസാനത്തിൽ സ്വർഗീയ മഹത്വത്തിലേക്ക് എടുക്കപ്പെടുകയായിരുന്നുവെന്നും ചില ദൈവശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ട്. 17-ാം നൂറ്റാണ്ടുവരെ ഇത്തരമൊരഭിപ്രായം കേട്ടിട്ടില്ല. മറിയം മരിക്കുകയും സ്വർഗീയ മഹത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതായാണ് പാരമ്പര്യം.

നസ്രത്തിലെ മറിയം സ്വന്തം ശരീരത്തിൽ മരണം അനുഭവിച്ചിരിക്കുമോ, മറിയത്തിന്റെ ലക്ഷ്യത്തേയും തിരുക്കുമാരനുമായി അവൾക്കുണ്ടായിരുന്ന ബന്ധത്തെയും കുറിച്ച് ചിന്തിക്കുമ്പോൾ ഇങ്ങനെ സംഭവിച്ചുവെന്ന് കരുതുന്നതാണ് ന്യായം. കാരണം, ക്രിസ്തു മരിച്ചു, അവന്റെ അമ്മയെക്കുറിച്ച് മറിച്ച് ചിന്തിക്കുന്നത് ശരിയാകണമെന്നില്ല.

ബൈബിളിൽ പാപത്തിനുള്ള ശിക്ഷയായാണ് മരണം ചിത്രീകരിക്കപ്പെടുന്നത്. ദൈവത്തിന്റെ പ്രത്യേക പരിഗണനകൊണ്ട് മറിയം ഉത്ഭവപാപത്തിൽനിന്നും സംരക്ഷിക്കപ്പെട്ടുവെന്ന സഭയുടെ വിശ്വാസം അവൾ അമർത്യത കൈവരിച്ചുവെന്ന അനുമാനത്തിലേക്ക് ഒരിക്കലും നയിക്കുന്നില്ല. മരണത്തിന് വിധേയപ്പെടുകയും അങ്ങനെ അതിന് പുതിയ അർത്ഥം പകരുകയും അതിനെ രക്ഷയ്ക്കുള്ള മാർഗമാക്കി മാറ്റുകയും ചെയ്ത പുത്രനെക്കാൾ ഉന്നതയല്ലല്ലോ അമ്മ.

ക്രിസ്തുവിന്റെ രക്ഷാകര പ്രവർത്തിയിൽ പങ്കാളിയാവുകയും അവിടുത്തെ രക്ഷാകര ബലിയുമായി സഹകരിക്കുകയും ചെയ്ത മറിയം മനുഷ്യകുലത്തിന്റെ രക്ഷ യ്ക്കുവേണ്ടിയുള്ള അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കാളിയാവാൻ പ്രാപ്തയായി. അന്ത്യോക്യായിലെ സെവരൂസ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത് ദൈവമാതാവിന്റെ കാര്യത്തിലും അന്വർത്ഥമാണ്- ‘മരണമില്ലാതെ എങ്ങനെയാണ് പുനരുത്ഥാനം സാധ്യമാകുക?’

നരക സർപ്പവുമായി പൊരുതുന്ന പുതിയ നിയമത്തിലെ ഹവ്വയാണ് മറിയം. ആദ്യം ഹവ്വ പരാജപ്പെട്ടതൊക്കെ രണ്ടാം ഹവ്വ വിജയിക്കുന്നുണ്ട്. അതുകൊണ്ട് ക്രിസ്തുവിന്റെ വിജയ ഗാഥയിൽ മറിയവും പങ്കുചേരുന്നുണ്ട് മാനവരാശിയുടെ രക്ഷാകരകർമ്മത്തിൽ മറിയം പ്രകടിപ്പിച്ച വിശാലമായ സ്‌നേഹത്തിന്റെ പൂർത്തീകരണവും കുരിശിന്റെ മഹത്വത്തിൽ അനന്യമായി പങ്കുചേരുന്നതിന്നുള്ള സമ്മാനവുമാണ് സ്വർഗാരോപണമെന്ന് സഭ പഠിപ്പിക്കുന്നു.

പ്രാർത്ഥന: ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട മറിയമേ, ഞങ്ങളുടെ സ്വർഗീയ യാത്രയിൽ നീ എന്നും കൂട്ടായിരിക്കേണമെ. ആമ്മേൻ

‘കരുണയുള്ള നാഥൻ കാരുണ്യമുള്ള നാഥയിൽനിന്ന് മനുഷ്യ പ്രകൃതി രൂപപ്പെടുത്തി. അതിനാൽ ദൈവമാതാവായ മറിയത്തെ നാം ദിവ്യകാരുണ്യനാഥാ എന്ന് വിളി യ്ക്കുന്നു.’ – വിശുദ്ധ ഗ്രിഗറി

************

(സോഫിയാ ബുക്‌സ് കോഴിക്കോട്, പ്രസിദ്ധീകരിച്ച ‘നസ്രായന്റെ അമ്മ’ എന്ന പുസ്തകത്തിൽനിന്ന്. പുസ്തകം വാങ്ങാൻ +91 9605770005)

************

സൺ‌ഡേ ശാലോമിന്റെ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാക്കാൻ whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?