Follow Us On

20

October

2020

Tuesday

ശാലോം മീഡിയാ ശുശ്രൂഷകൾ ഇനി സ്പാനിഷിലും

ശാലോം മീഡിയാ ശുശ്രൂഷകൾ ഇനി സ്പാനിഷിലും

മക്അലൻ: ലോകസുവിശേഷീകരണത്തിനായി മലയാളനാട്ടിൽനിന്ന് ആരംഭിച്ച് ഇംഗ്ലീഷുകാരിലൂടെ മുന്നേറുന്ന ശാലോം ശുശ്രൂഷകൾ ഇനി സ്പാനിഷ് ജനതയിലേക്കും. ചൈനീസും ഇംഗ്ലീഷും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം പേർ സംസാരിക്കുന്ന സ്പാനിഷ് ഭാഷയിലേക്കുള്ള ശാലോമിന്റെ പ്രവേശനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സ്പാനിഷ് ലോകം. മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണത്തിൽ ശ്രദ്ധേയ സാന്നിധ്യമായ ശാലോമിന്റെ പുതിയ സംരംഭത്തിന് അഭിനന്ദവും പിന്തുണയും അറിയിച്ച് അമേരിക്കൻ ബിഷപ്പുമാർ രംഗത്തെത്തിയതും ശ്രദ്ധേയമായി. ലോകസുവിശേഷവത്ക്കരണത്തിൽ ശാലോമിന്റെ പുതിയ ചുവടുവെപ്പ് നിർണായകമാണെന്നാണ് സഭാനേതൃത്വത്തിന്റെ വിലയിരുത്തൽ.

ശാലോം ശുശ്രൂഷകൾ സ്പാനിഷ് ജനതയ്ക്ക് പരിചയപ്പെടുത്താൻ ആരംഭിച്ച ‘ശാലോം മീഡിയ’ സ്പാനിഷ് വെബ്‌സൈറ്റിന്റെ (shalommedia.es) പ്രകാശനചടങ്ങിലാണ് ടെക്‌സസിലെ ബ്രോൺസ്‌വിൽ രൂപതാ ബിഷപ്പ് ഡാനിയൽ ഫ്‌ളോർസ്, ലാറ്റിൻ അമേരിക്കൻ രാജ്യമായ പാനമയിലെ മെത്രാൻ സമിതി അധ്യക്ഷൻ മോൺ. റാഫേൽ വാൽഡിവിസോ എന്നിവർ ശാലോമിന്റെ ശുശ്രൂഷകളെ ശ്ലാഘിച്ചത്. ശാലോം മീഡിയ യു.എസ്.എയുടെ രക്ഷാധികാരികൂടിയായ ബിഷപ്പ് ഡാനിയൽ ഫ്‌ളോർസാണ് വെബ്‌സൈറ്റ് ലോഞ്ച് നിർവഹിച്ചത്.

‘ലോക സുവിശേഷവത്ക്കരണത്തിൽ സജീവസാന്നിധ്യമായ ശാലോമിന്റെ സ്പാനിഷ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യാൻ ലഭിച്ച അവസരം അംഗീകാരമായാണ് ഞാൻ കാണുന്നത്. മാംസം ധരിച്ച ദൈവത്തിന്റെ വചനം ലോകം മുഴുവൻ എത്തിക്കാൻ ശാലോം നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്. സമാധാനത്തിന്റെ സന്ദേശം ലാറ്റിനമേരിക്ക ഉൾപ്പെടെ സ്പാനിഷ് സംസാരിക്കുന്ന ജനതയിലേക്ക് എത്തിക്കാൻ ശാലോം നടത്തുന്ന പരിശ്രമങ്ങൾക്ക് പ്രാർത്ഥനകളും പിന്തുണയും അറിയിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുവിന്റെ ജീവദായകമായ സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ശാലോം മീഡിയയ്ക്ക് സാധിക്കട്ടെയെന്ന്, ‘എസ്.ഡബ്ല്യു’ സ്പാനിഷ് ന്യൂസിന്റെ റിലീസിംഗ് നിർവഹിച്ചുകൊണ്ട് ബിഷപ്പ് റാഫേൽ ആശംസിച്ചു. ‘സ്പാനിഷ് ലോകത്തേക്ക് കടന്നുവന്ന ശാലോമിന്റെ മുന്നേറ്റത്തെ അഭിനന്ദിക്കുന്നു. സാങ്കേതികവിദ്യകൾ ദൈവശുശ്രൂഷയ്ക്കായി വിനിയോഗിക്കാൻ നമുക്കാവണം. ക്രിസ്തീയ വാർത്തകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള ശാലോമിന്റെ ശ്രമങ്ങൾ അഭിനന്ദനീയമാണ്. സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ, സാഹാദര്യത്തിന്റെ സന്ദേശം ലോകം മുഴുവനും എത്തിക്കാൻ ശാലോമിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

പെറുവിലെ ലിമ രൂപതയിൽ സേവനം ചെയ്യുന്ന ഫാ. മിഖുവേൽ എയ്ഞ്ചൽ വാസല്ലോ, ഇക്വഡോറിൽ സേവനം ചെയ്യുന്ന സി.എ.ഐ സഭാംഗം ഫാ. ജോബിച്ചൻ വർക്കി എന്നിവർ ആശംസകൾ നേർന്നു. ജർമൻ ഉൾപ്പെടെയുള്ള യൂറോപ്പ്യൻ ഭാഷകളിലേക്കും ശുശ്രൂഷകൾ വ്യാപിക്കുന്നതിന്റെ ആദ്യപടിയാണ് ശാലോം മീഡിയയുടെ സ്പാനിഷ് ശുശ്രൂഷകൾ. ‘ശാലോം ടൈഡിംഗ്‌സ്’ മൊബൈൽ അപ്പിലൂടെ മാസികയുടെ ലക്കങ്ങൾ വളരേ മുന്നേതന്നെ സ്പാനിഷിൽ ലഭ്യമാക്കിയിരുന്നു. കൂടാതെ, കൊറോണയുടെ പശ്ചാത്തലത്തിൽ ശാലോം ആരംഭിച്ച ‘ഡാനിയൽ പ്രയർഫാസ്റ്റിംഗ്’ സ്പാനിഷ് ജനതയ്ക്കായി പ്രത്യേകം സംപ്രേഷണം ചെയ്യുന്നുമുണ്ട്.

ശാലോം ശുശ്രൂഷകൾ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം ശാലോമിന്റെ ആരംഭം, സ്ഥാപകർ, വളർച്ചാനാൾവഴികൾ, ശുശ്രൂഷാ മേഖലകൾ എന്നിവ അടുത്തറിയാൻ സഹായിക്കുംവിധമാണ് സ്പാനിഷ് വെബ് സെറ്റ് തയാറാക്കിയിരിക്കുന്നത്. കൂടാതെ ശാലോം വേൾഡ്, ശാലോം ടൈഡിംഗ് മാസിക, ശാലോം മീഡിയ സ്റ്റോർ എന്നിവയുടെ ലിങ്കുകളും വെബ് സെറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാനും സൗകര്യമുണ്ട്. ഇന്ത്യയ്ക്ക് വെളിയിലെ ശാലോം ശുശ്രൂഷകളുടെ ആസ്ഥാനമായ അമേരിക്കയിലെ മക്അലൻ ഓഫീസിൽനിന്നാണ് സ്പാനിഷ് ശുശ്രൂഷകൾ ഏകോപിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?