Follow Us On

18

April

2024

Thursday

സുകൃതിയായ ഭർത്താവിന് പുണ്യവതിയായ ഭാര്യ; ആരേയും അമ്പരപ്പിക്കും ഈ വൃദ്ധ ദമ്പതികൾ

സുകൃതിയായ ഭർത്താവിന് പുണ്യവതിയായ ഭാര്യ; ആരേയും അമ്പരപ്പിക്കും ഈ വൃദ്ധ ദമ്പതികൾ

അല്‍ഷിമേഴ്‌സ് മൂലം വൃദ്ധസദനത്തിലായ ഭർത്താവിനെ പരിചരിക്കാൻ അവസരം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഭാര്യ അവിടത്തെ ശുചീകരണത്തൊഴിൽ രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ, അതും സർവരും വീടിനകത്ത് അടച്ചുപൂട്ടിയിരിക്കാൻ ശ്രമിക്കുന്ന ഈ കൊറോണാക്കാലത്ത്?

ജോസഫ് മൈക്കിള്‍

സുകൃതം ചെയ്ത ഒരു ഭര്‍ത്താവിനെക്കുറിച്ചാണ് ഈ വാര്‍ത്ത എന്നു പറഞ്ഞാല്‍ തെറ്റില്ലെങ്കിലും അതില്‍ അല്പം അഭംഗി ഉണ്ടാകുമെന്ന് തോന്നുന്നു. പുണ്യപ്പെട്ട മനസുള്ള ഒരു ഭാര്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. അല്‍ഷിമേഴ്‌സ്  ബാധിച്ച് നേഴ്‌സിംഗ് ഹോമില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അവിടുത്തെ പാത്രം കഴുകുന്ന ജോലി ചോദിച്ചു വാങ്ങിയ സമ്പന്നയായ മേരി ഡാനിയേലിന്റെ കഥ കേട്ടാല്‍ ഏതു കഠിനഹൃദയത്തിലും നന്മയുടെ ഉറവകള്‍ പൊട്ടുമെന്നതില്‍ സംശയമില്ല.

വിവാഹമോചനങ്ങള്‍ വാര്‍ത്തപോലും അല്ലാത്ത അമേരിക്കയില്‍നിന്നാണ് സ്‌നേഹംകൊണ്ട് ഈ വൃദ്ധ ദമ്പതികള്‍ ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്നത്. ഫ്‌ളോറിഡയിലാണ് മേരി ഡാനിയേലും ഭര്‍ത്താവ് സ്റ്റീവും താമസിക്കുന്നത്. അല്പം താമസിച്ചായിരുന്നു അവരുടെ വിവാഹം. ഇപ്പോള്‍ 24 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്റ്റീവിന് അല്‍ഷിമേഴ്‌സ് ബാധിച്ചു. ഓര്‍മകള്‍ മെല്ലെ മായാന്‍ തുടങ്ങി. നിഴലുപോലെ മേരി കൂടെ നിന്നു. മറഞ്ഞുപോകുന്ന ഓര്‍മകളിലേക്ക് മേരി തന്റെ സ്‌നേഹം ചേര്‍ത്തുവച്ചു. പ്രിയപ്പെട്ട ഭാര്യയുടെ സ്‌നേഹംകൊണ്ട് സ്റ്റീവ് മറവിരോഗത്തെ മറികടന്നു.

എന്നാല്‍, അപ്രതീക്ഷിതമായി കടന്നുവന്ന കൊ റോണ വൈറസ് എന്ന കോവിഡ്-19 അവരുടെ കണക്കുകൂട്ടലുകളെ മുഴുവന്‍ തെറ്റിച്ചു. സ്റ്റീവിനെ പ്രവേശിപ്പിച്ചിരുന്ന നേഴ്‌സിംഗ് ഹോമില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ പുറത്തുനിന്നുള്ളവര്‍ക്ക് പൂര്‍ണമായും പ്രവേശനം നിഷേധിച്ചു. വിവാഹം കഴിഞ്ഞിട്ട് ആദ്യമായിട്ടായിരുന്നു അവര്‍ പിരിഞ്ഞുജീവിക്കുന്നത്. സ്റ്റീവിന് തന്റെ ആവശ്യങ്ങള്‍പ്പോലും വാക്കുകള്‍കൊണ്ട് പറഞ്ഞുമനസിലാക്കാന്‍ കഴിയുമായിരുന്നില്ല. മേരി ഡാനിയേല്‍ അദ്ദേഹത്തിന്റെ മുഖഭാവത്തില്‍നിന്നായിരുന്നു അതെല്ലാം വായിച്ചെടുത്തിരുന്നത്. മറ്റൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു.

ജനാലയിലൂടെ സ്റ്റീവിനെ കാണാന്‍ ശ്രമിച്ചെങ്കിലും അവിടെയും പരിമിതികള്‍ ഏറെയായിരുന്നു. ഏകാന്തജീവിതം തന്റെ ഭര്‍ത്താവിന്റെ മനസും ശരീരവും തളര്‍ത്തുമെന്ന് മേരിക്കറിയാമായിരുന്നു. ആ നേഴ്‌സിംഗ് ഹോമില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുവാനുള്ള അനുവാദത്തിനായി അവര്‍ അധികാരികളെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഈ സമയത്ത് മേരി ഫെയ്‌സ്ബുക്കില്‍ ഒരു പേജ് ആരംഭിച്ചു. കൊറോണ മഹാമാരിയുടെ കാലത്ത് രോഗികളുടെ അവകാശങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു അതിന്റെ ലക്ഷ്യം.

ദിവസങ്ങള്‍ക്കുശേഷം നേഴ്‌സിംഗ് ഹോമില്‍നിന്ന് ഒരു ഫോണ്‍കോള്‍ മേരി ഡാനിയേലിനെ തേടിയെത്തി. അവിടെ പാത്രം കഴുകുന്ന ഒരാളുടെ ഒഴിവുണ്ട് താല്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ആഴ്ചയില്‍ രണ്ടു ദിവസമാണ് ജോലി. സമ്മതമാണെന്ന് പറയാന്‍ മേരി ഡാനിയേലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. മേരി ഒരു നിബന്ധനവച്ചു- തനിക്ക് എല്ലാ ദിവസവും ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ അനുവാദം ലഭിക്കണം. അത് അനുവദിക്കപ്പെട്ടു. അങ്ങനെ 114 ദിവസത്തിനുശേഷം മേരിക്ക് സ്റ്റീവിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞു.

രണ്ടാഴ് ചയിലൊരിക്കല്‍ മേരിയടക്കം നേഴ്‌സിംഗ് ഹോമിലെ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം എന്നു തുടങ്ങി കടുത്ത നിബന്ധനകള്‍ അവിടെ ഉണ്ട്. അതൊന്നും തന്റെ പുതിയ ജോലിയില്‍നിന്ന് മേരിയെ പിന്തിരിപ്പിക്കുന്നില്ല. മറവിരോഗം ബാധിച്ച് ഓര്‍മകള്‍പ്പോലും മാഞ്ഞുപോയ ഭര്‍ത്താവിനുവേണ്ടി ഈ പ്രായത്തില്‍ ഇത്രയും കഷ്ടപ്പെടണോ എന്നു ചോദ്യത്തിന് മേരി ഡാനിയേല്‍ നല്‍കുന്ന ഉത്തരം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

”അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കല്ലേ മങ്ങല്‍ ഉള്ളൂ, എന്റെ ഓര്‍മകള്‍ക്ക് കുഴപ്പമില്ലല്ലോ.” സ്റ്റീവ് മറ്റ് എല്ലാവരെയും മറന്നെങ്കിലും മേരിയെ കാണുമ്പോള്‍ സ്‌നേഹത്തോടെ ആശ്ലേഷിച്ചാണ് സ്വീകരിക്കുന്നത്. അല്ലെങ്കിലും മാലാഖമാരുടെ മുഖങ്ങള്‍ മനസില്‍നിന്നും മായിച്ചുകളയാന്‍ ഏതു മറവിരോഗത്തിനാണ് കഴിയുക? അതെ, ഇതു സുകൃതംചെയ്ത ഒരു കുടുംബംതന്നെയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?